Expert
Trending

പുതിയൊരു കാർ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

മുമ്പെല്ലാം കാറെന്നത്​ പലരുടെയും സ്വപ്​നമായിരുന്നു. എന്നാൽ, ഇന്നത്​ ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. പ്രത്യേകിച്ച്​ കോവിഡ്​ കാലത്തിന്​ ശേഷം വാഹന വിൽപന വലിയ തോതിൽ വർധിച്ചിട്ടുണ്ട്​. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്ന പലരും സ്വന്തമായി കാറും ബൈക്കുമെല്ലാം ഓടിക്കാൻ തുടങ്ങി. നിരത്തുകളിലേക്ക്​ നോക്കിയാൽ ഇതിന്‍റെ വ്യത്യാസം മനസ്സിലാകും. ബസുകളിലെല്ലാം ആളുകൾ കുറഞ്ഞു. കാറും ബൈക്കും വർധിച്ചതോടെ റോഡുകളിൽ ഗതാഗതക്കുരുക്ക്​ രൂക്ഷമായി. കൂടുതൽ വാഹനങ്ങൾ പുറത്തിറങ്ങുന്നതിന്​ അനുസരിച്ച്​ ഗതാഗത സൗകര്യങ്ങൾ വർധിക്കാത്തത്​ കേരളത്തിന്‍റെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു.

ഇതൊക്കെ ആണെങ്കിലും ആളുകൾക്ക്​ പുതിയ കാറുകൾ എടുക്കുക എന്നത്​ നിർബന്ധിതാവസ്ഥയാണ്​. വിവിധ മോഡലുകളിലും പല വിലയിലും വിപണിയിൽ വ്യത്യസ്ത കാറുകൾ ഇന്ന്​ ലഭ്യമാണ്​. ഇതിൽ നമുക്ക്​ ആവശ്യമായ വാഹനം എങ്ങനെ തെരഞ്ഞെടുക്കാമെന്ന്​ ഇവിടെ പരിശോധിക്കാം ( Find which car to buy ).

കീശയിലൊതുങ്ങുന്ന വാഹനം മതി

കാർ വാങ്ങുന്നതിന്​ മുമ്പ്​ ആദ്യം ചിന്തിക്കേണ്ടത്​ പണത്തെക്കുറിച്ച്​ തന്നെയാണ്​. അഞ്ച്​ ലക്ഷം മുതൽ കോടികൾ വില വരുന്ന പുതിയ കാറുകൾ ഇന്ന്​ വാങ്ങാൻ ലഭിക്കും​. അതുപോലെ സെക്കൻഡ്​ ഹാൻഡ്​ വാഹനങ്ങളും വിപണിയിൽ ധാരാളമുണ്ട്​. ഇതിൽ നമ്മുടെ കീശക്ക്​ ഒതുങ്ങുന്ന വാഹനം ഏതാണെന്നാണ്​ ആദ്യം കണ്ടെത്തേണ്ടത്​. ബജറ്റിന്​ അപ്പുറത്തേക്ക്​ പോയാൽ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തിവെക്കുക. ഫിനാൻസ്​ എടുത്താണ്​ വാഹനം വാങ്ങുന്നതെങ്കിൽ നമ്മുടെ വരുമാനത്തിന്‍റെ 30 ശതമാനം മാത്രമേ മാസത്തവണ (EMI) അടക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ.

സെക്കൻഡ്​ ഹാൻഡ്​ വാഹനം കുറഞ്ഞ വിലക്കെല്ലാം ലഭിക്കും. എന്നാൽ, നന്നായി വാഹനം പരിശോധിച്ച്​ മാത്രമേ വാങ്ങാൻ പാടുള്ളൂ. വാഹനത്തിന്‍റെ പഴക്കത്തിനും ഓട്ടത്തിനും അനുസരിച്ച്​ പലവിധ പ്രശ്നങ്ങൾ അതിൽ ഒളിഞ്ഞിരിപ്പുണ്ടാകും. നല്ലൊരു മെക്കാനിക്കലിനെ കാണിച്ച്​ മാത്രം വാഹനം എടുക്കൂ. കൂടാതെ വാഹനത്തിന്‍റെ രേഖകൾ എല്ലാം കൃത്യമാണെന്ന്​ ഉറപ്പുവരുത്തണം.

വാഹനത്തിന്‍റെ വലിപ്പം

വിവിധ തരം ബോഡി ടൈപ്പുകളിൽ വാഹനം ലഭ്യമാണ്​. ഹാച്ച്​ബാക്ക്​, സെഡാൻ, എസ്​.യു.വി/എം.യു.വി എന്നിവയാണ്​ കൂടുതലായും കാണുന്നവ. ചെറിയ കാറുകളാണ്​ ഹാച്ച്​ ബാക്കുകൾ. മാരുതി സ്വിഫ്​റ്റ്​, ഹ്യുണ്ടായ്​ ഐ20, ടാറ്റ ടി​യാഗോ എന്നിവയെല്ലാം ഇതിന്​ ഉദാഹരണമാണ്​.

നീളം കൂടുതലുണ്ടാകും​ സെഡാനുകൾക്ക്​. ഹോണ്ട സിറ്റി, ഹ്യുണ്ടായ്​ വെർണ, മാരുതി സിയാസ്​, ഫോക്സ്​വാഗൺ വിർച്യുസ്​ തുടങ്ങിയ വാഹനങ്ങൾ സെഡാനുകളുടെ ഉദാഹരണമാണ്​.

എസ്​.യു.വി/എം.യു.വി എന്നിവ പൊതുവെ വലിയ വാഹനങ്ങളായിട്ടാണ്​ കണക്കാക്കാറ്​. കൂടുതൽ പേർക്ക്​ യാത്ര ചെയ്യാം എന്നതാണ്​ ഇതിന്‍റെ പ്രത്യേകത. ടൊയോട്ടോ ഫോർച്യൂണർ, ​മഹിന്ദ്ര ഥാർ, ജീപ്പ്​ കോംപസ്, എം.ജി ഹെക്ടർ​ എന്നിവയെല്ലാം സ്​പോർട്​സ്​ യൂട്ടിലിറ്റി വാഹനങ്ങൾ (എസ്​.യുവി) ആണ്​. അതേസമയം മാരുതി എർട്ടിഗ, ടൊയോട്ടോ ഇന്നേവ ഹൈക്രോസ്​, കിയ കാർണിവൽ, കിയ കാരൻസ്​ എന്നിവയെല്ലാം മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ (എം.യു.വി) ഉദാഹരണമാണ്​.

എന്നാൽ, ഇന്ന്​ ചെറിയ എസ്​.യു.വികളും വിപണിയിൽ ധാരാളമുണ്ട്​. നിസാൻ മാഗ്​നൈറ്റ്​, മാരുതി ​ബ്രെസ്സ, ഹ്യുണ്ടായ്​ വെന്യു, കിയ സോണറ്റ്​ എന്നിവ ഇതിൽ ചിലത്​ മാത്രം.

കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, താമസ്ഥലത്തെ പാർക്കിങ്​ സൗകര്യം, സ്ഥിരമായി പോകുന്ന വഴി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി ഏത്​ വലിപ്പത്തിലും എ​ത്ര സീറ്റുമുള്ള വാഹനം വേണമെന്ന്​ തീരുമാനിക്കാം​. നഗരത്തിലാണ്​ സ്ഥിരമായി യാത്രയെങ്കിൽ ചെറിയ വാഹനം ഉപയോഗിക്കുന്നതാകും നല്ലത്​. എന്നാൽ, ദീർഘദൂര യാത്രക്ക്​ എപ്പോഴും വലിയ വാഹനങ്ങളാണ്​ കൂടുതൽ കംഫർട്ട്​.

ഫീച്ചറുകളുടെ പിറകെ പോയാൽ

ഇഷ്ടപ്പെട്ട കാർ കണ്ടെത്തിയാൽ പിന്നെ അതിലെ വേരിയന്‍റുകൾ തെരഞ്ഞെടുക്കലാണ് അടുത്തഘട്ടം​. ഓരോ വകഭേദഗത്തിലും വ്യത്യസ്ത ഫീച്ചറുകളാണ്​ ഉണ്ടാവുക. ഉയർന്ന വേരിയന്‍റുകളിൽ കൂടുതൽ ഫീച്ചേഴ്​സുകളും ഉണ്ടാകും. എന്നാൽ, അവ പലപ്പോഴും നമുക്ക്​ ആവശ്യമുള്ളതാകണമെന്നില്ല.

ഇതിന്​ ഒരു ഉദാഹരണമാണ്​ സൺറൂഫ്​. ഇന്ന്​ മിക്ക വണ്ടികളിലും സൺറൂഫ്​ കാണാനാകും. എന്നാൽ, വാഹനം വാങ്ങി ആദ്യകാലങ്ങളിലെല്ലാം ഇത്​ ഉപയോഗിച്ചശേഷം ഇവ ഒരു ഭാരമാകുന്നത്​ പലപ്പോഴും കാണാറുണ്ട്​. മഴയുള്ളപ്പോഴൊന്നും ഇത്​ തുറക്കാൻ സാധ്യമല്ല. അതുപോലെ വേനൽകാലത്ത്​ തുറന്നിട്ടാൽ നല്ലരീതിയിൽ പൊടിയും അകത്തേക്ക്​ കയറും. കേരളത്തിന്‍റെ കാലാവസ്ഥക്ക്​ അനുയോജ്യമായ ഫീച്ചറായിട്ട്​ ഇതിനെ കാണാനാകുമോ എന്നത്​ സംശയമാണ്​. അതിനാൽ വ്യത്യസ്ത ഫീച്ചറുകളുള്ള വേരിയന്‍റ്​ തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുസരിച്ചുള്ളതാണെന്ന്​ ഉറപ്പുവരുത്തുക.

ഏത്​ ഗിയർ വേണം

Automatioc Transmission വേണമോ അതോ​ Manual Transmission മതിയോ എന്നതാണ്​ മറ്റൊരു കാര്യം. വാഹനത്തിന്‍റെ വേഗതക്കനുസരിച്ച് ഡ്രൈവർ തന്നെ ഗിയർ ലിവറും ക്ലച്ചും ഉപയോഗിച്ച് ഗിയർ മാറ്റുന്ന രീതിയാണ് മാനുവൽ ട്രാൻസ്മിഷൻ. കൂടുതൽ മൈലേജ് ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം. താരതമ്യേന വിലയും പരിപാലന ചെലവും കുറവാണെന്നത് മറ്റൊരു ഗുണം.

വാഹനത്തിന്‍റെ വേഗതക്കനുസരിച്ച് ഗിയറുകൾ തനിയെ മാറുന്ന സംവിധാനമാണ്​ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ​. മാനുവലിനെ അപേക്ഷിച്ച് ഡ്രൈവിങ് 70 ശതമാനം വരെ എളുപ്പമാക്കാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് സാധിക്കുന്നു. നഗര യാത്രകൾക്ക് കൂടുതൽ അനുയോജ്യമാണ് ഇവ. ടോർക്ക്​ കൺവർട്ടർ, സി.വി.ടി, എ.എം.ടി, ഡ്യുവൽ ക്ലച്ച്​ ട്രാൻസിമിഷൻ എന്നിവ​യെല്ലാമാണ്​ പ്രധാന ഓട്ടോമാറ്റിക്​ സാ​ങ്കേതിക വിദ്യകൾ. പണ്ട്​ ഓ​ട്ടോമാറ്റിക്​ വാഹന​ങ്ങളോട്​ മുഖംതിരിഞ്ഞ്​ നിന്നിരുന്ന മലയാളികൾ ഇന്ന്​ കൂടുതലായും ഓട്ടോമാറ്റിക്കിലേക്ക്​ കടന്നുവരുന്നുണ്ട്​. എ.എം.ടി പോലുള്ള ലളിതാമയ സാ​ങ്കേതിക വിദ്യ സജീവമായതോടെയാണ്​ ഈ മാറ്റം തുടങ്ങിയത്​.

ഇന്ധനം ഏത്​ വേണം

ദിവസേന കുറഞ്ഞദൂരം മാത്രമേ യാത്ര ചെയ്യാനുള്ളൂ എങ്കിൽ പെ​ട്രോൾ വാഹനങ്ങളാണ്​ ഉചിതം. പെട്രാൾ വാഹനത്തിന്‍റെ വില, പരിപാലന ചെലവ്​ എന്നിവയെല്ലാം കുറവാണ്​. അതേസമയം, കൂടുതൽ ദൂരം യാത്ര ചെയ്യുന്നവരാണെങ്കിൽ ഡീസൽ വാഹനത്തിലേക്ക്​ പോകാം. കൂടുതൽ മൈലേജ്​ ലഭിക്കുമെന്നതാണ്​ പ്രധാനം. അതേസമയം, പരിപാലന ചെലവും വാഹനത്തിന്‍റെ വിലയും അൽപം കൂടുതലാണ്​.

പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാരണം പല കമ്പനികളും ഇപ്പോൾ ഡീസൽ കാറുകൾ ഇറക്കുന്നില്ല. ടാറ്റ, ഹ്യുണ്ടായ്​, കിയ എന്നിവക്കെല്ലാമാണ്​ പ്രധാനമായും ഡീസൽ വാഹനങ്ങൾ ഉള്ളത്​. മാരുതിയെല്ലാം പുതിയ ഡീസൽ വാഹനങ്ങൾ വിപണിയിൽ ഇറക്കുന്നില്ല.

ഇലക്​ട്രിക്​ കാറുകളും ഇന്ന്​ വിപണിയിൽ ധാരാളമുണ്ട്​​. പെട്രോൾ, ഡീസൽ കാറുകളേക്കാൾ ഇവക്ക്​ വില കൂടുതലാണ്​. എന്നാൽ, പരിപാലന – ഇന്ധനച്ചെലവുകൾ​ കുറവുമാണ്​. അതേസമയം, ഇലക്​ട്രിക്​ വാഹനം കൂടുതൽ കാലം ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററിക്ക്​ വല്ല പ്ര​ശ്നവും വരുമോ, അങ്ങനെ വന്നാൽ ന​ല്ല ഒരു സംഖ്യ ചെലവാകില്ലേ തുടങ്ങിയ കാര്യങ്ങൾ ആളുകളെ അലട്ടുന്നുണ്ട്​. എന്നാൽ, ചൈനീസ്​ കമ്പനിയായ BYD പോലുള്ള കമ്പനികൾ 5 ലക്ഷം കിലോമീറ്റർ വരെ ബാറ്ററിക്കും മോട്ടോറിനുമെല്ലാം വാറന്‍റി നൽകുന്നുണ്ട്​. ഇതിനാൽ തന്നെ ഇത്തരം വാഹനം യാതൊരുവിധ ടെൻഷനും ഇല്ലാതെ വാങ്ങാനാകും.

കൂടുതൽ മൈലേജ്​ ലഭിക്കുന്ന ഹൈബ്രിഡ്​ വാഹനങ്ങളും ലഭ്യമാണ്​. ഇലക്​ട്രിക്കിലും പെട്രോളിലുമായാണ്​ ഇവ പ്രവർത്തിക്കുക. ഇവക്ക്​​ വില താരതമ്യേന കൂടുതലാണ്​. ടൊയോട്ടയാണ്​ ഹൈബ്രിഡ്​ ടെക്​നോളജിയിലെ മുമ്പൻമാർ.

സർവീസാണ്​ മുഖ്യം

ഏത്​ കമ്പനിയുടെ വാഹനം വാങ്ങുന്നു എന്നതും പ്രധാനമാണ്​. വാഹന വിൽപന, വിൽപനാന്തര സേവനം, സ്​പെയർ പാർട്​സുകളുടെ ലഭ്യത എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്​. മാർക്കറ്റിൽ വലിയ ചലനം സൃഷ്ടിക്കാത്ത കമ്പനികളുടെ വാഹനം വാങ്ങിയാൽ ചിലപ്പോൾ പണി കിട്ടും. കമ്പനി പൂട്ടിപ്പോയാൽ അത്​ ഉപഭോക്​താവിന്​ തലവേദനയാകും. പല അന്താരാഷ്ട്ര കമ്പനികളും ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തിയിട്ടുണ്ട്​. ഫോർഡ്​, ഷെവർലെ എന്നിവയെല്ലാം ഇങ്ങനെ നിർത്തിപ്പോയവരാണ്​.
നിങ്ങളുടെ സമീപത്ത്​​ ഷോറൂം സർവിസ്​ സെന്‍ററുമുള്ള കമ്പനിയാണെങ്കിൽ പരിപാലനം കുറച്ചുകൂടി എളുപ്പമാകും. പല കമ്പനികളും സർവിസിന്‍റെ കാര്യത്തിൽ ഹോം ഡെലിവറി സൗകര്യം നൽകുന്നുണ്ട്​. അങ്ങനെ ആണെങ്കിൽ നമ്മൾ നേരിട്ട്​ ഷോറൂമിലേക്ക്​ പോകേണ്ട ആവശ്യമില്ല.

ഇവ കൂടി ശ്രദ്ധിക്കണം

വാഹനം വാങ്ങുന്നതിന്​ മുമ്പ്​ നന്നായി പഠനം നടത്തുക. ഇന്‍റർനെറ്റിലെല്ലാം ധാരാളം വിവരങ്ങൾ ലഭ്യമാണ്​. അതുപോലെ ടെസ്റ്റ്​ ഡ്രൈവ്​ വീഡിയോകളും ഇന്ന്​ ധാരാളം ലഭിക്കും. കൂടാതെ നിങ്ങൾ വാങ്ങാൻ ആഹ്രിക്കുന്ന വാഹനം ഉപയോഗിക്കുന്നവരുടെ അഭി​പ്രായങ്ങളും ശേഖരിക്കണം. യൂട്യൂബിൽ റിവ്യൂ ചെയ്യുന്ന പലരും വാഹനത്തിന്‍റെ പോരായ്മകൾ ചൂണ്ടിക്കാട്ടാറില്ല.

ടെസ്റ്റ്​ ഡ്രൈവ്​​ നടത്തി സൗകര്യങ്ങൾ ഉറപ്പുവരുത്തുക. സീറ്റിങ്​ പൊസിഷൻ, യാത്രാസുഖം, ലെഗ്​ സ്​പേസ്​, സ്റ്റീയറിങ്​ കംഫർട്ട്​, ബ്രേക്കിങ്​, സ്​റ്റെബിലിറ്റി, ഫീച്ചറുകൾ ഏതെല്ലാം വേണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇത്തരത്തിൽ ടെസ്റ്റ്​ ഡ്രൈവ്​ നടത്തുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. സാധാരാണ കുറഞ്ഞ ദൂരം മാത്രമാണ്​ ആളുകൾ ടെസ്റ്റ്​ ഡ്രൈവ്​ നടത്താറ്​. അതിനുപകരം കൂടതൽ ദൂരം ഓടിച്ചുനോക്കുക. എന്നാൽ, മാത്രമേ വാഹനത്തെ നന്നായി പരിചയപ്പെടാൻ സാധിക്കൂ.

സുരക്ഷ സംവിധാനങ്ങൾക്ക്​ പ്രാധാന്യം നൽകുക. മലയാളികൾ പലപ്പോഴും മൈലേജിന്​ പിന്നാലെയാണ്​ പോകാറ്​. സുരക്ഷയും യാത്രയുടെ കംഫർട്ടുമെല്ലാം അതിന്​ ശേഷമേ വരാറുള്ളൂ. നമ്മൾ ലക്ഷങ്ങൾ കൊടുത്താണ്​ വാഹനം വാങ്ങുന്നത്​. അതിനനുസരിച്ചുള്ള സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ട്​ എന്ന്​ ഉറപ്പാക്കൽ നിർബന്ധമാണ്​.

നല്ല റീസെയിൽ വാല്യൂ ഉള്ള മോഡലുകൾ തെരഞ്ഞെടുക്കാം. മാർക്കറ്റിൽ നന്നായി വിൽപനയു​ള്ള വാഹനങ്ങൾക്ക്​ പൊതുവെ നല്ല റീസെയിൽ വാല്യൂ കാണാറുണ്ട്​. ലക്ഷ്വറി കാറുകൾക്കെല്ലാം റീസെയിൽ വാല്യൂ പെട്ടെന്നാണ്​ കുറയുക.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!