Site icon MotorBeat

അമേരിക്കയിൽ പിറന്നത്​ പുതുചരിത്രം; ജനറൽ മോട്ടേർസിനെ​ മറികടന്ന്​ ടൊയോട്ട

general motors and toyota

Photo by Ricardo Esquivel from Pexels

​വാഹനലോകത്ത്​ പല പുത്തൻകാഴ്ചകൾക്ക്​ സാക്ഷ്യം വഹിച്ച വർഷമാണ്​ 2021. പുതിയ മോഡലുകൾ ധാരാളം പുറത്തുവന്നു. കോവിഡ്​ കാരണം പല വമ്പൻ കമ്പനികളുടെയും വിൽപ്പന കാര്യമായി കുറഞ്ഞു. ചില കമ്പനികൾ വിൽപ്പനയിൽ മുന്നിലെത്തി. അതിനുദാഹരണമാണ്​ ഇന്ത്യയിൽ ഹ്യുണ്ടായിയെ മറികടന്ന്​ ടാറ്റ രണ്ടാം സ്ഥാ​നത്തേക്ക്​ ഉയർന്നത്​. സമാനമായ സംഭവം അമേരിക്കയിലും സംഭവിച്ചിരിക്കുകയാണ്​. 2021ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച പട്ടികയിൽ ആഗോള വാഹന വിപണന രംഗത്തെ വമ്പന്മാരായ ടൊയോട്ട ഒന്നാമതെത്തി ( General Motors and Toyota ).

ഏകദേശം ഒരു നൂറ്റാണ്ടോളമായി ജനറൽ മോട്ടോർസ് ആയിരുന്നു ഈ സ്ഥാനം അലങ്കരിച്ചിരുന്നത്. ഇതാദ്യമായാണ് യുഎസ്എയിൽ ഫോർഡ്, ഫിയറ്റ് ക്രൈസ്‌ലർ, ജനറൽ മോട്ടോർസ് എന്നിവ അല്ലാതെ മറ്റൊരു കമ്പനി ഒരു വർഷത്തെ മികച്ച വിൽപ്പന പട്ടം കരസ്ഥമാക്കുന്നത്. ഡിട്രോയിറ്റ് ആസ്ഥാനമല്ലാത്ത ഒരു ബ്രാൻഡ് ആദ്യമായാണ് ഈ സ്ഥാനത്ത് എന്ന് സാരം.

​ജാപ്പനീസ്​ ഉദയം ( General Motors and Toyota )

ടൊയോട്ടയുടെ ലൈനപ്പിലെ കരുത്തനായ പിക്കപ്പ് ട്രക്ക് ടണ്ട്രയുടെ വിൽപ്പനയിൽ 25 ശതമാനം ഇടിവുണ്ടായിട്ടും, കഴിഞ്ഞ വർഷം മറ്റു കാറുകളുടെയും ട്രക്കുകളുടെയും വിൽപ്പന വർധിപ്പിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് കൈവരിക്കാൻ ജാപ്പനീസ്​ കമ്പനിക്ക്​ കഴിഞ്ഞത്. അതേ സമയം ജനറൽ മോട്ടോഴ്സിന്‍റെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോഡലുകളിലൊന്നായ ഷെവ്രോലെ സിൽവെറാഡോ പിക്കപ്പിന്റ വിൽപ്പനയിൽ 10.8 ശതമാനം ഇടിവ് വന്നിട്ടുണ്ട്. ഈ പിക്കപ്പിന്‍റെ അഞ്ച് ലക്ഷത്തിന് താഴെ യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയത്.

റിപ്പോർട്ടുകൾ പ്രകാരം 2.33 മില്യൺ വാഹനങ്ങളാണ് പോയ വർഷം ടൊയോട്ട അമേരിക്കൻ മണ്ണിൽ വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജനറൽ മോട്ടോഴ്സിന് 2.21 മില്യൺ വാഹങ്ങൾ വിറ്റഴിക്കാനായി. 114,034 യൂണിറ്റുകളുടെ വ്യത്യാസമാണ് 2021ൽ ഈ രണ്ട് കമ്പനികളുടെയും വിൽപനയിലുണ്ടായത്. മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് വിൽപ്പന നിരക്കിൽ 13 ശതമാനത്തിന്‍റെ കുറവാണ് ജനറൽ മോട്ടേഴ്സ് കഴിഞ്ഞ വർഷം നേരിട്ടതെങ്കിൽ പത്ത് ശതമാനത്തിന്‍റെ വളർച്ചയാണ് ഒന്നാം സ്ഥാനക്കാരായ ടൊയോട്ട രേഖപ്പെടുത്തിയത്.

വില്ലനായി സെമികണ്ടക്ടർ ക്ഷാമം

സെമികണ്ടക്ടറുകളുടെ ക്ഷാമമാണ് യുഎസ് വാഹന വിപണിയിലെ ഏറ്റവും വലിയ ബ്രാൻഡായ ജനറൽ മോട്ടോർസിനെ കഴിഞ്ഞ വർഷം തളർത്തിയത്. ലോകമെങ്ങുമുള്ള അർദ്ധചാലക ക്ഷാമം കാര്യമായി ബാധിച്ച ഓട്ടോമൊബൈൽ കമ്പനികളിലൊന്നാണ് ജിഎം. ഈ വർഷത്തോടെ എല്ലാ പരിമിതികളെയും മറികടന്നു അമേരിക്കൻ കാർ വിപണി വീണ്ടും തങ്ങളെ കൈയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ജനറൽ മോട്ടോഴ്സിന്‍റെ അധികാരികൾ. അതോടൊപ്പം ലോക വ്യാപകമായി നിലനിൽക്കുന്ന, വാഹന വ്യവസായത്തെ മൊത്തത്തിൽ പിടിച്ചുലയ്ക്കുന്ന സെമികണ്ടക്ടർ ക്ഷാമത്തിനും വിതരണത്തിനും ഈ വർഷം നേരിയ ശമനമെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

‘വിൽപ്പനയിൽ ഞങ്ങൾ ജനറൽ മോട്ടോർസിനെ മറികടന്നു. എന്നിരുന്നാലും, അത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ അതിനെ സുസ്ഥിരമായി കാണുന്നുമില്ല’ -ടൊയോട്ട നോർത്ത്​ അമേരിക്ക സീനിയർ വൈസ്​ പ്രസിഡന്‍റ്​ ജാക്ക്​ ഹോളിസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ജനറൽ മോട്ടോർസ് ചെറുചരിതം

അമേരിക്കൻ ബഹുരാഷ്ട്ര വാഹന നിർമാതാക്കളാണ് ജിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജനറൽ മോട്ടോർസ് കമ്പനി. മുമ്പ് ജനറൽ മോട്ടോർസ് കോർപറേഷൻ എന്നായിരുന്നു പേര്. 1908ൽ ഡിട്രോയിറ്റിലാണ് അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജിഎം സ്ഥാപിതമായത്. 1931ൽ ഫോർഡ് മോട്ടോർ കമ്പനിയെ പിന്തള്ളിയായിരുന്നു ജിഎം ഈ ഖ്യാതി നേടിയെടുത്തത്.

വില്യം സി. ഡ്യുറന്‍റ്​ ആയിരുന്നു സ്ഥാപകൻ. പിന്നീട് 2009ൽ കമ്പനി പുനഃസ്ഥാപിച്ചു. 1931 മുതൽ നീണ്ട 77 വർഷം വാഹന ലോകത്തെ ഏറ്റവും വലിയ ബ്രാൻഡായിരുന്ന ജനറൽ മോട്ടോർസ് ഇന്ന് യു.എസിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ പട്ടികയിൽ 22-ാം സ്ഥാനത്തുണ്ട്. 2008ൽ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്ന സ്ഥാനം ടൊയോട്ട, ജനറൽ മോട്ടോർസിൽനിന്നും പിടിച്ചെടുത്തു. കാഡില്ലാക്, ബുയിക്ക്, ഷെവ്രോലെ, ജിഎംസി എന്നിങ്ങനെ നാല് ബ്രാൻഡുകളിലായിട്ടാണ് തങ്ങളുടെ വാഹനങ്ങൾ ജനറൽ മോട്ടോർസ് വിപണിയിലെത്തിക്കുന്നത്.

Exit mobile version