ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐആർസിടിസി ( IRCTC – Indian Railway Catering and Tourism Corporation ) നടത്തുന്ന ഭാരത് ദർശൻ യാത്ര ( bharat darshan ) നിരവധി സഞ്ചാരികളാണ് ഉപയോപ്പെടുത്താറ്. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങൾ എല്ലാവിധ സൗകര്യങ്ങളോടും കൂടി കാണാമെന്നതാണ് ഈ യാത്രകളുടെ പ്രത്യേകത. വിവിധതരം യാത്രകളാണ് ഐ.ആർ.സി.ടി.സി നടത്താറുള്ളത്. ഇതിൽ മിക്കവയും ഉത്തരേന്ത്യയിൽനിന്നാകും. കേരളത്തിലൂടെ പോകുന്ന ഭാരത് ദർശൻ യാത്ര താരതമ്യേന കുറവാണ്. എന്നാൽ, മലയാളികൾക്ക് അനുയോജ്യമായ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ ( bharat darshan from kerala ) .
A JOURNEY TO MATA VAISHNODEVI & KARNI MATA THROUGH THE GREAT WALL OF INDIA EX KERALA (SZBD397) എന്നതാണ് പാക്കേജ്. ഇന്ത്യയുടെ വൻമതിൽ താണ്ടി രാജസ്ഥാനിലെ ക്രാണി മാത ക്ഷേത്രം, ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. 12 രാത്രിയും 13 പകലും വരുന്ന യാത്രക്ക് ഒരാളിൽനിന്ന് 13,600 രൂപയാണ് ഈടാക്കുന്നത്. ട്രെയിൻ യാത്ര, ബസ് സർവിസ്, ഭക്ഷണം, ഗെയ്ഡിന്റെ സേവനം, ഇൻഷുറൻസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. വിവിധ സ്ഥലങ്ങളിലെ എൻട്രൻസ് ഫീ റെയിൽവേ വഹിക്കില്ല.
കേരളത്തിൽ എട്ട് സ്റ്റോപ്പുകൾ ( Bharat darshan from kerala )
2022 മാർച്ച് 12ന് തുടങ്ങി 24ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിൽനിന്ന് 12ന് അതിരാവിലെ യാത്ര ആരംഭിക്കും. തുടർന്ന് തിരുനെൽവേലി വഴി കേരളത്തിലെത്തും. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽനിന്നെല്ലാം ഈ ട്രെയിനിൽ കയറാം.
തിരിച്ചുവരുമ്പോൾ മംഗലാപുരം (മജൻ), കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം ജങ്ഷൻ, തിരുവനന്തപുരം സെൻട്രൽ, തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ യാത്രക്കാർക്ക് സൗകര്യം പോലെ ഇറങ്ങുകയും ചെയ്യാം.
ലക്ഷ്യങ്ങൾ ഏറെ
യാത്ര ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ആണെങ്കിലും അതിനിടയിൽ ധാരാളം കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ് എന്നീ മതവിഭാഗങ്ങളുടെ പ്രമുഖ ആരാധനാലയങ്ങളൾ ഉൾപ്പെടുത്തിയാണ് ഈ യാത്ര ഒരുക്കുന്നത്.
മാർച്ച് 14ന് രാജസ്ഥാനിലെ പ്രശസ്തമായ ഉദയ്പുരിലെത്തും ( Udaipur ). ആദ്യം തന്നെ കുമ്പൽഗഢിലെ വൻമതിൽ കാണാൻ ബസിലാണ് യാത്ര. ചൈനയിലെ വൻമതിൽ കഴിഞ്ഞാൽ പിന്നെ ഏറ്റവും ദൈർഘ്യമേറിയതാണ് കുമ്പൽഗഢ് കോട്ടക്ക് ( Kumbhalgarh Fort ) കാവലൊരുക്കിയുള്ള മതിൽ. 36 കിലോമീറ്റർ ദൂരമാണ് ഇതിന്‍റെ ചുറ്റളവ്. രാത്രി ട്രെയിനിൽ തിരിച്ചെത്തും.
15ന് ഉദയ്പുരിലെ ലോക്കൽ സൈറ്റ് സീയിങ് ആണ്. സിറ്റി പാലസ്, ജഗദീഷ് ക്ഷേത്രം, സഹലിയോൻ കി ബാരി, പ്രതാപ് മൊമോറിയൽ എന്നിവ കാണാം. അടുത്തദിവസം രാവിലെ ഉദയ്പുരിൽനിന്ന് ട്രെയിൻ കയറും. ഉച്ചയോടെ അജ്മീരിലെത്തും ( Ajmer ).
രാജസ്ഥാന്‍റെ ( Rajastan ) തനത് കാഴ്ചകൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ആത്മീയമായ വഴികളിലൂടെ സഞ്ചാരികൾക്ക് ഇറങ്ങിച്ചെല്ലാൻ റെയിൽവേ സൗകര്യമൊരുക്കുന്നു. ആദ്യം പുഷ്കറിലെ ക്ഷേത്രവും പിന്നെ അജ്മീർ ദർഗയുമാണ് സന്ദർശിക്കുക.
17ന് രാവിലെ ബിക്കാനീർലെത്തും. ജുനാഗഢ് കോട്ട, ലാൽഗഢ് പാലസ് എന്നിവയാണ് ആദ്യ കാഴ്ചകൾ. തുടർന്ന് ബിക്കാനീറിന് സമീപത്തെ പ്രശസ്തമായ കർണി മാതാ ക്ഷേത്രം സന്ദർശിക്കും.
പാക് അതിർത്തിയിൽ
18ന് പഞ്ചാബിലെ അമൃത്സറിന്റെ ( Amritsar ) മണ്ണിൽ ട്രെയിനിറങ്ങും. ഗോൾഡൻ ടെമ്പിളും ജാലിയൻ വാലാബാഗുമെല്ലാം സന്ദർശിക്കാനുള്ള അവസരമുണ്ടാകും. പാകിസ്താനോട് ചേർന്ന് നിൽക്കുന്ന വാഗാ ബോർഡറിൽ അരങ്ങേറുന്ന പരേഡും കാണാം.
തുടർന്നാണ് ജമ്മുവിലെ പ്രശ്സതമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തുന്നത് ( Vaishno devi temple ). 19ന് കത്ര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാണ് അവിടേക്കുള്ള യാത്ര. കത്രയിൽനിന്ന് 28 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ഇത്രയും ദൂരം കഴിയുന്നവർക്ക് നടന്നുപോകാം. അല്ലെങ്കിൽ സ്വന്തം ചെലവിൽ ഹെലികോപ്ടറിലും കുതിരപ്പുറത്തുമെല്ലാം ക്ഷേത്രത്തിലേക്ക് സഞ്ചരിക്കാം.
20ന് ഇവിടെനിന്ന് മടങ്ങും. 23ന് ഗോവയിലെ മഡ്ഗാവിൽ എത്തും. കാലാൻഗുട്ടെ ബീച്ച്, വാഗാറ്റർ, ബസലിക്ക ഓഫ് ബോംജീസസ് ( Basilica of BomJesus ), സെ കത്രീഡൽ എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകും. 24ന് തിരിച്ച് കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി യാത്ര അവസാനിപ്പിക്കാം.
13 ദിവസം കൊണ്ട് ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത കാഴ്ചകളും അനുഭവങ്ങളുമായിട്ടാകും നിങ്ങൾ മടങ്ങിവരിക എന്നുറപ്പ്. അതും ഇത്രയും കുറഞ്ഞചെലവിൽ യാത്ര സാധിക്കുന്നു എന്നതും ഈ പാക്കേജിനെ ( bharat darshan from kerala ) വ്യത്യസ്തമാക്കുന്നു. രാത്രി ഉറക്കം ട്രെയിനിലെ സ്ലീപ്പർ ക്ലാസ് കോച്ചുകളിലായിരിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യാൻ
ഭാരത് ദർശൻ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിന്‍റെ ബുക്കിങ് ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. കൂടാതെ റെയിൽവേയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിങ് നടത്താം.
എന്തെങ്കിലും സാഹചര്യത്തിൽ യാത്ര സാധ്യമല്ലെങ്കിൽ നിബന്ധനകളോടെ ടിക്കറ്റ് കാൻസൽ ചെയ്യാനും അവസരമുണ്ട്. യാത്രയുടെ 15 ദിവസം മുമ്പ് കാൻസൽ ചെയ്യുകയാണെങ്കിൽ 250 രൂപ മാത്രമേ നഷ്ടമാകൂ. എട്ട് മുതൽ 14 ദിവസം ആണെങ്കിൽ 25 ശതമാനം ഈടാക്കും. നാല് മുതൽ ഒരാഴ്ച വരെ 50 ശതമാനം ആണ് ഈടാക്കുക. നാല് ദിവസത്തിനുള്ളിലാണെങ്കിൽ പൈസയൊന്നും തിരികെ ലഭിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക്:
എറണാകുളം: 8287932082, 8287932114, 8287932117
തിരുവനന്തപുരം: 8287932095
കോഴിക്കോട്: 8287932098