Site icon MotorBeat

ലക്ഷദ്വീപിലേക്ക്​ കുറഞ്ഞചെലവിൽ ഈസിയായി യാത്ര പോകാം; ഇതാ അടിപൊളി പാക്കേജ്​

how to visit lakshadweep with permit

കൽപേനിയിലെ ബീച്ച്​

ലക്ഷദ്വീപ്​ ( Lakshadweep ). ആരും സ്വപ്​നം കാണുന്ന മായികലോകം. തായ്​ലാൻഡിലെ  ഫുക്കറ്റിനോടും ( Thailand – Phuket ) മാലിദ്വീപിലെ ( Maldives ) ബീച്ചുകളോടും കിടിപിടിക്കുന്ന നാട്​. അങ്ങോ​ട്ടൊരു യാത്ര ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പലരും പലവഴിക്കും അങ്ങോട്ട്​ പോകാൻ ശ്രമിച്ചിട്ടുണ്ടാകും. ഉയർന്ന സാമ്പത്തിക ചെലവ്​, പെർമിറ്റ്​ കിട്ടാനുള്ള പ്രയാസം തുടങ്ങി ധാരാളം കടമ്പകൾക്ക്​ മുന്നിൽ അത്​ വഴിമാറി പോവുകയാണ്​ പതിവ്​. ഇന്ത്യയിലെ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ ധാരാളം നൂലാമാലകൾ കടന്നുവേണം ലക്ഷദ്വീപിലെത്താൻ​.

ഒരു അർത്ഥത്തിൽ അത്​ ആ നാടിനെ സംബന്ധിച്ച്​ അത്യാവശ്യവുമാണ്​. ഏകദേശം 36 ദ്വീപുകളാണ്​ ലക്ഷദ്വീപിലുള്ളത്​. അതിൽ തന്നെ 11 ഇടത്ത്​ മാത്രമാണ്​ ജനവാസം. കിലോമീറ്ററുകൾ മാത്രം ചുറ്റളവുള്ള ദ്വീപുകളാണ്​ ഇവ. പല ദ്വീപുകളും തമ്മിൽ നൂറിലേറെ കിലോമീറ്റർ ദൂരമുണ്ട്​. ഇവിടേക്ക്​ വലിയതോതിൽ സഞ്ചാരികൾ എത്തിയാൽ അത്​ പ്രകൃതിക്കും നാട്ടുകാർക്കും ഏറെ ദോഷം ചെയ്യും. ​ അതിനാലാണ്​ സർക്കാർ ആളുകളെ നിയന്ത്രിക്കുന്നത്​.

ഇങ്ങനെയൊക്കെയാണെങ്കിലും ലക്ഷദ്വീപ് യാത്ര​ എന്ന സ്വപ്​നം യാഥാർഥ്യമാക്കാൻ പറ്റിയ ചെലവ്​ കുറഞ്ഞ, ഈസിയായ ധാരാളം പാക്കേജുകളാണ്​. അതിൽ ഒരു പ്രധാന പാക്കേജാണ്​ ഇവിടെ പരിചയപ്പെടുത്തുന്നത്​.

വാട്ട്​സ്​ആപ്പിൽ വന്ന സന്ദേശം

ഏകദേശം നാല്​ വർഷം മുമ്പാണ്​ വാട്ട്​സ്​ആപ്പിൽ ഒരു സന്ദേശം​ ലഭിച്ചത്​. കുറഞ്ഞചെലവിൽ ഒരു ലക്ഷദ്വീപ്​ യാത്ര നിങ്ങൾക്കും സാധ്യമാണ്​ എന്ന്​ കാണിച്ചായിരുന്നു ആ സന്ദേശം. അത്​ കണ്ടതോടെ ആവേശമായി. ഉടൻ തന്നെ അതിൽ കണ്ട നമ്പറിൽ വിളിച്ചു. മറുതലക്കൽ ലക്ഷദ്വീപിലെ കൽപേനി ( Kalpeni ) സ്വദേശിയാണ്​ ഫോണെടുത്തത്​.

ഏകദേശം 10,000 രൂപ ഉണ്ടെങ്കിൽ യാത്ര സാധ്യമാകുമെന്ന്​ അദ്ദേഹം പറഞ്ഞു. അഡ്വാൻസായിട്ട്​ 2000 രൂപയും തരാൻ പറഞ്ഞു. ആദ്യമൊന്ന്​ ശങ്കിച്ചെങ്കിലും രണ്ടും കൽപ്പിച്ച്​ പൈസ കൊടുത്തു.

ലക്ഷദ്വീപിലെ പ്രധാന ദ്വീപായ കൽപേനിയിലെ കാഴ്​ചകൾ

ഫോണിൽ മാത്രം പരിചയമുള്ള ഒരാൾക്ക്​ കണ്ണടച്ച്​ പൈസ കൊടുക്കാൻ ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയെങ്കിലും ലക്ഷദ്വീപിൽ പോകണമെന്ന സ്വപ്​നം. പൈസക്ക്​ പുറമെ, ആധാർ കാർഡ്​, പൊലീസ്​ സ്​റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ തുടങ്ങിയ രേഖകളും അന്ന്​ നൽകിയിരുന്നു. ഒരു മാസത്തിനുള്ളിൽ  സ്​പോൺസറുടെ ഫോൺ വീണ്ടും വന്നു. ലക്ഷദ്വീപിലേക്ക്​ പോകാനുള്ള പെർമിറ്റ്​ റെഡിയായിട്ടുണ്ട്​. ലക്ഷദ്വീപുകാരനായ ഒരാൾ ന​മ്മളെ ക്ഷണിച്ചുകൊണ്ടുള്ള രേഖയാണീ പെർമിറ്റ്​. നമ്മുടെ എല്ലാ ഉത്തരവാദിത്വവും അയാൾ ഏറ്റെടുക്കുകയാണ്​ ഇവി​ടെ. അയാളാണ്​ നമ്മുടെ സ്​പോൺസർ.

ഇനി കപ്പൽ ടിക്കറ്റ്​ എടുക്കണം എന്ന്​ സ്​പോൺസർ പറഞ്ഞു. അതോടെ എൻെറ ആവേശം ഇരട്ടിച്ചു. ടിക്കറ്റിനുള്ള പൈസ കൊടുത്തതോടെ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും അവൻ അതും സംഘടിപ്പിച്ചു തന്നു. ഏകദേശം ഒരാഴ്​ച മുമ്പായിരിക്കും കപ്പലിൻെറ ടിക്കറ്റ്​ വിൽപ്പനക്ക്​ വെക്കുക. അത്​ നിമിഷം നേരം കൊണ്ടാണ്​​ തീരുക. ഏതാനും ടിക്കറ്റുകൾ ഓൺലൈനിലും ലഭിക്കും. അതും തീരാൻ വലിയ സമയമൊന്നും വേണ്ട. 300 രൂപയുടെ ബങ്ക്​ ക്ലാസ്​ ടിക്കറ്റ്​ എടുത്താണ്​ ഞങ്ങൾ യാത്ര​ പോയത്​.

സ്​പോൺസർ കൽപേനിക്കാരനായതിനാൽ അങ്ങോട്ട്​ പോകാൻ മാത്രമുള്ള പെർമിറ്റാണ്​ ഞങ്ങൾക്ക്​ ലഭിച്ചത്​. ഇങ്ങനെ ലഭിച്ച ടിക്കറ്റും പെർമിറ്റുമായി ഒരാഴ്​ചയാണ്​ ലക്ഷദ്വീപിലെ കൽപേനിയെന്ന കൊച്ചുദ്വീപിൽ ഞങ്ങൾ അടിച്ചുപൊളിച്ചത്​. ഇതിന്​ സമീപമുള്ള ചെറിയം പോലുള്ള ആൾത്താമസമില്ലാത്ത ദ്വീപുകളിലേക്ക്​​ ബോട്ടിൽ പോകാനും സാധിച്ചു.

മനോഹരമായ ബീച്ചുകൾ, ചരിത്രം പേറുന്ന പള്ളികൾ, ലൈറ്റ്​ ഹൗസ്​, ട്യൂണ മത്സ്യം തയാറാക്കുന്നത്​ ഇങ്ങനെ ധാരാളം കാഴ്​ചകളാണ്​ കൽപേനിയിലുയുള്ളത്​. പിന്നെ സ്​കൂബ ഡൈവിങ്​ ( Scuba diving ) പോലുള്ള വിനോദങ്ങളും. 2000 രൂപയാണ്​ അന്ന്​ സ്​കൂബ ഡൈവിങ്ങിന്​ ഈടാക്കിയത്​. പവിഴപ്പുറ്റുകൾക്കിടയിലൂടെ വർണ്ണമത്സ്യങ്ങളെയും അപൂർവ ജീവികളെയും കണ്ട്​ കടലിനടിയിലൂടെ ഒഴുകി നടക്കാം. ഇത്ര ചെലവ്​ ചുരുങ്ങിയ നിലയിൽ, ഇത്ര പ്രകൃതിദത്തമായ സ്​കൂബ ഡൈവിങ്​ ലോകത്ത്​ വേറെ ഉണ്ടോകുമോ എന്ന്​ സംശയമാണ്​.

അതിനെല്ലാം പുറമെ നല്ല സ്​നേഹ സമ്പന്നരായ നാട്ടുകാരും അവർ വിളിമ്പിത്തരുന്ന രുചികരമായ ഭക്ഷണവും. ഒരുപാട്​ യാത്ര ചെയ്​തിട്ടുണ്ടെങ്കിലും ഇത്രയും ആസ്വദിച്ച യാത്ര അപൂർവമാണ്​.

കാര്യങ്ങളാകെ മാറി

ഇപ്പോൾ യാത്ര കുറെയൊക്കെ എളുപ്പമായിരിക്കുകയാണ്​. പണ്ട്​ മാസങ്ങൾ കൊണ്ട്​ ലഭിച്ചിരുന്ന പെർമിറ്റിന്​ ഇപ്പോൾ രണ്ട്​ ദിവസം മതി. ആധാർ സ്​കാൻ ചെയ്​ത്​ സ്​പോൺസർക്ക്​​ അയച്ചുകൊടുത്താൽ കേ​ന്ദ്ര സർക്കാർ ഓഫിസിൽനിന്ന്​ രണ്ട്​ ദിവസം കൊണ്ട്​ പെർമിറ്റ്​ റെഡിയാകും.

പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റിൻെറ ആവശ്യവുമില്ല. 15 ദിവസം പ്രസ്​തുത ദ്വീപിൽ തങ്ങാനുള്ള അനുമതിയാണ്​ ലഭിക്കുക. അതിനുള്ളിൽ നമ്മൾ പോയി തിരിച്ചുവരണം. ടിക്കറ്റും സ്​പോൺസർ എടുത്തുതരും. ബങ്ക്​ ക്ലാസ്​ ടിക്കറ്റിന്​ പകരം നല്ല ഒന്നാം തരം ഫസ്​റ്റ്​ ക്ലാസ്​ ടിക്കറ്റെടുത്ത്​ യാത്ര ചെയ്യാം.

പാക്കേജ്​ 1

കപ്പൽ യാത്ര കൂടാതെ നാല്​ ദിവസത്തെ ദ്വീപിലെ താമസമാണ്​ പാക്കേജിലുള്ളത്​. ഇതിന്​ 13,500 രൂപയാണ്​ ഈടാക്കുക. പെർമിറ്റ്​, കപ്പൽ ടിക്കറ്റ്​, താമസം, ഭക്ഷണം, ദ്വീപിൽ സഞ്ചരിക്കാനുള്ള വാഹനം എന്നിവയാണ്​ ഇതിൽ ഉൾപ്പെടുക. ഇതിന്​ പുറമെ സകൂബ ഡൈവിങ്​ പോലുള്ള വിനോദങ്ങൾക്ക്​ അധിക തുക നൽകണം.

പെർമിഷൻ: 6000 രൂപ
ടിക്കറ്റ്: 4500 രൂപ
താമസം: 1000 രൂപ (നാല് ദിവസം)
ഭക്ഷണം : 1000 രൂപ (നാല് ദിവസം )
വണ്ടി : 1000 രൂപ (നാല് ദിവസം).

മൊത്തം: ഒരാൾക്ക് 13,500 രൂപ

കുട്ടികൾ:

അഞ്ച്​ വയസ്സ്​ വരെ: 6500 രൂപ

അഞ്ച്​ വയസ്സ്​ മുതൽ 15 വയസ്സ്​ വരെ: 9999 രൂപ

(ഇതേ പാക്കേജ്​ കവരത്തി ദ്വീപിലേക്കും ലഭ്യമാണ്​ ലഭ്യമാണ്​)

പാക്കേജ്​ 2

മൂന്ന്​ ദ്വീപുകൾ ഉൾപ്പെടുന്ന പാക്കേജാണിത്​. കവരത്തി ( kavaratti ), മിനിക്കോയ് ( Minicoy island )​, കൽപേനി എന്നിവയാണ്​ ഇതിലുണ്ടാവുക. 15,000 രൂപയാണ്​ ഇതിൻെറ നിരക്ക്​. ഇതിൽ ഭക്ഷണം ഉൾപ്പെടുന്നില്ല. രാത്ര താമസം കപ്പലിലായിരിക്കും.

മൂന്ന്​ ദ്വീപുകൾ കാണാം എന്നതാണ്​ ഇതിൻെറ പ്രത്യേകത. ഇതിൽ തന്നെ മിനിക്കോയ്​ ദ്വീപ്​ സംസ്​കാരം കൊണ്ടും കാഴ്​ചകൾ കൊണ്ട്​ ലക്ഷദ്വീപിലെ മറ്റു ദ്വീപുകളിൽനിന്ന്​ ഏറെ വ്യത്യസ്​തമാണ്​. ഓരോ ദ്വീപിലും രാത്രി താമസിച്ച്​ അവിടത്തെ സംസ്​കാരത്തെ കൂടുതൽ അടുത്തറിയാൻ കഴിയില്ല എന്നതാണ്​ ഈ യാത്രയുടെ പോരായ്​മ.

ഇവ ​ശ്രദ്ധിക്കാം – How to visit lakshadweep with permit

കൊച്ചി ( Kochi ), ബേപ്പൂർ ( Baypore ), മംഗലാപുരം ( Mangalore ) എന്നിവിടങ്ങളിൽനിന്നാണ്​ ലക്ഷദ്വീപിലേക്ക്​ കപ്പൽ സർവിസുള്ളത്​. ഇതിൽ കൊച്ചിയിൽനിന്നാണ്​ കവരത്തി പോലുള്ള വലിയ കപ്പലുകൾ സർവിസ്​ നടത്തുന്നത്​. കൊച്ചിയിൽനിന്ന്​ അഗത്തി ദ്വീപിലേക്ക് ( Agatti island )​ വിമാന സർവിസുമുണ്ട്​.

http://lakport.nic.in/ എന്ന വെബ്​സൈറ്റ്​ വഴി​ കപ്പലുകളുടെ സമയക്രമം അറിയാനും ടിക്കറ്റ്​ ബുക്ക്​ ചെയ്യാനും സാധിക്കും. പെർമിറ്റ്​ നമ്പർ നൽകി മാത്രമേ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനാകൂ.

സർക്കാറിന്​ കീഴിലും ലക്ഷദ്വീപിലേക്ക്​ ടൂർ പാക്കേജുകളുണ്ട്​. ഇതിന്​ അൽപ്പം ചെലവ്​ കൂടുമെങ്കിലും പെർമിറ്റ്​ എടുക്കാൻ സ്​പോൺസറെ തപ്പേണ്ട​ എന്നതാണ്​ സൗകര്യം.

കവരത്തി കപ്പലിലുള്ള സമുദ്രം പാക്കേജാണ് സർക്കാറിന്​ കീഴിലുള്ളതിൽ പ്രശസ്​തം​. അഞ്ച്​ ദിവസം വരുന്ന​ യാത്രക്ക്​ ഏകദേശം 30,000 രൂപയാണ്​ ചെലവ്​. മൂന്ന്​ വ്യത്യസ്​ത ദ്വീപിൽ ഇറങ്ങാൻ സാധിക്കും. രാത്രി കപ്പലിലാകും തമസം.

ഇതിൻെറ വിവരങ്ങൾ https://lakshadweep.gov.in/tourism/tourist-packages/ എന്ന വെബ്​സൈറ്റിൽ ലഭ്യമാണ്​.

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ്. മഴക്കാലത്ത് കടൽ യാത്ര ദുഷ്​കരമാകുന്നതിനാൽ കപ്പൽ സർവിസ്​ കുറയും.

ലക്ഷദ്വീപിൽ പോകാൻ വിളിക്കൂ : 9778389592

Exit mobile version