How to be a better driver
ഡ്രൈവിംഗ് എന്നത് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന ഒരു നൈപുണ്യമാണ്. അത് മാനുവൽ വാഹനമായാലും ഓട്ടോമാറ്റിക് വാഹനമായാലും ഡ്രൈവിംഗിന് പരമാവധി ഏകാഗ്രതയും ദിശാബോധവും അത്യാവശ്യമാണ്. മാത്രമല്ല നല്ല ഡ്രൈവറാകാൻ ക്ഷമയും മര്യാദയും കൂടിയേ കഴിയൂ. ഡ്രൈവിങ് കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ഈ മര്യാദകളും ചില നുറുങ്ങുകളുമാണ് താഴെ ചേർത്തിട്ടുള്ളത്.
വാഹനവുമായി പരിചയപ്പെടുക
വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് ഇത്. വാഹനത്തെക്കുറിച്ചും അതിന്റെ പ്രധാന നിയന്ത്രണങ്ങളെക്കുറിച്ചും ഡ്രൈവർ എപ്പോഴും പരിചിതമായിരിക്കണം. വിവിധ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നാണ് ഒരു കാർ നിർമ്മിച്ചിരിക്കുന്നത്. ഈ ഘടകങ്ങളിൽ ഓരോന്നും ഒരു കൂട്ടം ബട്ടണുകൾ, ലിവറുകൾ, നോബുകൾ എന്നിവ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. അതിനാൽ ഏതൊരു വാഹനം ഓടിക്കാൻ തുടങ്ങുന്നതിന് മുമ്പെ ഈ നിയന്ത്രണങ്ങൾ എവിടെയാണെന്നും അവയുടെ യഥാർത്ഥ പ്രവർത്തനം എന്താണെന്നും അറിയേണ്ടത് അനിവാര്യമാണ്.
മിക്ക നിർമ്മാതാക്കളും വൈപ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയുടെ നിയന്ത്രണങ്ങളുടെ ലേഔട്ട് മാറ്റുന്നില്ലെങ്കിലും, ഫോക്സ്‌വാഗൺ, ഫോർഡ് പോലുള്ള ചില ബ്രാൻഡുകൾ വിപരീത സ്ഥാനങ്ങളിലാണ് ക്രമീകരിക്കുന്നത്. ഇത് ഡ്രൈവിംഗ് സമയത്ത് ആശയക്കുഴപ്പമുണ്ടാക്കാം. അതിനാൽ നിങ്ങൾ വാഹനം ഓടിക്കാൻ തുടങ്ങുമ്പോൾ തന്നെ ഈ വക നിയന്ത്രണങ്ങളുടെ പ്രവർത്തനവും സ്ഥാനവും നിങ്ങൾക്ക് പരിചിതമാണെന്ന് ഉറപ്പാക്കുക.
അനുയോജ്യവും സുഖപ്രദവുമായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്തുക
ഒരു വാഹനത്തിന്റെ എല്ലാ പ്രധാന നിയന്ത്രണങ്ങളെല്ലാം നിങ്ങൾക്ക് പരിചിതമായി കഴിഞ്ഞാൽ, അടുത്ത ഘട്ടം സൗകര്യപ്രദമായ ഡ്രൈവിംഗ് പൊസിഷൻ ക്രമീകരിക്കുക എന്നതാണ്. ഡ്രൈവിംഗ് എന്നത് മാനസികമായും ശാരീരികമായും വളരെ ഏകാഗ്രത ആവശ്യമുള്ള ജോലിയായതിനാൽ സ്വന്തം സുഖസൗകര്യങ്ങൾ കണ്ടെത്തുന്നത് ഡ്രൈവ് അനായാസകരമാക്കും. ക്യാബിൻ എർഗണോമിക്സും, ഇരിപ്പിട സൗകര്യവും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ ഏറ്റവും മികച്ച ഇരിപ്പിട സൗകര്യങ്ങളും ക്രമീകരണ ഓപ്ഷനുകളും നൽകാൻ ഓരോ നിർമ്മാതാവും പരമാവധി ശ്രമിക്കുന്നുമുണ്ട്. ഓരോ പെഡലുകളും നിയന്ത്രിക്കുമ്പോൾ നിങ്ങളുടെ കാലുകൾ ആയാസപ്പെടുന്നില്ലെന്ന് ഉറപ്പാകുന്ന രീതിയിലാണ് സീറ്റുകളെ ക്രമീകരിക്കേണ്ടത്.
വാഹനത്തിന്റെ മിററുകൾ ക്രമീകരിക്കുക
വാഹനം ഓടിക്കുമ്പോൾ മുന്നിലുള്ള കാഴ്ചകൾക്കൊപ്പം വാഹനത്തിന്റെ പിന്നിൽ എന്താണുള്ളതെന്ന വ്യക്തമായ കാഴ്‌ചയും പ്രധാനമാണ്. പിന്നിലെ കാഴ്ചകൾ ഡ്രൈവറിലേക്ക് എത്തിക്ച്ച് സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനത്തിലെ കണ്ണാടികളാണ് പങ്ക് വഹിക്കുന്നത്. സാധാരണയായി വാഹനങ്ങൾക്ക് മൂന്ന് മിററുകളുണ്ടാവും. മുൻവശത്തെ ഡോറുകളുടെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന രണ്ട് മിററുകൾ (ORVMs), വാഹനത്തിനകത്ത് വിൻഡ്ഷീൽഡിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മിറർ (IRVM) എന്നിവയാണത്. എന്നാൽ കൃത്യമായി ദൃശ്യങ്ങൾ ലഭിക്കുന്ന രീതിയിൽ ഈ കണ്ണാടികളെ ക്രമീകരിക്കേണ്ടത് ഒരു ഡ്രൈവർ ചെയ്യേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ്. നിങ്ങളുടെ വാഹനത്തിന്റെ സൈഡിലെ ഒരു ചെറിയ ഭാഗം മാത്രം കണ്ണാടിയിൽ ദൃശ്യമാകുന്ന തരത്തിൽ കണ്ണാടികൾ ക്രമീകരിക്കുക. മിററിലെ ബാക്കി കാഴ്ച പിന്നിലെ റോഡായിരിക്കണം.
പൂർണമായ രേഖകൾ ഉണ്ടായിരിക്കുക
പുതുതായി നടപ്പിലാക്കിയ മോട്ടോർ വെഹിക്കിൾ ഭേദഗതി നിയമപ്രകാരം ആവശ്യമായ രേഖകളില്ലാതെ വാഹനമോടിക്കുന്നവർ വൻ തുക ഫൈനായി കെട്ടിവെക്കേണ്ടി വരും. ഇന്ത്യൻ മോട്ടോർ വെഹിക്കിൾ നിയമമനുസരിച്ച് ഇന്ത്യയിൽ ഫോർ വീലർ ഓടിക്കുന്നതിന് മുമ്പ് കരുതേണ്ട നാല് അവശ്യരേഖകൾ :
ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC), വാഹന ഇൻഷുറൻസ് പോളിസി രേഖകൾ ഇവയാണത്. ഡിജി ലോക്കർ ആപ്ലിക്കേഷൻ വഴിയോ mParivahan ആപ്പ് വഴിയോ നിങ്ങൾക്ക് അവ ഇലക്ട്രോണിക് ഫോർമാറ്റിലും കൊണ്ടുപോകാം.
സ്റ്റിയറിംഗ് വീൽ ശരിയായ രീതിയിൽ പിടിക്കുക
സ്റ്റിയറിംഗ് മാത്രമാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനത്തെ നിയന്ത്രിക്കാൻ ഡ്രൈവറെ അനുവദിക്കുന്ന ഏക ഘടകം. അതുകൊണ്ടാണ് സ്റ്റിയറിംഗ് വീലിലെ നിങ്ങളുടെ പിടി ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമായി മാറുന്നതും. സ്റ്റിയറിംഗ് വീൽ ശരിയായ പൊസിഷനിലാണ് പിടിക്കുന്നതെന്ന് ഉറപ്പാക്കണം. നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്റ്റിയറിങ്ങിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ സീറ്റ് ക്രമീകരിച്ചുകൊണ്ട് ആരംഭിക്കുക. നിങ്ങളുടെ സ്റ്റിയറിംഗ് വീൽ ഒരു ക്ലോക്ക് ആണെന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ വലതു കൈ 3 മണി സ്ഥാനത്തും ഇടതു കൈ 9 മണി സ്ഥാനത്തും വെയ്ക്കുക. ശരിയായ നിയന്ത്രണത്തിനും പരമാവധി ഗ്രിപ്പിനുമായി ഈ രണ്ട് സ്ഥാനങ്ങളിലും മുറുകെ പിടിക്കുക. ഇതാണ് സ്റ്റിയറിംഗ് പിടിക്കാൻ ഏറ്റവും ഉചിതമായ രീതി.
അനാവശ്യമായ ക്ലച്ചിങ് ഒഴിവാക്കുക
ഗിയർ മാറുമ്പോൾ എൻജിനും ഗിയർബോക്സും തമ്മിലുള്ള ബന്ധം താൽക്കാലികമായി വേർതിരിക്കാനുള്ള ഘടകമാണ് ക്ലച്ച്. പക്ഷെ പുതിയതും പരിചയസമ്പന്നരുമായ ഡ്രൈവർമാർ ഒരുപോലെ ചെയ്യുന്ന ഒരു തെറ്റാണ് അനാവശ്യമായ ക്ലച്ചിങ്. അതായത് ഡ്രൈവ് ചെയ്യുമ്പോൾ ആവശ്യമില്ലാതെ ക്ലച്ച് അമർത്തുക എന്നതാണ്. ഇതുകാരണം ക്ലച്ച് പ്ലേറ്റ് അമിതമായ തേയ്മാനത്തിന് വിധേയമാകുന്നു.
എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക
സുരക്ഷ ഏറ്റവും പ്രധാനമായ ഒന്നാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് നിങ്ങളെ സുരക്ഷിതരായിരിക്കുക മാത്രമല്ല നിങ്ങളുടെ ചുറ്റുമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. മാത്രമല്ല ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമം ചുമത്തുന്ന കനത്ത പിഴകളിൽ നിന്നും നിങ്ങൾക്ക് രക്ഷയും നേടാം.
സിഗ്നലുകളിൽ നിർത്തുക, സീബ്രാ ക്രോസിംഗുകൾക്ക് മുമ്പ് നിർത്തുക, ലെയ്ൻ ജമ്പിംഗ് ഒഴിവാക്കുക തുടങ്ങി എല്ലാ ട്രാഫിക് നിയമങ്ങളും പരിചയപ്പെടുക. ട്രാഫിക് പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, തെറ്റായ പാതയിലൂടെ വാഹനമോടിക്കുക, ഗതാഗതക്കുരുക്കിന് എതിരായി വാഹനമോടിക്കുക, അമിതമായി ഹോൺ ഉപയോഗിക്കുക, നിയമവിരുദ്ധമായ മോഡിഫിക്കേഷൻ തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക.
അമിത വേഗത ഒഴിവാക്കുക
ഒരു ഡ്രൈവർ എന്പ്പോഴും താൻ സഞ്ചരിക്കുന്ന വേഗതയെക്കുറിച്ചും വേഗതയെക്കുറിച്ചും ജാഗ്രത പുലർത്തണം. ഉയർന്ന വേഗതയിലുള്ള ഓട്ടം അൽപ്പനേരത്തേക്ക് നിങ്ങളെ ആവേശം കൊള്ളിച്ചേക്കാം. പക്ഷെ നിങ്ങളുടെയും, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരുടെയും സുരക്ഷയെ അത് അപകടത്തിലാക്കുന്നു. അതിനാൽ നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അതത് വേഗ പരിധിക്കുള്ളിൽ ഡ്രൈവ് ചെയ്യുക. നഗരത്തിന് ചുറ്റും വാഹനമോടിക്കുമ്പോൾ 70 കി.മീറ്ററിൽ താഴെയായി നിൽക്കാൻ ശ്രദ്ധിക്കുക. ഹൈവേയിലോ, എക്‌സ്പ്രസ് വേയിലോ മണിക്കൂറിൽ 100-120 കിലോമീറ്റർ കടക്കരുത്.
ടേൺ സിഗ്നൽ ഉപയോഗിക്കുക
പലപ്പോഴും പലരും അവഗണിക്കുന്ന ഒന്നാണ് ടേൺ സിഗ്നലുകൾ. മറ്റു റോഡുകളിലേക്ക് തിരിയുമ്പോഴും പാതകൾ മാറുമ്പോഴും ഓവർടേക്ക് ചെയ്യുമ്പോഴും എല്ലാം ടേൺ ഇൻഡിക്കേറ്ററുകൾ പ്രധാനമാണ്. നിങ്ങൾ വാഹനവുമായി ചെയ്യാൻ പോകുന്ന ടേൺ, ഓവർടേക്ക്, ലെയ്ൻ ചേഞ്ച് എന്നീ സമയങ്ങളിൽ അവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മാത്രമല്ല അനാവശ്യമായി ടേൺ ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് പിന്നിലുള്ള വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കും. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കിയേക്കാം. ആയതിനാൽ ആവശ്യം കഴിഞ്ഞയുടൻ ഇൻഡിക്കേറ്റർ ഓട്ടോമാറ്റിക് ഓഫ് ആയി എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ ഓഫ് ചെയ്യുക.
ടെയിൽഗേറ്റിങ് ഒഴിവാക്കുക
മുന്നിലുള്ള വാഹനത്തോട് വളരെ ചേർന്ന് വാഹനം ഓടിക്കുന്നതിനെയാണ് ടെയിൽഗേറ്റിംഗ് എന്ന് പറയുന്നത്. മാത്രമല്ല നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രവണതയുമാണിത്. എന്നിരുന്നാലും നിങ്ങൾ ടെയിൽഗേറ്റിങ്ങിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക. മുന്നിലുള്ള വാഹനത്തിന്റെ വളരെ അടുത്തായി വാഹനമോടിക്കുന്നത് നിങ്ങളുടെ കാഴ്ച തടയുക മാത്രമല്ല നിങ്ങളുടെ റിയാക്ഷൻ സമയം കുറയ്ക്കുകയും ചെയ്യുന്നു. ഭാരം കയറ്റിയ വാഹനങ്ങളോട് വളരെ ചേർന്ന് പിന്തുടരരുത്. സുരക്ഷിതമായ അകലത്തിൽ നിന്ന് ഓവർടേക്ക് ചെയ്യുക.
ബോണസ് ടിപ്പ്
ഡ്രൈവിംഗ് തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ ഓയിൽ ലെവൽ, റേഡിയേറ്റർ കൂളന്റ് ലെവൽ, ടയർ പ്രെഷർ, ബാറ്ററി, ബ്രേക്ക്, ലൈറ്റുകൾ എന്നിവ പരിശോധിക്കുക. മാത്രമല്ല ഓയിൽ ചേഞ്ച്, കൂളന്റ് ചേഞ്ച്, ടയർ മാറ്റിയിടൽ തുടങ്ങിയ ചെറിയ കൈവിദ്യകൾ ഡ്രൈവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇവ അത്യാവശ്യ സാഹചര്യങ്ങളിൽ ഉപകാരമായേക്കാം.
ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്നത് നിങ്ങളെ കഴിവുള്ളതും സുരക്ഷിതവുമായ ഡ്രൈവറാക്കി മാറ്റാൻ സഹായിക്കും. നിങ്ങളുടെ ലക്ഷ്യസ്ഥാനം എത്രയകലെയായാലും ഡ്രൈവ് ചെയ്യുമ്പോൾ ക്ഷമാശീലനാവുക.
പുതിയൊരു കാർ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? Read article