വയനാട്ടിലെ പോത്തുംകാൽ പോലെ തന്നെ പ്രശസ്തമാണ് മലപ്പുറത്തെ വാരിയെല്ല് ചുട്ടത് ( best beef ribs Malappuram ). ഇൻസ്റ്റയിലെ ഫുഡ് ലവേഴ്സ് ഹിറ്റാക്കിയ വിഭവം. ആദ്യമായി ഈ സാധനം കഴിക്കുന്നത് പെരിന്തൽമണ്ണയിൽനിന്നാണ്. വിവിധ വിഡിയോകൾ കണ്ടാണ് പെരിന്തൽമണ്ണയിലേക്ക് ( Pernithalmanna ) വണ്ടി കയറുന്നത്. തീറ്റമുക്ക് എന്നറിയപ്പെടുന്ന ബൈപാസ് ജംഗ്ഷനിലാണ് ഞങ്ങളെത്തിയത്. ഹോട്ടലുകളുടെ സംസ്ഥാന സമ്മേളനമാണ് ഇവിടെയെന്ന് വേണമെങ്കിൽ പറയാം. അത്രയും റെസ്റ്റോറന്റുകളുണ്ട് ഇവിടെ. എല്ലാം ഒന്നിനൊന്ന് മെച്ചം. വിഡിയോയിൽ പറഞ്ഞ ഒരു ഹോട്ടലിൽ കയറി ബീഫ് വാരിയെല്ല് കഴിച്ചു. പക്ഷെ, പ്രതീക്ഷിച്ച അത്രയൊന്നും അത് ഞങ്ങളെ രസിപ്പിച്ചില്ല. ഒരു ആവേറജ് വിഭവം.
അതിന് ശേഷം പിന്നെ ബീഫ് വാരിയെല്ല് ചുട്ടത് കഴിക്കുന്നത് മലപ്പുറത്തെ പ്രശസ്ത ഹോട്ടലായ ഡെലീഷ്യയിൽനിന്നാണ്. അതൊരു കിടിലൻ ഐറ്റം തന്നെയായിരുന്നു. പക്ഷെ, വില അൽപ്പം കൂടുതലാണെന്ന് മാത്രം.
കടലുണ്ടിയിലെ സായാഹ്നം
അങ്ങനെയിരിക്കെയാണ് ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം കടലുണ്ടി പക്ഷി സങ്കേതം കാണാൻ യാത്ര പോകുന്നത്. കടലും പുഴയും ചേരുന്ന മനോഹരമായ ദൃശ്യം. കണ്ടൽക്കാടുകളിൽ വിരുന്നെത്തുന ദേശാടന പക്ഷികൾ നിറകാഴ്ചയൊരുക്കുന്നു. അസ്തമയ സമയമായപ്പോൾ കടലിന്‍റെ ഓരത്തെത്തി. കടൽക്കാറ്റേറ്റ് സുഹൃത്തുക്കൾക്കൊപ്പം കിസ്സകൾ പറഞ്ഞ് അവിടെയിരുന്നു.
സൂര്യൻ പതിയെ ഓറഞ്ച് നിറം അണിയാൻ തുടങ്ങി. മെല്ലെ മെല്ലെ അവൻ കടലിനടയിലേക്ക് താഴുകയാണ്. മത്സ്യബന്ധന വള്ളങ്ങൾ ഓളങ്ങളെ കീറിമുറിച്ചു പോകുന്നു. സൂര്യൻ മറഞ്ഞതോടെ ഇരുട്ട് പരന്നു. ഞങ്ങളും കടലുണ്ടിയോട് വിടപറഞ്ഞ് വണ്ടിയിൽ കയറി.
വാരിയെല്ല് കഴിക്കാൻ – best beef ribs Malappuram
കടലുണ്ടി പാലത്തിന് സമീപത്തെ കടയിൽനിന്ന് ചായയും കല്ലുമ്മക്കായയും മാത്രമാണ് കഴിച്ചത്. നല്ല വിശപ്പുണ്ട്. ഏകദേശം 30 മിനിറ്റ് സഞ്ചരിച്ചപ്പോഴേക്കും പരപ്പനങ്ങാടി ( Parappanangadi ) എത്തി. റെയിൽവേ ഓവർബ്രിഡ്ജിന്റെ എതിർവശത്തായി താനൂർ റോഡിൽ രണ്ട് റെസ്റ്റോറന്റുകൾ കണ്ടു. അതിലൊന്നിക്കേ് വണ്ടി തിരിച്ചു. പേര് LET’S O cafe restaurant. ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ ഹോട്ടൽ ഞങ്ങൾക്ക് ബോധിച്ചു. നല്ല ആംബിയൻസ്. അതിവിശാലമായ ഉൾവശം. അടിപൊളി ഇന്‍റീരിയർ ഡിസൈനിങ്. കുടുംബവുമൊത്തെല്ലാം വന്നിരിക്കാൻ പറ്റിയ ഇടം.
ചുമരിൽ enjoy the great food എന്ന് വലുതായി എഴുതിവെച്ചിരിക്കുന്നു. വെയ്റ്റർ അടുത്ത് എത്തി. എന്താണ് സ്പെഷൽ എന്ന് ചോദിച്ചപ്പോൾ ബീഫിന്‍റെ വാരിയെല്ല് ചുട്ടതുണ്ടെന്ന് പറഞ്ഞു. പിന്നെ മറുത്തൊന്നും ആലോചിച്ചില്ല. മൂന്നുപേരും അതുതന്നെ ഓർഡർ ചെയ്തു. ഒപ്പം രണ്ട് വീതം തന്തൂരി റൊട്ടിയും ലൈ ജ്യൂസും.
15 മിനിറ്റ് കൊണ്ട് സാധനം മുന്നിലെത്തി. കാണാൻ നല്ല ചേല്. ചുവന്നനിറത്തിൽ അവൻ അങ്ങനെ വിരിഞ്ഞുനിൽക്കുന്നു. ഓരോരുത്തരും ഓരോ പീസ് എടുത്തു. വിരൽ കൊണ്ട് മെല്ലെ നുള്ളിയതേയുള്ളൂ, അപ്പോഴേക്കും ഇറച്ചി കൈയിൽ പോന്നു. അത്രക്ക് വെന്തിട്ടുണ്ട് ഐറ്റം. നാവിൽ വെച്ചതും അതിന്‍റെ രുചി മനസ്സിനെ ത്രസിപ്പിച്ചു. ‘yummy’ – കൂടെയുള്ള സുഹൃത്തിന്‍റെ ആദ്യ കമന്‍റ് വന്നു.
ഇതാണ് അസ്സൽ വാരിയെല്ല് – best beef ribs Malappuram
ബീഫ് ഇഷ്ടപ്പെടാത്തവരായിട്ട് വളരെ ചുരുക്കം പേരെ ഉണ്ടാകൂ. ബീഫിന്‍റെ ഏറ്റവും രുചിയുള്ള ഭാഗം വാരിയെല്ലിനെ പൊതിഞ്ഞുള്ള ഇറച്ചിയാണെന്ന് നിസ്സംശയം പറയാം. അതിനെ ഇതുപോലെ അടിപൊളി മസാലയെല്ലാം ചേർത്തു കനലിൽ ചുട്ടെടുത്താൽ വേറെ ലെവലായി മാറും. അതാണ് ഞങ്ങളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഉപ്പും പുളിയും എരിവുമെല്ലാം ആവശ്യത്തിന് മാത്രം. സമ്പൂർണമായ മസാലക്കൂട്ട്. അതിന്‍റെ കൂടെ തന്ന മയണൈസും ചട്ടിണി പോലെയുള്ള പേസ്റ്റും രുചി വർധിപ്പിക്കുന്നു. ഇറച്ചിയെല്ലാം തിന്ന് കഴിഞ്ഞപ്പോൾ ഞങ്ങളുടെ പരാക്രമം എല്ലിനോടായി. ഇറച്ചിയേക്കാൾ വെന്തിട്ടുണ്ടോ എല്ലിന് എന്നൊരു സംശയം. മെല്ലെ കടിച്ചാൽ തന്നെ എല്ല് പൊടിഞ്ഞുപോരുന്നു. അതിനും ഒടുക്കത്തെ രുചി. അൽപ്പനേരം കൊണ്ട് പാത്രം മൊത്തം കാലിയായി. എല്ലുപോലും ഞങ്ങൾ ബാക്കിവെച്ചില്ല എന്നർത്ഥം. അവസാനമായി മൂന്ന് ചായയും ഞങ്ങൾ ഓർഡർ ചെയ്തു. അതിനും അടിപൊളി ടേസ്റ്റായിരുന്നു എന്ന് പ്രത്യേകം തന്നെ പറയണം.
ഇതെല്ലാം കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബില്ല് വന്നു. മൂന്നുപേർക്ക് കൂടി 500 രൂപ മാത്രമാണ് വന്നത്. ബീഫ് വാരിയെല്ലിന് 120 രൂപ വീതമാണ് അവർ ഈടാക്കിയത്. മറ്റു ഹോട്ടലുകളെ വെച്ച് തുലനം ചെയ്യുമ്പോൾ ആ വില കുറവ് തന്നെ. വാരിയെല്ലിന് പുറമെ കബാബ്, ഷവായ്, അൽഫഹം, ബർഗർ തുടങ്ങിയ ധാരാളം വിഭവങ്ങൾ ഈ ഹോട്ടലിലുണ്ട്. പിന്നെ വ്യത്യസ്തതരം ജ്യൂസുകളും.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഇവിടെ വാരിയെല്ല് ഉണ്ടാവുക. അതുകൊണ്ട് വിളിച്ചിട്ട് വരുന്നതാകും ഉചിതം. ഇതാണ് ഹോട്ടലിലെ നമ്പർ: 88912 00664, 87142 00664.
LET’ SO restaurant ൽനിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ മൂന്നുപേരുടെയും മനസ്സും വയറും നിറഞ്ഞിരുന്നു.
എങ്ങനെ എത്താം
മലപ്പുറത്തുനിന്ന് വേങ്ങര, കക്കാട്, ചെമ്മാട് വഴി പരപ്പനങ്ങാടിയിലെത്താം. റെയിൽവേ ഓവർബ്രിഡ്ജ് കയറി അവസാനിക്കുമ്പോൾ മുന്നിലായി റെസ്റ്റോറന്റ് കാണാം. ആകെ ദൂരം 30 കിലോമീറ്റർ.
കോഴിക്കോട് ഭാഗത്തുനിന്ന് വരുമ്പോൾ കടലുണ്ടി കഴിഞ്ഞ് തിരൂർ റോഡിലൂടെ 13 കിലോമീറ്റർ സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം.
അപ്പോൾ ഇനി കടലുണ്ടി പക്ഷിസങ്കേതം ( Kadalundi bird sanctuary ) കാണാൻ വരുന്നവർ പരപ്പനങ്ങാടിയിൽ വന്ന് ബീഫീ വാരിയെല്ല് കഴിക്കാൻ മറക്കേണ്ട. കൂടാതെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ( Mamburam Maqam ) ഇവിടെനിന്ന് എട്ട് കിലോമീറ്റർ അകലെയാണ്.