Wonder World
Trending

അഗസ്ത്യാർകൂടം ട്രക്കിംഗ്​ – എങ്ങനെ പോകാം? അറിയേണ്ടതെല്ലാം…

അഗസ്ത്യാർകൂടം ട്രക്കിംഗ്​. കേരളത്തിൽ ഇത്രയേറെ പ്രശസ്തവും നിഗൂഢവുമായ ഒരു​ ട്രക്കിംഗ്​​ വേറെയുണ്ടാകില്ല. ഓൺലൈനിൽ ബുക്ക്​ ചെയ്തിട്ട്​ വേണം ഇങ്ങോട്ടേക്ക്​ പോകാൻ ( agasthyarkoodam trekking online booking ). സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്​ അഗസ്ത്യാർകൂടം അഥവ അഗസ്ത്യമല.

വർഷത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ ഈ യാത്ര അനുവദിക്കൂ. അതുതന്നെയാണ്​ ഇതിനെ നിഗൂഢമായി നിർത്തുന്നത്​. ഒപ്പം അഗസ്ത്യാർകൂടത്ത്​ ഒളിഞ്ഞിരിക്കുന്ന കാഴ്ചകളും ഐതിഹ്യവും ആ നിഗൂഢത വർധിപ്പിക്കുന്നു. എല്ലാ വർഷവും മകരവിളക്കി​ന്​ ആരംഭിച്ച്​ ശിവരാത്രിക്ക്​ അവസാനിക്കുന്ന രീതിയിലാണ്​ ​ട്രക്കിംഗ്​ നടക്കാറുള്ളത്​.

കേരളത്തിന്‍റെയും തമിഴ്നാട്ടിന്‍റെയും അതിർത്തിയിലാണ്​ ഈ പ്രദേശം. സമുദ്രനിരപ്പിൽനിന്നും 1868 മീറ്റർ ഉയരമുണ്ട്​ ഈ മലനിരകൾക്ക്​. 6129 അടി​ ഉയരത്തിൽ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളതിനാൽ ഇതൊരു തീർത്ഥാടന കേന്ദ്രം കൂടിയാണ്​. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി.

പേപ്പാറ വന്യജീവി സ​ങ്കേതത്തിന്‍റെ ( peppara wildlife sanctuary ) ഭാഗമായ അഗസ്ത്യകൂടം ഏറെ പാരിസ്ഥിതിക പ്രാധാന്യം അർഹിക്കുന്ന ഇടമാണ്​. യുനെസ്​കോയുടെ ലോക പൈതൃക പട്ടികയിലടക്കം ഈ പ്രദേശം ഉൾപ്പെട്ടിട്ടുണ്ട്​. ബോണക്കാട് ( Bonacaud) ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് ഇവിടേക്ക്​ ട്രക്കിംഗ്​ ആരംഭിക്കുന്നത്. വനംവകുപ്പിന്‍റെ അനുമതിയോടെയാണ്​ മുൻകൂട്ടി പാസ്​ എടുക്കാൻ സാധിക്കുക. അതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമെന്ന്​ പരിശോധിക്കാം.

ട്രക്കിംഗ്​​ എപ്പോൾ?

  • ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ്​ ഇവിടേക്ക് പൊതുജനങ്ങളെ​ കടത്തിവിടുക.
  • 2022ൽ ജനുവരി 18 മുതൽ ഫെബ്രവുരി 26 വരെയാണ്​​ പ്രവേശനം.
  • ഒരു ദിവസം പരമാവധി 100 പേർക്ക്​ പ്രവേശനമുണ്ടാകും.

Agasthyarkoodam trekking online booking

  • ഓൺലൈൻ മുഖേനെ മുൻകൂട്ടി പാസ്​ എടുക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പാസ്​ ലഭ്യമാണ്​.
  • വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്​സൈറ്റ്​ വഴിയും serviceonline.gov.in/trekking എന്ന വെബ്​സൈറ്റ്​ വഴിയും​ ടിക്കറ്റ്​ എടുക്കാം​.
  • ആധാർ പോലുള്ള ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ വിവരം സൈറ്റിൽ അപ്​ലോഡ്​ ചെയ്യണം.
  • നെറ്റ്​ ബാങ്കിങ്​, ഡെബിറ്റ്​ കാർഡ്​, ക്രെഡിറ്റ്​ കാർഡ്​ എന്നിവ വഴി​ പണം അടക്കാം​.
  • ഒരാൾക്കുള്ള ടിക്കറ്റ്​ നിരക്ക്​ 1580 രൂപയാണ്​. ( മുമ്പ്​ 1000 രൂപയായിരുന്നു​ ടിക്കറ്റ്​ നിരക്ക്​ ).
  • പരമാവധി 10 പേരെ മാത്രമാണ്​ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
  • 2022ലെ ബുക്കിങ്​ സൗകര്യം ( agasthyarkoodam trekking online booking ) ജനുവരി 15ന്​ വൈകീട്ട്​ നാല്​ മുതൽ ലഭ്യമാകും​.
  • ഓൺലൈനിൽ ടിക്കറ്റുകൾ ലഭ്യമായാൽ മിനിറ്റുകൾക്കുള്ളിൽ അവ തീരാറാണ്​ പതിവ്​. അത്രയും ഡിമാൻഡാണ്​ ഈ യാത്രക്ക്​.
  • കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്​ വഴി ഒരു ദിവസം 75 പേർക്ക്​ മാത്രമെ ടിക്കറ്റ്​ ലഭിക്കൂ. 25 പേർക്ക്​ ഓഫ്​ലൈനായും ടിക്കറ്റ്​ ലഭിക്കും.
  • സഞ്ചാരികൾക്ക്​ ആരോഗ്യ/ലൈഫ്​ ഇൻഷുറൻസ്​ പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്​. ഇതിന്‍റെ രേഖ ബുക്കിങ്​ സമയത്ത്​ നൽകണം.
  • ടിക്കറ്റ്​ ക്യാൻസൽ ചെയ്താൽ പണം തിരി​കെ ലഭിക്കുന്നതല്ല.

അക്ഷയ കേന്ദ്രങ്ങളിൽ പാസ്​​ എടുക്കുമ്പോൾ​

  • അക്ഷയ കേന്ദ്രങ്ങളിൽ പ്രവേശന ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പകൂടി കൊണ്ടുവരണം.
  • ട്രക്കിംഗിൽ പ​ങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ്​ നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.
  • അക്ഷയ കേന്ദ്രങ്ങളിൽ ബുക്ക്​ ചെയ്യുന്നവർക്ക്​ ടിക്കറ്റിന്​​ പുറമെ payment gateway ചാർജും സേവന നിരക്കും അധികം വരും. ഒന്നു മുതൽ അഞ്ചുപേർ വരെയുള്ള ടിക്കറ്റിന്​ 50 രൂപയാണ്​ അധികം വരിക. പത്തുപേർ ഉ​ൾപ്പെടുന്ന ടിക്കറ്റിന്​ 70 രൂപയും.

യാത്രാ നടപടിക്രമങ്ങൾ

  • ടിക്കറ്റ്​ പ്രിന്‍റ്​ ഔട്ടിന്‍റെ പകർപ്പും ( agasthyarkoodam trekking online booking ) ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ അസ്സലും സഹിതം തിരുവനന്തപുരം ജില്ലയിലെ ബോണക്കാടുള്ള ഫോറസ്റ്റ്​ പിക്കറ്റ്​ സ്​റ്റേഷനിൽ എത്തണം.
  • രാവിലെ ഏഴിനും പത്തിനും ഇടയിൽ റിപ്പോർട്ട്​ ചെയ്യാം.
  • ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരും ടിക്കറ്റ്​ പ്രിന്‍റ്​ ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട്​ നൽകണം.
  • 10 പേരടങ്ങുന്ന ഓരോ സംഘത്തിനും ഒരു ഗൈഡിന്‍റെ സേവനം ലഭ്യമാകും.
  • ട്രക്കിംഗിൽ പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്​, മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിന്​ കർശന വിലക്കുണ്ട്​.
  • വനത്തിനുള്ളിൽ പുകവലി, ഭക്ഷണം പാകം ചെയ്യൽ എന്നിവ പാടില്ല.
  • നിരോധിത വസ്തുക്കൾ കൊണ്ടുപോയാൽ പിഴ ഉൾപ്പെടെ ശിക്ഷ നടപടികളാകും കാത്തിരിക്കുക.
  • പ്ലാസ്റ്റിക് സാധനങ്ങൾ എന്തെങ്കിലും കൈയിൽ ഉണ്ടെങ്കിൽ 100 രൂപ ഫോറസ്റ്റ്​ ഓഫിസിൽ അടച്ചാൽ കൊണ്ടുപോകാം. കൊണ്ടുപോയ അത്രയും സാധനങ്ങൾ തിരിച്ചുകൊണ്ടുവന്ന് കാണിച്ചുകൊടുത്താൽ ആ പൈസ ലഭിക്കും.

സത്യപ്രസ്താവന

കാനനപാതയിലൂടെയുള്ള യാത്രയിൽ വന്യജീവികളുടെ ആക്രമണത്തിന്​ സാധ്യ​തയേറെയാണ്​. യാത്രയുടെ എല്ലാവിധ ഉത്തരവാദിത്തവും യാത്രക്കാരന്​ മാത്രമാകും. ഇതാണ്​ സത്യപ്രസ്താവനയിൽ ഒപ്പിട്ട്​ നൽകുന്നത്​. യാത്രയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക്​ വനം വകുപ്പോ ഇക്കോ ഡെവലപ്​മെന്‍റ്​ കമ്മിറ്റിയേ ഉത്തരവാദിയാകില്ല.

ഇവ ശ്രദ്ധിക്കാം

  • അഗസ്ത്യാർകൂടം ട്രക്കിംഗ്​ അതീവ ദുർഘട വനപ്രദേശങ്ങളിലൂടെയാണ്​. അതിനാൽ നല്ല ശാരീരിക ക്ഷമതുയള്ളവർ മാത്രം ട്രക്കിംഗിന്​​ പോകാൻ പാടുള്ളൂ.
  • 14 വയസ്സിന്​ താഴെയുള്ളവർക്ക്​ അനുമതി ലഭിക്കുകയില്ല.
  • സ്ത്രീകൾക്ക്​ പ്രത്യേക പരിഗണനയില്ല. ഏതാനും വർഷം മുമ്പ്​ മാത്രമാണ്​ സ്ത്രീകൾക്ക്​ ഇവിടേക്ക്​ പ്ര​വേശനം അനുവദിച്ച്​ തുടങ്ങിയത്​.
  • വനമേഖലയായതിനാൽ മൊബൈൽ ഫോണിൽ​ റേഞ്ച്​ കിട്ടാൻ സാധ്യത കുറവാണ്​.

ട്രക്കിംഗ്​

ഏകദേശം 24 കിലോമീറ്റർ ദൂരമുണ്ട്​ അഗസ്ത്യാർകൂടത്തിന്‍റെ മുകളിലേക്ക്​. ആദ്യദിനം രാവിലെ ആരംഭിക്കുന്ന ട്രക്കിംഗ്​​ ഉച്ചകഴിഞ്ഞ്​ ബേസ്​ ക്യാമ്പായ അതിരുമലയിലെത്തും. 16 കിലോമീറ്റർ വരും ഈ ദൂരം. അന്ന്​ അവിടെ തങ്ങി പിറ്റേന്ന്​ രാവിലെയാണ്​ അഗസ്ത്യാർകൂടത്തിന്‍റെ മുകളിലേക്ക്​ പോവുക. അത്യാവശ്യം ബുദ്ധിമുട്ടുള്ള ട്രക്കിംഗാണിത്​. എട്ട്​ കിലോമീറ്ററിൽ മിക്കഭാഗവും കുത്തനെയുള്ള കയറ്റമാണ്​.

തിരുവനന്തപുരത്തെ പീച്ചിപ്പാറ ഡാം, നെയ്യാർ ഡാം, വിതുരയിലെ ഐ.ഐ.എസ്.ഇ.ആർ, പേപ്പാറ ഡാം എന്നിവയെല്ലാം അഗസ്ത്യമലയുടെ മുകളിൽനിന്ന്​ കാണാൻ സാധിക്കും. 12 മണിയോടെ ഏറ്റവും മുകളിൽനിന്ന്​ ഇറങ്ങണം. ഉച്ചക്ക്​ രണ്ട്​ ആകുമ്പോഴേക്കും അതിരുമലയിൽനിന്ന്​ മടങ്ങണം. അല്ലാത്തപക്ഷം ഒരു രാത്രി കൂടി ബേസ്​ ക്യാമ്പിൽ തങ്ങേണ്ടിവരും.

ഭക്ഷണം

സന്ദർശകരുടെ സൗകര്യാർത്ഥം ബോണക്കാട്​, അതിരുമല എന്നീ സ്ഥലങ്ങളിൽ വനംവകുപ്പിന്​ കീഴിലെ ഇക്കോ ഡെവലപ്​മെന്‍റ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാന്‍റീനുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ട്രക്കിംഗിന്​ മുമ്പായി ബോണ​ക്കാടുനിന്ന്​ ലഘുഭക്ഷണം വാങ്ങി കൈയിൽ കരുതുന്നത്​ നല്ലതാകും. അതിരുമലയിൽ ഭക്ഷണത്തിന്​ വില അൽപ്പം കൂടുതലാണ്​.

താമസം

  • ബോണക്കാട്​ താമസ സൗകര്യം കുറവാണ്​​.
  • ട്രക്കിംഗിന്‍റെ ആദ്യ ദിവസം ബേസ്​ ക്യാമ്പായ അതിരുമലയിലാണ്​ താമസം.
  • ആണുങ്ങൾക്ക് രണ്ട്​ ഹാൾ ഉണ്ടാകും.
  • സ്​ത്രീകൾ കുറവായതിനാൽ ലേഡി ഗാർഡുമാരുടെ കൂടെ കിടത്താറാണ് പതിവ്.
  • രജിസ്ട്രേഷൻ നടത്തിയ ഫോം കാണിച്ചു കൊടുത്താൽ ഒരു പായ ലഭിക്കും. രണ്ടുപേർക്ക് ഒരു പായ എന്ന രീതിയിലാണ്​ ലഭിക്കുക.

മറ്റു കാര്യങ്ങൾ

  • വനത്തിൽ സഞ്ചരിക്കുമ്പോൾ നിശ്ശബ്​ദത പാലിക്കുക.
  • ഗൈഡുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
  • സംഘത്തിൽനിന്നും വേർപിരിഞ്ഞ്​ പോകാതിരിക്കാൻ ശ്രദ്ധിക്കുക.
  • അരുവികളിൽ കുളിക്കുന്നത്​ ഒഴിവാക്കുക.
  • ഗൈഡുകളുടെ അനുവാദത്തോടെ മാത്രം ഫോട്ടോ എടുക്കുക.
  • അതിരുമലയിൽ പണി കഴിപ്പിച്ചിട്ടുള്ള ഷെഡ്ഡിൽ മാത്രമേ രാത്രി താമസിക്കാൻ പാടുള്ളൂ.
  • പകൽ 11 മണിക്ക്​ ശേഷം അഗസ്ത്യാർകൂടത്തിലേക്ക്​ പ്രവേശനം അനുവദിക്കില്ല.
  • കൈയിൽ പവർ ബാങ്ക്​ കരുതുക.

കൂടുതൽ വിവരങ്ങൾക്ക്​: 0471 2360762 (തിരുവനന്തപുരം വൈൽഡ്​ ലൈഫ്​ വാർഡൻ)

എങ്ങനെ എത്താം

തിരുവനന്തപുരത്തുനിന് ഏകദേശം 60 കിലോമീറ്റർ​ ദൂരമുണ്ട്​ ബോണക്കാട്ടേക്ക്​​. വിവിധ ​സമയങ്ങളിൽ ksrtc ബസുകൾ ഇവിടേക്ക്​​​ സർവിസ്​ നടത്തുന്നുണ്ട്​. ബസിറങ്ങി ഫോറസ്റ്റ് ഓഫിസിലേക്ക് രണ്ട് കിലോമീറ്റർ ദൂരം നടക്കാനുണ്ട്.

കെഎസ്​ആർടിസി ബസുകളുടെ സമയവിവരം

തിരുവനന്തപുരം – ബോണക്കാട്​

തിരുവനന്തപുരം 5.00 AM – നെടുമങ്ങാട്​ – 5.50 AM, വിതുര – 6.40 AM, ബോണക്കാട്​ – 7.30 AM ബോണക്കാട്​ അപ്പർ – 7.35 AM

തിരുവനന്തപുരം ഈസ്റ്റ്​ ഫോർട്ട് -​ 8.35 AM, തിരുവനന്തപുരം – 8.40 AM, നെടുമങ്ങാട്​ – 9.30 AM, വിതുര – 10.20 AM, ബോണക്കാട്​ – 11.05 AM

തിരുവനന്തപുരം ഈസ്റ്റ്​ ഫോർട്ട്​ 2.45 PM – നെടുമങ്ങാട്​ – 3.40 PM, വിതുര – 4.30 PM, ബോണക്കാട്​ – 5.30 PM

തിരുവനന്തപുരം: 4.10 PM, നെടുമങ്ങാട്​ – 5.00 PM, വിതുര – 5.50 PM, ബോണക്കാട്​ – 6.30 PM

ബോണക്കാട്​ – തിരുവനന്തപുരം

ബോണക്കാട്​ – 6.00 AM, വിതുര – 6.50 AM, നെടുമങ്ങാട്​ – 7.40 AM, തിരുവനന്തപുരം – 8.30 AM

ബോണക്കാട്​ അപ്പർ – 7.50 AM, ബോണക്കാട്​ – 7.55 AM, വിതുര – 8.45 AM, നെടുമങ്ങാട്​ – 9.35 AM, തിരുവനന്തപുരം – 10.25 AM

ബോണക്കാട്​ 11.30 AM, വിതുര – 12.05 PM, നെടുമങ്ങാട്​ – 12.55 PM, ഈസ്റ്റ്​ ഫോർട്ട് – 1.45 PM

ബോണക്കാട്​ – 1.40 PM, വിതുര – 2.30 PM, നെടുമങ്ങാട്​ – 3.20 PM, തിരുവനന്തപുരം: 4.10 PM

ബോണക്കാട്​ എത്താൻ നല്ലത്​ തിരുവനന്തപുരത്തുനിന്ന്​ രാവിലെ അഞ്ച്​ മണിക്ക്​ പുറപ്പെടുന്ന ബസിൽ കയറുന്നതാണ്​.

തിരിച്ച്​ മലയിറങ്ങിയെത്തുമ്പോഴേക്കും മുകളിൽ പറഞ്ഞ ഡയറക്ട്​ ബസുകൾ പോയിക്കാണും. ഇങ്ങനെയുള്ളവർക്ക്​ വൈകീട്ട്​ 5.35ന്​ ബോണക്കാടുനിന്ന്​ വിതുരയിലേക്ക്​ ബസുണ്ട്​. ഈ ബസ്​ 6.40ന് അവിടെ​ എത്തും. വിതുരയിൽനിന്ന്​ ഏഴ്​ മണിക്ക്​ നെടുമങ്ങാട്ടേക്ക്​ ബസുണ്ട്​. അത്​ 7.40ന്​ എത്തും. അവിടെനിന്ന്​ 7.45നും എട്ട്​ മണിക്കും തിരുവനന്തപുരത്തേക്ക്​ ബസുണ്ട്​. ഇങ്ങനെ പോകുന്നതാകും ഉചിതം.

വിതുരയിലെ താമസം

ട്രക്കിംഗിന്‍റെ തലേന്ന്​ എത്തുന്നവർക്ക്​ വിതുരയിൽ താമസിക്കാം. ശാന്തികൃഷ്ണ പാലസ്​ എന്ന ലോഡ്​ജിൽ 800 രൂപ മുതൽ റൂം ലഭിക്കും. ഒരു റൂമിൽ മൂന്നുപേർക്ക്​ താമസിക്കാം. ബസ്​സ്​റ്റോപ്പിൽനിന്ന്​ 100 മീറ്റർ മാത്രമാണ്​ ദൂരം.

വിതുരയിൽനിന്ന്​ രാവിലെയുള്ള ബസിൽ ബോണക്കാട്​ പോകാം. അല്ലെങ്കിൽ ജീപ്പുകളും ലഭ്യമാണ്​. അഞ്ചുപേർക്ക്​ ഏകദേശം 1200 രൂപയാണ്​ ഈടാക്കുക.

Santhikrishna palace ( vithura ): 095442 23029
https://maps.app.goo.gl/hYjzaAKd8wyJeyKb9

കെഎസ്​ആർടിസി നമ്പറുകൾ

തിരുവനന്തപുരം തമ്പാനൂർ ബസ്​സ്റ്റാൻഡ്​: 0471- 2323979 / 2323886
ഈസ്റ്റ്​ ഫോർട്ട്​: 0471- 2461013 / 2463029
നെടുമങ്ങാട്​: 0472- 2802396 / 2812235
വിതുര: 0472- 2858686

കോവിഡ്​ നിയന്ത്രണങ്ങൾ:

  • കൊറോണ​ കാലമായതിനാൽ രണ്ട്​ ഡോസ്​ വാക്സിൻ എടുത്തവർ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ rtpcr നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉള്ളവർ എന്നിവർക്ക്​ മാത്രമേ പ്രവേശനമുള്ളൂ. ഈ രേഖകൾ യാത്രാ സമയത്ത്​ കാണിക്കണം.
  • കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ട്രക്കിംഗ്​.

ബോണസ്​ പോയിന്‍റ്​

നല്ല കായികക്ഷമത വേണ്ട യാത്രയാണിത്​. കഴിയുമെങ്കിൽ യാത്ര പോകുന്നതിന്​ ഒരു മാസം മുമ്പെങ്കിലും ശാരീരികമായി കരുത്ത്​ നേടാൻ ശ്രമിക്കുക. രാവിലെ പതിവായുള്ള നടത്തം, സൈക്ലിങ്​, വ്യായാമം എന്നിവയെല്ലാം ഇതിനുള്ള മികച്ച മാർഗമാണ്​.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!