ഇവയാണ് എക്സറ്ററിനെ വ്യത്യസ്തമാക്കുന്നത് – Hyundai Exter
Hyundai Exter price in Kerala : 7.08 to 12.12 lakhs
എക്സ്റ്ററിനെ വ്യത്യസ്തമാക്കുന്നതെന്ത്?
ഹ്യുണ്ടായ് കാറുകളുടെ സ്വഭാവഗുണത്തിൽ പെട്ടതാണ് ഫീച്ചേഴ്സുകൾ കൊണ്ടുള്ള സമ്പന്നത. ഇറക്കുന്ന ഓരോ മോഡലുകളിലും ഒരു കമ്പനിക്ക് അതാത് പ്രൈസ് റേഞ്ചിൽ ഉൾക്കൊള്ളിക്കാനാവുന്നതിന്റെ പരമാവധി ഫീച്ചേഴ്സുകളുണ്ടായിരിക്കും. അതാണ് hyundai എന്ന ദക്ഷിണ കൊറിയൻ കമ്പനിയുടെ പ്രത്യേകത. ഒരു കാലത്ത് പ്രീമിയം വാഹനങ്ങളിൽ മാത്രം കണ്ടു വെള്ളമറക്കിയ പല ഫീച്ചേഴ്സുകളും സാധാരണക്കാർക്കും സാക്ഷാത്കരിച്ചു കൊടുക്കുന്നതിൽ ഹ്യുണ്ടായ്-കിയ സഖ്യത്തിന്റെ പങ്ക് പ്രധാനമാണ്. അത്രത്തോളം ഫീച്ചേഴ്സ് നൽകി ഒരു കാറിനെ എങ്ങനെ value for money ആക്കാം എന്നതിൽ മറ്റു കമ്പനികളും ഇവരെ മാതൃകയാക്കേണ്ടതുണ്ട് എന്ന് തോന്നും.
ഈയടുത്ത് ഇറങ്ങിയ എക്സ്റ്ററിന്റെയും സ്ഥിതി ഇതുതന്നെയാണ്. കാർ നിറയെ ഫീച്ചേഴ്സുകൾ വാരിക്കോരിത്തന്നിരിക്കുകയാണെന്ന് പറയാം. എക്സ്റ്ററിനെ എതിരാളികളിൽ നിന്നും വേറിട്ടു നിർത്തുന്ന ഘടകവും ഫീച്ചേഴ്സ് തന്നെയാണ്. ഇത്രയും ഫീച്ചേഴ്സുകളുള്ള മറ്റൊരു വാഹനം നിലവിൽ ഈ സെഗ്മെന്റിറില്ല. ഇതുപോലൊരു കാർ ഈ സെഗ്മെന്റിലിറക്കാൻ മറ്റു നിർമാതാക്കൾ ഇച്ചിരി കഷ്ടപ്പെടും എന്നതിൽ സംശയമില്ല. എങ്കിലും ചിലകാര്യങ്ങളിൽ എക്സ്റ്റർ പുരോഗമിക്കാനുണ്ട് താനും.
നിലവിൽ വിപണിയിലുള്ള നിയോസിനെ അടിസ്ഥാനമാക്കിയാണ് എക്സ്റ്റർ നിർമിച്ചിട്ടുള്ളതെങ്കിലും എക്സ്റ്ററിനെ വ്യത്യസ്തനാക്കുന്ന ചില ഫീച്ചേഴ്സുകളുണ്ട്. അവയേതൊക്കെ?
പാഡിൽ ഷിഫ്റ്ററുകൾ
ഓട്ടോമാറ്റിക് വാഹനങ്ങളിൽ ഗിയർ മാനുവലായി ഷിഫ്റ്റ് ചെയ്യുന്നതിനുവേണ്ടി സ്റ്റിയറിങ്ങിനു പിറകിലായി ക്രമീകരിക്കുന്ന ഉപകരണമാണ് പാഡിൽ ഷിഫ്റ്ററുകൾ. കുറച്ചു കാലം മുമ്പുവരെ വിലകൂടിയ കാറുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നാണിത്. പക്ഷെ മാസങ്ങൾക്കു മുമ്പ് ഹ്യുണ്ടായ് ഫാമിലിയിൽ നിന്നുള്ള പുതിയ കിയ സോണറ്റ് എത്തിയപ്പോൾ അതിൽ പാഡിൽ ഷിഫ്റ്റർ നൽകിയത് ശ്രദ്ധേയമായിരുന്നു. എന്നാൽ, ഇപ്പോൾ അതിലും താഴെയുള്ള പ്രൈസ് റെയ്ഞ്ചിലെ വാഹനമായ എക്സ്റ്ററിലും പാഡിൽ ഷിഫ്റ്റിംഗ് സംവിധാനം തന്നിരിക്കുകയാണ് നിർമാതാക്കൾ. എക്സ്റ്ററിന്റെ എഎംടി വേരിയന്റുകളിലാണ് പാഡിൽ ഷിഫ്റ്റർ ഉള്ളത്. ഓട്ടോമാറ്റിക് വാഹനങ്ങൾ പ്രത്യേകിച്ച് എഎംടി ഗിയർബോക്സ് ഉള്ളവയോടിക്കുമ്പോൾ ഉണ്ടാകുന്ന മുഷിപ്പ് ഒഴിവാക്കി ഡ്രൈവിനെ കൂടുതൽ രസകരമാക്കാൻ ഇത് സഹായിക്കും.
ആറ് എയർബാഗുകൾ
മറ്റുള്ള ഫീച്ചേഴ്സുകളിൽ മാത്രമല്ല, ഈ കാറിലുള്ള സുരക്ഷാ സംവിധാനങ്ങളിലും ഹ്യുണ്ടായ് മികവ് പുലർത്തിത്തിയിട്ടുണ്ട്. ഈ സെഗ്മെന്റിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്ന ഏക വാഹനം എക്സ്റ്ററാണ്. ഈ കാറിന്റെ വിലയിലുള്ള മറ്റൊരു വാഹനത്തിനും ആറ് എയർബാഗുകളില്ല. ഉയർന്ന വേരിയന്റുകളിൽ ഇ.എസ്.പി, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നീ സംവിധാനങ്ങളും നൽകിയിട്ടുണ്ട്. പക്ഷേ ഉയർന്ന വേരിയന്റിന് 12 ലക്ഷത്തോളം വിലയുണ്ടെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
വയർലെസ്സ് ചാർജർ
ഈ സെഗ്മെന്റിലേക്ക് ഒരു വാഹനം ഇറക്കുമ്പോൾ മറ്റുള്ള നിർമ്മാതാക്കൾ ചിന്തിക്കാൻ പോലും ഇടയില്ലാത്ത ഒരു ഫീച്ചറാണ് വയർലെസ് മൊബൈൽ ചാർജർ. hyundaiയുടെ നിരവധി മോഡലുകളിൽ ഉള്ള വയർലെസ് ചാർജിൽ ഈ കാറിന്റെ ഉയർന്ന വേരിയന്റുകളിലും ലഭ്യമാണ്.
സൺറൂഫ്
ഇന്ത്യക്കാർക്കായി ഒരു വാഹനം ഇന്ത്യയിൽ നിർമിക്കുമ്പോൾ അതിന് സൺറൂഫ് ഇല്ലാതെ പിന്നെങ്ങനെ. കാരണം പുതിയ കാറെടുക്കുമ്പോൾ ഇന്ത്യക്കാർ സൺറൂഫിനെ അത്രത്തോളം സ്നേഹിച്ചു തുടങ്ങി. സൺറൂഫ് കാരണമുള്ള ദോഷങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ത്യൻ കസ്റ്റമേഴ്സിന്റെ മനസ്സറിഞ്ഞ് ഹ്യുണ്ടായ് എന്ന കമ്പനി എക്സ്റ്ററിലും ഒരുക്കിയിട്ടുണ്ട് സൺറൂഫ് അഥവാ മൂൺറൂഫ്. സെഗ്മെന്റിൽ ആദ്യമായാണ് ഇതെങ്കിലും 9.38 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന SX1.2 MT മുതലാണ് സൺറൂഫുള്ളത്.
ഡാഷ് കാമറ
മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്ക് പുതുതായി എത്തുന്ന മറ്റൊരു ഫീച്ചറാണ് ഡാഷ് കാമറ. ഇക്കാലത്ത് പലരും ഡാഷ് കാമറകൾ വാങ്ങി വാഹനത്തിൽ ഘടിപ്പിക്കുന്നുണ്ടെങ്കിലും ഈ പ്രൈസ് റേഞ്ചിൽ ക്യാമറ വാഹനത്തോടൊപ്പം ലഭിക്കുന്നത് ഇതാദ്യമാണ്. High definition dashcameraകളാണ് എക്സ്റ്ററിന് ഉള്ളത്. മാത്രമല്ല ഇരുവശങ്ങളിലും ക്യാമറയുള്ളതുകൊണ്ടുതന്നെ പുറമേയുള്ള ദൃശ്യങ്ങൾക്കൊപ്പം വാഹനത്തിനകത്തെ ദൃശ്യങ്ങളും പകർത്താം. പല വിലയിലും നിലവാരത്തിലുമുള്ള ഡാഷ് കാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
സ്പേസ് മാനേജ്മെന്റ്
ഈ സെഗ്മെന്റിലെ വാഹനങ്ങളിൽ ഏറ്റവും സ്ഥല സൗകര്യമുള്ള കാർ എക്സ്റ്റർ ആണെന്ന് പറയാം. ഇതുപോലൊരു ചെറിയ കാറിൽ ഇത്രയും സ്പേസ് ഉണ്ടാക്കിയതിൽ കമ്പനി അഭിനന്ദനാർഹമാണ്. ആവശ്യത്തിന് ലെഗ്റൂമും ഹെഡ്റൂമും ഈ മൈക്രോ എസ്‌യുവിയിലുണ്ട്. പക്ഷെ എതിരാളിയായ ടാറ്റ പഞ്ചിന്റെ പിൻനിര സീറ്റിന് എക്സ്റ്ററിന്റെ സീറ്റിനേക്കാൾ വീതിയുണ്ട്. രണ്ട് പേർക്ക് യാത്ര ചെയ്യാനാണ് എക്സ്റ്ററിന്റെ പിൻനിര ഉചിതം.
Hyundai Exter price in Kerala
The price range of Hyundai Exter is starting from 7.08 lakhs to 12.12 lakhs (on-road).