ഭാവി ഇലക്ട്രിക് കാറുകളുടെ യുഗമാണ് വരാൻ പോകുന്നത് എന്നത് ഓർമിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നത്. ലോകമാകെ സ്തംഭിച്ചുനിന്ന വർഷമായിരുന്നു 2021. കോവിഡ് മഹാമാരി ജനങ്ങളെയും വിപണിയെയും വരിഞ്ഞുമുറുക്കി. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഇലക്ട്രിക് കാറുകളുടെ രംഗത്ത് വലിയ കുതിപ്പാണ് 2021ൽ ഉണ്ടായത്. അന്താരാഷ്ട്ര വിൽപ്പനയിൽ 109 ശതമാനം വർധനവ് ഈ മേഖലയിലുണ്ടായി. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഇന്ത്യയിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഒരുപാട് നല്ല ഇലക്ട്രിക് കാറുകൾ നിരത്തിലിറങ്ങിയ ( best electric cars india ) വർഷം കൂടിയായിരുന്നു 2021.
ലോകത്തിലെ പല രാജ്യങ്ങളും ഇലക്ട്രിക്കിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ബ്രിട്ടൺ പൂർണമായും ഇലക്ട്രിഫൈഡ് ആകും. ചൈനയും വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മെഴ്സിഡസ് ബെൻസ് പോലുള്ള വലിയ കമ്പനികൾ ഭാവിയിൽ തങ്ങൾ ഇനി ഇലക്ട്രിക് കാറുകൾ മാത്രമേ നിർമിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. 2030ന് ശേഷം ഇറങ്ങുന്ന എല്ലാ മെഴ്സിഡസ് വാഹനങ്ങളും ഇലക്ട്രിക്കാകും.
ഇന്ത്യയിലും വലിയ വിപ്ലവങ്ങൾ വരികയാണ്. ഡൽഹിയിൽ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റാൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നു. അല്ലെങ്കിൽ ഇവ പൊളിച്ചുമാറ്റുകയോ മറ്റു സ്ഥലങ്ങളിലേക്ക് വിറ്റൊഴിവാക്കുകയോ വേണം. കൂടാതെ ഡൽഹി സർക്കാറിന്‍റെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറുകയാണ്.
6.5 ദശലക്ഷം ഇലക്ട്രിക് കാറുകൾ
ഏകദേശം 6.5 ദശലക്ഷം ഇലക്ട്രിക് കാറുകളാണ് 2021ൽ ലോകത്താകമാനം വിറ്റത്. ഇതിൽ പൂർണമായും ഇലക്ട്രിക്ക്, ഹൈബ്രിഡ് എന്നിവ ഉൾപ്പെടും. 2020നെ അപേക്ഷിച്ച് നോക്കുമ്പോൾ 109 ശതമാനം വർധനവാണ് കൈവരിച്ചത്. ഇലക്ട്രിക് ലോകത്തെ മുൻനിരക്കാരായ ടെസ്ലയാണ് വിൽപ്പനയിലും മുന്നിലുള്ളത്. 14 ശതമാനവും ടെസ്‌ലയുടെ കാറുകളാണ് കഴിഞ്ഞവർഷം വിറ്റുപോയത്. 12 ശതമാനവുമായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് രണ്ടാമതും 11 ശതമാനവുമായി ചൈനീസ് ബ്രാൻഡ് സായിക് മൂന്നാമതുമുണ്ട്. സായികിന് കീഴിലാണ് ഇന്ത്യയിൽ വിൽക്കുന്ന എം.ജി ഇസഡ്.എസ് ഇ.വി ഉള്ളത്.
അതേസമയം, ആഗോള കാർ വിപണിയിൽ 4 ശതമാനം മാത്രമാണ് 2021ൽ വളർച്ച രേഖപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ, ചിപ്പ് ക്ഷാമം എന്നിവയാണ് പ്രധാന വില്ലൻമാരായത്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷത്തെ പാസഞ്ചർ കാർ വിൽപ്പനയുടെ ഒമ്പത് ശതമാനവും ഇ.വിയാണ്. ആഗോളതലത്തിൽ ഏകദേശം 85 ശതമാനം ഇ.വികളും വിറ്റഴിച്ചത് ചൈനയിലും യൂറോപ്പിലുമാണ്.
അതേസമയം, അമേരിക്കയിലിത് നാല് ശതമാനം മാത്രമാണ്. അതായത് 5,35,000 ഇലക്ട്രിക് വാഹനങ്ങളാണ് ടെസ്‌ലയുടെ ജന്മനാടായ യു.എസിൽ വിറ്റുപോയത്. 2021ൽ ചൈനയിൽ 3.2 ദശലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങി. ഇത് ഏകദേശം ലോകത്താകെ വിറ്റതിന്‍റെ പകുതി വരും. ചെറുതും ചെലവ് കുറഞ്ഞതുമായ നഗര കാറുകൾ, ഫാമിലി കാറുകൾ, പ്രീമിയം സെഡാനുകളും എസ്‌യുവികളും എന്നിവയെല്ലാം ഓരോ മാസവും ചൈനീസ് മാർക്കറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
മുന്നിൽ മോഡൽ 3
2021ൽ യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ ടെസ്‌ലയുടെ മോഡൽ 3 ( Tesla model 3) ആണ്. അതേസമയം, ഫോക്‌സ്‌വാഗൺ ഗ്രൂപ്പാണ് ഏറ്റവുമധികം ഇ.വികൾ വിറ്റഴിച്ചത്. ഔഡി, സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നീ ബ്രാൻഡുകളിലാണ് അവർ വാഹനങ്ങൾ ഇറക്കിയത്.
യൂറോപ്പിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാണ്ട് വർധിക്കുകയാണ്. പല യൂറോപ്യൻ രാജ്യങ്ങളിലും വിറ്റുപോയ പുതിയ കാറുകളുടെ നാലിലൊന്നും ഇലക്ട്രിക്കാണ്. പല മോഡലുകളുടെയും കാത്തിരിപ്പ് സമയം ഒമ്പത് മുതൽ 12 മാസം വരെയാണ്. എന്നിട്ടും ഇവക്കായി ജനങ്ങൾ ക്യൂവിലാണ്.
മാറ്റത്തിൻ പാതയിൽ ഇന്ത്യ
ഇന്ത്യയിൽ 3,29,190 ഇലക്ട്രിക് വാഹനങ്ങളാണ് 2021ൽ വിറ്റഴിച്ചത്. 2020ൽ ഇത് 1,22,607 മാത്രമായിരുന്നു. അതയാത് 168 ശതമാനം വർധനവാണ് ഉണ്ടായത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകളാണ് കൂടുതൽ വിറ്റുപോകുന്നത്. 2021ൽ 1,57,712 ഹൈസ്പീഡ് ഇരുചക്രവാഹനങ്ങൾ ഉപഭോക്താക്കൾ വാങ്ങി. എഥർ പോലുള്ള സ്കൂട്ടറുകളുടെ വിൽപ്പനയിൽ വലിയ വർധനവുണ്ടായി. കാറുകൾ വിറ്റുപോയത് 14,218 യൂനിറ്റുകളാണ്. 2020ൽ ഇത് 4642 മാത്രമായിരുന്നു.
2021-2022 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ മുന്നിൽനിൽക്കുന്നത് ടാറ്റ നെക്സോൺ ഇ.വി ആണ്. 3618 യൂനിറ്റുകളാണ് വിറ്റഴിച്ചത്. രണ്ടാമത് നിൽക്കുന്നത് എം.ജി ഇസഡ്.എസ്.വിയാണ്, 1789 യൂനിറ്റുകൾ. ടാറ്റ ടിഗോർ മൂന്നാമതുണ്ട്. 801 യൂനിറ്റുകൾ വിറ്റഴിച്ചു. ഹ്യൂണ്ടായ് കോണയുടെ വിൽപ്പന 51 ആണ്. മഹീന്ദ്ര വെരീറ്റോ രണ്ടെണ്ണം മാത്രമാണ് വിറ്റഴിക്കാനായത്.
Best electric cars india
മുകളിലെ കണക്ക് പ്രകാരം വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് ടാറ്റയുടെ നെക്സോൺ ഇ.വിയാണ്. എന്നാൽ, എം.ജിയുടെ ഭാഗത്തുനിന്നും ശക്തമായ മത്സരം കാണുന്നുണ്ട്. ഹ്യുണ്ടായ് കോണ (hyundai electric cars) ഏകദേശം വിപണിയിൽനിന്ന് പുറത്തായ അവസ്ഥയിലാണ്.
താരതമ്യേന വില കുറവാണ് എന്നതാണ് നെക്സോണിനെ ജനപ്രിയമാക്കുന്നത്. ആദ്യകാലത്ത് ഈ വാഹനത്തിന് പലവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിലൊന്നാണ് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ന്യൂട്ടറിലേക്ക് വീഴുന്നത്. അപകടങ്ങൾക്ക് വരെ കാരണമാകുന്ന പ്രശ്നമായിരുന്നു ഇത്. പിന്നെ കമ്പനി അവകാശപ്പെടുന്ന റേഞ്ച് കിട്ടുന്നില്ല എന്നതും വലിയ പോരായ്മയായിരുന്നു. ഇതിനെല്ലാം ഒരുപരിധി പരിഹാരമായതോടെ ഇപ്പോൾ നെക്സോൺ കുതിച്ചുപായുകയാണ്. കൂടാതെ 2022 മേയിൽ പുതിയൊരു നെക്സോൺ ഇവി കൂടി വന്നിട്ടുണ്ട്. Tata Nexon EV Max എന്നാണ് പേര്. നിലവിലെ നെക്സോണിനേക്കാൾ 125 കിലോമീറ്റർ അധികം റേഞ്ച് ലഭിക്കും. 437 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. വിലയും ഒന്നര ലക്ഷം രൂപ വർധിച്ചിട്ടുണ്ട്.
മികച്ച ഫീച്ചറുകളും അധിക റേഞ്ചുമാണ് എം.ജി ഇസഡ്.എസ് ഇ.വിയെ വ്യത്യസ്തമാക്കുന്നത്. ബിൽഡ് ക്വാളിറ്റിയും ഒന്നാന്തരമാണ്. ഈ വാഹനത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് 2022 മാർച്ചിൽ പുറത്തിറങ്ങി (MG ZS EV 2022). ആദ്യ മോഡലിനേക്കാൾ ഏകദേശം 50 കിലോമീറ്റർ അധികം റേഞ്ച് ലഭിക്കും.
ചൈനീസ് കമ്പനിയായ byd e6 ആണ് ഇലക്ട്രിക് കാറുകളുടെ നിരയിലേക്ക് അവസാനമായി വന്നത്. നിലവിൽ വലിയ ടാക്സി കമ്പനികൾക്ക് മാത്രമാണ് ഇന്ത്യയിൽ ഇത് ലഭ്യമാകുക. വ്യക്തികൾക്ക് വാഹനം വാങ്ങാൻ കഴിയില്ല.
ഇവക്കെല്ലാം മുറമെ Audi E-tron, Jaguar I-Pace, Mercedes Bbenz EQC, BMW IX എന്നിവയും വിപണിയിലുണ്ട്. ആഡംബരത്തിന്‍റെയും പവറിന്‍റെയും പ്രതീകമാണ് ഈ വാഹനങ്ങൾ.
മാരുതി വരുന്നു, ഇനി കളി മാറും (Maruti electric car)
ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ സ്ഥാനം ഒരു കമ്പനിക്കും ഇതുവരെ മറികടക്കാനായിട്ടില്ല. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് മാരുതി വിൽക്കുന്നത്. എന്നാൽ, ഇതുവരെ മാരുതി ഇലക്ട്രിക് കാർ കൊണ്ടുവന്നിട്ടില്ല. മാരുതിയുടെ ഇലക്ട്രിക് വാഹനം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. വാഗൺ ആറിന്‍റെ പ്ലാറ്റ്ഫോമിലായിരിക്കും വാഹനമെന്ന് റിപ്പോർട്ടുകളുണ്ട്. 200 കിലോമീറ്ററിന് അടുത്ത് റേഞ്ചുമുണ്ടാകും. വില പത്ത് ലക്ഷത്തിന് താഴെയാകാൻ ആണ് സാധ്യത. ഇത് നിരത്തിലിറങ്ങിയാൽ പിന്നെ റോക്കറ്റ് വേഗത്തിലായിരിക്കും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന.
ഈ വാഹനത്തെ അടിസ്ഥാനമാക്കി ടൊയോട്ടയും ഇ.വി (toyota electric car india) ഇറക്കും. ഇന്ത്യയിൽ അധിക മോഡലുകളില്ലാതെ ഉലയുന്ന ടൊയോട്ടക്ക് ഇതൊരു പിടിവള്ളിയാകും. അതുപോലെ മഹീന്ദ്രയും ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നുണ്ട്. xuv 300 നെ അടിസ്ഥാനമാക്കിയുള്ള വാഹനമാകും ഇറക്കുക. xuv 400 (electric cars of mahindra) എന്നായിരിക്കും ഇതിന് പേര് നൽകുക എന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം വിൽപ്പനയുള്ള പ്രധാന ഇലക്ട്രിക് വാഹനങ്ങളുടെ വിലയും റേഞ്ചും പരിശോധിക്കാം.
TATA NEXON EV
Starting price: 14.29 lakhs (ex showroom)
Battery: 30.2 kwh lithium – ion
Max. Power: 129 PS
Max. Torque: 245 Nm
Charging time:
Fast charging: 0% to 80% – 60 min
Normal charging: 10% to 90 % – 8.30 hrs
Battery, motor warrenty: 8 years / 1.6 Lakh km
ARAI certified range: 312 km
TATA TIGOR EV
Starting price: 11.99 lakhs (ex showroom)
Battery: 26 kWh lithium-ion battery
Max. Power: 74.7 PS
Max. Torque: 170 Nm
Charging time
Fast charging: 0% to 80% – 65 min
Normal charging: 0% to 80% – 8.45 hrs
Battery, motor warrenty: 8 years / 1.6 Lakh km
ARAI certified range: 306 km
MG ZS EV 2021
Starting price: 21.49 lakhs (ex showroom)
Bbattery: 44.5 KWH Hi-Tech
Max. Power: 142.7 PS
Max. Torque: 353 Nm
Charging time
Dc super fast charging: Up to 80% – 50 minutes
AC fast charging: 100% 6-8 hours
Portable charge: 100% 16-18 hours
Battery, motor warrenty: 8 Years/1.5 Lakh km
ARAI certified range: 419 kms (465 km for MG ZS EV 2022)
Hyundai Kona
Starting price: 23.79 lakhs (ex showroom)
Battery: 39.2 kWh
Max. Power: 134.14 bhp
Max. Torque: 394.91 Nm
charging time
Dc super fast charging: 0% to 80% – 57 min
AC fast charging: 6.10 hours
Portable charger: 19 hours
Battery, motor warrenty: 8 Years/1.6 Lakh km
ARAI certified range: 452 km
BYD E6
starting price: 29.15 Lakh
Battery: 71.7kWh lithium iron phosphate
Max. Power: 93.87 bhp
Max. Torque: 180 nm
Charging time
Dc fast charging: 1.30 hours
Battery, warrenty: eight years/5,00,000 km
Motor warranty of eight years/1,50,000 km
ARAI certified range: 520 km