EV Zone
Trending

കീശയിലൊതുങ്ങുന്ന മെയിൻറനൻസ്​; പഴയ ലക്ഷ്വറി കാറുകൾ ഇലക്​ട്രിക്കിലേക്ക്​ മാറ്റാം

വാഹനലോകം ഇലക്​ട്രിക്​ യുഗത്തിലേക്ക്​ അതിവേഗം ചലിച്ചുകൊണ്ടിരിക്കുകയാണ്​. പുതിയ വാഹനങ്ങൾക്ക്​ പുറമെ പഴയ ലക്ഷ്വറി വാഹനങ്ങളടക്കം ഇലക്​ട്രിക്കിലേക്ക്​ മാറ്റാൻ കഴിയുമോ എന്ന ചിന്തയിലാണ്​ പലരും. കുറഞ്ഞ മെയിൻറനൻസ്​ ചെലവിൽ ലക്ഷ്വറി കാർ സ്വന്തമാക്കാം എന്നത്​ തന്നെയാണ്​ ഇതിന്​ പിന്നിലെ കാരണം. പെട്രോൾ, ഡീസൽ കാറുകൾ ഇലക്​ട്രിക്​ കിറ്റ്​ ഉപയോഗിച്ച്​ ( electric car kit ) വൈദ്യുത വാഹനമാക്കുകയാണ്​ ഇവിടെ.

2021ന്‍റെ അവസാനത്തിലാണ്​ രാജ്യതലസ്​ഥാനമായ ഡൽഹിയിൽ പുതിയൊരു നിർദേശം​ കൊണ്ടുവന്നത്​. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകളും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകളും ഇലക്​ട്രിക്കിലേക്ക്​ മാറ്റാമെന്നാണ്​ നിർദേശം. 2015ൽ നടപ്പാക്കിയ ഉത്തരവ്​ പ്രകാരം 10 വർഷം കഴിഞ്ഞ ഡീസൽ കാറുകളും 15 വർഷമായ പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ ഓടാൻ പാടില്ല. ഇവ ഒന്നുകിൽ പൊളിച്ചുകളയുകയോ അല്ലെങ്കിൽ മറ്റു സ്​ഥലങ്ങളിലേക്ക്​ രജിസ്​ട്രേഷൻ മാറ്റുകയോ ആണ്​ ചെയ്യാറ്​. വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണമാണ്​ നിരോധനത്തിന്​ പിന്നിലെ പ്രധാന കാരണം. ഇങ്ങനെ ഒഴിവാക്കുന്ന വാഹനങ്ങൾ കേരളത്തിലേക്കടക്കം കൊണ്ടുവരാറുണ്ട്​. ലക്ഷ്വറി കാറുകളും ഇക്കൂട്ടത്തിൽ ധാരാളമുണ്ട്​.

ലക്ഷ്വറി കാറുകളുടെ തലസ്ഥാനം

രാജ്യത്ത്​ തന്നെ ഏറ്റവുമധികം ലക്ഷ്വറി കാറുകൾ പുറത്തിറങ്ങുന്ന നാട്​ കൂടിയാണ്​ ഇന്ദ്രപ്രസ്​ഥം. കേരളത്തിലും ഇന്ന്​ ധാരാളം സെക്കൻഡ്​ ഹാൻഡ്​ ലക്ഷ്വറി കാറുകൾ ലഭ്യമാണ്​. മിക്കവയും മഹാരാഷ്​ട്ര, ഡൽഹി പോലുള്ള സംസ്​ഥാനങ്ങളിൽനിന്ന്​ കൊണ്ടുവരുന്നവ​. ഇവയിൽ അധികവും മെഴ്​സിഡസ്​ ബെൻസിന്‍റെ ( Mercedes Benz )​ സെഡാനുകളും എസ്​.യു.വികളുമായിരിക്കും. കാരണം ആഡംബരത്തിന്‍റെ എക്കാലത്തെയും മുഖമുദ്രയാണ്​​ ബെൻസ്​. പിന്നീട്​ ബി.എം.ഡബ്ല്യുവും (BMW) വോൾവോയും (VOLVO) ഔഡിയുമെല്ലാം (AUDI) വന്നെങ്കിലും ബെൻസിന്‍റെ താരപ്പൊലിമക്ക്​ മ​ങ്ങലേറ്റിട്ടില്ല. ഇതിന്‍റെ ന​ല്ല ഉദാഹരണമാണ്​ ഒ.എൽ.എക്​സിൽ ( olx ) ഏറ്റവുമധികം വിൽക്കാനുള്ള സെക്കൻഡ്​ ഹാൻഡ്​ ലക്ഷ്വറി കാറുകൾ ബെൻസ്​ ആണെന്നുള്ളത്​.

ലക്ഷ്വറി കാറെന്ന സ്വപ്​നം

മെഴ്​സിഡസ്​ ബെൻസ്​, ബി.എം.ഡബ്ല്യു, ലാൻഡ്​ റോവർ തുടങ്ങിയ പേര്​ കേൾക്കു​മ്പോൾ തന്നെ വാഹന പ്രേമികളുടെ മനസ്സിൽ രോമാഞ്ചമുണ്ടാകും. ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന്​ ആഗ്രഹിച്ച വാഹനങ്ങൾ നിരവധിയുണ്ട്​. എന്നാൽ, ഇവ സ്വന്തമാക്കുന്നതിൽ പ്രതിബദ്ധങ്ങൾ പലതുണ്ട്​. വൻ വിലയാണ്​ പ്രധാന വില്ലൻ. ഇതിനെ മറികടക്കാൻ പലരും സെക്കൻഡ്​ ഹാൻഡ്​ ലക്ഷ്വറി കാറുകൾ സ്വന്തമാക്കാറുണ്ട്​. കുറഞ്ഞ ചെലവിൽ ലക്ഷ്വറി കാർ സ്വന്തമാക്കാമെങ്കിലും ഇതിന്‍റെ മെയിൻറനൻസ് ചെലവ്​​ ഉയർന്നുതന്നെ നിൽക്കും. മാത്രമല്ല, പഴക്കമുള്ളതിനാൽ ഇവയുടെ പാർട്ട്​സുകൾ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്​.

വെല്ലുവിളികൾ മറികടക്കാനൊരു വിദ്യ – electric car kit

ഇങ്ങനെ ധാരാളം വെല്ലുവിളികൾ നിറഞ്ഞതിനാൽ തന്നെ ലക്ഷ്വറി കാറുകൾ പലരും 10 വർഷം കഴിയു​മ്പോൾ വിറ്റ്​ ഒഴിവാക്കാറാണ്​ പതിവ്​. തുച്​ഛമായ വിലക്കാകും ഇവർ വണ്ടി വിൽക്കുക. അതായത്​ 15 കൊല്ലം മുമ്പ്​ 80 ലക്ഷം രൂപ കൊടുത്ത്​ വാങ്ങിയ ബെൻസ്​ എസ്​ ക്ലാസ്​ ഇന്ന്​ 10 ലക്ഷം രൂപക്ക്​ കിട്ടും. അതായത്​ ഒരു പുതുപുത്തൻ ഹ്യുണ്ടായ്​ വെന്യുവിന്‍റെ വിലക്ക്​ അടിപൊളി ബെൻസ്​ വാങ്ങാം എന്ന്​ ചുരുക്കും. എന്നിട്ടും എന്തുകൊണ്ടാകും ആളുകൾ​ ലക്ഷ്വറി കാറുകൾ സെക്കൻഡ്​ ഹാൻഡ്​ വാങ്ങാൻ മടിക്കുന്നത്? അതിനുത്തരം അവയുടെ ഉയർന്ന മെയിൻറനൻസ്​ ചെലവാണ്​.

ഇങ്ങനെ മടിച്ചുനിൽക്കുന്നവർക്കുള്ള അവസരമാണ്​​​ ഇവയെ ഇലക്​ട്രിക്കിലേക്ക്​ കൺവെർട്ട്​ ചെയ്യുക എന്നത്​. വാഹനത്തിന്‍റെ എൻജിൻ മൊത്തമായി മാറ്റിവെച്ച്​ ഇലക്​ട്രിക്​ മോ​ട്ടോറും വലിയ ബാറ്ററിയും ഫിറ്റ്​ ചെയ്യുക. ഇതോടെ മെക്കാനിക്കലായിട്ടുള്ള തലവേദനകൾ ഏ​കദേശം 70 ശതമാനം കുറക്കാൻ സാധിക്കും. ഇലക്​ട്രിക്​ മോ​ട്ടോറും ബാറ്ററിയുമെല്ലാം വാറൻറിയുള്ളത്​ വാങ്ങിയാൽ ആ കാര്യത്തിലും ടെൻഷൻ വേണ്ട.

നിയമങ്ങൾ മാറണം

ഡൽഹിയിൽ പുതിയ നിയമം വന്നതിനാൽ ഇത്​ നമ്മുടെ നാട്ടിലും എത്താൻ വലിയ താമസം ഉണ്ടാകില്ല. പെ​ട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്​ട്രിക്കിലേക്ക്​ മാറ്റാനുള്ള സർക്കാർ അംഗീകൃത കമ്പനികൾ ഡൽഹിയിൽ വന്നിട്ടുണ്ട്​​. ആറ്​ കമ്പനികളുടെ കിറ്റുകളാണ് ( electric car kit )​ നിലവിൽ ഇലക്​ട്രിക്​ കൺവേർഷൻ ചെയ്യാൻ തെരഞ്ഞെടുത്തിട്ടുള്ളത്​. ഇന്‍റർനാഷനൽ സെന്‍റർ ഫോർ ഓട്ടോമോട്ടീവ്​ ടെക്​നോളജി ( international centre for automotive technology – ICAT) ആണ്​ കമ്പനികൾക്ക്​ അംഗീകാരം നൽകുന്നത്​. ഇവയുടെ​ കിറ്റുകൾ ഉപോയിച്ച്​ ഡീസൽ, പെട്രോൾ വാഹനങ്ങളെ ഇലക്​ട്രിക്കിലേക്ക്​ മാറ്റാം. രണ്ട്​, മൂന്ന്​, നാല്​ ചക്ര വാഹനങ്ങളെയാണ്​ ഇത്തരത്തിൽ മാറ്റാനാവുക.

ഇ​ട്രിയോ ഓട്ടോമൊബൈൽസാണ് ( etrio automobiles )​ ഒരു കമ്പനി. ഇവയുടെ ഇലക്​ട്രിക്​ കിറ്റ്​ ഉപയോഗിച്ച്​ പെട്രോൾ, ഡീസൽ വാഹനങ്ങളെ കൺവെർട്ട്​ ചെയ്യാം. 17.3 കിലോവാട്ട്​ ബാറ്ററിയാണ്​ ഉപയോഗിക്കുന്നത്​. 106 കിലോമീറ്റർ ആണ്​ റേഞ്ച്​.

Booma Innovative Transport Solutions Renewable എന്ന കമ്പനിയുടെ കിറ്റ്​ ഇരുചക്രവാഹനങ്ങൾക്കാണ്​ അനുയോജ്യം. 65.86 കിലോമീറ്റാണ്​ റേഞ്ച്​. 3EV Industries, Zero 21 Renewable Energy Solutions, VELEV Motors India Pvt Ltd എന്നിവയാണ്​ മറ്റു കമ്പനികൾ. മൂന്ന്​ മുതൽ അഞ്ച്​ ലക്ഷം വരെയാണ്​ ഇലക്​ട്രിക്കിലേക്ക്​ മാറ്റാൻ വരുന്ന നിരക്ക്​

8.77 ലക്ഷം ഇലക്​ട്രിക്​ വാഹനങ്ങൾ – electric car kit

രാജ്യത്ത്​ 27.34 കോടി വാഹനങ്ങളിൽ 8.77 ലക്ഷം ഇലക്​ട്രിക്കാണ്​. ഏറ്റവുമധികം ഇലക്​ട്രിക്​ വാഹനങ്ങൾ ഓടുന്നത്​ ഉത്തർപ്രദേശിലാണ്​. 2.58 ലക്ഷം. ഡൽഹിയിൽ 1.26 ലക്ഷം ഇ.വികളുണ്ട്​. ഇതിനർഥം ഇലക്​ട്രിക്​ യുഗത്തിലേക്ക്​ നമ്മുടെ രാജ്യം അതിവേഗം മുന്നേറുകയാണെന്നാണ്​.

ഡൽഹിയിലെ കമ്പനിക്ക്​ പുറമെ പുണെയിലുള്ള northway motorsport എന്ന കമ്പനി വാഹനങ്ങൾ അംഗീകൃതമായി ഇലക്​ട്രികിലേക്ക്​ കൺ​വെർട്ട്​ ചെയ്​ത്​ കൊടുക്കുന്നുണ്ട്​. ഇതിന്​ ഏകദേശം അഞ്ച്​ ലക്ഷത്തിന്​ മുകളിലാണ്​ ഇവർ ഈടാക്കുന്നത്​. മാരുതി ഇഗ്​നിസ്​, ഡിസയർ എന്നീ വാഹനങ്ങളാണ്​ ഇത്തരത്തിൽ കൺവെർട്ട്​ ചെയ്​തത്​. പുതിയ വാഹനത്തിലാണ്​ ഇവർ കൺവേർഷൻ ചെയ്യുന്നത്​. അതിനാൽ തന്നെ ചെലവ്​ അൽപ്പം കൂടുതലാണ്​.

എന്നാൽ, കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക്​ വന്നാൽ കുറഞ്ഞ ചെലവിൽ ഇലക്​ട്രിക്കിലേക്ക്​ മാറാൻ കഴിയും. ഇപ്പോൾ തന്നെ ആമസോണിലെല്ലാം ഇലക്​ട്രിക്​ കൺവേർഷൻ കിറ്റ്​ ലഭ്യമാണ്​. ഇവ ഉപയോഗിച്ച്​ പലരും തങ്ങളുടെ സ്​കൂട്ടറും ബൈക്കും ഓ​ട്ടോറിക്ഷയുമെല്ലാം കൺവെർട്ട്​ ചെയ്യുന്നുണ്ട്​. ഭാവിയിൽ ആൾ​ട്ടോ മുതൽ റോൾസ്​ റോയ്​സ്​ വരെ ഇത്തരത്തിൽ കൺവെർട്ട്​ ചെയ്യാനാകുമെന്ന്​ നമുക്ക്​ പ്രതീക്ഷിക്കാം. അതുവഴി ഇന്ധന വിലയും ലഭിക്കാം, പ്രകൃതിക്ക്​ സംരക്ഷണവുമേകാം.

വീടുകളിൽ സോളാർ ഉപയോഗിച്ച്​ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ പിന്നെ അമിത കറന്‍റ്​ ബില്ലിന്‍റെ കാര്യത്തിലും പേടിക്കേണ്ട. അപ്പോൾ എങ്ങനെയാ, ഇപ്പോൾ തന്നെ നല്ലൊരു സെക്കൻഡ്​ ഹാൻ ലക്ഷ്വറി കാർ എടുക്കാൻ പണം സ്വരുക്കൂട്ടി തുടങ്ങിക്കോളൂ. എന്നിട്ട്​ അതിനെ ഇലക്​ട്രിക്കിലേക്ക്​ കൺവെർട്ട്​ ചെയ്​ത്​ ​ലോ ടെൻഷനിൽ വണ്ടിയോടിച്ച്​ പോകാം. മാത്രമല്ല നമ്മൾ മോഹിച്ച്​ വാങ്ങിയ വാഹനം തുരുമ്പ്​ പിടിച്ച്​ പൊളിച്ചുകളയുന്നതിന്​ പകരം ഇത്തരത്തിൽ പുനരുപയോഗം ചെയ്യുകയുമാവാം.

electric car conversion kit

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!