HOTEL MAMMALI’S – കോഴിക്കോട്ടെ കൊതിയൂറും ബീഫ് ബിരിയാണി
പൊറാട്ടയും മീൻ പൊരിച്ചതും നല്ലൊരു കോമ്പിനേഷനായി ആളുകൾ കാണുന്നു
ബീഫ് ബിരിയാണി ( beef biriyani ) എന്ന് കേൾക്കുേമ്പാൾ തന്നെ പലരുടെയും വായിൽ രുചിമുകുളങ്ങൾ നിറയും. വിവിധ ബീഫ് ബിരിയാണികൾ കൊണ്ട് പ്രശസ്തമാണ് കോഴിക്കോട് ( Kozhikode ) . റഹ്മത്ത് ഹോട്ടലിലെയും ( Rahmath Hotel ) പാരഗണിലെയുമെല്ലാം ( Hotel Paragon ) ബിരിയാണി കഴിക്കാത്തവർ വിരളമായിരിക്കും. ഇതിനെല്ലാം പുറമെ മറ്റൊരു മികച്ച ബിരിയാണിക്കട കൂടിയുണ്ട് കോഴിക്കോട്ട്. അതാണ് ഹോട്ടൽ മമ്മാലീസ് ( Hotel Mammali’s ). കോഴിക്കോട് മെഡിക്കൽ കോളജിന് ( Kozhikode Medical College ) സമീപം കോവൂരിലാണ് ( Kovoor ) ഈ കൊച്ചു ഹോട്ടലുള്ളത്.
വർഷങ്ങളുടെ പാരമ്പര്യം
1949 മുതൽ ഈ ഹോട്ടൽ ഇവിടെയുണ്ട്. മമ്മാലിയുടെ ഉപ്പയാണ് തുടക്കക്കാരൻ. പിന്നെ മമ്മാലി ഏറ്റെടുത്തതോടെ പേരിനെയും കൂടെക്കൂട്ടി. ഒരു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ബീഫ് ബിരിയാണി മനസ്സിൽ കണ്ട് മമ്മാലി ഹോട്ടലിലെത്തുന്നത്. ഒരർത്ഥത്തിൽ ആ സമയം വന്നതു നന്നായി എന്ന് തോന്നി. പകുതി സീറ്റുകളും കാലിയാണ്. ഒരു മണിക്കൂർ മുമ്പാണ് വന്നിരുന്നതെങ്കിൽ ഒരൽപ്പം കാത്തുനിൽക്കേണ്ടി വരും. ഉച്ചനേരത്ത് അത്രക്ക് തിരക്കാണ്.
അടിയിലും മുകളിലുമായി ഏകദേശം 50നടുത്ത് ആളുകൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. അടിയിലുള്ള ഒരു ടേബിളിൽ ഞാൻ സീറ്റുറപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രി അടുത്തുള്ളതിനാൽ ഇടക്കിടക്ക് ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്നു. പക്ഷെ, ബീഫ് ബിരിയാണി മുന്നിലെത്തിയതോടെ അതിൻെറ ശബ്ദമൊന്നും കേൾക്കാതായി. ബിരിയാണിയും ബീഫും കണ്ടതോടെ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല സാറെ!
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ തനി നടാൻ ധം ബിരിയാണി. അതാണ് മമ്മാലിയിലെ ബീഫ് ബിരിയാണി. സിംപിളാണ്. ഇറച്ചിയെല്ലാം വെന്ത് നല്ല ജ്യൂസി പോലെയായിട്ടുണ്ട്. മസാലയും തരക്കേടില്ല. ഒപ്പം നല്ല അടിപൊളി അച്ചാറും തൈരും. ചില സമയങ്ങളിൽ ചമ്മന്തിയും കിട്ടാറുണ്ട്.
ലൈറ്റായിട്ട് കഴിക്കുന്നവർക്ക് ഹാഫ് ബിരിയാണി ലഭ്യമാണ്. ഇനി മനസ്സിനൊപ്പം വയറും നിറക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ഫുൾ ഓർഡർ ചെയ്യാം.
വറൈറ്റി ലെമൺ ടീ
ഫുൾ ബിരിയാണിയാണ് ഞാൻ കഴിച്ചത്. സാധാരണ വയറ് നിറച്ച് ബിരിയാണി കഴിച്ചാൽ ചിലപ്പോൾ കസേരയിൽനിന്ന് എണീക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വരും. അതായിരിക്കും അവസ്ഥ. എന്നാൽ, ഇവിടെ അങ്ങനെ തോന്നിയില്ല. അതിന് ഒരു കാരണം കൂടിയുണ്ട്.
ബിരിയാണിയുടെ കൂടെ ലെമൺ ടീ കൂടി ഓർഡർ ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് തീരാൻ സമയത്താണ് അത് എത്തുന്നത്. പ്രത്യേക രീതിയിലാണ് ഇവിടത്തെ ലെമൺ ടീം. രണ്ട് ലെയറായിട്ടാണ് ലെമൺ ടീ മുന്നിലെത്തിയത്. അടിയിൽ നാരങ്ങ വെള്ളം നിൽക്കുന്നു. അതിന് മുകളിലായി ചായയും. ഉണ്ടാക്കുന്ന രീതി കൊണ്ടാണ് ഇതിങ്ങനെ രണ്ട് ലെയറായി നിൽക്കുന്നത്. ആദ്യം ലൈം തയാറാക്കുന്നു. എന്നിട്ട് അതിന് മുകളിൽ ഇത്തിര ചായ ഒഴിക്കുകയാണ്. ഇതോടൊപ്പം ലഭിക്കുന്ന ഗ്ലാസിലേക്ക് ലെമൺ ടീം പകരുേമ്പാൾ ലെയറുകൾ ഒന്നാകുന്നു.
വില കുറവ്, ഗുണം മെച്ചം – Best beef biriyani in kozhikode
110 രൂപയാണ് ബീഫ് ബിരിയാണിക്ക്. 15 രൂപ ലെമൺ ടീക്കും. ബീഫ് ബിരിയാണി ഹാഫിന് 80 രൂപയാണ്. ചിക്കൻ ബിരിയാണി (120 – 80), ഫിഷ് ബിരിയാണി (170) എന്നിവയും ഇവിടെ ലഭ്യമാണ്. (വില മാർക്കറ്റിലെ നിരക്കിനനുസരിച്ച് മാറാൻ സാധ്യതയുണ്ട്).
ഇവക്കെല്ലാം പുറമെ മറ്റു വിഭവങ്ങളും ഇവിടെ ലഭ്യമാണ്. പൊറാട്ടയും മീൻ പൊരിച്ചതും നല്ലൊരു കോമ്പിനേഷനായി ആളുകൾ കാണുന്നു. രാവിലെ ഇതാണ് ആവശ്യക്കാർ കൂടുതൽ. നെയ്ച്ചോറിനൊപ്പം സ്റ്റ്യൂവും പരീക്ഷിക്കാവുന്നതാണ്.
ആകെയുള്ള പ്രശ്നമായിത്തോന്നിയത് പാർക്കിങ്ങിൻെറ കുറവാണ്. ഹോട്ടലിന് മുന്നിൽ കഷ്ടിച്ച് രണ്ട് കാറുകൾക്കോ അല്ലെങ്കിൽ ആറ് ബൈക്കുകൾക്കോ പാർക്ക് ചെയ്യാനുള്ള ഇടമേയുള്ളൂ. കുറച്ചുമാറി റോഡ് സൈഡിൽ കാറുകൾ പാർക്ക് ചെയ്യാം. മെഡിക്കൽ കോളജ് റോഡിൻെറ മറുവശത്ത് കോവൂർ അങ്ങാടി ഭാഗത്തും ചെറിയരീതിയിൽ പാർക്കിങ് സൗകര്യമുണ്ട്. ഇവിടെനിന്നും ഹോട്ടലിലേക്ക് എൻട്രൻസ് ഉണ്ട്.
പിന്നെ എ.സി റൂം ഒന്നും പ്രതീക്ഷിക്കണ്ട. പക്ഷെ, പ്രകൃതിയൊരുക്കിയ നല്ല തണുപ്പുണ്ട് ഇവിടെ. വർഷങ്ങൾ പഴക്കമുള്ള ചീനിമരം മമ്മാലി ഹോട്ടലിന് കുടചൂടി നിൽക്കുന്നു. സ്ഥിരം ഉപഭോക്താക്കളാണ് അധികവും വരുന്നത്. പാർസലും നല്ല രീതിയിൽ പോകുന്നു. ജീവനക്കാരുടെ സർവിസും അടിപൊളിയാണ്. രാവിലെ ഏഴ് മണി മുതൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും.
ഭക്ഷണം പാർസൽ ലഭിക്കാൻ: 7510 483637, 9946022938
ലൊക്കേഷൻ: https://bit.ly/3FQuZXA
ദൂരം
കോഴിക്കോട് മാവൂർ റോഡിലെ പുതിയ ബസ്സ്റ്റാൻഡ് – 6.9 കിലോമീറ്റർ. (കോഴിക്കോട് ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരുേമ്പാൾ റോഡിൻെറ വലത് ഭാഗത്താണ് ഹോട്ടലുള്ളത്).
കോഴിക്കോട് മെഡിക്കൽ കോളജ്: 550 മീറ്റർ
തൊണ്ടായാട് ബൈപ്പാസ് ജംഗ്ഷൻ: 3.6 കിലോമീറ്റർ
Overall Rating: 3.5/5
also read: വയനാട്ടിലേക്ക് പോത്തും കാൽ കഴിക്കാൻ പോവുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും