Bro Daddy സമൂഹത്തിന് നൽകുന്ന സന്ദേശം
മോഹൻലാൽ നായകനായ Bro Daddy സിനിമ 2022 ജനുവരി 26നാണ് ഒ.ടി.ടിയിൽ റിലീസായത്. നടൻ പ്രിഥ്വിരാജാണ് ( prithviraj sukumaran ) സിനിമ സംവിധനം ( Bro daddy director ) ചെയ്തിരിക്കുന്നത്. ലൂസിഫറിന് ( Lucifer movie ) ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബ്രോ ഡാഡി. സിനിമ നിറഞ്ഞ കൈയടികളോടെ ഒ.ടി.ടിയിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് എല്ലാവരും പങ്കുവെക്കുന്നത്.
ഈശോ എന്ന കഥാപാത്രത്തെയാണ് സംവിധായകനായ പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇശോയുടെ പിതാവായ ജോൺ കാറ്റാടിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ലാലു അലക്സാണ് ( lalu alex ). കുര്യൻ ജി. മാളിയേക്കൽ എന്നതാണ് കഥാപാത്രത്തിന്‍റെ പേര്. തികച്ചും ഒരു ഫാമിലി എന്റർടെയ്നറാണ് ഈ സിനിമ. ചിരിക്കാനും ചിന്തിക്കാനുമുള്ള ധാരാളം മുഹൂർത്തങ്ങൾ സിനിമയിൽ അടങ്ങിയിരിക്കുന്നു.
Bro Daddy കഥയുടെ തുടക്കം
രണ്ട് കുടുംബങ്ങളെ ചുറ്റിപ്പറ്റയാണ് കഥ മുന്നേറുന്നത്. ചിത്രത്തിൽ മോഹൻലാലിന്‍റെയും ലാലു അലക്സിന്‍റെയും കുംബങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. മോഹൻലാലിന് ഇരുമ്പ് കമ്പിയുടെ ബിസിനസാണ്. ലാലു അലക്സിന് പരസ്യ കമ്പനിയും. തന്‍റെ പിതാവിന്‍റെ കൈയിൽനിന്ന് ലഭിച്ചതാണീ പരസ്യകമ്പനി. പ്രിഥ്വിരാജ് കൈകാര്യം ചെയ്യുന്ന ഈശോ ബാംഗ്ലൂരിൽ പരസ്യകമ്പനിയിലെ ആർട്ട് ഡയറക്ടറാണ്. ഇശോയെ തന്‍റെ മകൾ അന്നയെ ( kalyani priyadarshan ) കൊണ്ട് കല്യാണം കഴിപ്പിച്ച് പരസ്യ കമ്പനിയെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ലാലു അലക്സിന്‍റെ ആഗ്രഹം. പക്ഷെ, ഈശോ ലാലു അലക്സിന്‍റെ കമ്പനിയെ പുച്ഛിച്ച് തള്ളുന്നതോടെ അദ്ദേഹത്തിന്‍റെ മനസ്സിൽ കനത്ത ദേഷ്യം ഉടലെടുക്കുന്നു.
ഇനിയാണ് ട്വിസ്റ്റ്
ലാലു അലക്സിന്‍റെ മകൾ അന്നയും ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. മോഹൻലാലിന്‍റെയും ലാലു അലക്സിന്‍റെയും കുടുംബം ഒരുമിച്ച് കല്യാണത്തിന് പോകുമ്പോൾ ഈശോയും അന്നയും കണ്ടുമുട്ടുന്നുണ്ട്. പക്ഷെ, ഇവർ മുൻപരിചയമില്ലാത്തതുപോലെയാണ് പെരുമാറ്റം. ഇവിടെവെച്ച് ഇവരുടെ കല്യാണം ആലോചിക്കുന്നണ്ടെങ്കിലും രണ്ടുപേരും വിസമ്മതിക്കുന്നു. പക്ഷെ, കഥ ബാംഗ്ലൂരിൽ എത്തുമ്പോഴാണ് ട്വിസ്റ്റ് മനസ്സിലാകുന്നത്. പ്രണയത്തിലുള്ള ഇരുവരും നാല് വർഷമായി ഇവിടെ ഒരുമിച്ചാണ് താമസം.
ഒരു ദിവസം ആശുപത്രിയിൽ പോകാൻ ഇടയായ ഇവരെ കണ്ട ഡോക്ടർ അന്നയെ ഒന്ന് ഗൈനക്കോളജിസ്റ്റിനെ കാണാൻ നിർദേശിക്കുന്നു. പരിശോധനയിൽ അന്ന രണ്ട് മാസം ഗർഭിയാണെന്ന് അറിഞ്ഞതോടെ ഇരുവരും തകരുന്നു. മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും കുഞ്ഞിനെ ഗർഭഛിദ്രം ( abortion ) ചെയ്യാമെന്നും ഈശോ പറയുമ്പോൾ അന്ന അതിന് വിസമ്മതിക്കുന്നു. ഇതൊരു ജീവനാണ്, അതിനെ കൊല്ലാൻ സമ്മതിക്കില്ല എന്നായിരുന്നു മറുപടി.
വീണ്ടും ട്വിസ്റ്റ്
ഈ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഈശോക്ക് അച്ഛന്റെ ഫോൺ വരുന്നത്. ഉടനെ നാട്ടിലെത്തണം എന്ന് മാത്രം പറഞ്ഞായിരുന്നു ആ വിളി. നാട്ടിലെത്തിയപ്പോഴാണ് മനസ്സിലാകുന്നത്, തന്‍റെ അമ്മ അന്നയും ( നടി മീന ) ഗർഭിണിയാണെന്ന വിവരം അച്ഛൻ പറയുന്നത്. ഇവിടെ മുതൽ കഥയുടെ ഗതിവേഗം കൂടുകയാണ്. മകളുടെ ഗർഭവിവരം ലാലു അലക്സിനെ അറിയിക്കാതെ ഇരുവരുടെയും കല്യാണം നടത്താനുള്ള തന്ത്രങ്ങളാണ് പിന്നീട് കാണുന്നത്.
യഥാർത്ഥ നായകൻ
ബ്രോ ഡാഡി മോഹൻലാലിന്‍റെയും പ്രിഥ്വിരാജിന്‍റെയും പടമാണെങ്കലും ലാലു അലക്സാണ് സിനിമയിലെ നായകനെന്ന് വേണമെങ്കിൽ പറയാം. തന്നെ നായകനായി കണ്ടാണ് സിനിമയിലേക്ക് പ്രിഥ്വിരാജ് വിളിച്ചതെന്ന് ലാലു അലക്സ് ഒരു ഇന്‍റർവ്യൂവിൽ പറയുന്നുണ്ട്. അതിനനുസരിച്ചുള്ള പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ലാലു അലക്സ് സിനിമയിൽ വീണ്ടും എത്തുന്നത്. കോമഡി കഥാപാത്രമായി സൗബിൻ സാഹിറും ചിത്രത്തിൽ വരുന്നുണ്ട്. ഇവൻറ് മാനേജറുടെ റോളാണ് സൗബിന്‍റേത്. സൗബിനെ സ്ക്രീനിൽ തെളിയുമ്പോൾ തന്നെ ചിരി പൊട്ടാൻ തുടങ്ങും.
Bro Daddy സിനിമയുടെ സന്ദേശം
ഗർഭഛിദ്രം ഏറെ വർധിച്ച കാലമാണിത്. പ്രത്യേകിച്ച് യുവതലമുറക്കിടയിൽ. വീട്ടിൽ അറിയാതെയാകും പലരും ഗർഭം ധരിക്കുന്നതും ഗർഭഛിദ്രം നടത്തുന്നതും. അതിനെതിരായ ശക്തമായ സന്ദേശമാണ് സിനിമ നൽകുന്നത്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിനിമ ഓർമിപ്പിക്കുന്നു.
സിനിമയുടെ മറ്റൊരു സന്ദേശം വൈകി ഗർഭം ധരിക്കലിനെക്കുറിച്ചാണ്. ദമ്പതികൾക്ക് പലപ്പോഴും ചമ്മൽ ഉണ്ടാക്കുന്ന കാര്യമാണിത്. സമൂഹവും കുടുംബക്കാരും തങ്ങളെ എങ്ങനെയാണ് കാണുക എന്നതിലായിരിക്കും അവരുടെ ഭീതി. സമൂഹവും ബന്ധുക്കളും എന്ത് വിചാരിച്ചാലും വേണ്ട, നേരായ മാർഗത്തിലൂടെ പോയാൽ ഒന്നും പേടിക്കേണ്ട എന്ന് സിനിമ ഉണർത്തുന്നു. അതിന് ആദ്യം വേണ്ടത് മക്കളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കലാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും ജനിക്കുന്നുവെന്നും അവർ അതിനനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന സന്ദേശവും സിനിമ നൽകുന്നു.
വിവാഹചടങ്ങിൽ വെച്ച് മകൾ രണ്ട് മാസം ഗർഭിണിയാണെന്ന കാര്യം ലാലു അലക്സും തന്‍റെ ഭാര്യ വീണ്ടും ഗർഭിണിയാണെന്ന കാര്യം മോഹൻലാലും പ്രഖ്യാപിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ആദ്യം മുതൽ ഒടുക്കം വരെ മടുപ്പിക്കാതെ മുന്നോട്ടുപോകുന്ന സിനിമ കണ്ടിറങ്ങുമ്പോഴും ഒരു ഫീൽ ഗുഡ് തരും. യുവതലമുറയും കുടുംബങ്ങളും ഒരുപോലെ കാണേണ്ട സിനിമയാണിത്.
ഒ.ടി.ടി പ്ലാറ്റ്ഫോമായ Disney+ Hotstar ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പുറത്തിറക്കിയിട്ടുള്ളത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരാണ് തിരക്കഥ. ആശിർവാദ് സിനിമാസിലൂടെ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവരും സിനിമയിലുണ്ട്. ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.