Site icon MotorBeat

Audi RS5 Sportback – ഇവന്‍റെ ആകാര ഭംഗിയും പ്രൗഢിയും, അത് വേറെത്തന്നെയാണ്

Audi rs5 price

Audi RS5 Sportback

ഔഡിയുടെ സ്‌റ്റൈലിഷ് ലക്ഷ്വറി കൂപ്പെയുടെ പെർഫോമൻസ് പതിപ്പാണ് RS5. S5, A5 എന്നീ സഹോദരങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തവും ആക്രമണാത്മകവുമായ ഈ കാർ ഔഡിയുടെ എക്കാലത്തേയും ഐക്കണുകളിലൊന്നാണ്. കോംപാക്റ്റ് സിൽഹൗട്ടും, ശക്തമായ നാച്ചുറലി ആസ്പിറേറ്റഡ് V8 എൻജിനുമെല്ലാം Progress through technology എന്ന് അർഥം വരുന്ന ‘vorsprung durch technik’ എന്ന ഔഡിയുടെ മുദ്രാവാക്യത്തിനോട് നീതി പുലർത്തുന്നതായിരുന്നു. 2018-ലാണ് RS5-ലെ പരിഷ്കാരങ്ങൾക്ക് തുടക്കം. അന്നത്തെ നാച്ചുറലി ആസ്പിരേറ്റഡ് V8 എൻജിനോട് വിടപറഞ്ഞ്, പകരം ടർബോചാർജ്ഡ് V6 എൻജിൻ ലോഡ് ചെയ്തു.

2011-ലാണ് RS5 ആദ്യമായി ഇന്ത്യയിലെത്തിയത്. എന്നാൽ, രണ്ട് ഡോറുകളുള്ള യഥാർത്ഥ RS5നെ ഇന്ന് ഇന്ത്യയിൽ കാണാൻ കഴിയില്ല. ഇന്ത്യൻ വിപണിയിൽ നിലവിലുള്ളത് നാല് ഡോറുകളുള്ള RS5 Sportback മാത്രമാണ്. 4.8 മീറ്റർ നീളമുള്ള ഈ കാർ 2021-ലാണ് ഇന്ത്യയിലേക്കെത്തിയത്. സവിശേഷതകളിൽ എതിരാളിയായ BMW M4 ന്റെ അത്രത്തോളം വരില്ലെങ്കിലും RS5 ഇന്നും ആവേശമാണ്.

ഒറ്റനോട്ടത്തിൽ തന്നെ അമ്പരപ്പിക്കുന്ന ഡിസൈനാണ് ഔഡിയുടെ ‘മിനി RS7’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കാറിന്. ആരായാലും കണ്ണെടുക്കാതെ നോക്കിയിരിക്കും! റോഡിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ലോ-സ്ലംഗ് ബോഡിയും, കൂപ്പെ പോലെയുള്ള മേൽക്കൂരയും, പില്ലറുകളില്ലാത്ത ഡോറുകളും, ഫാസ്റ്റ്ബാക്ക് രൂപത്തിലുള്ള പിൻഭാഗവും RS5 സ്പോർട്ബാക്കിന്മേൽ കണ്ണുടക്കുന്ന ഘടകങ്ങളാണ്. വീതിയേറിയ പിൻഭാഗത്ത് ചെറിയ ഒരു ലിപ് സ്പോയിലറും സജ്ജീകരിച്ചിട്ടുണ്ട്.

പവർട്രെയിൻ

സ്പോർട്സ് കാർ രംഗത്തെ ഭീമനായ പോർഷെയുമായി സഹകരിച്ച് ഔഡി വികസിപ്പിച്ച 2.9 ലിറ്റർ, ട്വിൻ-ടർബോ V6 എൻജിനാണ് RS5 ന്റെ കുത്തിപ്പിന് കാരണക്കാരൻ. ശക്തമായ പ്രകടനത്തിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തരിക്കുന്ന ഈ എൻജിൻ 444bhp കരുത്തും 600Nm ടോർക്കും പുറപ്പെടുവിക്കും. 2000 മുതൽ 5000 വരെ ആർപിഎമ്മിലാണ് ഉയർന്ന പെർഫോമൻസ് ലഭിക്കുക. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എൻജിന് കൂട്ട്. ഔഡിയുടെ ഓൾ വീൽ ഡ്രൈവ് സംവിധാനമായ ‘Quatro’യും RS5 ന്റെ ചടുലത വർധിപ്പിക്കുന്നു. നോർമൽ സമയത്ത് 60 ശതമാനം പവർ പിൻഭാഗത്തേക്ക് അയയ്‌ക്കുന്നുണ്ട്. ഇത് അണ്ടർസ്റ്റീറിനെ നേരിടാൻ 85 ശതമാനം വരെ വർദ്ധിപ്പിക്കാം. കാറിന്റെ സ്പോർട്ടിനെസ്സിന് ചേർന്ന എയർ സസ്‌പെൻഷനും ലഭിക്കുന്നുണ്ട്. ഇന്‍റീരിയർ

അകത്ത്, RS5 സ്‌പോർട്ട്ബാക്ക് ഔഡിയുടെ നൂതന രൂപകൽപ്പനയും മികച്ച ബിൽഡ് ക്വാളിറ്റിയും കാണിക്കുന്നു. പാഡിൽ ഷിഫ്റ്ററുകൾ ഘടിപ്പിച്ച മനോഹരമായ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ ഡ്രൈവറെ അഭിമുഖീകരിക്കാനൊരുങ്ങി നിൽപ്പുണ്ട്. അതിന് പിന്നിൽ ഒരു വലിയ 12.3 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററും ഇരിക്കുന്നു. വെന്റിലേഷനും മസ്സാജിങ്ങും ഉള്ള സീറ്റുകളും RS5-ൻ്റെ ക്യാബിനിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട്. കാറിന്‍റെ സ്റ്റാൻഡേർഡ് ഫീച്ചറുകളുടെ നീണ്ട പട്ടികയിൽ ആംബിയന്‍റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് RS ഡിസൈൻ പാക്കേജും തിരഞ്ഞെടുക്കാം. അതിൽ സ്റ്റാൻഡേർഡ് നാപ്പ ലെതറിന് പകരം അൽകൻ്റാരയാക്കുകയും, ചുവന്ന ഹൈലൈറ്റുകൾ ഉപയോഗിച്ച് ക്യാബിൻ സജീവമാക്കുകയും ചെയ്യുന്നു.

സ്‌പോർട്ട്ബാക്കിന്‍റെ ദൈർഘ്യമേറിയ അളവുകളും നാല് ഡോറുകളും ഇതിനെ RS5 കൂപ്പെയിൽ നിന്ന് കൂടുതൽ പ്രായോഗികമാക്കി മാറ്റുന്നു. സ്‌പോർട്‌ബാക്കിന്‍റെ പിൻസീറ്റ് രണ്ട് പേർക്ക് ഇരിക്കാൻ പര്യാപ്തമാണെങ്കിലും താഴ്ന്ന മേൽക്കൂര കാരണം പിൻ സീറ്റുകൾ അൽപ്പം വിട്ടുവീഴ്ച ചെയ്യപ്പെടേണ്ടി വരുന്നുണ്ട്. എങ്കിലും മാന്യമായ ലെഗ്റൂം ഉണ്ട്, മാത്രമല്ല വലിയ സൺറൂഫ് ക്യാബിന്‍റെ പിൻഭാഗം ഇരുണ്ടതാകുന്നതും തടയുന്നു. എതിരാളിയായ ബിഎംഡബ്ല്യു എം3യിൽ പിൻസീറ്റ് സൗകര്യങ്ങൾ ഏറെയാണ്. എങ്കിലും സ്പോർട്ബാക്കിന്റെ ആകാര ഭംഗി സെഡാന് കിട്ടുമോ?! സ്പോർട്ബാക്ക് ആയത് കൊണ്ട് തന്നെ സാധാരണ RS5 കൂപ്പെയുള്ളതിലേറെ ബൂട്സ്പേസുണ്ട്. 465 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി.

RS5 സ്‌പോർട്ട്ബാക്കിന് ഡാഷ്ബോർഡിന്‍റെ മധ്യത്തിലാണ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലഭിക്കുന്നത്. പഴയ RS5 കാറുകളുടെ സെന്‍റർ കൺസോളിൽ ഉണ്ടായിരുന്ന റോട്ടറി കൺട്രോളർ, ടച്ച്‌പാഡ് എന്നിവ ഇനിയുണ്ടാവില്ല. കാരണം മിക്കവയും ടച്ച്-സെൻസിറ്റീവ് നിയന്ത്രണങ്ങളിലേക്ക് മാട്ടിയിട്ടുണ്ട്. ടച്ച് സെൻസിറ്റീവ് കൺട്രോളുകൾ ടെക്നോളജി വളരുന്നതിന്റെ അടയാളമാണെങ്കിലും ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ കാരണമാകുന്നുണ്ട് എന്ന പരാതി ലോകംപരക്കെ കേൾക്കുന്നുണ്ട്. എന്തൊക്കെയായാലും RS5-ൽ എല്ലാ മോഡലുകളും Apple CarPlay, Android Auto കൂടാതെ വയർലെസ് ചാർജിംഗും നൽകുന്നു. പക്ഷെ നാവിഗേഷനും, കൂടുതൽ ശക്തമായ Bang&Olufsen എന്ന കമ്പനിയുടെ സ്റ്റീരിയോയും ഓപ്ഷണലാണ്.

വിലയിരുത്തൽ

പ്രകടനത്തെ ഇഷ്ടപ്പെടുന്ന, നാല് പേർക്ക് ഇരിക്കാവുന്ന, അധികം ലഗേജുകൾ കൊണ്ടുപോകാൻ സാധിക്കുന്ന ഒരു കാർ ആഗ്രഹിക്കുന്നുവെങ്കിൽ RS5നെ ശക്തമായി പരിഗണിക്കാവുന്നതാണ്. 1.44 കോടി രൂപയാണ് ഓൺ-റോഡ് വില. 99 ലക്ഷം രൂപക്ക് ലഭിക്കുന്ന RS5-ന്റെ സഹോദരനെന്ന് വിശേഷിപ്പിക്കാവുന്ന ഔഡി S5 സ്പോർട്ബാക്കും നല്ല ഓപ്ഷനാണ്.

Exit mobile version