അറിയാം, ഇന്ത്യയുടെ ഡിജിറ്റൽ രൂപയെ കുറിച്ച്
ലോകത്ത് കറൻസികൾ വരുന്നതിന് മുമ്പ് ബാർട്ടർ സമ്പ്രദായമാണ് ഉണ്ടായിരുന്നത്. അതായത് നമ്മൾ ഒരു സാധനം വാങ്ങുമ്പോൾ അതിന് തതുല്യമായ മൂല്യമുള്ള മറ്റൊരു സാധനം ലഭിക്കും. പിന്നീട് കറൻസികൾ പ്രചാരണത്തിൽ വന്നതോടെ വിനിമയത്തിന് അവ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ, ഇന്നിപ്പോൾ കറൻസികളും അപ്രത്യക്ഷമാവുകയാണ്. ലോകം അതിവേഗം ഡിജിറ്റൽ യുഗത്തിലേക്ക് മുന്നോറുമ്പോൾ പണവിനിമയ സൗകര്യങ്ങളും അതിനനുസരിച്ച് മാറുകയാണ്. ഇന്‍റർനെറ്റ് ബാങ്കിങ് മുതൽ യുപിഐ സംവിധാനം വരെ ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈവശം പോലും ഗൂഗിൾ പേയും ഫോൺ പേയും ലഭ്യമാണ്. അതായത് സാധനങ്ങൾക്കും സേവനങ്ങൾ പണം കറൻസിയായി നൽകേണ്ട എന്നർത്ഥം.
പണമിടപാടെല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു. എന്നാൽ, ഈ അവസരം മുതലെടുത്ത് പല സ്വകാര്യ കമ്പനികളും സ്വന്തമായി ഡിജിറ്റൽ കറൻസികൾ ഇറക്കാൻ തുടങ്ങി. അവയെ ക്രിപ്റ്റോ കറൻസി എന്ന് വിളിക്കാം. ബിറ്റ്കോയിൻ പോലുള്ള കറൻസികൾ ഇതിന് ഉദാഹരണമാണ്. എന്നാൽ, ഈ കറൻസികൾക്ക് മേൽ ഒരു സർക്കാറിനും നിയന്ത്രണമില്ല. അതിനാൽ തന്നെ കള്ളപ്പണ ഇടപാടുകൾക്കും മറ്റു അധാർമിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമില്ലാതെ ഇവ വേണമെങ്കിൽ ഉപയോഗിക്കാം എന്ന അവസ്ഥയായി. ഇവയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സർക്കാർ. ക്രിപ്റ്റോ കറൻസിക്ക് ബദലായി രാജ്യം ഡിജിറ്റൽ റുപീ (digital rupee india ) അവതരിപ്പിച്ചിരിക്കുകയാണ്.
ഡിജിറ്റൽ റുപീ – digital rupee india
2022ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) ഉടനെ പുറത്തിറക്കാൻ പോകുന്ന ‘ഡിജിറ്റൽ റുപീ (രൂപ)’ Digital Rupee എന്ന ഡിജിറ്റൽ കറൻസിയെ കുറിച്ച വിവരം പുറത്തു വിട്ടത്. സ്വകാര്യ ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കാനുള്ള സർക്കാറിന്‍റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. സ്വകാര്യ ക്രിപ്റ്റോ കറൻസികളെ ഒറ്റയടിക്ക് നിരോധിക്കുകയല്ല യഥാർഥത്തിൽ സർക്കാർ ചെയ്തത്. ഇവയിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ രൂപയുടെ പ്രചാരം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യക്തം. അതിനാൽ എന്താണ് ഡിജിറ്റൽ കറൻസിയെന്ന് നോക്കാം.
ഡിജിറ്റൽ രൂപ എന്താണ് എന്നറിയുന്നതിനു മുമ്പ് എന്താണ് സി.ബി.ഡി.സി എന്നറിയണം. ഒരു രാജ്യത്തെ സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ഇലക്ട്രോണിക് കറൻസിയെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്നു വിളിക്കാം. പ്രചാരത്തിലുള്ള പേപ്പർ കറൻസികളെ പോലെ തന്നെയാണിത്. വിശ്വാസയോഗ്യമായ ഫിയറ്റ് കറൻസിയുടെ (നിയമപ്രകാരം റിസർവ് ബാങ്ക് പുറത്തിറക്കുന്ന കറൻസി) സി.ബി.ഡി.സിയാണ്/ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ രൂപ. ഇവ പണവുമായി കൈമാറ്റം ചെയ്യാം. ഇവ മറ്റ് ക്രിപ്റ്റോ കറൻസികളുമായും ( crypto currency ) ഡിജിറ്റൽ പണങ്ങളുമായും എങ്ങനെ വേറിട്ടു നിൽക്കുന്നെന്ന് പരിശോധിക്കാം.
എന്താണ് ഡിജിറ്റൽ റുപീ – what is digital rupee
2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കാനിരിക്കുന്ന ഇന്ത്യൻ സി.ബി.ഡി.സിയാണ് ഡിജിറ്റൽ രൂപ. അടിസ്ഥാനപരമായി ആർ.ബി.ഐ പുറത്തിറക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അംഗീകൃത ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമാണിത്. ഇന്ത്യൻ ഡിജിറ്റൽ കറൻസിയുടെ പ്രചാരം വർധിപ്പിക്കാൻ ബ്ലോക്ക് ചെയ്നും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുമെന്ന് ബജറ്റ് ഇൻറർവ്യൂവിൽ കേന്ദ്ര ധനമന്ത്രി പ്രസ്താവിച്ചിരുന്നു.
അതേസമയം, ഡിജിറ്റൽ രൂപ ആർ.ബി.ഐ എങ്ങനെ നടപ്പാക്കുമെന്നോ ഏതു തരത്തിലുള്ള ക്രിപ്റ്റോഗ്രാഫി ഉപയോഗപ്പെടുത്തുമെന്നോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളില്ല. മറ്റ് ക്രിപ്റ്റോ കറൻസികളായ ബിറ്റ് കോയ്ൻ, എതേറിയം എന്നിവക്ക് ഇന്ത്യൻ ഡിജിറ്റൽ രൂപ പകരമാണോ എന്നതും പുറത്തുവരാനിരിക്കുന്നേ ഉള്ളൂ. ബ്ലോക് ചെയ്ൻ സാങ്കേതികത ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റ് ക്രിപ്റ്റോ കറൻസികളേക്കാൾ ഡിജിറ്റൽ രൂപ കേന്ദ്രീകൃത സ്വഭാവമുള്ള ഡിജിറ്റൽ കറൻസിയാവും.
എന്നുവരും ഇന്ത്യയിൽ?
ഡിജിറ്റൽ രൂപയുടെ പുറത്തിറക്കൽ 2022-23 സാമ്പത്തിക വർഷത്തിലുണ്ടാവുമെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. 2019ൽ തന്നെ ആർ.ബി.ഐ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റോടെ ഡിജിറ്റൽ രൂപയുടെ വരവ് ഉറപ്പായി. ഈ വർഷമോ അടുത്ത വർഷമാദ്യമോ ബ്ലോക്ക് ചെയ്ൻ അടിസ്ഥാനമാക്കിയ ഡിജിറ്റൽ രൂപ പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.
ഡിജിറ്റൽ രൂപ വ്യത്യസ്തമാണ്, എങ്ങനെ?
ആർ.ബി.ഐ നിയന്ത്രിക്കുന്ന, കേന്ദ്രീകൃത സ്വഭാവമാണ് ഡിജിറ്റൽ രൂപയുടെ പ്രത്യേകതയെങ്കിൽ മറ്റ് ക്രിപ്റ്റോ കറൻസികൾക്ക് അതില്ല. ആർ.ബി.ഐ എന്ന ഇഷ്യൂവർ ഡിജിറ്റൽ രൂപക്കുള്ളപ്പോൾ മറ്റുള്ളവക്ക് അതില്ല. സ്വകാര്യ ക്രിപ്റ്റോ കറൻസികളുടെ നിയന്ത്രണം എല്ലാ ഉപയോക്താക്കളിലുമാണെന്നു പറയാം. ഒപ്പം ഇടപാടുകൾ പൊതുയിടത്തിലുമാകും.
ധനവിനിമയ വ്യവസ്ഥയിൽ ഏറെ പ്രധാനപ്പെട്ട സുതാര്യത ഡിജിറ്റൽ രൂപയിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ഇടപാടിനു പിന്നിലുള്ളവരെ (പണമയക്കുന്നവരും സ്വീകരിക്കുന്നവരും) ഡിജിറ്റൽ രൂപയിൽ മനസിലാക്കാം. എന്നാൽ, മറ്റുള്ളവയിൽ ഇത്തരം വിവരങ്ങൾ അജ്ഞാതമാണ്. ഈ അജ്ഞത സർക്കാരുകൾക്ക് ഇഷ്ടമല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഡിജിറ്റൽ പണത്തിൽനിന്നുള്ള വ്യത്യാസങ്ങൾ?
ഡിജിറ്റൽ രൂപയും ഡിജിറ്റൽ പണവും തമ്മിലുള്ള വ്യത്യാസം സാങ്കേതികമാണ്. ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ടി. രബിശങ്കറിന്‍റെ വാക്കുകൾ കടമെടുത്താൽ:
‘ഡിജിറ്റൽ രൂപക്ക് ഡിജിറ്റൽ പണമിടപാടിൽ വ്യക്തമായ മുൻതൂക്കമുണ്ട്. ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾ സാമ്പത്തിക സംവിധാനത്തിലെ റിസ്ക് കുറക്കും. യു.പി.ഐ സംവിധാനത്തിലൂടെ ഡിജിറ്റൽ രൂപ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ബാങ്കുകൾക്കിടയിലെ സെറ്റിൽമെൻറ് ആവശ്യം വരുന്നില്ല. ഇതിലൂടെ കൂടുതൽ ചെലവു കുറഞ്ഞതും യാഥാർഥ്യം നിറഞ്ഞതുമായ പണമിടപാടുകളുടെ ആഗോളവത്കരണമാണ് ഡിജിറ്റൽ രൂപ തുറന്നിടുന്നത്. അമേരിക്കയിലുള്ള ഒരു കയറ്റുമതിക്കാരന് ഇന്ത്യൻ ഇറക്കുമതിക്കാരന് ഇടനിലക്കാരനില്ലാതെ പണം കൈമാറ്റം ചെയ്യാനാവും’ -രബിശങ്കർ പറയുന്നു.
ബാങ്കിങ് ഇടപാടുകളിലെ ഇടനിലക്കാരെ ഒഴിവാക്കുമെന്നതിനാൽ ഡിജിറ്റൽ രൂപയുടെ കാര്യക്ഷമതയും ചെലവു കുറവും എത്രത്തോളം ഉപകാരപ്രദമാണെന്ന് മുകളിലെ പ്രസ്താവനയിൽനിന്ന് മനസ്സിലാക്കാം.
എന്തിന് ഇന്ത്യക്ക് സ്വന്തം ഡിജിറ്റൽ രൂപ?
ക്രിപ്റ്റോ കറൻസി പോലുള്ള പുതിയ ഡിജിറ്റൽ കറൻസികളെ പേടിച്ചാണ് ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ ഭാഗികമായെങ്കിലും ഡിജിറ്റൽ രൂപയോ സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ കറൻസിയോ നിർമിച്ചെടുക്കുന്നത്. മറ്റുള്ളവ ഉപയോഗിച്ചുള്ള പണമിടപാടുകൾ പിന്തുടരാനോ നിയന്ത്രിക്കാനോ ആവില്ല എന്നതാണ് കാരണം. തീവ്രവാദ/അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് ജനം ക്രിപ്റ്റോ കറൻസികൾ മറയാക്കുമോ എന്ന ഭയവും സർക്കാരുകൾക്കുണ്ട്. ഒപ്പം കള്ളപ്പണത്തിന്‍റെ നികുതിവെട്ടിപ്പിനും ഇടയുണ്ട്.
കൂടാതെ, കോടിക്കണക്കിന് രൂപ സർക്കാറിന്‍റെ നിയന്ത്രണത്തിനു പുറത്ത് വിപണിയിലുണ്ടാകുമ്പോൾ രാജ്യത്തെ സാമ്പത്തിക നയങ്ങളെ അത് സാരമായി ബാധിക്കും. ഇതിനെല്ലാം പുറമെ ഇവയുടെ നിരവധി മൾട്ടി ലെവൽ മാർക്കറ്റിങ് തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. ക്രിപ്റ്റോ കറൻസികൾ ഒരു സംഭവമായി മാറിക്കഴിഞ്ഞതോടെ നേരിട്ടുള്ള നിരോധനം ഇനി സർക്കാറിന് സാധ്യമല്ല. ഇതിനൊരു പരിഹാരമായാണ് ആർ.ബി.ഐയുടെ പിന്തുണയോടെ സ്വന്തം ഡിജിറ്റൽ രൂപയുമായി ഇന്ത്യൻ ഗവൺമെൻറിന്‍റെ വരവ്.
ഇതുവഴി ഡിജിറ്റൽ കറൻസി സംവിധാനങ്ങൾക്ക് ഒരു വിശ്വാസ്യതയും കൈവരും. ഒരു രാജ്യത്തിന്‍റെ ധനകാര്യ സംവിധാനത്തെ കൂടുതൽ കരുത്തോടെയും കാര്യക്ഷമതയോടെയും മുന്നോട്ടു നയിക്കാൻ ബ്ലോക് ചെയ്നിൽ പടുത്തുയർത്തിയ ഡിജിറ്റൽ കറൻസികൾക്കു കഴിയും. വ്യാജനോ കള്ളനോട്ടോ നിർമിക്കാൻ കഴിയില്ല എന്നതും ഡിജിറ്റൽ കറൻസിയുടെ മേന്മയാണ്.