Electric car charging station Kerala ? നമ്മൾ പലപ്പോഴും ആലോചിക്കുന്ന ഒരു ചോദ്യമാണിത്. കേരളത്തിൽ എവിടെയൊക്കെ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ കഴിയുന്ന സ്റ്റേഷനുകളുണ്ട് എന്നത്.
ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണ് ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നതിൽനിന്ന് ജനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന പ്രധാന കാരണം. വാഹനലോകത്തിലെ അടുത്ത യുഗം എന്നു പറഞ്ഞാൽ അത് ഇലക്ട്രിക്കാണ്. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. അത്രയും പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ് ഈ മേഖലയിൽ നടക്കുന്നത്.
റേഞ്ച് 600ന് മുകളിൽ
ആദ്യകാലത്ത് 100 കിലോമീറ്ററിനുള്ളിൽ റേഞ്ച് മാത്രമാണ് വാഹനങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത് 600ന് മുകളിൽ എത്തിയിരിക്കുന്നു. മാത്രമല്ല ചാർജിങ് സമയവും കുറയുകയാണ്. ഫുൾചാർജാകാൻ എട്ട് മണിക്കൂർ വേണ്ടിടത്ത് ഒരു മണിക്കൂറിന് ഉള്ളിലേക്ക് പോവുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് നിസ്സംശയം പറയാം. ഈ വിപ്ലവത്തിന് സാക്ഷിയാകാൻ പുതിയ മോഡലുകൾ വിവിധ കമ്പനികൾ അണിയറയിൽ ഒരുക്കുന്നുണ്ട്.
ഇതൊക്കെ ആണെങ്കിലും നമ്മൾ ഇപ്പോഴും ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ മടിച്ചുനിൽക്കുകയാണ്. ഇതിൻെറ പ്രധാന കാരണം ചാർജിങ് സ്റ്റേഷനുകളുടെ അഭാവം തന്നെ. കേരളത്തിൽ ആകെ 1.53 കോടി വാഹനങ്ങൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം അറിയിച്ചത്. ഇതിൽ 12,109 എണ്ണം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ.
കെ.എസ്.ഇ.ബി പോലുള്ള പൊതുമേഖല കമ്പനികൾ കേരളത്തിൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ വ്യാപകമായിട്ടില്ല. ഇതിലേക്കാണ് ഇനി എ.ആർ.എ.ഐ ( Automotive Research Association of India – ARAI ) ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. ഇതോടെ ഈ മേഖലയിൽ വലിയൊരു വിപ്ലവമായിരിക്കും സൃഷ്ടിക്കുക.
എആർഎഐ ഇതിനകം തന്നെ ഉൽപ്പന്നത്തിൻെറ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ചാർജിങ് സംവിധാനം 2022 ഡിസംബറിൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാൻ എ.ആർ.എ.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവഴി ഡിസംബറോടെ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.
ഈ ഫാസ്റ്റ് ചാർജറുകൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രശ്നം പരിഹരിക്കും. ഒപ്പം ബാറ്ററിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയും ചെയ്യും. ഓരോ വാഹനത്തിനും ചാർജിങ്ങിന് എത്ര സമയം വേണ്ടി വരും എന്നത് ഉൽപ്പന്നത്തിൻെറ നിർമാണം കഴിഞ്ഞാലേ പറയാനാവൂ.
കേരളത്തിനും ഗുണമേറെ ( Electric car charging station Kerala )
ഇന്ത്യയിലുടനീളമുള്ള 22,000 പെട്രോൾ പമ്പുകളിൽ ഇ.വി ചാർജറുകൾ സ്ഥാപിക്കാൻ കേന്ദ്ര ഘനമന്ത്രാലയം പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ട്. ഹൈവേകളിൽ 25 കിലോമീറ്റർ ഇടവേളയിലും നഗരങ്ങളിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം.
ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വലിയതോതിൽ ഗുണം ചെയ്യും. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ദേശീയപാതകളാണുള്ളത്. കൂടാതെ ഇവക്കിടയിലും ധാരാളം നഗരങ്ങളും പെട്രോൾ പമ്പുകളുമുണ്ട്. ഇവിടങ്ങളിൽ ചാർജിങ് സ്റ്റേഷൻ വന്നാൽ ( electric car charging station Kerala ) അത് ഇ.വി യുഗത്തിന് വലിയൊരു മുതൽക്കൂട്ടാകും. ഇതോടൊപ്പം ഇ.വി വാഹനങ്ങൾ ഓടിക്കുക എന്നത് പേടിസ്വപ്നമല്ലാതയാകും.