Site icon MotorBeat

Toyota Innova Crysta, Hilux, Fortuner എന്നിവ ഇന്ത്യയിൽ നിർത്തിവെച്ചു

Toyota hilux price

Toyota Innova Crysta, Hilux, Fortuner

ആഗോള വാഹന രംഗത്തെ ഭീമന്മാരായ ടൊയോട്ടയുടെ കരുത്തരായ ചില മോഡലുകളുടെ വിതരണം ഇന്ത്യയിൽ താൽകാലികമായി നിർത്തിവെച്ചു. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നീ മോഡലുകളാണ് നിർത്തിവെച്ചത്. ആയതിനാൽ ടോയോട്ടയുടെ ഈ മൂന്ന് മോഡലുകൾ ബുക്ക് ചെയ്ത് ഡെലിവറിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഇഷ്ട വാഹനം കയ്യിൽ കിട്ടാൻ ഇനിയും ഏറെ വൈകിയേക്കും.

ഏതൊരു വാഹനവും പുറത്തിറക്കുന്നതിന് മുമ്പ് നിർമാതാക്കളുടെ ഉൽപന്ന തരം അപ്പ്രൂവ് ( product type approval ) ചെയ്യുന്നതിനായി ചില ടെസ്റ്റുകൾക്ക് വിധേയമാക്കി ശരിയായ സർട്ടിഫിക്കേഷൻ നൽകേണ്ടതുണ്ട്. എന്നാൽ ടൊയോട്ടയുടെ അത്തരം ടെസ്റ്റിൽ ചില തകരാറുകൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ടൊയോട്ട മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ ഡീസൽ എഞ്ചിനുകൾ വികസിപ്പിക്കാൻ ടൊയോട്ട ഇൻഡസ്ട്രീസ് കോർപ്പറേഷനെ (TICO) ആയിരുന്നു ചുമതലപ്പെടുത്തിയത്. തിങ്കളാഴ്‌ച ഈ ഡീസൽ എൻജിനുകളുടെ bhp പരിശോധന നടത്തിയിരുന്നു. എന്നാൽ മൂന്ന് എൻജിൻ മോഡലുകളുടെ സർട്ടിഫിക്കേഷൻ പരിശോധനയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തുകയും, എൻജിൻ നിർമാണ ചുമതലയുള്ള TICO അക്കാര്യം ടൊയോട്ടയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു . എൻജിനുകളുടെ ‘smoothing’ ആയി ബന്ധപ്പെട്ട തകരാറുകളാണ് TICOയുടെ പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ടിൽ പ്രസ്‌താവിച്ചിരിക്കുന്നത്. ഇതേത്തുടർന്നാണ് കമ്പനിയുടെ മൂന്ന് മോഡലുകളുടെ വിതരണം ഇന്ത്യയിൽ താത്കാലികമായി നിർത്താൻ തീരുമാനിച്ചത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഈ മൂന്ന് വാഹനങ്ങൾ അടക്കം മൊത്തം ടൊയോട്ടയുടെ പത്തു മോഡലുകളിലാണ് ഈ ബാധക എൻജിൻ ഉപയോഗിക്കുന്നത്.

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിൻ്റെ (TKM) ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയായിരുന്നു. അവയാണ് താത്കാലികമായ നിർത്തിവെക്കലിന് വിധേയമായിട്ടുള്ളത്. എന്നിരുന്നാലും ഈ മോഡലുകളുടെ ഉൽപാദനവും, പുതിയ ഓർഡറുകൾ സ്വീകരിക്കുന്നതും തുടരുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

തകരാറിലായ വാഹനങ്ങളുടെ സർട്ടിഫിക്കേഷനായി ഉപയോഗിച്ച ഡാറ്റ വീണ്ടും പരിശോധിക്കാൻ ടൊയോട്ട ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. പക്ഷെ ഇതിനകം ഷോറൂമുകളിൽ എത്തിയതും, ഇതുവരെ ഡെലിവറി ചെയ്യാത്തതുമായ കാറുകൾ അതിൻ്റെ ഉപഭോക്താക്കളെ ഈ അവസ്ഥയെക്കുറിച്ച് പൂർണ്ണമായി അറിയിച്ച ശേഷം മാത്രമേ കൈമാറുകയുള്ളൂ. ഇത് സ്ഥിരീകരിച്ചതിന് ശേഷമേ പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്യുകയുള്ളൂ എന്നും വക്താവ് ഉറപ്പുനൽകി.

അതേസമയം, പ്ലാൻ്റിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കമ്പനി പുനഃപരിശോധിച്ച് അതാത് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായും ടൊയോട്ട അവകാശപ്പെടുന്നു. “തകരാറ് ബാധിച്ച എഞ്ചിനുകളോ വാഹനങ്ങളോ ഉപയോഗിക്കുന്നത് നിർത്തേണ്ട ആവശ്യമില്ല, വാഹനങ്ങളുടെ മലിനീകരണത്തെയോ സുരക്ഷയെയോ ഇത് ബാധിക്കില്ല. എന്നിരുന്നാലും തങ്ങളുടെ വാഹനങ്ങളെ പിന്തുണയ്ക്കുകയും ദീർഘകാലമായി കാത്തിരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഉപഭോക്താക്കളോടും ഇത് ഉണ്ടാക്കിയ അസൗകര്യത്തിനും ആശങ്കകൾക്കും ഞങ്ങൾ ക്ഷമ ചോദിക്കുന്നു” – ടൊയോട്ട മോട്ടോർ കോർപ്പറേഷൻ കൂട്ടിച്ചേർത്തു.

24.79 ലക്ഷം, 42.96 ലക്ഷം, 39.12 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നീ മോഡലുകൾക്ക് കേരളത്തിലുള്ള പ്രാരംഭ ഓൺ-റോഡ് വില.

Exit mobile version