നമ്മുടെ രാജ്യം ഇന്ന് ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വായു മലിനീകരണം. അനിയന്ത്രിതമായ മരം മുറി, ഫാക്ടറികളിൽനിന്നും വാഹനങ്ങളിൽനിന്നും പുറംതള്ളുന്ന വിഷപ്പുകകൾ, ആഘോഷനാളുകളിൽ പൊട്ടിച്ചുകളയുന്ന പടക്കങ്ങൾ തുടങ്ങി ധാരാളം കാരണങ്ങൾ നമ്മുടെ അന്തരീക്ഷത്തെ ദിവസംതോറും മലീനസപ്പെടുത്തുകയാണ്.
ദീപാവലി ആഘോഷത്തിന് ശേഷം വായു മലിനീകരണത്തിൽനിന്ന് രാജ്യം പതിയെ കരകയറുകയാണ്. ഈ സാഹചര്യത്തിൽ ഉപയോക്താക്കളെ അവരുടെ പ്രദേശത്തെ വായുവിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ( air quality index ) അറിയാൻ സഹായിക്കാനുള്ള സുപ്രധാന മാർഗം അറിയിച്ചിരിക്കുകയാണ് ഗൂഗിൾ (google). ട്വിറ്റർ (twitter) വഴിയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
“Google search ൽ നിങ്ങളുടെ പ്രദേശത്തെ വായുവിൻെറ ഗുണനിലവാരത്തെക്കുറിച്ച് തത്സമയ വിവരങ്ങൾ കണ്ടെത്താം, അതുവഴി നിങ്ങളെയും നിങ്ങൾ ഇഷ്ടപ്പെടുന്നവരെയും സംരക്ഷിക്കാൻ കഴിയും. ‘air quality near me’ എന്നാണ് ഗൂഗിൾ സെർച്ചിൽ ടൈപ്പ് ചെയ്യേണ്ടത്” -ഗൂഗിൾ ഇന്ത്യ ട്വിറ്ററിൽ കുറിച്ചു.
Air quality index
നിങ്ങളുടെ സമീപമുള്ള വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കാനും വായു ഗുണനിലവാര ഡാറ്റ അടങ്ങിയ Google തിരയൽ ഫലങ്ങളുടെ പേജിലേക്ക് പോകാനും നിങ്ങൾക്ക് ഈ നേരിട്ടുള്ള ലിങ്ക് ഉപയോഗിക്കാം. ഒരു പ്രദേശത്തെ വായുവിൻെറ ഗുണനിലവാരം എളുപ്പത്തിൽ വിലയിരുത്താനുള്ള സംവിധാനമാണ് എയർ ക്വാളിറ്റി ഇൻഡക്സ് (air quality index). വിവിധ ഘടകങ്ങളെ വിലയിരിത്തിയാണ് ഇത് നിർണയിക്കുന്നത്. വിവിത തോതിലായി ഇതിനെ ക്രമീകരിച്ചിട്ടുണ്ട്. അക്കാര്യം ചുവടെ നൽകുന്നു.
0-50 = മികച്ച വായു
51-100 = തൃപ്തികരം
101-200 = മിതമായത്
201-300 = മോശം വായു
301-400 = വളരെ മോശം
401-500 = ഗുരുതരം
കേരളത്തിൽ എട്ടിടങ്ങളിൽ
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫ് ഇന്ത്യയുടെ (Central Pollution Control Board of India) വിവരങ്ങൾ ഉപയോഗിച്ചാണ് വായുവിൻെറ ഗുണനിലവാരത്തെ സംബന്ധിച്ച് ഗൂഗിൾ അപ്ഡേറ്റുകൾ നൽകുന്നത്. ഇവർ അവസാനമായി അപ്ഡേറ്റ് ചെയ്ത സമയവും നിങ്ങളുടെ പ്രദേശത്തെ വായുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്ന നിലയും ഇതിൽ കാണിക്കുന്നു.
രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലെ വായുവിൻെറ ഗുണനിലവാരം ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, CPCB യുടെ ഔദ്യോഗിക National Air Quality Index പേജ് ഇവിടെ നേരിട്ട് സന്ദർശിക്കാം. കേരളത്തിലെ ഏലൂർ, എറണാകുളം, കണ്ണൂർ, കൊച്ചി, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെ വായുവിൻെറ തത്സമയ ഗുണനിലവാരത്തെക്കുറിച്ചാണ് ഇതിൽ അറിയാൻ കഴിയുക. ഇതിനെല്ലാം പുറമെ മികച്ച കാലാവസ്ഥാ ആപ്പുകളും നിങ്ങളുടെ പ്രദേശത്തെ വായുവിൻെറ ഗുണനിലവാരം തൽസമയം നൽകുന്നുണ്ട്.