അഗസ്ത്യാർകൂടം ട്രക്കിംഗ്. കേരളത്തിൽ ഇത്രയേറെ പ്രശസ്തവും നിഗൂഢവുമായ ഒരു ട്രക്കിംഗ് വേറെയുണ്ടാകില്ല. ഓൺലൈനിൽ ബുക്ക് ചെയ്തിട്ട് വേണം ഇങ്ങോട്ടേക്ക് പോകാൻ ( agasthyarkoodam trekking online booking ). സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് അഗസ്ത്യാർകൂടം അഥവ അഗസ്ത്യമല.
വർഷത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ ഈ യാത്ര അനുവദിക്കൂ. അതുതന്നെയാണ് ഇതിനെ നിഗൂഢമായി നിർത്തുന്നത്. ഒപ്പം അഗസ്ത്യാർകൂടത്ത് ഒളിഞ്ഞിരിക്കുന്ന കാഴ്ചകളും ഐതിഹ്യവും ആ നിഗൂഢത വർധിപ്പിക്കുന്നു. എല്ലാ വർഷവും മകരവിളക്കിന് ആരംഭിച്ച് ശിവരാത്രിക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രക്കിംഗ് നടക്കാറുള്ളത്.
കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അതിർത്തിയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽനിന്നും 1868 മീറ്റർ ഉയരമുണ്ട് ഈ മലനിരകൾക്ക്. 6129 അടി ഉയരത്തിൽ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളതിനാൽ ഇതൊരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി.
പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ( peppara wildlife sanctuary ) ഭാഗമായ അഗസ്ത്യകൂടം ഏറെ പാരിസ്ഥിതിക പ്രാധാന്യം അർഹിക്കുന്ന ഇടമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലടക്കം ഈ പ്രദേശം ഉൾപ്പെട്ടിട്ടുണ്ട്. ബോണക്കാട് ( Bonacaud) ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് ഇവിടേക്ക് ട്രക്കിംഗ് ആരംഭിക്കുന്നത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് മുൻകൂട്ടി പാസ് എടുക്കാൻ സാധിക്കുക. അതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
ട്രക്കിംഗ് എപ്പോൾ?
- ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് ഇവിടേക്ക് പൊതുജനങ്ങളെ കടത്തിവിടുക.
- 2022ൽ ജനുവരി 18 മുതൽ ഫെബ്രവുരി 26 വരെയാണ് പ്രവേശനം.
- ഒരു ദിവസം പരമാവധി 100 പേർക്ക് പ്രവേശനമുണ്ടാകും.
Agasthyarkoodam trekking online booking
- ഓൺലൈൻ മുഖേനെ മുൻകൂട്ടി പാസ് എടുക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പാസ് ലഭ്യമാണ്.
- വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും serviceonline.gov.in/trekking എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റ് എടുക്കാം.
- ആധാർ പോലുള്ള ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ വിവരം സൈറ്റിൽ അപ്ലോഡ് ചെയ്യണം.
- നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി പണം അടക്കാം.
- ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1580 രൂപയാണ്. ( മുമ്പ് 1000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ).
- പരമാവധി 10 പേരെ മാത്രമാണ് ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
- 2022ലെ ബുക്കിങ് സൗകര്യം ( agasthyarkoodam trekking online booking ) ജനുവരി 15ന് വൈകീട്ട് നാല് മുതൽ ലഭ്യമാകും.
- ഓൺലൈനിൽ ടിക്കറ്റുകൾ ലഭ്യമായാൽ മിനിറ്റുകൾക്കുള്ളിൽ അവ തീരാറാണ് പതിവ്. അത്രയും ഡിമാൻഡാണ് ഈ യാത്രക്ക്.
- കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് വഴി ഒരു ദിവസം 75 പേർക്ക് മാത്രമെ ടിക്കറ്റ് ലഭിക്കൂ. 25 പേർക്ക് ഓഫ്ലൈനായും ടിക്കറ്റ് ലഭിക്കും.
- സഞ്ചാരികൾക്ക് ആരോഗ്യ/ലൈഫ് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ രേഖ ബുക്കിങ് സമയത്ത് നൽകണം.
- ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കുന്നതല്ല.
അക്ഷയ കേന്ദ്രങ്ങളിൽ പാസ് എടുക്കുമ്പോൾ
- അക്ഷയ കേന്ദ്രങ്ങളിൽ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പകൂടി കൊണ്ടുവരണം.
- ട്രക്കിംഗിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.
- അക്ഷയ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റിന് പുറമെ payment gateway ചാർജും സേവന നിരക്കും അധികം വരും. ഒന്നു മുതൽ അഞ്ചുപേർ വരെയുള്ള ടിക്കറ്റിന് 50 രൂപയാണ് അധികം വരിക. പത്തുപേർ ഉൾപ്പെടുന്ന ടിക്കറ്റിന് 70 രൂപയും.
യാത്രാ നടപടിക്രമങ്ങൾ
- ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകർപ്പും ( agasthyarkoodam trekking online booking ) ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അസ്സലും സഹിതം തിരുവനന്തപുരം ജില്ലയിലെ ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ എത്തണം.
- രാവിലെ ഏഴിനും പത്തിനും ഇടയിൽ റിപ്പോർട്ട് ചെയ്യാം.
- ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നൽകണം.
- 10 പേരടങ്ങുന്ന ഓരോ സംഘത്തിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും.
- ട്രക്കിംഗിൽ പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിന് കർശന വിലക്കുണ്ട്.
- വനത്തിനുള്ളിൽ പുകവലി, ഭക്ഷണം പാകം ചെയ്യൽ എന്നിവ പാടില്ല.
- നിരോധിത വസ്തുക്കൾ കൊണ്ടുപോയാൽ പിഴ ഉൾപ്പെടെ ശിക്ഷ നടപടികളാകും കാത്തിരിക്കുക.
- പ്ലാസ്റ്റിക് സാധനങ്ങൾ എന്തെങ്കിലും കൈയിൽ ഉണ്ടെങ്കിൽ 100 രൂപ ഫോറസ്റ്റ് ഓഫിസിൽ അടച്ചാൽ കൊണ്ടുപോകാം. കൊണ്ടുപോയ അത്രയും സാധനങ്ങൾ തിരിച്ചുകൊണ്ടുവന്ന് കാണിച്ചുകൊടുത്താൽ ആ പൈസ ലഭിക്കും.
സത്യപ്രസ്താവന
കാനനപാതയിലൂടെയുള്ള യാത്രയിൽ വന്യജീവികളുടെ ആക്രമണത്തിന് സാധ്യതയേറെയാണ്. യാത്രയുടെ എല്ലാവിധ ഉത്തരവാദിത്തവും യാത്രക്കാരന് മാത്രമാകും. ഇതാണ് സത്യപ്രസ്താവനയിൽ ഒപ്പിട്ട് നൽകുന്നത്. യാത്രയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് വനം വകുപ്പോ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയേ ഉത്തരവാദിയാകില്ല.
ഇവ ശ്രദ്ധിക്കാം
- അഗസ്ത്യാർകൂടം ട്രക്കിംഗ് അതീവ ദുർഘട വനപ്രദേശങ്ങളിലൂടെയാണ്. അതിനാൽ നല്ല ശാരീരിക ക്ഷമതുയള്ളവർ മാത്രം ട്രക്കിംഗിന് പോകാൻ പാടുള്ളൂ.
- 14 വയസ്സിന് താഴെയുള്ളവർക്ക് അനുമതി ലഭിക്കുകയില്ല.
- സ്ത്രീകൾക്ക് പ്രത്യേക പരിഗണനയില്ല. ഏതാനും വർഷം മുമ്പ് മാത്രമാണ് സ്ത്രീകൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്.
- വനമേഖലയായതിനാൽ മൊബൈൽ ഫോണിൽ റേഞ്ച് കിട്ടാൻ സാധ്യത കുറവാണ്.
ട്രക്കിംഗ്
ഏകദേശം 24 കിലോമീറ്റർ ദൂരമുണ്ട് അഗസ്ത്യാർകൂടത്തിന്റെ മുകളിലേക്ക്. ആദ്യദിനം രാവിലെ ആരംഭിക്കുന്ന ട്രക്കിംഗ് ഉച്ചകഴിഞ്ഞ് ബേസ് ക്യാമ്പായ അതിരുമലയിലെത്തും. 16 കിലോമീറ്റർ വരും ഈ ദൂരം. അന്ന് അവിടെ തങ്ങി പിറ്റേന്ന് രാവിലെയാണ് അഗസ്ത്യാർകൂടത്തിന്റെ മുകളിലേക്ക് പോവുക. അത്യാവശ്യം ബുദ്ധിമുട്ടുള്ള ട്രക്കിംഗാണിത്. എട്ട് കിലോമീറ്ററിൽ മിക്കഭാഗവും കുത്തനെയുള്ള കയറ്റമാണ്.
തിരുവനന്തപുരത്തെ പീച്ചിപ്പാറ ഡാം, നെയ്യാർ ഡാം, വിതുരയിലെ ഐ.ഐ.എസ്.ഇ.ആർ, പേപ്പാറ ഡാം എന്നിവയെല്ലാം അഗസ്ത്യമലയുടെ മുകളിൽനിന്ന് കാണാൻ സാധിക്കും. 12 മണിയോടെ ഏറ്റവും മുകളിൽനിന്ന് ഇറങ്ങണം. ഉച്ചക്ക് രണ്ട് ആകുമ്പോഴേക്കും അതിരുമലയിൽനിന്ന് മടങ്ങണം. അല്ലാത്തപക്ഷം ഒരു രാത്രി കൂടി ബേസ് ക്യാമ്പിൽ തങ്ങേണ്ടിവരും.
ഭക്ഷണം
സന്ദർശകരുടെ സൗകര്യാർത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളിൽ വനംവകുപ്പിന് കീഴിലെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാന്റീനുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ട്രക്കിംഗിന് മുമ്പായി ബോണക്കാടുനിന്ന് ലഘുഭക്ഷണം വാങ്ങി കൈയിൽ കരുതുന്നത് നല്ലതാകും. അതിരുമലയിൽ ഭക്ഷണത്തിന് വില അൽപ്പം കൂടുതലാണ്.
താമസം
- ബോണക്കാട് താമസ സൗകര്യം കുറവാണ്.
- ട്രക്കിംഗിന്റെ ആദ്യ ദിവസം ബേസ് ക്യാമ്പായ അതിരുമലയിലാണ് താമസം.
- ആണുങ്ങൾക്ക് രണ്ട് ഹാൾ ഉണ്ടാകും.
- സ്ത്രീകൾ കുറവായതിനാൽ ലേഡി ഗാർഡുമാരുടെ കൂടെ കിടത്താറാണ് പതിവ്.
- രജിസ്ട്രേഷൻ നടത്തിയ ഫോം കാണിച്ചു കൊടുത്താൽ ഒരു പായ ലഭിക്കും. രണ്ടുപേർക്ക് ഒരു പായ എന്ന രീതിയിലാണ് ലഭിക്കുക.
മറ്റു കാര്യങ്ങൾ
- വനത്തിൽ സഞ്ചരിക്കുമ്പോൾ നിശ്ശബ്ദത പാലിക്കുക.
- ഗൈഡുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
- സംഘത്തിൽനിന്നും വേർപിരിഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
- അരുവികളിൽ കുളിക്കുന്നത് ഒഴിവാക്കുക.
- ഗൈഡുകളുടെ അനുവാദത്തോടെ മാത്രം ഫോട്ടോ എടുക്കുക.
- അതിരുമലയിൽ പണി കഴിപ്പിച്ചിട്ടുള്ള ഷെഡ്ഡിൽ മാത്രമേ രാത്രി താമസിക്കാൻ പാടുള്ളൂ.
- പകൽ 11 മണിക്ക് ശേഷം അഗസ്ത്യാർകൂടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
- കൈയിൽ പവർ ബാങ്ക് കരുതുക.
കൂടുതൽ വിവരങ്ങൾക്ക്: 0471 2360762 (തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ)
എങ്ങനെ എത്താം
തിരുവനന്തപുരത്തുനിന് ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട് ബോണക്കാട്ടേക്ക്. വിവിധ സമയങ്ങളിൽ ksrtc ബസുകൾ ഇവിടേക്ക് സർവിസ് നടത്തുന്നുണ്ട്. ബസിറങ്ങി ഫോറസ്റ്റ് ഓഫിസിലേക്ക് രണ്ട് കിലോമീറ്റർ ദൂരം നടക്കാനുണ്ട്.
കെഎസ്ആർടിസി ബസുകളുടെ സമയവിവരം
തിരുവനന്തപുരം – ബോണക്കാട്
തിരുവനന്തപുരം 5.00 AM – നെടുമങ്ങാട് – 5.50 AM, വിതുര – 6.40 AM, ബോണക്കാട് – 7.30 AM ബോണക്കാട് അപ്പർ – 7.35 AM
തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് - 8.35 AM, തിരുവനന്തപുരം – 8.40 AM, നെടുമങ്ങാട് – 9.30 AM, വിതുര – 10.20 AM, ബോണക്കാട് – 11.05 AM
തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് 2.45 PM – നെടുമങ്ങാട് – 3.40 PM, വിതുര – 4.30 PM, ബോണക്കാട് – 5.30 PM
തിരുവനന്തപുരം: 4.10 PM, നെടുമങ്ങാട് – 5.00 PM, വിതുര – 5.50 PM, ബോണക്കാട് – 6.30 PM
ബോണക്കാട് – തിരുവനന്തപുരം
ബോണക്കാട് – 6.00 AM, വിതുര – 6.50 AM, നെടുമങ്ങാട് – 7.40 AM, തിരുവനന്തപുരം – 8.30 AM
ബോണക്കാട് അപ്പർ – 7.50 AM, ബോണക്കാട് – 7.55 AM, വിതുര – 8.45 AM, നെടുമങ്ങാട് – 9.35 AM, തിരുവനന്തപുരം – 10.25 AM
ബോണക്കാട് 11.30 AM, വിതുര – 12.05 PM, നെടുമങ്ങാട് – 12.55 PM, ഈസ്റ്റ് ഫോർട്ട് – 1.45 PM
ബോണക്കാട് – 1.40 PM, വിതുര – 2.30 PM, നെടുമങ്ങാട് – 3.20 PM, തിരുവനന്തപുരം: 4.10 PM
ബോണക്കാട് എത്താൻ നല്ലത് തിരുവനന്തപുരത്തുനിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെടുന്ന ബസിൽ കയറുന്നതാണ്.
തിരിച്ച് മലയിറങ്ങിയെത്തുമ്പോഴേക്കും മുകളിൽ പറഞ്ഞ ഡയറക്ട് ബസുകൾ പോയിക്കാണും. ഇങ്ങനെയുള്ളവർക്ക് വൈകീട്ട് 5.35ന് ബോണക്കാടുനിന്ന് വിതുരയിലേക്ക് ബസുണ്ട്. ഈ ബസ് 6.40ന് അവിടെ എത്തും. വിതുരയിൽനിന്ന് ഏഴ് മണിക്ക് നെടുമങ്ങാട്ടേക്ക് ബസുണ്ട്. അത് 7.40ന് എത്തും. അവിടെനിന്ന് 7.45നും എട്ട് മണിക്കും തിരുവനന്തപുരത്തേക്ക് ബസുണ്ട്. ഇങ്ങനെ പോകുന്നതാകും ഉചിതം.
വിതുരയിലെ താമസം
ട്രക്കിംഗിന്റെ തലേന്ന് എത്തുന്നവർക്ക് വിതുരയിൽ താമസിക്കാം. ശാന്തികൃഷ്ണ പാലസ് എന്ന ലോഡ്ജിൽ 800 രൂപ മുതൽ റൂം ലഭിക്കും. ഒരു റൂമിൽ മൂന്നുപേർക്ക് താമസിക്കാം. ബസ്സ്റ്റോപ്പിൽനിന്ന് 100 മീറ്റർ മാത്രമാണ് ദൂരം.
വിതുരയിൽനിന്ന് രാവിലെയുള്ള ബസിൽ ബോണക്കാട് പോകാം. അല്ലെങ്കിൽ ജീപ്പുകളും ലഭ്യമാണ്. അഞ്ചുപേർക്ക് ഏകദേശം 1200 രൂപയാണ് ഈടാക്കുക.
Santhikrishna palace ( vithura ): 095442 23029
https://maps.app.goo.gl/hYjzaAKd8wyJeyKb9
കെഎസ്ആർടിസി നമ്പറുകൾ
തിരുവനന്തപുരം തമ്പാനൂർ ബസ്സ്റ്റാൻഡ്: 0471- 2323979 / 2323886
ഈസ്റ്റ് ഫോർട്ട്: 0471- 2461013 / 2463029
നെടുമങ്ങാട്: 0472- 2802396 / 2812235
വിതുര: 0472- 2858686
കോവിഡ് നിയന്ത്രണങ്ങൾ:
- കൊറോണ കാലമായതിനാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ rtpcr നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഈ രേഖകൾ യാത്രാ സമയത്ത് കാണിക്കണം.
- കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ട്രക്കിംഗ്.
ബോണസ് പോയിന്റ്
നല്ല കായികക്ഷമത വേണ്ട യാത്രയാണിത്. കഴിയുമെങ്കിൽ യാത്ര പോകുന്നതിന് ഒരു മാസം മുമ്പെങ്കിലും ശാരീരികമായി കരുത്ത് നേടാൻ ശ്രമിക്കുക. രാവിലെ പതിവായുള്ള നടത്തം, സൈക്ലിങ്, വ്യായാമം എന്നിവയെല്ലാം ഇതിനുള്ള മികച്ച മാർഗമാണ്.