
കഴിഞ്ഞദിവസമാണ് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ ഏറ്റവും പുതിയ എംപിവിയായ കാരൻസ് ക്ലാവിസ് പുറത്തിറക്കിയത്. പെട്രോൾ-ഡീസൽ മോഡലുകളാണ് നിലവിൽ വിപണിയിൽ എത്തിയിട്ടുള്ളത്. ഇനി ഇതിന്റെ ഇലക്ട്രിക്, സിഎൻജി പതിപ്പുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. കിയ ഇതുവരെ സിഎൻജി പതിപ്പുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇതാദ്യമായാണ് കിയ ഇന്ത്യ തങ്ങളുടെ ആദ്യത്തെ സിഎൻജി കാറിന്റെ വരവ് സ്ഥിരീകരിക്കുന്നത്.
ജൂണിൽ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങുമെന്നാണ് വിവരം. രാജ്യത്തെ ആദ്യത്തെ മാസ്-മാർക്കറ്റ് 7 സീറ്റർ ഇലക്ട്രിക് വാഹനമാകുമിത്. ഏകദേശം 20 ലക്ഷം രൂപയാകും വില. പൂർണ്ണ ഇലക്ട്രിക് കാരൻസ് ക്ലാവിസിന് 2 വകഭേദങ്ങളുണ്ടാകും.
അടുത്ത 2 വർഷത്തിനുള്ളിൽ കിയ ഇന്ത്യയുടെ നിരയിൽ ഒരു ഹൈബ്രിഡ് കൂടിയുണ്ടാകുമെന്ന് കമ്പനി അധികൃതർ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ബ്രാൻഡിന് ഹൈബ്രിഡ് മോഡലുകൾ ഇല്ലെങ്കിലും, ആഗോളതലത്തിൽ നിരവധി ഹൈബ്രിഡ് വാഹനങ്ങൾ വിൽക്കുന്നുണ്ട്.
നിലവിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളാണ് ക്ലാവിസിനുളത്. ലെവൽ 2 അഡാസ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 12.3-ഇഞ്ച് എച്ച്.ഡി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂനിറ്റ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ള നിരവധി ആധുനിക ഫീച്ചറുകൾ വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നു.
സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, എല്ലാ വീലുകൾക്കും ഡിസ്ക് ബ്രേക്കുകൾ, റിയർ പാർക്കിങ് കാമറ എന്നിവ ഉൾപ്പെടുന്നു.