Explore

കേരളത്തിൽനിന്ന്​ കാശ്​മീർ വരെ റെയിൽവേയുടെ ഭാരത്​ ദർശൻ യാത്ര; 13 ദിവസത്തേക്ക്​​ 13,600 രൂപ

തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽനിന്നെല്ലാം ഈ ട്രെയിനിൽ കയറാം

ഇന്ത്യൻ റെയിൽവേക്ക്​ കീഴിലെ ഐആർസിടിസി ( IRCTC – Indian Railway Catering and Tourism Corporation ) നടത്തുന്ന ഭാരത്​ ദർശൻ യാത്ര ( bharat darshan ) നിരവധി സഞ്ചാരികളാണ്​ ഉപയോപ്പെടുത്താറ്​. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങൾ എല്ലാവിധ സൗകര്യങ്ങളോടും കൂടി കാണാമെന്നതാണ്​ ഈ യാത്രകളുടെ പ്രത്യേകത. വിവിധതരം യാത്രകളാണ്​ ഐ.ആർ.സി.ടി.സി നടത്താറുള്ളത്​. ഇതിൽ മിക്കവയും ഉത്തരേന്ത്യയിൽനിന്നാകും. കേരളത്തിലൂടെ പോകുന്ന ഭാരത്​ ദർശൻ യാത്ര താരതമ്യേന കുറവാണ്​. എന്നാൽ, മലയാളികൾക്ക്​ അനുയോജ്യമായ പാക്കേജ്​ അവതരിപ്പിച്ചിരിക്കുകയാണ്​ റെയിൽവേ ( bharat darshan from kerala ) .

A JOURNEY TO MATA VAISHNODEVI & KARNI MATA THROUGH THE GREAT WALL OF INDIA EX KERALA (SZBD397) എന്നതാണ്​ പാക്കേജ്​. ഇന്ത്യയുടെ വൻമതിൽ താണ്ടി രാജസ്ഥാനിലെ ക്രാണി മാത ക്ഷേത്രം, ജമ്മു കശ്​മീരിലെ മാതാ വൈഷ്​ണോദേവി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ്​​​ യാത്ര. 12 രാത്രിയും 13 പകലും വരുന്ന യാത്രക്ക്​ ഒരാളിൽനിന്ന്​ 13,600 രൂപയാണ്​ ഈടാക്കുന്നത്​. ട്രെയിൻ യാത്ര, ബസ്​ സർവിസ്​, ഭക്ഷണം, ഗെയ്​ഡിന്‍റെ സേവനം​, ഇൻഷുറൻസ്​ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. വിവിധ സ്ഥലങ്ങളിലെ എൻട്രൻസ്​ ഫീ റെയിൽവേ വഹിക്കില്ല.

കേരളത്തിൽ എട്ട്​ സ്​റ്റോപ്പുകൾ ( Bharat darshan from kerala )

2022 മാർച്ച്​ 12ന്​ തുടങ്ങി 24ന്​ തിരിച്ചെത്തുന്ന രീതിയിലാണ്​ യാത്ര ക്രമീകരിച്ചിരിക്കുന്നത്​. തമിഴ്​നാട്ടിലെ മധുരൈയിൽനിന്ന്​ 12ന്​ അതിരാവിലെ​ യാത്ര ആരംഭിക്കും​. തുടർന്ന്​ തിരുനെൽവേലി വഴി കേരളത്തിലെത്തും. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽനിന്നെല്ലാം ഈ ട്രെയിനിൽ കയറാം.

തിരിച്ചുവരുമ്പോൾ മംഗലാപുരം (മജൻ), കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം ജങ്ഷൻ, തിരുവനന്തപുരം സെൻട്രൽ, തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ യാത്രക്കാർക്ക്​ സൗകര്യം പോലെ ഇറങ്ങുകയും ചെയ്യാം.

ലക്ഷ്യങ്ങൾ ഏറെ

യാത്ര ജമ്മുവിലെ വൈഷ്​ണോദേവി ക്ഷേ​ത്രത്തിലേക്ക്​ ആണെങ്കിലും അതിനിടയിൽ ധാരാളം കാഴ്​ചകളാണ്​ സഞ്ചാരികളെ കാത്തിരിക്കുന്നത്​. ഹിന്ദു, മുസ്​ലിം, ക്രിസ്ത്യൻ, സിഖ്​ എന്നീ മതവിഭാഗങ്ങളുടെ പ്രമുഖ ആരാധനാലയങ്ങളൾ ഉൾപ്പെടുത്തിയാണ്​ ഈ യാത്ര ഒരുക്കുന്നത്​.

മാർച്ച്​ 14ന്​ രാജസ്ഥാനിലെ പ്രശസ്തമായ ഉദയ്പുരിലെത്തും ( Udaipur )​. ആദ്യം തന്നെ കുമ്പൽഗഢിലെ വൻമതിൽ കാണാൻ ബസിലാണ്​​ യാത്ര. ചൈനയിലെ വൻമതിൽ കഴിഞ്ഞാൽ പിന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്​ കുമ്പൽഗഢ്​ കോട്ടക്ക് ( Kumbhalgarh Fort )​ കാവലൊരുക്കിയുള്ള മതിൽ. 36 കിലോമീറ്റർ ദൂരമാണ്​ ഇതിന്‍റെ ചുറ്റളവ്​. രാത്രി ​ട്രെയിനിൽ തിരിച്ചെത്തും.

15ന്​ ഉദയ്പുരിലെ ലോക്കൽ സൈറ്റ്​ സീയിങ്​ ആണ്​. സിറ്റി പാലസ്​, ജഗദീഷ്​ ക്ഷേത്രം, സഹലിയോൻ കി ബാരി, പ്രതാപ്​ മൊമോറിയൽ എന്നിവ കാണാം. അടുത്തദിവസം രാവിലെ ഉദയ്പുരിൽനിന്ന്​ ട്രെയിൻ കയറും. ഉച്ചയോടെ അജ്​മീരിലെത്തും ( Ajmer ).

രാജസ്ഥാന്‍റെ ( Rajastan ) തനത്​ കാഴ്ചകൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ആത്​മീയമായ വഴികളിലൂടെ സഞ്ചാരികൾക്ക്​ ഇറങ്ങിച്ചെല്ലാൻ റെയിൽവേ സൗകര്യമൊരുക്കുന്നു. ആദ്യം പുഷ്കറിലെ ക്ഷേത്രവും പിന്നെ അജ്​മീർ ദർഗയുമാണ്​ സന്ദർശിക്കുക.

17ന്​ രാവിലെ ബിക്കാനീർലെത്തും. ജുനാഗഢ്​ കോട്ട, ലാൽഗഢ്​ പാലസ്​ എന്നിവയാണ്​ ആദ്യ കാഴ്ചകൾ. തുടർന്ന്​ ബിക്കാനീറിന്​ സമീപത്തെ പ്രശസ്തമായ കർണി മാതാ ക്ഷേത്രം സന്ദർശിക്കും.

പാക്​ അതിർത്തിയിൽ

18ന് പഞ്ചാബിലെ​ അമൃത്​സറിന്‍റെ ( Amritsar ) മണ്ണിൽ ട്രെയിനിറങ്ങും. ഗോൾഡൻ ടെമ്പിളും ജാലിയൻ വാലാബാഗുമെല്ലാം സന്ദർശിക്കാനുള്ള അവസരമുണ്ടാകും. പാകിസ്താനോട്​ ചേർന്ന്​ നിൽക്കുന്ന വാഗാ ബോർഡറിൽ അരങ്ങേറുന്ന പരേഡും കാണാം.

തുടർന്നാണ്​ ജമ്മുവിലെ പ്രശ്​സതമായ വൈഷ്​ണോ ദേവി​ ക്ഷേത്രത്തിലെത്തുന്നത് ( Vaishno devi temple )​. 19ന്​ കത്ര റെയിൽവേ സ്​റ്റേഷനിൽ ഇറങ്ങിയാണ്​ അവിടേക്കുള്ള യാത്ര. കത്രയിൽനിന്ന്​ 28 കിലോമീറ്റർ ദൂരമുണ്ട്​ ക്ഷേത്രത്തിലേക്ക്​. ഇത്രയും ദൂരം കഴിയുന്നവർക്ക്​​ നടന്നുപോകാം. അല്ലെങ്കിൽ സ്വന്തം ചെലവിൽ ഹെലികോപ്​ടറിലും കുതിരപ്പുറത്തുമെല്ലാം  ക്ഷേത്രത്തിലേക്ക്​ സഞ്ചരിക്കാം.

20ന്​ ഇവിടെനിന്ന്​ മടങ്ങും. 23ന്​ ഗോവയിലെ മഡ്​ഗാവിൽ എത്തും. കാലാൻഗുട്ടെ ബീച്ച്​, വാഗാറ്റർ, ബസലിക്ക ഓഫ്​ ബോംജീസസ് ( Basilica of BomJesus )​, സെ കത്രീഡൽ എന്നിവിടങ്ങളിലേക്ക്​ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകും. 24ന്​ തിരിച്ച്​ കേരളത്തിലെ വിവിധ റെയിൽവേ സ്​റ്റേഷനുകളിലായി യാത്ര അവസാനിപ്പിക്കാം.

13 ദിവസം കൊണ്ട്​ ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത കാഴ്​ചകളും അനുഭവങ്ങളുമായിട്ടാകും നിങ്ങൾ മടങ്ങിവരിക എന്നുറപ്പ്​. അതും ഇത്രയും കുറഞ്ഞചെലവിൽ യാത്ര സാധിക്കുന്നു എന്നതും ഈ പാക്കേജിനെ ( bharat darshan from kerala ) വ്യത്യസ്തമാക്കുന്നു. രാത്രി ഉറക്കം ട്രെയിനിലെ സ്ലീപ്പർ ക്ലാസ്​ കോച്ചുകളിലായിരിക്കും.

ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ

ഭാരത് ദർശൻ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിന്‍റെ ബുക്കിങ്​ ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. കൂടാതെ റെയിൽവേയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിങ്​ നടത്താം.

എന്തെങ്കിലും സാഹചര്യത്തിൽ യാത്ര സാധ്യമല്ലെങ്കിൽ നിബന്ധനകളോടെ ടിക്കറ്റ്​ കാൻസൽ ചെയ്യാനും അവസരമുണ്ട്​. യാത്രയുടെ 15 ദിവസം മുമ്പ്​ കാൻസൽ ചെയ്യുകയാണെങ്കിൽ 250 രൂപ മാത്രമേ നഷ്ടമാകൂ. എട്ട്​ മുതൽ 14 ദിവസം ആണെങ്കിൽ 25 ശതമാനം ഈടാക്കും. നാല്​ മുതൽ ഒരാഴ്ച വരെ 50 ശതമാനം ആണ്​ ഈടാക്കുക. നാല്​ ദിവസത്തിനുള്ളിലാണെങ്കിൽ പൈസയൊന്നും തിരികെ ലഭിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക്​:

എറണാകുളം: 8287932082, 8287932114, 8287932117

തിരുവനന്തപുരം: 8287932095

കോഴിക്കോട്​: 8287932098

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!