ലക്ഷദ്വീപിലേക്ക് കുറഞ്ഞചെലവിൽ ഈസിയായി യാത്ര പോകാം; ഇതാ അടിപൊളി പാക്കേജ്
ലക്ഷദ്വീപ് ( Lakshadweep ). ആരും സ്വപ്നം കാണുന്ന മായികലോകം. തായ്ലാൻഡിലെ ഫുക്കറ്റിനോടും ( Thailand – Phuket ) മാലിദ്വീപിലെ ( Maldives ) ബീച്ചുകളോടും കിടിപിടിക്കുന്ന നാട്. അങ്ങോട്ടൊരു യാത്ര ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പലരും പലവഴിക്കും അങ്ങോട്ട് പോകാൻ ശ്രമിച്ചിട്ടുണ്ടാകും. ഉയർന്ന സാമ്പത്തിക ചെലവ്, പെർമിറ്റ് കിട്ടാനുള്ള പ്രയാസം തുടങ്ങി ധാരാളം കടമ്പകൾക്ക് മുന്നിൽ അത് വഴിമാറി പോവുകയാണ് പതിവ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ധാരാളം നൂലാമാലകൾ കടന്നുവേണം ലക്ഷദ്വീപിലെത്താൻ.
ഒരു അർത്ഥത്തിൽ അത് ആ നാടിനെ സംബന്ധിച്ച് അത്യാവശ്യവുമാണ്. ഏകദേശം 36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതിൽ തന്നെ 11 ഇടത്ത് മാത്രമാണ് ജനവാസം. കിലോമീറ്ററുകൾ മാത്രം ചുറ്റളവുള്ള ദ്വീപുകളാണ് ഇവ. പല ദ്വീപുകളും തമ്മിൽ നൂറിലേറെ കിലോമീറ്റർ ദൂരമുണ്ട്. ഇവിടേക്ക് വലിയതോതിൽ സഞ്ചാരികൾ എത്തിയാൽ അത് പ്രകൃതിക്കും നാട്ടുകാർക്കും ഏറെ ദോഷം ചെയ്യും. അതിനാലാണ് സർക്കാർ ആളുകളെ നിയന്ത്രിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ലക്ഷദ്വീപ് യാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പറ്റിയ ചെലവ് കുറഞ്ഞ, ഈസിയായ ധാരാളം പാക്കേജുകളാണ്. അതിൽ ഒരു പ്രധാന പാക്കേജാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാട്ട്സ്ആപ്പിൽ വന്ന സന്ദേശം
ഏകദേശം നാല് വർഷം മുമ്പാണ് വാട്ട്സ്ആപ്പിൽ ഒരു സന്ദേശം ലഭിച്ചത്. കുറഞ്ഞചെലവിൽ ഒരു ലക്ഷദ്വീപ് യാത്ര നിങ്ങൾക്കും സാധ്യമാണ് എന്ന് കാണിച്ചായിരുന്നു ആ സന്ദേശം. അത് കണ്ടതോടെ ആവേശമായി. ഉടൻ തന്നെ അതിൽ കണ്ട നമ്പറിൽ വിളിച്ചു. മറുതലക്കൽ ലക്ഷദ്വീപിലെ കൽപേനി ( Kalpeni ) സ്വദേശിയാണ് ഫോണെടുത്തത്.
ഏകദേശം 10,000 രൂപ ഉണ്ടെങ്കിൽ യാത്ര സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വാൻസായിട്ട് 2000 രൂപയും തരാൻ പറഞ്ഞു. ആദ്യമൊന്ന് ശങ്കിച്ചെങ്കിലും രണ്ടും കൽപ്പിച്ച് പൈസ കൊടുത്തു.
ഫോണിൽ മാത്രം പരിചയമുള്ള ഒരാൾക്ക് കണ്ണടച്ച് പൈസ കൊടുക്കാൻ ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയെങ്കിലും ലക്ഷദ്വീപിൽ പോകണമെന്ന സ്വപ്നം. പൈസക്ക് പുറമെ, ആധാർ കാർഡ്, പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും അന്ന് നൽകിയിരുന്നു. ഒരു മാസത്തിനുള്ളിൽ സ്പോൺസറുടെ ഫോൺ വീണ്ടും വന്നു. ലക്ഷദ്വീപിലേക്ക് പോകാനുള്ള പെർമിറ്റ് റെഡിയായിട്ടുണ്ട്. ലക്ഷദ്വീപുകാരനായ ഒരാൾ നമ്മളെ ക്ഷണിച്ചുകൊണ്ടുള്ള രേഖയാണീ പെർമിറ്റ്. നമ്മുടെ എല്ലാ ഉത്തരവാദിത്വവും അയാൾ ഏറ്റെടുക്കുകയാണ് ഇവിടെ. അയാളാണ് നമ്മുടെ സ്പോൺസർ.
ഇനി കപ്പൽ ടിക്കറ്റ് എടുക്കണം എന്ന് സ്പോൺസർ പറഞ്ഞു. അതോടെ എൻെറ ആവേശം ഇരട്ടിച്ചു. ടിക്കറ്റിനുള്ള പൈസ കൊടുത്തതോടെ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും അവൻ അതും സംഘടിപ്പിച്ചു തന്നു. ഏകദേശം ഒരാഴ്ച മുമ്പായിരിക്കും കപ്പലിൻെറ ടിക്കറ്റ് വിൽപ്പനക്ക് വെക്കുക. അത് നിമിഷം നേരം കൊണ്ടാണ് തീരുക. ഏതാനും ടിക്കറ്റുകൾ ഓൺലൈനിലും ലഭിക്കും. അതും തീരാൻ വലിയ സമയമൊന്നും വേണ്ട. 300 രൂപയുടെ ബങ്ക് ക്ലാസ് ടിക്കറ്റ് എടുത്താണ് ഞങ്ങൾ യാത്ര പോയത്.
സ്പോൺസർ കൽപേനിക്കാരനായതിനാൽ അങ്ങോട്ട് പോകാൻ മാത്രമുള്ള പെർമിറ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇങ്ങനെ ലഭിച്ച ടിക്കറ്റും പെർമിറ്റുമായി ഒരാഴ്ചയാണ് ലക്ഷദ്വീപിലെ കൽപേനിയെന്ന കൊച്ചുദ്വീപിൽ ഞങ്ങൾ അടിച്ചുപൊളിച്ചത്. ഇതിന് സമീപമുള്ള ചെറിയം പോലുള്ള ആൾത്താമസമില്ലാത്ത ദ്വീപുകളിലേക്ക് ബോട്ടിൽ പോകാനും സാധിച്ചു.
മനോഹരമായ ബീച്ചുകൾ, ചരിത്രം പേറുന്ന പള്ളികൾ, ലൈറ്റ് ഹൗസ്, ട്യൂണ മത്സ്യം തയാറാക്കുന്നത് ഇങ്ങനെ ധാരാളം കാഴ്ചകളാണ് കൽപേനിയിലുയുള്ളത്. പിന്നെ സ്കൂബ ഡൈവിങ് ( Scuba diving ) പോലുള്ള വിനോദങ്ങളും. 2000 രൂപയാണ് അന്ന് സ്കൂബ ഡൈവിങ്ങിന് ഈടാക്കിയത്. പവിഴപ്പുറ്റുകൾക്കിടയിലൂടെ വർണ്ണമത്സ്യങ്ങളെയും അപൂർവ ജീവികളെയും കണ്ട് കടലിനടിയിലൂടെ ഒഴുകി നടക്കാം. ഇത്ര ചെലവ് ചുരുങ്ങിയ നിലയിൽ, ഇത്ര പ്രകൃതിദത്തമായ സ്കൂബ ഡൈവിങ് ലോകത്ത് വേറെ ഉണ്ടോകുമോ എന്ന് സംശയമാണ്.
അതിനെല്ലാം പുറമെ നല്ല സ്നേഹ സമ്പന്നരായ നാട്ടുകാരും അവർ വിളിമ്പിത്തരുന്ന രുചികരമായ ഭക്ഷണവും. ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ആസ്വദിച്ച യാത്ര അപൂർവമാണ്.
കാര്യങ്ങളാകെ മാറി
ഇപ്പോൾ യാത്ര കുറെയൊക്കെ എളുപ്പമായിരിക്കുകയാണ്. പണ്ട് മാസങ്ങൾ കൊണ്ട് ലഭിച്ചിരുന്ന പെർമിറ്റിന് ഇപ്പോൾ രണ്ട് ദിവസം മതി. ആധാർ സ്കാൻ ചെയ്ത് സ്പോൺസർക്ക് അയച്ചുകൊടുത്താൽ കേന്ദ്ര സർക്കാർ ഓഫിസിൽനിന്ന് രണ്ട് ദിവസം കൊണ്ട് പെർമിറ്റ് റെഡിയാകും.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻെറ ആവശ്യവുമില്ല. 15 ദിവസം പ്രസ്തുത ദ്വീപിൽ തങ്ങാനുള്ള അനുമതിയാണ് ലഭിക്കുക. അതിനുള്ളിൽ നമ്മൾ പോയി തിരിച്ചുവരണം. ടിക്കറ്റും സ്പോൺസർ എടുത്തുതരും. ബങ്ക് ക്ലാസ് ടിക്കറ്റിന് പകരം നല്ല ഒന്നാം തരം ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം.
പാക്കേജ് 1
കപ്പൽ യാത്ര കൂടാതെ നാല് ദിവസത്തെ ദ്വീപിലെ താമസമാണ് പാക്കേജിലുള്ളത്. ഇതിന് 13,500 രൂപയാണ് ഈടാക്കുക. പെർമിറ്റ്, കപ്പൽ ടിക്കറ്റ്, താമസം, ഭക്ഷണം, ദ്വീപിൽ സഞ്ചരിക്കാനുള്ള വാഹനം എന്നിവയാണ് ഇതിൽ ഉൾപ്പെടുക. ഇതിന് പുറമെ സകൂബ ഡൈവിങ് പോലുള്ള വിനോദങ്ങൾക്ക് അധിക തുക നൽകണം.
പെർമിഷൻ: 6000 രൂപ
ടിക്കറ്റ്: 4500 രൂപ
താമസം: 1000 രൂപ (നാല് ദിവസം)
ഭക്ഷണം : 1000 രൂപ (നാല് ദിവസം )
വണ്ടി : 1000 രൂപ (നാല് ദിവസം).
മൊത്തം: ഒരാൾക്ക് 13,500 രൂപ
കുട്ടികൾ:
അഞ്ച് വയസ്സ് വരെ: 6500 രൂപ
അഞ്ച് വയസ്സ് മുതൽ 15 വയസ്സ് വരെ: 9999 രൂപ
(ഇതേ പാക്കേജ് കവരത്തി ദ്വീപിലേക്കും ലഭ്യമാണ് ലഭ്യമാണ്)
പാക്കേജ് 2
മൂന്ന് ദ്വീപുകൾ ഉൾപ്പെടുന്ന പാക്കേജാണിത്. കവരത്തി ( kavaratti ), മിനിക്കോയ് ( Minicoy island ), കൽപേനി എന്നിവയാണ് ഇതിലുണ്ടാവുക. 15,000 രൂപയാണ് ഇതിൻെറ നിരക്ക്. ഇതിൽ ഭക്ഷണം ഉൾപ്പെടുന്നില്ല. രാത്ര താമസം കപ്പലിലായിരിക്കും.
മൂന്ന് ദ്വീപുകൾ കാണാം എന്നതാണ് ഇതിൻെറ പ്രത്യേകത. ഇതിൽ തന്നെ മിനിക്കോയ് ദ്വീപ് സംസ്കാരം കൊണ്ടും കാഴ്ചകൾ കൊണ്ട് ലക്ഷദ്വീപിലെ മറ്റു ദ്വീപുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ഓരോ ദ്വീപിലും രാത്രി താമസിച്ച് അവിടത്തെ സംസ്കാരത്തെ കൂടുതൽ അടുത്തറിയാൻ കഴിയില്ല എന്നതാണ് ഈ യാത്രയുടെ പോരായ്മ.
ഇവ ശ്രദ്ധിക്കാം – How to visit lakshadweep with permit
കൊച്ചി ( Kochi ), ബേപ്പൂർ ( Baypore ), മംഗലാപുരം ( Mangalore ) എന്നിവിടങ്ങളിൽനിന്നാണ് ലക്ഷദ്വീപിലേക്ക് കപ്പൽ സർവിസുള്ളത്. ഇതിൽ കൊച്ചിയിൽനിന്നാണ് കവരത്തി പോലുള്ള വലിയ കപ്പലുകൾ സർവിസ് നടത്തുന്നത്. കൊച്ചിയിൽനിന്ന് അഗത്തി ദ്വീപിലേക്ക് ( Agatti island ) വിമാന സർവിസുമുണ്ട്.
http://lakport.nic.in/ എന്ന വെബ്സൈറ്റ് വഴി കപ്പലുകളുടെ സമയക്രമം അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. പെർമിറ്റ് നമ്പർ നൽകി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
സർക്കാറിന് കീഴിലും ലക്ഷദ്വീപിലേക്ക് ടൂർ പാക്കേജുകളുണ്ട്. ഇതിന് അൽപ്പം ചെലവ് കൂടുമെങ്കിലും പെർമിറ്റ് എടുക്കാൻ സ്പോൺസറെ തപ്പേണ്ട എന്നതാണ് സൗകര്യം.
കവരത്തി കപ്പലിലുള്ള സമുദ്രം പാക്കേജാണ് സർക്കാറിന് കീഴിലുള്ളതിൽ പ്രശസ്തം. അഞ്ച് ദിവസം വരുന്ന യാത്രക്ക് ഏകദേശം 30,000 രൂപയാണ് ചെലവ്. മൂന്ന് വ്യത്യസ്ത ദ്വീപിൽ ഇറങ്ങാൻ സാധിക്കും. രാത്രി കപ്പലിലാകും തമസം.
ഇതിൻെറ വിവരങ്ങൾ https://lakshadweep.gov.in/tourism/tourist-packages/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ലക്ഷദ്വീപ് സന്ദര്ശിക്കാന് അനുയോജ്യമായ സമയം ഒക്ടോബര് മുതല് മേയ് വരെയാണ്. മഴക്കാലത്ത് കടൽ യാത്ര ദുഷ്കരമാകുന്നതിനാൽ കപ്പൽ സർവിസ് കുറയും.
ലക്ഷദ്വീപിൽ പോകാൻ വിളിക്കൂ : 9778389592