EbuzzLife
Trending

തൊഴിലുറപ്പ്​ തൊഴിലാളികളുടെ അതിജീവനത്തിന്‍റെ കഥപറഞ്ഞ്​ ‘പത്തുമാസം’

'കേരളത്തിന്‍റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിക്ക്' എന്നതാണ് സിനിമയുടെ സമർപ്പണവാക്യം

മനോഹരമായ ഗ്രാമപശ്ചാത്തലത്തിൽ, തൊഴിലുറപ്പു തൊഴിലാളികളുടെ അതിജീവനത്തിന്‍റെ കഥപറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയസിനിമയാണ് ‘പത്തുമാസം’. മനോരമ മാക്സ് ഒ.ടി.ടിയിലൂടെ മെയ് മൂന്നിനാണ് ചിത്രം റിലീസായത്. തൊഴിലുറപ്പു തൊഴിലാളിയായ പ്രസീതയുടെ ഗർഭകാലമാണ് സിനിമയിലെ കാലം. ഭർത്താവ് രഘുവുമായി പിണങ്ങുന്ന അവൾ ഗർഭിണിയായിരിക്കെത്തന്നെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ഇതോടെ അവളുടെ ഗർഭകാലം കൂടുതൽ കലുഷിതമാകുന്നു.

പ്രസീതയുടെ മകൾ നിധിയിലൂടെ ‘വനിതാ മുഖ്യമന്ത്രി’ എന്ന സ്വപ്നം സിനിമ മുന്നോട്ടു വെക്കുന്നു. ‘കേരളത്തിന്‍റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിക്ക്’ എന്നതാണ് സിനിമയുടെ സമർപ്പണവാക്യം. നിയമസഭാ തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെ വനിതാ മുഖ്യമന്ത്രിയെന്ന ആശയം ചർച്ച ചെയ്യാൻ ശ്രമിക്കുന്ന സിനിമ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെയും പ്രതിപക്ഷ ബഹുമാനത്തിന്‍റെയും ഉന്നതമായ മാതൃകയെയും ചിത്രം അടയാളപ്പെടുത്തുന്നു. അടിസ്ഥാന വർഗജീവിതം പത്തുമാസത്തിൽ നിറഞ്ഞു നിൽക്കുന്നു.

‘പകൽപ്പൂരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ കവിതാ ജോസ് ഇരുപതുവർഷത്തിനു ശേഷം അഭിനയിക്കുന്ന സിനിമയാണ് ‘പത്തുമാസം’. പ്രസീതയുടെ പെൺസ്ഥൈര്യത്തെ മികവുറ്റ ശരീരഭാഷയിൽ അവതരിപ്പിക്കാൻ കവിതയ്ക്ക് സാധിച്ചു. കവിതാ ജോസിന്‍റെ മകളായ റൈസാ ബിജ്‌ലി തന്നെയാണ് പ്രസീതയുടെ മകൾ നിധിയായി അഭിനയിക്കുന്നത്. നടനും നാടൻപാട്ടു കലാകാരനുമായ സുരേഷ് തിരുവാലി പ്രസീതയുടെ ഭർത്താവ് രഘുവായി സ്ക്രീനിലെത്തുന്നു.

10 months movie

രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ, കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമയായ ‘ല.സാ.ഗു’ ഒരുക്കിയ സുമോദ്- ഗോപു ടീമാണ് ‘പത്തുമാസ’ത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അധ്യാപകരായ സുമോദും ഗോപുവും സഹോദരങ്ങളാണ്. 2015ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാര ജേതാവായ ഒ.എസ് ഉണ്ണികൃഷ്ണൻ രചിച്ച് ജിൻസ് ഗോപിനാഥ് ഈണം നൽകി ജെറിൽ ഷാജി പാടിയ ഗാനം(വിജനമാകയോ…) ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അനിൽ മങ്കടയുടെ നാടൻപാട്ടുകളും ഡോ. എസ്.സഞ്ജയ് എഴുതിയ കവിതയും ചിത്രത്തിലുണ്ട്.

നീഹാർ ഫിലിംസിന്‍റെ ആദ്യ നിർമ്മാണ സംരഭമാണ് ‘പത്തുമാസം.’ ഛായാഗ്രഹണം- സുധീർ.കെ.സുധാകരൻ, ചിത്രസംയോജനം- സന്ദീപ് നന്ദകുമാർ, കലാസംവിധാനം- ഷാജി കേശവ്, കളറിങ്ങ്- ലിജു പ്രഭാകർ, പശ്ചാത്തല സംഗീതം- മധു പോൾ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, ചമയം- സുധാകരൻ പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ. ബിബീഷ് പുത്തഞ്ചേരി, റെജി രാമപുരം, അജീഷ് കോട്ടയം, ഉണ്ണികൃഷ്ണൻ നെല്ലിക്കാട്, വിജിത സുരേഷ്, മാനസ സതീഷ്, ഐ. സമീൽ, ബറോസ് കൊടക്കാടൻ, ശശികല, ജയേഷ്, ജാഫർ അല്ലപ്ര, ദീപക് തിരുവാലി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Shameem VK

Web Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!