Site icon MotorBeat

എയർപോർട്ടിൽ രണ്ട്​ രൂപക്ക്​ അൺലിമിറ്റഡ്​ ഫുഡ് ​!!

banglore airport lounge

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്​ ( Kochi international airport ) മുന്നിലെ ഗേറ്റ്​വേ ഇൻ എന്ന ഹോട്ടലിലെ ബാൽക്കണിയിൽ രാത്രി കാറ്റുമേറ്റ് ഇരിക്കുകയാണ്. പുറത്ത് മഴ പെയ്യുന്നതിനാൽ നല്ല തണുപ്പുണ്ട്. ഓരോ 15 മിനിറ്റ് ഇടവേളയിലും വിമാനങ്ങൾ ഇറങ്ങുകയും ഉയരുകയും ചെയ്യുന്നു. നാളെ രാവിലെ ഇതുപോലെയൊരു വിമാനത്തിൽ കാശ്മീരിലെ താഴ്വാരങ്ങളിലേക്ക് ഞങ്ങൾക്കും പോകാനുള്ളതാണ്. ​താഴെയുള്ള ​റെസ്​റ്റോറന്‍റിൽനിന്നും ഭക്ഷണം കഴിച്ചാണ്​ ഇരിക്കുന്നത്​. ഇനി ഭക്ഷണം ലഭിക്കുക ബാംഗ്ലൂർ എയർപോർട്ടിലെ ലോഞ്ചിൽവെച്ചാണ് (banglore airport lounge)​.

ഹോട്ടലിന്​ പുറത്ത് തണുപ്പാണെങ്കിലും മനസ്സിനകത്ത് ചൂടാണ്. യാത്ര പോകുന്നതിന്‍റെ മുമ്പായുള്ള ആർ.ടി.പി.സി.ആർ ഫലം കാത്തിരിക്കുകയാണ് ഞങ്ങൾ. കോവിഡ് തന്ന ഓരോ വയ്യാവേലികൾ. കോവിഡ് കാലമായ ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു യാത്ര. അതിന്‍റെ എല്ലാ ആകാംക്ഷയും ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞുകാണാം. സമയം 10 മണിയായിക്കാണും. മൊബൈലിൽനിന്നൊരു നോട്ടിഫിക്കേഷന്‍റെ ശബ്ദം. പുതിയ മെയിൽ വന്നതാണ്. കോവിഡ് ടെസ്റ്റിനു നൽകിയ ലാബിൽനിന്നുള്ള പരിശോധനാ ഫലമാണ്. പേടിയോടെയാണ് മെയിൽ തുറക്കുന്നത്. അഥവാ പോസിറ്റീവായാൽ യാത്ര മൊത്തം കുളമാകും.

കൊച്ചി എയർപോർട്ടിൽ കുറഞ്ഞ ചെലവിൽ താമസിക്കാം

ഏകദേശം ഒരു മാസത്തെ പ്ലാനിങ്ങിന് ശേഷമാണ് വൈകീട്ട് കോഴിക്കോട്ടുനിന്ന് ട്രെയിൻ കയറി അങ്കമാലിയിൽ എത്തുന്നത്. എയർപോർട്ടിന് അടുത്തുള്ള ഹോട്ടലുകളിൽ ഒരു രാത്രി തങ്ങാൻ വലിയ പൈസ ആകുമെന്ന് കരുതി അങ്കമാലിയിൽ തന്നെ തങ്ങാനായിരുന്നു പ്ലാൻ. റെയിൽവേ സ്റ്റേഷനിലുള്ള ഓട്ടോക്കാരനോട് കാര്യം പറഞ്ഞപ്പോൾ എയർപോർട്ടിന് മുന്നിലുള്ള ഹോട്ടലിൽ കുറഞ്ഞ പൈസക്ക് റൂം ഒപ്പിച്ചുതരാമെന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിക്കൊണ്ട്​ വരികയായിരുന്നു. അങ്ങനെയാണ് മൂന്ന് പേർക്ക് ഒരു റൂമിന് 800 രൂപ എന്ന നിരക്കിൽ രണ്ട് റൂം എടുക്കുന്നത് (budget hotel near kochi airport). എസി, നോൺ എസി റൂമുകൾ hotel gateway innൽ ലഭ്യമാണ്​. കൂടുതൽ വിവരങ്ങൾക്ക്​: Mob – 9544900655. ഹോട്ടലിന്​ സമീപമായി ധാരാളം ഭക്ഷണശാലകളുമുണ്ട്​.

ഹോട്ടലിന്​ മുകളിലെ ബാൽക്കണിയിലിരുന്ന് പുറത്തു നോക്കുമ്പോഴും മനസ്സ് കാശ്മീരിലേക്ക് പോകാൻ വെമ്പൽ കൊള്ളുകയാണ്. ദാൽ തടാകത്തിലെ ശിക്കാർ റെയ്ഡും പഹൽഗാമിലെ പുൽത്തകിടികളും സോനാമാർഗിലെ മഞ്ഞുമലയും കാർഗിലിന് സമീപത്തുനിന്ന് കാണാൻ കഴിയുന്ന പാകിസ്താൻ ഗ്രാമവുമെല്ലാമാണ് പ്ലാനിങ്ങിൽ. അതിനെല്ലാം ആദ്യം വേണ്ടത് ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാകണമെന്നതാണ്.

നെടുമ്പാശ്ശേരിയിലെ ഹോട്ടൽ ഗേറ്റ്​വേ ഇൻ

ലാബിൽനിന്നുള്ള മെയിൽ തുറന്നുനോക്കിയപ്പോൾ ആറുപേരും നെഗറ്റീവ്! വല്ലാത്തൊരു ആശ്വാസമായിരുന്നു നെഗറ്റീവ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ. എല്ലാവരുടെയും മുഖത്ത് സന്തോഷം അലതല്ലി. ദൈവത്തിന് സ്തുതി പറഞ്ഞ് ഉറങ്ങാൻ കിടന്നു. അപ്പോഴും കാശ്മീർ സ്വപ്നങ്ങൾ മനസ്സിൽ വിരുന്നൂട്ടുന്നുണ്ടായിരുന്നു.

ആദ്യം ബംഗളൂരു

പുലർച്ച നാലു മണിയോടെ എല്ലാവരും എണീറ്റു. ഒരു മണിക്കൂറിനുള്ളിൽ ബാഗെല്ലാം തോളിലിട്ട് പുറത്തിറങ്ങി. അഞ്ച് മിനിറ്റ് നടന്നപ്പോഴേക്കും ഡൊമസ്റ്റിക് ടെർമിനലിലെത്തി. യാത്രക്കാർ വളരെ കുറവാണ്. ഇതിനു മുമ്പ് കൊൽക്കത്തയിലേക്ക് പോകാനാണ് ഇവിടെ വന്നത്. അന്നെല്ലാം നിരവധി പേർ യാത്ര ചെയ്യാനുണ്ടായിരുന്നു. അവരെയെല്ലാം കോവിഡ് ഇപ്പോൾ കൂട്ടിലടച്ചിരിക്കുകയാണെന്ന് തോന്നി.

സുരക്ഷാ പരിശോധന കഴിഞ്ഞ് ബോർഡിങ് പാസെടുത്ത ശേഷം വിമാനത്തിലേക്ക്. രണ്ടു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ 6000 രൂപയാണ് ഒരു ഭാഗത്തേക്കുള്ള നിരക്ക്. എയർഹോസ്റ്റസുമാരെല്ലാം പി.പി.ഇ കിറ്റും അണിഞ്ഞ് ഞങ്ങളെ സ്വാഗതം ചെയ്തു. 6.40ഓടെ വിമാനം ആകശേത്തക്ക് ഉയർന്നു.

കൊച്ചിയുടെ ആകാശക്കാഴ്ചക്ക് വല്ലാത്തൊരു ചന്തമാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അറബിക്കടലും വയലുകളും കൂറ്റൻ കെട്ടിടങ്ങളുമെല്ലാം മുകളിൽനിന്ന് നോക്കുമ്പോൾ കണ്ണിനെ കുളിരണിയിക്കുന്നു. ആ കാഴ്ചകൾക്ക് അൽപ്പായുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. പഞ്ഞിക്കെട്ടുപോലെ പാറിനടക്കുന്ന മേഘങ്ങൾ കാഴ്ചയെ മറച്ചു. പിന്നീട് മാനം തെളിയു​മ്പോൾ കർണാടകയിലെ വിശാലമായ കൃഷിയിടങ്ങളാണ് അടച്ചിട്ട ജനലിലൂടെ കണ്ടത്. 7.30 ആയപ്പോഴേക്കും ബാംഗ്ലൂർ വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് ഇനി ശ്രീനഗറിലേക്കുള്ള വിമാനത്തിലേക്ക് മാറിക്കയറണം. അതിനിടയിൽ രണ്ടു മണിക്കൂർ സമയമുണ്ട്.

ഭക്ഷണം തേടി banglore airport lounge ൽ

നല്ല വിശപ്പുണ്ട്. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരിയിൽനിന്ന് ഷവർമ കഴിച്ചതാണ്. അതൊക്കെ ദഹിച്ചിട്ടുണ്ട്. ബാംഗ്ലൂർ വിമാനത്താവളത്തിലെ ലോഞ്ചിൽ (banglore airport lounge) രണ്ട് രൂപ കൊടുത്താൽ അൺലിമിറ്റഡ് ഭക്ഷണം കിട്ടുമെന്ന് കേട്ടിട്ടുണ്ട്. അതൊന്നു പരീക്ഷിച്ചാലോ എന്ന് കരുതി അങ്ങോട്ട് വെച്ചുപിടിച്ചു. ചെറിയ ക്യൂ ഉണ്ട്. അതിന് പിന്നിൽ ഞങ്ങളും ഇടംപിടിച്ചു. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വൈപ്പ് ചെയ്താണ് രണ്ട് രൂപ ഈടാക്കുക.

എന്‍റെ ഊഴം എത്തിയപ്പോൾ കൈയിലുള്ള ഫെഡറൽ ബാങ്കിന്‍റെ വിസ ഡെബിറ്റ് കാർഡ് കൊടുത്തു. താഴ്ന്ന റേഞ്ചിലുള്ള കാർഡായതിനാൽ ഇത് പറ്റില്ലെന്ന് പറഞ്ഞു. കൈയിലുള്ള എസ്.ബി.ഐയുടെ റൂപേ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റർ കാർഡ് എന്നിവ കൊടുത്തെങ്കിലും അവയും നിരസിച്ചു.

ബംഗളൂരു എയർപോർട്ട്​

ക്രെഡിറ്റ് കാർഡിന് പുറമെ ഡെബിറ്റ് കാർഡും എയർപോർട്ട്​ ലോഞ്ചിൽ ഉപയോഗിക്കാമെങ്കിലും പ്രീമിയം കാർഡുകൾ ആയിരിക്കണം. രണ്ട് രൂപക്ക് ഭക്ഷണം ലഭിക്കണമെങ്കിൽ പോലും പണക്കാരുടെ കാർഡ് വേണമെന്നർഥം. ഒരു കാർഡ് ഉപയോഗിച്ച് വർഷത്തിൽ ഏതാനും തവണ മാത്രമാണ് ഈ ആനുകൂല്യം ഉപയോഗിക്കാൻ കഴിയുക. ബാംഗ്ലൂരിന് പുറമെ ഡൽഹി പോലുള്ള എയർപോർട്ടുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.

എങ്ങനെ കയറാം – how to get free lounge access in bangalore airport

ബാംഗ്ലൂർ എയർപോർട്ടിൽ രണ്ടാമത്തെ നിലയിലാണ് ലോഞ്ചുള്ളത്. വിസ, മാസ്റ്റർ കാർഡ്, ഡൈനേഴ്സ് ക്ലബ്, റുപേ, അമേരിക്കൻ എക്സ്പ്രസ്, പ്രയോറിറ്റി പാസ്, ഡ്രീം ഫോൾക്സ് ഡ്രാഗൺ പാസ് എന്നിവ ഇവിടെ ഉപയോഗിക്കാനാകും. കൂടാതെ മിക്ക എയർ കമ്പനികളുമായും ഇവർക്ക് കരാറുണ്ട്. മൂന്നു മണിക്കൂറാണ് ഇവിടെ ചെലവഴിക്കാനാകുക. ഹൈ സ്പീഡ് വൈഫൈ, ടി.വി, ഫ്ലൈറ്റ് ഇൻഫർമേഷൻ, ന്യൂസ്പേപ്പർ, ഭക്ഷണം, ഡ്രിങ്ക്സ്, മൊബൈൽ ചാർജിങ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. വിവിധ തരം ഭക്ഷണങ്ങളാണ് ഇവിടെ ലഭിക്കുക. വയറും മനസ്സും നിറച്ച് അത് ആസ്വദിച്ച് കഴിക്കാം.

എന്തായാലും രണ്ട് രൂപക്ക് ഭക്ഷണം കിട്ടാത്തതിന്‍റെ നിരാശയോടെ, മനസ്സും വിശന്നുവലഞ്ഞ വയറുമായി ഞങ്ങൾ ഫുഡ് കോർട്ടിലെത്തി. അവിടത്തെ വില കണ്ട് ബോധംകെട്ടില്ല എന്നേയുള്ളൂ. വിശപ്പാണെങ്കിൽ ഒരു രക്ഷയുമില്ലാത്ത വിധത്തിൽ എത്തിയിരിക്കുന്നു. ഒടുവിൽ ഞങ്ങൾ കെ.എഫ്.സിയിൽ (KFC) കയറി. 200 രൂപക്ക് ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു. ചെറിയ രണ്ട് ചിക്കൻ പീസുകളാണ് കിട്ടിയത്. വയറിന്‍റെ ഒരു മൂലയിലേക്കുള്ളത് മാത്രമാണ് അതുണ്ടായിരുന്നത്. വിശപ്പ് മാറാത്തതിനെ തുടർന്ന് വെള്ളം കുടിച്ച് അഡ്ജസ്റ്റ് ചെയ്തു. വിമാനത്തിലുള്ള ബഡ്ജറ്റ് ട്രിപ്പാണെങ്കിൽ പഴങ്ങളോ മറ്റു ഭക്ഷണങ്ങളോ കൈയിൽ കരുതണമെന്ന വലിയ പാഠം അവിടെനിന്ന് പഠിച്ചു.

അമൃത്സർ വഴി ശ്രീനഗറിലേക്ക്

രാവിലെ 9.30 ആയപ്പോഴേക്കും ബാംഗ്ലൂരിൽനിന്ന് വിമാനം പുറപ്പെട്ടു. അടുത്ത സ്റ്റോപ്പ് പഞ്ചാബിലെ അമൃത്സർ (amritsar) ആണ്. മൂന്നു മണിക്കൂർ സമയമുണ്ട്. മുഖത്തിട്ട മാസ്ക് കണ്ണ് വരെ ഉയർത്തി ഇരുട്ടാക്കി ഉറങ്ങാൻ കിടന്നു. വിമാനത്തിൽനിന്നുള്ള അറിയിപ്പ് കേൾക്കുമ്പോഴാണ് പിന്നെ കണ്ണ് തുറക്കുന്നത്. താഴേക്ക് നോക്കുമ്പോൾ പഞ്ചാബിലെ ഗോതമ്പ് പാടങ്ങൾ അടുത്തെത്തിയിരിക്കുന്നു. പച്ചയും സ്വർണനിറവും ഇടവിട്ടുള്ള പാടങ്ങൾ നിറക്കാഴ്ചയൊരുക്കുന്നു.

മുമ്പ് വാഹനത്തിൽ അമൃത്സറിലേക്ക് വരികയും അതിന്‍റെ സൗന്ദര്യം തൊട്ടറിയുകയും ചെയ്തിരുന്നു. എന്നാലും ആകാശത്തിൽനിന്നുള്ള ദൃശ്യങ്ങൾ വ്യത്യസ്​തം തന്നെയാണ്. പാകിസ്താനോട് അതിർത്തി ചേർന്നാണ് അമൃത്സർ നഗരം സ്ഥിതി ചെയ്യുന്നത്. ദൂരെ കാണുന്ന പാടങ്ങൾ വല്ലതും അതിർത്തി രാജ്യത്തേതാകാം എന്ന് കരുതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു.

ചെറിയൊരു എയർപോർട്ടാണ് അമൃത്സറിലേത്. ഇവിടെ ഇറങ്ങാനുള്ളവരെല്ലാം ബാഗുമായി പുറത്തേക്ക് പോയി. ഞങ്ങൾക്ക് ഈ വിമാനത്തിൽ തന്നെയാണ് ശ്രീനഗറിലേക്ക് പോകാനുള്ളത്. അതുകൊണ്ട് പുറത്തിറങ്ങേണ്ടി വന്നില്ല. 1.30 ആയപ്പോഴേക്കും വിമാനം വീണ്ടും ഉയർന്നു. ഇനി ഒരു മണിക്കൂർ കൊണ്ട് ഞങ്ങളുടെ ലക്ഷ്യസ്ഥാനമെത്തും. താഴെ ഇപ്പോൾ കൃഷിയിടങ്ങൾ കാണാനില്ല. അതിന് പകരം വലിയ പർവതങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. ചൂടുകാലമാണെങ്കിലും അവയുടെ ശൃംഗങ്ങളിൽ മഞ്ഞ് ഉരുകിത്തീർന്നിട്ടില്ല. മലയിടുക്കുകളിലൂടെ നദികൾ ഒഴുകുന്നു. പച്ചവിരിച്ച താഴ്വാരങ്ങളിൽ കൃഷിയും കൊച്ചു കൊച്ചു വീടുകളും. സ്വർഗത്തിന് മുകളിലൂടെയാണോ ഈ വിമാനം പറക്കുന്നതെന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു. താഴെ കണ്ട കാഴ്ചകൾ ഞങ്ങളുടെ ആകാംക്ഷ വർധിപ്പിച്ചുകൊണ്ടേയിരുന്നു.

ശ്രീനഗർ എയ​ർപോർട്ടിൽ

വിമാനത്തിന്‍റെ ജനലിലൂടെ മഞ്ഞണിഞ്ഞ പർവതങ്ങൾ മാറി ചെറിയ കെട്ടിടങ്ങൾ കാണാൻ തുടങ്ങി. ​ഞങ്ങളുടെ ലക്ഷ്യംസ്​ഥാനം എത്താറായിരിക്കുന്നു. കൃത്യം 2.30ന്​ വിമാനം ശ്രീനഗർ എയർപോർട്ടിൽ ( Srinagar international airport ) ലാൻഡ്​ ചെയ്​തു. വിമാനത്താവളമാണോ, അതോ ഒരു മിലിറ്ററി ക്യാമ്പാണോ ഇതെന്ന്​ ആരും ആദ്യമൊന്ന്​ സംശയിച്ചുപോകും. റൺവേയുടെ ചുറ്റും മിലിറ്ററിയുടെ കൂടാരങ്ങളും ബങ്കറുമാണ്​. ഒരു യാത്രാ വിമാനം മാറിയാൽ ഉടൻ തന്നെ ഒരു യുദ്ധവിമാനം റൺവേയിലെത്തും.

ശ്രീനഗർ എയർപോർട്ട്​

ഇടക്കിടക്കുള്ള പരീക്ഷണ ഓട്ടങ്ങളാണെന്ന്​ തോന്നുന്നു. അതിഭീകരമായ ശബ്​ദമാണ്​ ഇവ പറന്നുപോകുമ്പോൾ ഉണ്ടാകുന്നത്​. നമ്മളൊരു യുദ്ധഭൂമിയിലാണോ വന്നിറങ്ങിയതെന്ന്​ ഒരു നിമിഷം തോന്നിപ്പോയി. ഒരർത്ഥത്തിൽ അത്​ സത്യവുമാണ്​. ഏത്​ നിമിഷവും പ്രശ്​നങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള മണ്ണാണിത്​. പക്ഷെ, അതിനപ്പുറം ഇത്​ കാഴ്​ചകളുടെ പറുദീസയാണ്​. ആ കാഴ്​ചകളും ഇവിടത്തെ ജനങ്ങളുടെ ജീവിതവും വേദനകളും സന്തോഷങ്ങളും തൊട്ടറിയാൻ ​വേണ്ടിയാണ്​ എത്തിയിരിക്കുന്നത്​.

ശ്രീനഗറിൽനിന്ന്​ പഠിച്ച പാഠം

ലഗ്ഗേജുമെടുത്ത്​ വിമാനത്തിൽനിന്ന്​ പുറത്തിറങ്ങി. എയർപോർട്ടിൽനിന്ന്​ പുറത്തിറങ്ങുന്നതിന്​ മുമ്പായി കോവിഡ്​ പരിശോധനയുണ്ട്​. ആറുപേരുള്ള ഞങ്ങളുടെ കൂട്ടത്തിൽ മൂന്നുപേർ ഡബിൾ ഡോസ്​ വാക്​സിൻ എടുത്തിട്ടുണ്ട്​. പക്ഷെ, അതവർക്ക്​ സ്വീകാര്യമായിരുന്നില്ല. പിന്നെ അഞ്ചുപേരുടെ കൈവശം ആർ.ടി.പി.സി.ആർ (rtpcr –real time reverse transcription–polymerase chain reaction) നെഗറ്റീവ്​ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. ഇത്​ കാണിച്ചതോടെ കൈയിൽ നെഗറ്റീവാണെന്ന ചാപ്പ കുത്തി പു​റത്തേക്കുവിട്ടു.

ഒരാളുടെ കൈവശം കോവിഡ്​ പരിശോധനാ ഫലം ഉണ്ടായിരുന്നില്ല. അയാൾക്ക്​ അവിടെനിന്ന്​ തന്നെ ആൻറിജൻ പരിശോധന നടത്തി. അഞ്ച്​ മിനിറ്റിനുള്ളിൽ ഫലം കിട്ടുന്ന സാധനം ആണെങ്കിലും അതിനൊന്നും കാത്തുനിൽക്കാതെ ഞങ്ങളെ പറഞ്ഞുവിട്ടു. റിസൾട്ട്​ ഞങ്ങൾ ബുക്ക്​ ചെയ്​ത റൂമിലേക്ക്​ വിളിച്ചുപറയാം എന്നാണ്​ പറഞ്ഞത്​. അപ്പോൾ തന്നെ ഞങ്ങൾക്ക്​ മനസ്സിലായി, ഇതൊരു ചടങ്ങിന്​ വേണ്ടി ചെയ്​തതാണെന്ന്​.

പുറത്തിറങ്ങിയപ്പോൾ ടാക്​സിക്കാരുടെ ബഹളമായിരുന്നു. എവിടേക്കാണ്​ പോകേണ്ടതെന്ന്​ ചോദിച്ച്​ അവർ വളഞ്ഞു. ഞങ്ങൾ അവരെ വകഞ്ഞുമാറ്റി പ്രീപെയ്​ഡ്​ ടാക്​സി കൗണ്ടറിലേക്ക്​ നടന്നു. അവിടെ ഹോട്ടലിന്‍റെ പേര്​ പറഞ്ഞപ്പോൾ 1000 രൂപയാണ്​ ചോദിച്ചത്​. തിരിച്ച്​ ആദ്യം കണ്ട ടാക്​സി ഡ്രൈവറു​ടെ അടുത്തേക്ക്​ വന്നു. അയാൾ 800 രൂപക്ക്​ കൊണ്ടുപോകാമെന്ന്​ സമ്മതിച്ചു. കശ്​മീരിൽ എത്തിയാൽ ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്ന്​ അവിടെനിന്ന്​ തന്നെ പഠിച്ചു. അതു വിലപേശൽ ആണ്​. ടൂറിസ്​റ്റുകളെ പരമാവധി പിഴിയാൻ നിൽക്കുകയാണ്​ അവർ. എന്നാൽ, അതിൽനിന്ന്​ വ്യത്യസ്​തമായി നല്ല ആളുകളും ഇവിടെയുണ്ട്​.

എയർപോർട്ടിൽനിന്ന്​ പുറത്തിറങ്ങിയതോടെ ഒരു പൗരാണിക നഗരത്തിൽ വന്നിറങ്ങിയ ഫീലാണ്​ ലഭിച്ചത്​. പുരാതന കെട്ടിടങ്ങൾ. വീടുക​ൾക്കെല്ലാം ഒരുപോ​ലത്തെ നിർമാണശൈലി. നഗത്തിൽ വലിയ തിരക്കൊന്നുമില്ല. 14 കിലോമീറ്റർ ദൂരം 30 മിനിറ്റ്​ കൊണ്ട്​ എത്തി. ശ്രീനഗറിലുളള മലയാളി സുഹൃത്ത്​ വഴിയാണ്​ ഒരു ദിവസത്തേക്ക്​ റൂം ബുക്ക്​ ചെയ്​തിരുന്നത്​. മുനവർ ലിങ്ക്​ റോഡിലെ ഗ്രാൻഡ്​ ഇബ്​നി ഗനി എന്നായിരുന്നു ഹോട്ടലിന്‍റെ പേര്​. ഇതിനോട്​ ചേർന്നാണ്​ ഏഷ്യൻ പാർക്ക് (asian park hotel srinagar)​ എന്ന ഫോർ​ സ്​റ്റാർ ഹോട്ടലുമുള്ളത്​.

കാശ്​മീരിന്‍റെ മണ്ണിൽ എത്തിയതോടെ ഞങ്ങളുടെ ​പ്രീപെയ്​ഡ്​ സിം എല്ലാം പ്രവർത്തനം നിലച്ചിരുന്നു. ഇനി ഇവിടെ പോസ്​​റ്റ്​ പെയ്​ഡ്​ സിം വേണം. ഹോട്ടലിലെ റിസപ്​ഷനിലുള്ള വ്യക്​തി താൽക്കാലികമായി ഒരു സിം തരാമെന്ന്​ പറഞ്ഞു. അഞ്ച്​ ദിവസത്തേക്ക്​ 300 രൂപ നൽകണം. ഞങ്ങളത്​ വാങ്ങി നാട്ടിലേക്ക്​ കാശ്​മീരിലെത്തിയ വിവരം അറിയിച്ചു. കുറച്ചുപേർ ഹോട്ടലിലെ വൈഫൈയും ഉപയോഗിച്ചു.

ശ്രീനഗറിലെ ഭക്ഷണലോകം

രാവിലെ ബാംഗ്ലൂർ എയർപോർട്ടിൽനിന്ന്​ ചെറിയരീതിയിൽ ഭക്ഷണം കഴിച്ചതാണ്​. നല്ല വിശപ്പുണ്ട്​. ഒന്നു ഫ്രഷായ ശേഷം എല്ലാവരും പുറത്തിറങ്ങി. ഒരു 300 മീറ്റർ നടന്നപ്പോഴേക്കും Munawar Abad Nowpora Link Road ൽ എത്തി. കാശ്​മീരി നോൺ വെജ്​ വിഭവങ്ങളുടെ ലോകത്തേക്കാണ്​ ഞങ്ങൾ ചെന്നുകയറിയത്​​. നിരനിരയായി ഹോട്ടലുകൾ ഭക്ഷണ ആസ്വാദകരെ മാടിവിളിക്കുന്നു. റോഡിനോട്​ ചേർന്നാണ്​ ഭക്ഷണം തയാറാക്കുന്നത്​. കബാബ്​, ടിക്ക, തന്തൂരി തുടങ്ങി ധാരാളം വിഭവങ്ങൾ അവിടെ കാണാം. ഒരു ഹോട്ടലിൽ ഞങ്ങളും കയറി. ബീഫ്​ ടിക്കയും മട്ടൺ കബാബും ഓർഡർ ചെയ്​തു. ഒപ്പം റൊട്ടിയും വയറ്​ നിറച്ചുതന്നെ എല്ലാവരും കഴിച്ചു. ടിക്കയും കബാബും എല്ലാവരുടെയും മനസ്സും നിറച്ചു. അതേസമയം, റൊട്ടി ചൂടില്ലാത്തതിനാൽ അത്രക്ക്​ രുചികരമല്ലായിരുന്നു. വയറ്​ നിറഞ്ഞതോടെ പഴയ ആവേശം ഞങ്ങളിൽ തിരിച്ചെത്തി. പിന്നെ കാശ്മീരിലെ ഓരോ കാഴ്ചകളിലൂടെയും ഞങ്ങൾ ഓടിനടക്കുകയായിരുന്നു.

കാശ്​മീരിൽ​ നടത്തിയ യാത്രയുടെ itinerary ഇവിടെ വായിക്കാം.

Exit mobile version