വാഹനലോകം ഇലക്ട്രിക് യുഗത്തിലേക്ക് അതിവേഗം ചലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വാഹനങ്ങൾക്ക് പുറമെ പഴയ ലക്ഷ്വറി വാഹനങ്ങളടക്കം ഇലക്ട്രിക്കിലേക്ക് മാറ്റാൻ കഴിയുമോ എന്ന ചിന്തയിലാണ് പലരും. കുറഞ്ഞ മെയിൻറനൻസ് ചെലവിൽ ലക്ഷ്വറി കാർ സ്വന്തമാക്കാം എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. പെട്രോൾ, ഡീസൽ കാറുകൾ ഇലക്ട്രിക് കിറ്റ് ഉപയോഗിച്ച് ( electric car kit ) വൈദ്യുത വാഹനമാക്കുകയാണ് ഇവിടെ.
2021ന്‍റെ അവസാനത്തിലാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ പുതിയൊരു നിർദേശം കൊണ്ടുവന്നത്. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകളും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകളും ഇലക്ട്രിക്കിലേക്ക് മാറ്റാമെന്നാണ് നിർദേശം. 2015ൽ നടപ്പാക്കിയ ഉത്തരവ് പ്രകാരം 10 വർഷം കഴിഞ്ഞ ഡീസൽ കാറുകളും 15 വർഷമായ പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ ഓടാൻ പാടില്ല. ഇവ ഒന്നുകിൽ പൊളിച്ചുകളയുകയോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്ക് രജിസ്ട്രേഷൻ മാറ്റുകയോ ആണ് ചെയ്യാറ്. വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണമാണ് നിരോധനത്തിന് പിന്നിലെ പ്രധാന കാരണം. ഇങ്ങനെ ഒഴിവാക്കുന്ന വാഹനങ്ങൾ കേരളത്തിലേക്കടക്കം കൊണ്ടുവരാറുണ്ട്. ലക്ഷ്വറി കാറുകളും ഇക്കൂട്ടത്തിൽ ധാരാളമുണ്ട്.
ലക്ഷ്വറി കാറുകളുടെ തലസ്ഥാനം
രാജ്യത്ത് തന്നെ ഏറ്റവുമധികം ലക്ഷ്വറി കാറുകൾ പുറത്തിറങ്ങുന്ന നാട് കൂടിയാണ് ഇന്ദ്രപ്രസ്ഥം. കേരളത്തിലും ഇന്ന് ധാരാളം സെക്കൻഡ് ഹാൻഡ് ലക്ഷ്വറി കാറുകൾ ലഭ്യമാണ്. മിക്കവയും മഹാരാഷ്ട്ര, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്നവ. ഇവയിൽ അധികവും മെഴ്സിഡസ് ബെൻസിന്‍റെ ( Mercedes Benz ) സെഡാനുകളും എസ്.യു.വികളുമായിരിക്കും. കാരണം ആഡംബരത്തിന്‍റെ എക്കാലത്തെയും മുഖമുദ്രയാണ് ബെൻസ്. പിന്നീട് ബി.എം.ഡബ്ല്യുവും (BMW) വോൾവോയും (VOLVO) ഔഡിയുമെല്ലാം (AUDI) വന്നെങ്കിലും ബെൻസിന്‍റെ താരപ്പൊലിമക്ക് മങ്ങലേറ്റിട്ടില്ല. ഇതിന്‍റെ നല്ല ഉദാഹരണമാണ് ഒ.എൽ.എക്സിൽ ( olx ) ഏറ്റവുമധികം വിൽക്കാനുള്ള സെക്കൻഡ് ഹാൻഡ് ലക്ഷ്വറി കാറുകൾ ബെൻസ് ആണെന്നുള്ളത്.
ലക്ഷ്വറി കാറെന്ന സ്വപ്നം
മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ല്യു, ലാൻഡ് റോവർ തുടങ്ങിയ പേര് കേൾക്കുമ്പോൾ തന്നെ വാഹന പ്രേമികളുടെ മനസ്സിൽ രോമാഞ്ചമുണ്ടാകും. ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച വാഹനങ്ങൾ നിരവധിയുണ്ട്. എന്നാൽ, ഇവ സ്വന്തമാക്കുന്നതിൽ പ്രതിബദ്ധങ്ങൾ പലതുണ്ട്. വൻ വിലയാണ് പ്രധാന വില്ലൻ. ഇതിനെ മറികടക്കാൻ പലരും സെക്കൻഡ് ഹാൻഡ് ലക്ഷ്വറി കാറുകൾ സ്വന്തമാക്കാറുണ്ട്. കുറഞ്ഞ ചെലവിൽ ലക്ഷ്വറി കാർ സ്വന്തമാക്കാമെങ്കിലും ഇതിന്‍റെ മെയിൻറനൻസ് ചെലവ് ഉയർന്നുതന്നെ നിൽക്കും. മാത്രമല്ല, പഴക്കമുള്ളതിനാൽ ഇവയുടെ പാർട്ട്സുകൾ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്.
വെല്ലുവിളികൾ മറികടക്കാനൊരു വിദ്യ – electric car kit
ഇങ്ങനെ ധാരാളം വെല്ലുവിളികൾ നിറഞ്ഞതിനാൽ തന്നെ ലക്ഷ്വറി കാറുകൾ പലരും 10 വർഷം കഴിയുമ്പോൾ വിറ്റ് ഒഴിവാക്കാറാണ് പതിവ്. തുച്ഛമായ വിലക്കാകും ഇവർ വണ്ടി വിൽക്കുക. അതായത് 15 കൊല്ലം മുമ്പ് 80 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ബെൻസ് എസ് ക്ലാസ് ഇന്ന് 10 ലക്ഷം രൂപക്ക് കിട്ടും. അതായത് ഒരു പുതുപുത്തൻ ഹ്യുണ്ടായ് വെന്യുവിന്‍റെ വിലക്ക് അടിപൊളി ബെൻസ് വാങ്ങാം എന്ന് ചുരുക്കും. എന്നിട്ടും എന്തുകൊണ്ടാകും ആളുകൾ ലക്ഷ്വറി കാറുകൾ സെക്കൻഡ് ഹാൻഡ് വാങ്ങാൻ മടിക്കുന്നത്? അതിനുത്തരം അവയുടെ ഉയർന്ന മെയിൻറനൻസ് ചെലവാണ്.
ഇങ്ങനെ മടിച്ചുനിൽക്കുന്നവർക്കുള്ള അവസരമാണ് ഇവയെ ഇലക്ട്രിക്കിലേക്ക് കൺവെർട്ട് ചെയ്യുക എന്നത്. വാഹനത്തിന്‍റെ എൻജിൻ മൊത്തമായി മാറ്റിവെച്ച് ഇലക്ട്രിക് മോട്ടോറും വലിയ ബാറ്ററിയും ഫിറ്റ് ചെയ്യുക. ഇതോടെ മെക്കാനിക്കലായിട്ടുള്ള തലവേദനകൾ ഏകദേശം 70 ശതമാനം കുറക്കാൻ സാധിക്കും. ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമെല്ലാം വാറൻറിയുള്ളത് വാങ്ങിയാൽ ആ കാര്യത്തിലും ടെൻഷൻ വേണ്ട.
നിയമങ്ങൾ മാറണം
ഡൽഹിയിൽ പുതിയ നിയമം വന്നതിനാൽ ഇത് നമ്മുടെ നാട്ടിലും എത്താൻ വലിയ താമസം ഉണ്ടാകില്ല. പെട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റാനുള്ള സർക്കാർ അംഗീകൃത കമ്പനികൾ ഡൽഹിയിൽ വന്നിട്ടുണ്ട്. ആറ് കമ്പനികളുടെ കിറ്റുകളാണ് ( electric car kit ) നിലവിൽ ഇലക്ട്രിക് കൺവേർഷൻ ചെയ്യാൻ തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്‍റർനാഷനൽ സെന്‍റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി ( international centre for automotive technology – ICAT) ആണ് കമ്പനികൾക്ക് അംഗീകാരം നൽകുന്നത്. ഇവയുടെ കിറ്റുകൾ ഉപോയിച്ച് ഡീസൽ, പെട്രോൾ വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റാം. രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങളെയാണ് ഇത്തരത്തിൽ മാറ്റാനാവുക.
ഇട്രിയോ ഓട്ടോമൊബൈൽസാണ് ( etrio automobiles ) ഒരു കമ്പനി. ഇവയുടെ ഇലക്ട്രിക് കിറ്റ് ഉപയോഗിച്ച് പെട്രോൾ, ഡീസൽ വാഹനങ്ങളെ കൺവെർട്ട് ചെയ്യാം. 17.3 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 106 കിലോമീറ്റർ ആണ് റേഞ്ച്.
Booma Innovative Transport Solutions Renewable എന്ന കമ്പനിയുടെ കിറ്റ് ഇരുചക്രവാഹനങ്ങൾക്കാണ് അനുയോജ്യം. 65.86 കിലോമീറ്റാണ് റേഞ്ച്. 3EV Industries, Zero 21 Renewable Energy Solutions, VELEV Motors India Pvt Ltd എന്നിവയാണ് മറ്റു കമ്പനികൾ. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെയാണ് ഇലക്ട്രിക്കിലേക്ക് മാറ്റാൻ വരുന്ന നിരക്ക്
8.77 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ – electric car kit
രാജ്യത്ത് 27.34 കോടി വാഹനങ്ങളിൽ 8.77 ലക്ഷം ഇലക്ട്രിക്കാണ്. ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഓടുന്നത് ഉത്തർപ്രദേശിലാണ്. 2.58 ലക്ഷം. ഡൽഹിയിൽ 1.26 ലക്ഷം ഇ.വികളുണ്ട്. ഇതിനർഥം ഇലക്ട്രിക് യുഗത്തിലേക്ക് നമ്മുടെ രാജ്യം അതിവേഗം മുന്നേറുകയാണെന്നാണ്.
ഡൽഹിയിലെ കമ്പനിക്ക് പുറമെ പുണെയിലുള്ള northway motorsport എന്ന കമ്പനി വാഹനങ്ങൾ അംഗീകൃതമായി ഇലക്ട്രികിലേക്ക് കൺവെർട്ട് ചെയ്ത് കൊടുക്കുന്നുണ്ട്. ഇതിന് ഏകദേശം അഞ്ച് ലക്ഷത്തിന് മുകളിലാണ് ഇവർ ഈടാക്കുന്നത്. മാരുതി ഇഗ്നിസ്, ഡിസയർ എന്നീ വാഹനങ്ങളാണ് ഇത്തരത്തിൽ കൺവെർട്ട് ചെയ്തത്. പുതിയ വാഹനത്തിലാണ് ഇവർ കൺവേർഷൻ ചെയ്യുന്നത്. അതിനാൽ തന്നെ ചെലവ് അൽപ്പം കൂടുതലാണ്.
എന്നാൽ, കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് വന്നാൽ കുറഞ്ഞ ചെലവിൽ ഇലക്ട്രിക്കിലേക്ക് മാറാൻ കഴിയും. ഇപ്പോൾ തന്നെ ആമസോണിലെല്ലാം ഇലക്ട്രിക് കൺവേർഷൻ കിറ്റ് ലഭ്യമാണ്. ഇവ ഉപയോഗിച്ച് പലരും തങ്ങളുടെ സ്കൂട്ടറും ബൈക്കും ഓട്ടോറിക്ഷയുമെല്ലാം കൺവെർട്ട് ചെയ്യുന്നുണ്ട്. ഭാവിയിൽ ആൾട്ടോ മുതൽ റോൾസ് റോയ്സ് വരെ ഇത്തരത്തിൽ കൺവെർട്ട് ചെയ്യാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതുവഴി ഇന്ധന വിലയും ലഭിക്കാം, പ്രകൃതിക്ക് സംരക്ഷണവുമേകാം.
വീടുകളിൽ സോളാർ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ പിന്നെ അമിത കറന്‍റ് ബില്ലിന്‍റെ കാര്യത്തിലും പേടിക്കേണ്ട. അപ്പോൾ എങ്ങനെയാ, ഇപ്പോൾ തന്നെ നല്ലൊരു സെക്കൻഡ് ഹാൻ ലക്ഷ്വറി കാർ എടുക്കാൻ പണം സ്വരുക്കൂട്ടി തുടങ്ങിക്കോളൂ. എന്നിട്ട് അതിനെ ഇലക്ട്രിക്കിലേക്ക് കൺവെർട്ട് ചെയ്ത് ലോ ടെൻഷനിൽ വണ്ടിയോടിച്ച് പോകാം. മാത്രമല്ല നമ്മൾ മോഹിച്ച് വാങ്ങിയ വാഹനം തുരുമ്പ് പിടിച്ച് പൊളിച്ചുകളയുന്നതിന് പകരം ഇത്തരത്തിൽ പുനരുപയോഗം ചെയ്യുകയുമാവാം.
electric car conversion kit