Hyundai Creta vs Kia Seltos
ഹ്യുണ്ടായ് ക്രെറ്റയുടെ 2024 പതിപ്പും രംഗത്തെത്തിയതോടെ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലുണ്ടായിരുന്ന കിയ സെൽറ്റോസ് – ഹ്യുണ്ടായ് ക്രെറ്റ മത്സരം കൂടുതൽ കനത്തിരിക്കുകയാണ്. ഒരേ കുടുംബത്തിൽ നിന്നുള്ള ഈ രണ്ട് കാറുകളും കാഴ്ച്ചയിൽ വ്യത്യസ്തരാണെങ്കിലും പ്രകടനത്തിലും സവിശേഷതകളിലും ഏറെക്കുറെ സമാനമാണ്. എങ്കിലും ചില കാര്യങ്ങൾ അവയെ പരസ്പരം വേർതിരിക്കുന്നുണ്ട് താനും.
കാറിന്റെ ആകൃതിയിലൊന്നും കാര്യമായ മാറ്റങ്ങളില്ലെങ്കിലും പൂർണമായി പുനർരൂപകല്പന ചെയ്ത മുൻവശമാണ് ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയ്ക്കുള്ളത്. പഴയ ക്രെറ്റയെക്കാളും പക്വത കൈവരിച്ചതായി തോന്നും. ഡാർക്ക് ക്രോമിയം ഗ്രിൽ, മനോഹരമായ പാറ്റേണിലുള്ള ഹെഡ്‌ലാമ്പുകൾ, രണ്ടറ്റവും ബന്ധിപ്പിച്ച ഡിആർഎൽ എന്നിവ പോലെയുള്ള ഘടകങ്ങൾ ക്രെറ്റയെ കൂടുതൽ ആകർഷകമാക്കുകയും അന്താരാഷ്‌ട്ര വിപണിയിലുള്ള മോഡലിൽ നിന്ന് കാറിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.
അതേസമയം സെൽറ്റോസ് ഇന്നും അതിന്റെ സ്‌പോർട്ടി രൂപകൽപനയിൽ തുടരുന്നു. കൂടുതൽ സ്റ്റൈലിഷുമാണ്! ഗ്രില്ലിലേക്ക് നീണ്ടുകിടക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, വലിയ ഗ്രില്ല്, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റിനെ മനോഹരമാക്കുന്നത്. കൂടാതെ ഉയർന്ന വകഭേദങ്ങളിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ ക്രെറ്റയെക്കാളും എടുപ്പ് സെൽറ്റോസിന് നൽകുന്നുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ക്രെറ്റയ്ക്കുള്ളത്.
മികച്ച ഇന്റീരിയർ ഏതിന്
2024-ലെ അപ്‌ഡേറ്റിനൊപ്പം ക്രെറ്റയിൽ ഇപ്പോൾ പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡിനൊപ്പം ഇരട്ട-ഡിസ്‌പ്ലേ സജ്ജീകരണവും പുതിയ എയർകോൺ പാനലും അവതരിപ്പിക്കുന്നു. കറുപ്പും ബീജും ചേർന്ന ഡ്യുവൽ-ടോൺ ഇൻ്റീരിയർ തീം എല്ലാ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പവും ലഭ്യമാണ്. മാത്രമല്ല പിൻനിരയിലെ യാത്രക്കാർക്ക് സൺബ്ലൈൻഡുകൾ, recline ചെയ്യാൻ സാധിക്കുന്ന പിൻ സീറ്റുകൾ, ഹെഡ്‌റെസ്റ്റുകൾക്കുള്ള തലയണകൾ എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.
ഡാഷ്‌ബോർഡിന് മുകളിലുള്ള 10.25 ഇഞ്ചിന്റെ രണ്ട് സ്‌ക്രീനുകളാണ് സെൽറ്റോസിന്റെ ഇന്റീരിയറിലെ മുഖ്യ ഘടകം. എന്നിരുന്നാലും ഹ്യുണ്ടായ് ക്രെറ്റയിലുള്ളതിനേക്കാൾ ചെറിയതാണ് ഇത്. പക്ഷെ സെൽറ്റോസിൻ്റെ ഇൻ്റീരിയർ തീമും, സീറ്റ് അപ്‌ഹോൾസ്റ്ററിയും അഞ്ച് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയൻ്റുകൾക്കനുസരിച്ചാണ് അവ വ്യത്യാസപ്പെടുന്നത്.
ഫീച്ചറുകളുടെ കാര്യമെടുത്താൽ, ഈ രണ്ട് എസ്‌യുവികളിലും ലെവൽ 2 ADAS സ്യൂട്ട് ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും ലഭിക്കുന്നു. അങ്ങനെ നിരവധി സുഖസൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഇരുകാറുകളും പങ്കിടുന്നു. എന്നിരുന്നാലും എയർ പ്യൂരിഫയർ, പിൻനിരയിലെ നടുവിലെ സീറ്റിന് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ് എന്നിങ്ങനെ സൂക്ഷ്മമായ അധിക ഫീച്ചറുകൾ സെൽറ്റോസിനുണ്ട്.
മികച്ച പവർട്രെയിൻ ഏതിന്?
ഈ രണ്ട് ദക്ഷിണ കൊറിയൻ എസ്‌യുവികളും മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പക്ഷെ ഇരുകാറുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവ വാഗ്ദാനം ചെയ്യുന്ന ഗിയർബോക്സ് ഓപ്ഷനുകളാണ്.
1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുള്ള ക്രെറ്റ ഒരു ഡിസിടി ഗിയർബോക്സിനോടൊപ്പം മാത്രം ലഭ്യമാവുമ്പോൾ അതേ എൻജിനുള്ള സെൽറ്റോസിനൊപ്പം 6 സ്പീഡ് iMT, DCT എന്നീ ഗിയർബോക്‌സുകൾ ലഭ്യമാണ്. അതുപോലെ ക്രെറ്റയിലെ ഡീസൽ എഞ്ചിനുകൾക്കൊപ്പം ഘടിപ്പിച്ചിരിക്കുന്നത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാകുമ്പോൾ ഡീസൽ സെൽറ്റോസിലുള്ളത് ഐഎംടി ഗിയർബോക്സാണ്. പക്ഷെ ഇരു എസ്‌യുവികളുടെയും 1.5 ലിറ്റർ NA പെട്രോൾ എൻജിനുള്ള വകഭേദങ്ങൾ 6-സ്പീഡ് മാനുവൽ, CVT എന്നീ ഗിയർബോക്സ് ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്.