Explore
Trending

അടിപൊളി ബീഫ്​ വാരിയെല്ല്​ കഴിക്കണോ? ഇതാ മികച്ചൊരു റെസ്​റ്റോറന്‍റ്​

ബീഫ്​ വാരി​യെല്ലിന്​ 120 രൂപ വീതമാണ്​ ഈടാക്കിയത്

വയനാട്ടിലെ പോത്തുംകാൽ പോലെ തന്നെ പ്രശസ്തമാണ്​ മലപ്പുറത്തെ വാരിയെല്ല്​ ചുട്ടത് ( best beef ribs Malappuram )​. ഇൻസ്റ്റയിലെ ഫുഡ്​ ലവേഴ്​സ്​ ഹിറ്റാക്കിയ വിഭവം. ആദ്യമായി ഈ സാധനം കഴിക്കുന്നത്​ പെരിന്തൽമണ്ണയിൽനിന്നാണ്​. വിവിധ വിഡിയോകൾ കണ്ടാണ്​ പെരിന്തൽമണ്ണയിലേക്ക് ( Pernithalmanna )​ വണ്ടി കയറുന്നത്​. തീറ്റമുക്ക്​ എന്നറിയപ്പെടുന്ന ബൈപാസ്​ ജംഗ്​ഷനിലാണ്​ ഞങ്ങളെത്തിയത്​. ഹോട്ടലുകളുടെ സംസ്ഥാന സമ്മേളനമാണ്​ ഇവിടെയെന്ന്​ വേണമെങ്കിൽ പറയാം. അത്രയും റെസ്​റ്റോറന്‍റുകളുണ്ട്​ ഇവിടെ. എല്ലാം ഒന്നിനൊന്ന്​ മെച്ചം. വിഡിയോയിൽ പറഞ്ഞ ഒരു ഹോട്ടലിൽ കയറി ബീഫ്​ വാരിയെല്ല്​ കഴിച്ചു. പക്ഷെ, പ്രതീക്ഷിച്ച അത്രയൊന്നും അത്​ ഞങ്ങളെ രസിപ്പിച്ചില്ല. ഒരു ആവേറജ്​ വിഭവം.

അതിന്​ ശേഷം പിന്നെ ബീഫ്​ വാരിയെല്ല് ചുട്ടത്​​ കഴിക്കുന്നത്​ മലപ്പുറത്തെ പ്രശസ്ത ഹോട്ടലായ ഡെലീഷ്യയിൽനിന്നാണ്​. അതൊരു കിടിലൻ ഐറ്റം തന്നെയായിരുന്നു. പക്ഷെ, വില അൽപ്പം കൂടുതലാണെന്ന്​ മാത്രം.

കടലുണ്ടിയിലെ സായാഹ്​നം

അങ്ങനെയിരിക്കെയാണ്​ ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം കടലുണ്ടി​ പക്ഷി സ​ങ്കേതം കാണാൻ യാത്ര പോകുന്നത്​. കടലും പുഴയും ചേരുന്ന മനോഹരമായ ദൃശ്യം. കണ്ടൽക്കാടുകളിൽ വിരുന്നെത്തുന ദേശാടന പക്ഷികൾ നിറകാഴ്ചയൊരുക്കുന്നു. അസ്തമയ സമയമായപ്പോൾ കടലിന്‍റെ ഓരത്തെത്തി. കടൽക്കാറ്റേറ്റ് സുഹൃത്തുക്കൾക്കൊപ്പം കിസ്സകൾ പറഞ്ഞ്​​ അവിടെയിരുന്നു.

സൂര്യൻ പതിയെ ഓറഞ്ച്​ നിറം അണിയാൻ തുടങ്ങി. മെല്ലെ മെല്ലെ അവൻ കടലിനടയിലേക്ക്​ താഴുകയാണ്​. മത്സ്യബന്ധന വള്ളങ്ങൾ ഓളങ്ങളെ കീറിമുറിച്ചു പോകുന്നു. സൂര്യൻ മറഞ്ഞതോടെ ഇരുട്ട്​ പരന്നു. ഞങ്ങളും കടലുണ്ടിയോട്​ വിടപറഞ്ഞ്​ വണ്ടിയിൽ കയറി.

വാരിയെല്ല്​ കഴിക്കാൻ – best beef ribs Malappuram

കടലുണ്ടി പാലത്തിന്​ സമീപത്തെ കടയിൽനിന്ന്​ ചായയും കല്ലുമ്മക്കായയും മാത്രമാണ്​ കഴിച്ചത്​. നല്ല വിശപ്പുണ്ട്​. ഏകദേശം 30 മിനിറ്റ്​ സഞ്ചരിച്ച​പ്പോഴേക്കും പരപ്പനങ്ങാടി ( Parappanangadi ) എത്തി. റെയിൽവേ ഓവർബ്രിഡ്​ജിന്‍റെ എതിർവശത്തായി താനൂർ റോഡിൽ രണ്ട്​ റെസ്​റ്റോറന്‍റുകൾ കണ്ടു. അതിലൊന്നിക്കേ്​ വണ്ടി തിരിച്ചു. പേര്​ LET’S O cafe restaurant. ഉള്ളിലേക്ക്​ കയറിയപ്പോൾ തന്നെ ഹോട്ടൽ ഞങ്ങൾക്ക്​ ബോധിച്ചു. നല്ല ആംബിയൻസ്​. അതിവിശാലമായ ഉൾവശം. അടിപൊളി ഇന്‍റീരിയർ ഡിസൈനിങ്​. കുടുംബവുമൊത്തെല്ലാം വന്നിരിക്കാൻ പറ്റിയ ഇടം.

ചുമരിൽ enjoy the great food എന്ന്​ വലുതായി എഴുതിവെച്ചിരിക്കുന്നു. വെയ്​റ്റർ അടുത്ത്​ എത്തി. എന്താണ്​ സ്​പെഷൽ എന്ന്​ ചോദിച്ചപ്പോൾ ബീഫിന്‍റെ വാരിയെല്ല്​ ചുട്ടതുണ്ടെന്ന്​ പറഞ്ഞു. പിന്നെ മറുത്തൊന്നും ആലോചിച്ചില്ല. മൂന്നുപേരും അതുതന്നെ ഓർഡർ ചെയ്തു. ഒപ്പം രണ്ട്​ വീതം തന്തൂരി റൊട്ടിയും ലൈ ജ്യൂസും.

best beef ribs malappuram

15 മിനിറ്റ്​ കൊണ്ട്​ സാധനം മുന്നിലെത്തി. കാണാൻ നല്ല ചേല്​. ചുവന്നനിറത്തിൽ അവൻ അങ്ങനെ വിരിഞ്ഞുനിൽക്കുന്നു. ഓരോരുത്തരും ഓരോ പീസ്​ എടുത്തു. വിരൽ കൊണ്ട്​ മെല്ലെ നുള്ളിയതേയുള്ളൂ, അപ്പോഴേക്കും ഇറച്ചി കൈയിൽ പോന്നു. അത്രക്ക്​ വെന്തിട്ടുണ്ട്​ ഐറ്റം. നാവിൽ വെച്ചതും അതിന്‍റെ രുചി മനസ്സിനെ ത്രസിപ്പിച്ചു. ‘yummy’ – കൂടെയുള്ള സുഹൃത്തിന്‍റെ ആദ്യ കമന്‍റ്​ വന്നു. ​​

ഇതാണ്​ അസ്സൽ വാരിയെല്ല്​ – best beef ribs Malappuram

ബീഫ്​ ഇഷ്​ടപ്പെടാത്തവരായിട്ട്​ വളരെ ചുരുക്കം പേരെ ഉണ്ടാകൂ. ബീഫിന്‍റെ ഏറ്റവും രുചിയുള്ള ഭാഗം വാരിയെല്ലിനെ പൊതിഞ്ഞുള്ള ഇറച്ചിയാണെന്ന്​ നിസ്സംശയം പറയാം. അതിനെ ഇതുപോലെ അടിപൊളി മസാലയെല്ലാം ചേർത്തു കനലിൽ ചുട്ടെടുത്താൽ വേറെ ലെവലായി മാറും. അതാണ്​ ഞങ്ങളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്​.

ഉപ്പും പുളിയും എരിവുമെല്ലാം ആവശ്യത്തിന്​ മാത്രം. സമ്പൂർണമായ മസാലക്കൂട്ട്​. അതിന്‍റെ കൂടെ തന്ന മയണൈസും ചട്ടിണി പോലെയുള്ള പേസ്റ്റും രുചി വർധിപ്പിക്കുന്നു. ഇറച്ചിയെല്ലാം തിന്ന്​ കഴിഞ്ഞപ്പോൾ ഞങ്ങളുടെ പരാക്രമം എല്ലിനോടായി. ഇറച്ചിയേക്കാൾ വെന്തിട്ടുണ്ടോ എല്ലിന്​ എന്നൊരു സംശയം. മെല്ലെ കടിച്ചാൽ തന്നെ എല്ല്​ പൊടിഞ്ഞുപോരുന്നു. അതിനും ഒടുക്കത്തെ രുചി. അൽപ്പനേരം കൊണ്ട്​ പാത്രം മൊത്തം കാലിയായി. എല്ലുപോലും ഞങ്ങൾ ബാക്കിവെച്ചില്ല എന്നർത്ഥം. അവസാനമായി മൂന്ന്​ ചായയും ഞങ്ങൾ ഓർഡർ ചെയ്തു. അതിനും അടിപൊളി ടേസ്​റ്റായിരുന്നു എന്ന്​ പ്രത്യേകം തന്നെ പറയണം.

ഇതെല്ലാം കഴിച്ച്​ കഴിഞ്ഞപ്പോഴേക്കും ബില്ല്​ വന്നു. മൂന്നുപേർക്ക്​ കൂടി 500 രൂപ മാത്രമാണ്​ വന്നത്​. ബീഫ്​ വാരി​യെല്ലിന്​ 120 രൂപ വീതമാണ്​ അവർ ഈടാക്കിയത്​. മറ്റു ഹോട്ടലുകളെ വെച്ച്​ തുലനം ചെയ്യുമ്പോൾ ആ വില കുറവ്​ തന്നെ​. വാരിയെല്ലിന്​ പുറമെ കബാബ്​, ഷവായ്​, അൽഫഹം, ബർഗർ തുടങ്ങിയ ധാരാളം വിഭവങ്ങൾ ഈ ഹോട്ടലിലുണ്ട്​. പിന്നെ വ്യത്യസ്തതരം ജ്യൂസുകളും.

ആഴ്ചയിൽ മൂന്ന്​ ദിവസം മാത്രമാണ്​ ഇവിടെ വാരിയെല്ല്​ ഉണ്ടാവുക. അതുകൊണ്ട്​ വിളിച്ചിട്ട്​ വരുന്നതാകും ഉചിതം. ഇതാണ്​ ഹോട്ടലിലെ നമ്പർ: 88912 00664, 87142 00664.

LET’ SO restaurant ൽനിന്ന്​ പുറത്തിറങ്ങുമ്പോൾ ഞങ്ങൾ മൂന്നുപേരുടെയും മനസ്സും വയറും നിറഞ്ഞിരുന്നു.

എങ്ങനെ എത്താം

മലപ്പുറത്തുനിന്ന്​ വേങ്ങര, കക്കാട്​, ചെമ്മാട്​ വഴി പരപ്പനങ്ങാടിയിലെത്താം. റെയിൽവേ ഓവർബ്രിഡ്​ജ്​ കയറി അവസാനിക്കുമ്പോൾ മുന്നിലായി റെസ്​റ്റോറന്‍റ്​ കാണാം. ആകെ ദൂരം 30 കിലോമീറ്റർ.

കോഴിക്കോട്​ ഭാഗത്തുനിന്ന്​ വരുമ്പോൾ കടലുണ്ടി​ കഴിഞ്ഞ്​ തിരൂർ റോഡിലൂടെ 13 കിലോമീറ്റർ സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം.

അപ്പോൾ ഇനി കടലുണ്ടി പക്ഷിസ​ങ്കേതം ( Kadalundi bird sanctuary ) കാണാൻ വരുന്നവർ പരപ്പനങ്ങാടിയിൽ വന്ന്​ ബീഫീ വാരിയെല്ല്​ കഴിക്കാൻ മറക്കേണ്ട. കൂടാതെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ( Mamburam Maqam ) ഇവിടെനിന്ന്​ എട്ട്​ കിലോമീറ്റർ അകലെയാണ്​.

Let’s o cafe restaurant location

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!