33 : 33 : 33 – സാമ്പത്തിക ഭദ്രതക്ക് വേണ്ട അടിസ്ഥാന തത്വം
ജീവിതത്തിൽ അടുക്കും ചിട്ടയും കൊണ്ടുവന്ന് സാമ്പത്തിക ഭദ്രത ( financial security ) ഉറപ്പുവരുത്തിയാൽ ലഭിക്കുന്ന നേട്ടങ്ങൾ ഏറെയാണ്. എത്ര വലിയ ശമ്പളമുണ്ടെങ്കിലും മാസാവസാനം കൈയിലെ കാശെല്ലാം തീരുന്ന അവസ്ഥയാണ് പലർക്കും. അല്ലെങ്കിൽ ഒരു അത്യാവശ്യം വരുേമ്പാൾ കൈയിൽ പണമുണ്ടാകില്ല. അവസാനം ആവശ്യത്തിനായി കടം വാങ്ങുകയോ ലോൺ എടുക്കുകയോ വേണ്ടി വരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാമ്പത്തികമായ അച്ചടക്കമില്ലാത്തതു തന്നെയാണ് ഇതിന് പ്രധാന കാരണം.
സാമ്പത്തിക ഭദ്രത ( financial security )
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള പ്രധാന തത്വമാണ് 33 : 33 : 33 എന്നത്. അതായത് നിങ്ങളുടെ വരുമാനത്തെ മൂന്നായിട്ട് വേർതിരിക്കുന്ന രീതിയാണിത്. വരുമാനത്തെ 33 ശതമാനം വീതം ഭാഗിക്കണം. അതായത് 10,000 രൂപയാണ് വരുമാനമെങ്കിൽ അതിനെ 3300 രൂപയായി വീതിക്കുക.
ആദ്യത്തെ 3300 രൂപ നിങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി വിനിയോഗിക്കുക. അതായത് മാസം വരുന്ന ബില്ലുകൾ അടക്കൽ (വൈദ്യുതി, വീട്ടുവാടക, സ്കൂൾ ഫീസ്, ബാങ്ക് ലോൺ തിരിച്ചടവ്, ഫോൺ റീചാർജ് തുടങ്ങിയവ), പച്ചക്കറി പോലുള്ള അവശ്യവസ്തുക്കൾ വാങ്ങൽ തുടങ്ങിയവക്കായി വിനിയോഗിക്കുക.
രണ്ടാമത്തെ വിഹിതം മാറ്റിവെക്കേണ്ടത് നിങ്ങളുടെ ആഗ്രഹങ്ങൾക്കാണ്. അതായത് തിയറ്ററിൽ പോയി സിനിമ കാണുക, പുതിയ ഗാഡ്ജെറ്റ്സുകൾ വാങ്ങുക, മറ്റു ഷോപ്പിങ്ങുകൾ എന്നിവക്കൊല്ലം മാറ്റിവെക്കുക.
ഇനി മൂന്നാമത്തേതാണ് ഏറെ പ്രധാനപ്പെട്ടത്. ബാക്കി വരുന്ന 33 ശതമാനം നിർബന്ധമായും ലാഭമുള്ള ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനുള്ള പോംവഴിയാണ് റിയൽ എസ്റ്റേറ്റ് ( real estate ), മ്യൂച്വൽ ഫണ്ട് ( mutual fund ) തുടങ്ങിയവ. അതല്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള മറ്റു ബിസിനസുകളിലും പണം നിക്ഷേപിക്കാം.
അവസാനത്തേത് ആദ്യം
സാധാരണ മുകളിൽ പറഞ്ഞ ആദ്യത്തെ രണ്ട് വിഭാഗങ്ങൾക്കായി, അതായത് നമ്മുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പണം മാറ്റിക്കഴിഞ്ഞാൽ മിക്കവരുടെയും കൈയിൽ ഇൻവെസ്റ്റ്മെൻറിനായി പണം ബാക്കിയുണ്ടാകാറില്ല. അതിനാൽ ആദ്യം തന്നെ ഇൻവെസ്റ്റ്മെൻറിലേക്കുള്ള നിശ്ചിത ശതമാനം മാറ്റിവെക്കുകയാണ് വേണ്ടത്.
ഇങ്ങനെ മാറ്റിവെച്ചില്ലെങ്കിൽ ആദ്യ രണ്ട് വിഭാഗങ്ങൾക്ക് നമ്മൾ പണം അധികം ചെലവഴിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് 10,000 രൂപയുടെ ഫോൺ വാങ്ങാൻ പോയയാൾ കൈയിൽ കാശുണ്ടല്ലോ എന്ന് കരുതി ചിലപ്പോൾ 15,000 രൂപയുടെ ഫോൺ വാങ്ങും. ഇൻവെസ്റ്റ്മെൻറ് ചെയ്യാനുള്ള പണമാണ് ഇവിടെ അനാവശ്യമായി ചെലവഴിക്കുന്നത്.
ശതമാനത്തിലെ മാറ്റങ്ങൾ
33 ശതമാനം എന്നത് ഏകദേശ കണക്കുമാത്രമാണ്. ചില ആളുകൾക്ക് ആദ്യ രണ്ട് വിഭാഗങ്ങളിൽ ചെലവ് കുറവായിരിക്കും. അവർക്ക് വേണമെങ്കിൽ ഇൻവെസ്റ്റ്മെൻറ് തുക 33 ശതമാനത്തിന് മുകളിൽ വരെ മാറ്റിവെക്കാം. എന്നാൽ, ആദ്യ രണ്ട് വിഭാഗങ്ങളിൽ അനാവശ്യ ചെലവ് കൂടുന്നത് എപ്പോഴും നിയന്ത്രിക്കണം.
പിന്നെ ലഭിക്കുന്ന വരുമാനം പൂർണമായും ഇൻവെസ്റ്റ്മെൻറിലേക്ക് മാറ്റിവെക്കുന്നതിലും അർത്ഥമില്ല. നാളത്തെ ലൈഫിനെ സുരക്ഷിതമാക്കാനുള്ള മാർഗമാണ് ഇൻവെസ്റ്റ്മെൻറ്. അത് പക്ഷെ, ഇന്നത്തെ ലൈഫിനെ കളഞ്ഞുകൊണ്ടായിരിക്കരുത്.
അതായത് ചില ആളുകൾ യാത്ര, സിനിമ, മറ്റു വിനോദങ്ങൾ എന്നിവ എല്ലാം ഒഴിവാക്കിയാകും ഇൻവെസ്റ്റ് ചെയ്യുക. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇതുവഴി പലപ്പോഴും ജീവിതം വിരസമായിപ്പോകും. മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരികയാണെങ്കിൽ തീർച്ചയായും സാമ്പത്തിക ഭദ്രത ( financial security ) ഉറപ്പാക്കാം.
ബോണസ് ടിപ്പ്സ്:
എത്രയും പെട്ടെന്ന് ഇൻവെസ്റ്റ്മെൻറ് തുടങ്ങുന്നുവോ അത്രയും നല്ലതും.
വ്യാജ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളിൽ പണം നിക്ഷേപിക്കാതിരിക്കുക.
മൂല്യം കുറയുന്ന ഉൽപ്പന്നങ്ങളിൽ പണം നിക്ഷേപിക്കാതിരിക്കുക.
ലോൺ എടുക്കുന്നതിന് മുമ്പ് പലിശയുടെ ശതമാനം പോലുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക. ഇതുവഴി ജീവിത ചെലവ് കുറക്കാം.
ഷെയർ മാർക്കറ്റിനെ കുറിച്ച് പഠിക്കാനും സ്ഥിരമായി പിന്തുടരാനും സമയമില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുക.
ഉടനടി പണക്കാരനാകാനുള്ള മോഹം ഉപേക്ഷിക്കുക.
വരുമാനത്തിന് അനുസരിച്ച് മാത്രം ചെലവഴിക്കുക.