Explore
Trending

ഊട്ടിയിൽ airbnb വഴി റൂമെടുത്തപ്പോൾ ഞങ്ങൾക്ക്​ ലഭിച്ച ഗുണങ്ങൾ

ഊട്ടി എന്ന പേര്​ കേൾക്കു​േമ്പാൾ തന്നെ ആരുടെയും മനസ്സിൽ കുളിര്​ കോരും. എത്രവട്ടം കണ്ടാലും മതിവരാത്ത നാട്​. കുന്നും മലകളും പച്ചവിരിച്ച താഴ്​വാരങ്ങളും കോടമഞ്ഞുമെല്ലാം ഊട്ടിയെ കൂടുതൽ സുന്ദരിയാക്കുന്നു. ഒരുപാട്​ തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ യാത്രക്ക്​ ഏറെ വ്യതാസങ്ങൾ ഉണ്ടായിരുന്നു.

ഏ​കദേശം 14 തവണയെങ്കിലും ഊട്ടിയിൽ പോയിട്ടുണ്ടാകും. പലപ്പോഴും രാവിലെ പോയി രാത്രി മടങ്ങിവരികയാണ്​ പതിവ്​. അവിടെ നിൽക്കുകയാണെങ്കിൽ ​ഒന്നെങ്കിൽ മുൻകൂട്ടി റൂം ബുക്ക്​ ചെയ്യും. അല്ലെങ്കിൽ അവിടെ പോയി തപ്പിപ്പിടിക്കും. ഒരു തവണ oyo ആപ്പ്​ വഴിയാണ്​ റൂം ബുക്ക്​ ചെയ്​തത്​. ഏകദേശം 100 വർഷം പഴക്കമുള്ള പ്രോപ്പർട്ടിയിലായിരുന്നു​ അന്നത്തെ താമസം​. കുറഞ്ഞ തുകയാണ്​ അന്ന്​ വന്നത്​.

എന്നാൽ, ഇന്ന്​ ഓയോ വഴി റൂം ബുക്ക്​ ചെയ്യാൻ പേടിയാണ്​. കേരളത്തിന്​ പുറത്ത്​ യാത്ര​ പോകു​േമ്പാൾ പല ഹോട്ടലുകളിലും ഓയോ വഴിയുള്ള ബുക്കിങ്​ സ്വീകരിക്കുന്നതല്ല എന്ന്​ എഴുതിവെച്ചിരിക്കുന്നത്​ കാണാം. അതുകൊണ്ട്​ ഇത്തവണ മാറിചിന്തിക്കാൻ തീരുമാനിച്ചു. ഗാന്ധി ജയന്തിയുടെ അവധി കാരണം goibibo, makemytrip പോലുള്ള ആപ്പുകളിൽ ബഡ്​ജറ്റ്​ റൂമുകൾ എല്ലാം ഫുള്ളാണ്​. അ​പ്പോഴാണ്​ എയർ ബി.എൻ.ബി മനസ്സിൽ വന്നത്​. തപ്പി നോക്കി​യപ്പോൾ ഊട്ടിയിൽനിന്ന്​ 10 കിലോമീറ്റർ അകലെ നല്ലൊരു പ്രോപ്പർട്ടി കുറഞ്ഞ തുകക്ക്​ കണ്ടു. ടൗണിൽനിന്ന്​ അകലെ കുറഞ്ഞ ചെലവിൽ സ്വസ്​ഥമായ ഒരു സ്​ഥലമാണ്​ ഞങ്ങളും ആഗ്രഹിച്ചതിനാൽ അത്​ തന്നെ ബുക്ക്​ ചെയ്യാൻ തീരുമാനിച്ചു.

കോവിഡ്​ കാലത്തെ ഊട്ടി യാത്ര

അവധി ദിനത്തിൽ കൂട്ടുകാരുമൊത്ത്​ യാത്ര ആരംഭിച്ചു. രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിനും തമിഴ്​നാട്​ സർക്കാറിൻെറ ഇ-പാസും എടുത്തതിനാൽ പെ​ട്ടെന്ന്​ അതിർത്തി കടക്കാനായി. അല്ലെങ്കിൽ കോവിഡ്​ നെഗറ്റീവാണെന്ന ആർ.ടി.പി.സി.ആർ ഫലം വേണം. വഴിയിൽ ഇടക്കിടക്ക്​ പരിശോധനകൾ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ്​ ഊട്ടി നഗരത്തിൽ എത്തു​േമ്പാൾ രണ്ട്​ മണിയായി​.

edent among the mist ooty jagathala
eden among the mist

ലോക്​ഡൗൺ​ ഇളവുകൾ ലഭിച്ചതോടെ ജനം ഊട്ടിയുടെ സൗന്ദര്യം ആസ്വദിക്കാനായി ഒഴുകുകയാണെന്ന്​ തോന്നി. ടൂറിസ്​റ്റ്​ ലൊക്കോഷനുകളിൽ അതിഭീകരമായ തിരക്കാണ്​. ഹോട്ടലുകളിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്​ഥ. അവസാനം മലയാളികളുടെ ഹോട്ടലിൽനിന്ന്​ ചിക്കൻ ബിരിയാണിയും കഴിച്ച്​ ഞങ്ങൾ യാത്ര തുടർന്നു. കൂനൂർ റോഡിലൂടെയാണ്​ യാത്ര. താഴെ അതിമനോഹരമായ താഴ്​വാരങ്ങൾ. കോട വന്ന്​ പലപ്പോഴും ആ കാഴ്​ച തടസ്സപ്പെടുത്തുന്നുണ്ട്​. പക്ഷെ, കോട നൽകുന്ന ഫീൽ വല്ലാത്തൊരു അനുഭവമാണ്​.

ഗൂഗ്​ൾ മാപ്പിൻെറ നിർദേശമനുസരിച്ച്​ ജഗതല എന്ന സ്​ഥലത്തുവെച്ച്​ ഇടത്തോട്ട്​ തിരിഞ്ഞു. പിന്നീട്​ അങ്ങോട്ട്​ ​ഒതനെട്ടിയിലേക്കുള്ള ഗ്രാമീണ വഴിയിലൂടെയാണ്​ യാത്ര. കാരറ്റും കാബേജുമെല്ലാം കൃഷി ചെയ്യുന്ന ഇടങ്ങൾ. അവക്ക്​ സമീപം കൊച്ചു കൊച്ചു വീടുകൾ. രണ്ട്​ കിലോമീറ്റർ യാത്ര ചെയ്​​തപ്പോഴേക്കും ലക്ഷ്യസ്​ഥാനമെത്തി. airbnb യിൽ ബുക്ക്​ ചെയ്​തപ്പോൾ തന്നെ പേരും വിലാസവും ഐ.ഡി കാർഡുമെല്ലാം നൽകിയതിനാൽ ഇവിടെ ചെക്ക്​ ​ഇൻ ചെയ്​തപ്പോൾ അവയൊന്നും നൽകേണ്ടി വന്നില്ല. അത്​ വലിയൊരു ആശ്വാസമായി തോന്നി.

ഊട്ടിയിലെ ഏദൻ തോട്ടം

eden among the mist എന്ന പ്രോപ്പർട്ടിയിലാണ്​ ഞങ്ങൾ താമസം ബുക്ക്​ ചെയ്​തിട്ടുള്ളത്​. മദ്രാസ്​ റെജിമെൻറിൽ ഡോക്​ടറായി സേവനമനുഷ്​ഠിക്കുന്ന സ്​ത്രീയാണ്​​ ഇതിൻെറ നടത്തിപ്പ്. കുടുംബസമേതം അവർ ഇവിടെയാണ്​ താമസം. ഇതിൻെറ ഒരു ഭാഗമാണ്​ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടുള്ളത്​. അതുകൊണ്ട്​ തന്നെ ഊട്ടിയിലുള്ള ഒരു വീട്ടിൽ താമസിക്കുന്ന ഫീലാണ്​ നമുക്ക്​ ലഭിക്കുന്നത്​. എയർബി.എൻ.ബിയിൽ റൂമെടുത്താലുള്ള ഗുണങ്ങളിൽ മറ്റൊന്നാണിത്​.

വീടിൻെറ താഴ്​ഭാഗം മൊത്തമായിട്ടാണ്​ ഞങ്ങൾക്ക്​ ലഭിച്ചത്​. രണ്ട്​ ബെഡ്​റൂം, വലിയൊരു ഹാൾ, വരാന്തകൾ എന്നിവയെല്ലാം ഇതിലുണ്ട്​. റൂമുകളും ബാത്തുറൂമുമെല്ലാം നല്ല വൃത്തിയുള്ളതാണ്​. മുന്നിലെ വാതിൽ തുറന്നാൽ കാണുക മനോഹരമായി വെട്ടിയൊതുക്കിയ പുൽത്തകിടിയാണ്​. അതിന്​ അതിരായി പൂച്ചെടികളുണ്ട്​. ഇതിന്​ ചേർന്ന്​ ഒരു ഊഞ്ഞാലും കാണാം​.

ഈ ഊഞ്ഞാലിരുന്ന്​ മുന്നിലെ അതിവിശാലമായ താഴ്​വാരത്തേക്ക്​ നോക്കിയിരിക്കുക എന്നത്​ വല്ലാത്തൊരു അനുഭൂതിയാണ്​. ഒരു ഭാഗത്ത്​ തേയിലത്തോട്ടങ്ങൾ​. മറ്റൊരു ഭാഗത്ത്​ കാരറ്റും കാബേജുമെല്ലാമുള്ള കൃഷിയിടിങ്ങൾ. ഇതിന്​ നടുവിലൂടെ അരുവി ഒഴുകുന്നു. ഇതിന്​ പിന്നിൽ മലയും കാടുമാണ്​​. ഇവിടെനിന്ന്​ വീശിയടിക്കുന്ന കാറ്റ്​ മനസ്സിനെയും ശരീരത്തെയും വാരിപ്പുണരുകയാണ്​​.

കൂടുതൽ സൗകര്യം – best home stay in ooty

ഇത്രയും മികച്ച സൗകര്യങ്ങളു​ള്ള റൂം 3000 രൂപക്കാണ്​ ഞങ്ങൾക്ക്​ ലഭിച്ചത്. നാലുപേർക്ക്​ കഴിയാൻ ഇത്​ ധാരാളം. ഊട്ടിയിൽ അവധിദിവസങ്ങളിൽ ഇത്രയും സൗകര്യമുള്ള റൂം ലഭിക്കണമെങ്കിൽ ഇതിൻെറ ഇരട്ടി തുക നൽകണം. എന്തായാലും റൂമിൻെറ കാര്യത്തിൽ ഞങ്ങൾ നാലുപേരും ഹാപ്പിയായിരുന്നു.

അൽപ്പനേരത്തെ വിശ്രമത്തിനുശേഷം പുറത്തിറങ്ങി. വാഹനവുമെടുത്ത്​ കൂനൂരിലും കോടനാട്​ വ്യൂപോയിൻറിലുമെല്ലാം ചുറ്റിക്കറങ്ങി. റൂമിൽ രാത്രി ഭക്ഷണം പറയാത്തതിനാൽ പുറത്തുനിന്ന്​ കഴിച്ചു. നല്ല മഴയത്താണ്​ റൂമിൽ തിരിച്ചെത്തുന്നത്​. കുറച്ചുനേരം വരാന്തയിലിരുന്നു മഴ ആസ്വദിച്ചു. പാതിരാത്രി എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക്​ വീണു.

രാവിലെ എണീൽക്കു​േമ്പാൾ ജനവാതിലിലൂടെയുള്ള കാഴ്​ച അതിസുന്ദരമായിരുന്നു. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന താഴ്​വാരം. ആ താഴ്​വാരത്തെ തൊട്ടറിയാനായി പ്രഭാത നടത്തത്തിനിറങ്ങി. വീടുകൾക്കിടയിലൂടെ നീളുന്ന പാത ഞങ്ങളെയെത്തിച്ചത്​ കാരറ്റ്​ തോട്ടത്തിലാണ്​. തണുപ്പായതിനാൽ കൃഷിക്കാർ ആരും എത്തിയിട്ടില്ല. തോട്ടത്തിൻെറ നാല്​ ഭാഗവും വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്​. കാരറ്റ്​ വിളവെടുക്കാൻ സമയമായി​ട്ടേയുള്ളൂ. കുറച്ചുസമയം കഴിഞ്ഞാൽ തൊഴിലാളികളെല്ലാം ഇവിടെ എത്തും. കഴിഞ്ഞദിവസം റൂമിൽനിന്ന്​ നോക്കു​േമ്പാൾ ധാരാളം പേർ ഇവിടെ ജോലിയെടുക്കുന്നത്​ കണ്ടിരുന്നു.

കുറച്ചുനേരം അരുവിയുടെ തീരത്തുകൂടി നടന്ന്​ റൂമിൽ തിരിച്ചെത്തി. അപ്പോഴേക്കും ഞങ്ങൾ നാലുപേർക്കുമുള്ള പ്രഭാത ഭക്ഷണം തയാറായിട്ടുണ്ടായിരുന്നു. അടിപൊളി ഇഡ്ഡലിയും ചമ്മന്തിയും ഒന്നാന്തരം സാമ്പാറുമായിരുന്നു ഞങ്ങളുടെ മുന്നിലെത്തിയത്​. ഇവിടത്തെ കെയർ ​ടേക്കർ ഭുവനേശ്വരിയാണ്​ ഇത്​ ഞങ്ങൾക്കായി പാകം ചെയ്​ത്​ തന്നത്​. ഇവർ ഈ നാട്ടുകാരിയാണെങ്കിലും മലയാളം നന്നായിട്ട്​ സംസാരിക്കും. ഇതിന്​ പിന്നിലെ രഹസ്യം എന്താണെന്ന്​ ചോദിച്ചപ്പോഴാണ്​ അവർ അക്കാര്യം വിശദീകരിക്കുന്നത്​. 11 വർഷം ഭർത്താവിനൊപ്പം കൊച്ചിയിലെ ലിസി ​ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവർ.

ഏക മകൻ ഈ സമയത്ത്​ നാട്ടിൽ ഭുവനേശ്വരിയുടെ അമ്മയുടെ കൂടെയായിരുന്നു താമസം. അവൻ പത്താം ക്ലാസിൽ എത്തിയപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കാനായി ഭുവനേശ്വരിയും ഭർത്താവും തിരിച്ച്​ ഇങ്ങോട്ട്​ വരികയായിരുന്നു. ആ മകനിപ്പോൾ കോളജ്​ അധ്യാപകനാണ്​. സ്വന്തം നാട്ടിലാണ്​ ഇപ്പോൾ താമസമെങ്കിലും കൊച്ചിയിലേക്ക്​ എന്നെങ്കിലും മടങ്ങിയത്തെണമെന്ന്​ ഇവർ ആഗ്രഹിക്കുന്നുണ്ട്​.

ഊട്ടിയിൽനിന്ന്​ മടങ്ങാനുള്ള സമയമായി. ശരിക്കും കോടമഞ്ഞിനിടയിലെ സ്വർഗത്തിൽ തന്നെയായിരുന്നു അത്രയും മണിക്കൂറുകൾ ഞങ്ങൾ കഴിച്ചുകൂട്ടിയത്​. കുടുംബവുമൊത്ത്​ വീണ്ടും വരുമെന്ന്​ ഭുവനേശ്വരിക്ക്​ ഉറപ്പ്​ നൽകി ഞങ്ങൾ അവിടെനിന്ന്​ യാത്ര തിരിച്ചു.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!