Hyundai i20 !! പുലിയായിരുന്നു, പക്ഷേ..
ഏഴ് വർഷത്തെ Hyundai i20 user experience ആണ് ഇവിടെ പങ്കുവെക്കുന്നത്. വാഹന ലോകത്തെ പ്രധാന പേരുകളിലൊന്നാണ് കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് ( Hyundai ). മികവുകളേറെയുള്ള ഉൽപന്നങ്ങൾക്ക് സൗന്ദര്യവും കൂടുതലായിരുന്നു. സെഗ്മെന്റുകളുടെ വ്യത്യാസമില്ലാതെ എല്ലാതരം ആളുകളിലേക്കും ഹ്യുണ്ടായിയുടെ വാഹനങ്ങൾ കയറിച്ചെന്നു, അവരുടെ കാർ പോർച്ചുകൾക്ക് അലങ്കാരമായി.
ഇടത്തരക്കാരെ ലക്ഷ്യംവെച്ചിറക്കിയ നിരവധി സുന്ദര വാഹനങ്ങൾ ഡിസൈൻ രാജാക്കന്മാരെന്നു വിളിക്കാവുന്ന തരത്തിൽ ഹ്യുണ്ടായിക്ക് ഇടം നേടിക്കൊടുത്തു.
അത്തരത്തിലൊന്നാണ് Hyundai i20. ഇന്ത്യയിലും വിദേശങ്ങളിലുമായി i10, i30 വകഭേദങ്ങൾ കൂടി സജീവമാണെങ്കിലും i20 ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ്. 2008ൽ പുറത്തിറങ്ങിയ വാഹനം വിവിധ വകഭേദങ്ങളോടെ ഇപ്പോഴും വിപണിയില താരമാണ്. 2012ൽ പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റിനു ശേഷം കാര്യമായ മാറ്റം വരുന്നത് 2014ലാണ്. കൃത്യമായി പറഞ്ഞാൽ 2014 ആഗസ്റ്റ് 11ന്. അന്നാണ് എലൈറ്റ് ഐ 20 (Elite i20) എന്ന പുതിയ വകഭേദം നിരത്തുകൾ കീഴടക്കാനെത്തിയത്.
2012ലെ നവീകരിച്ച മോഡലനുസരിച്ച് 2013ൽ ഇറങ്ങിയ ഐ 20യാണ് 2014 ഏപ്രിലിൽ ഞാൻ സ്വന്തമാക്കിയത്. മോശമല്ലാത്ത ഒരു കാർ വാങ്ങണമെന്ന ആഗ്രഹം മാത്രമായിരുന്നു കൈമുതൽ. പെട്രോൾ, ഡീസൽ വകഭേദങ്ങളുടെ വ്യത്യാസമോ ഗുണഗണങ്ങളോ അറിയാതെ ‘ഇപ്പ കിട്ടണം’ എന്ന ഒരൊറ്റ ചിന്തയിലാണ് അന്ന് കാശുമായി ഷോറൂമിൽ ചെന്നത്. 2013 മോഡൽ വണ്ടിക്ക് ഡിസ്കൗണ്ട് എന്നൊക്കെ പറഞ്ഞ് ഡീസൽ വേരിയൻറ് തലയിൽ കെട്ടിവെച്ച് ഷോറൂം ജീവനക്കാർ തടിതപ്പി. മാസങ്ങൾക്കകം എലൈറ്റ് വന്നപ്പോഴാണ് അങ്ങനെയൊരു വിവരം പോലും അറിഞ്ഞത്. ഇതേ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾക്ക് ഒന്നുമറിയില്ലെന്ന മറുപടിയിൽ ജീവനക്കാർ സീൻ വിട്ടു.
കുഴപ്പങ്ങളില്ലാത്ത വാറൻറിക്കാലം
ഏതായാലും എടുത്ത വണ്ടിക്ക് ‘മൈലേജ് കുറവ്’ എന്നതൊഴികെ കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. എന്നാൽ, ആ കാലാവധി കഴിഞ്ഞതോടെ തനിസ്വരൂപം പുറത്തുവരാൻ തുടങ്ങി. സർവിസിനായി ഷോറൂമിൽ എത്തിച്ചാൽ നിലവിലെ പ്രശ്നങ്ങൾക്കു പുറമെ മറ്റെന്തെങ്കിലും തകരാർ ‘ഫ്രീ’.. എല്ലാ വർഷവും ഇതായിരുന്നു സീൻ. ഒപ്പം ഉത്തരവാദിത്തമൊന്നുമേറ്റെടുക്കാത്ത ഷോറൂം ജീവനക്കാർ കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
റേഡിയേറ്ററും സെൻസറും
ഇടക്കിടെ മാറ്റേണ്ടി വന്നത് എ.ബി.എസ് സെൻസറാണ്. പ്രതീക്ഷിക്കാതെ മാറ്റിയത് റേഡിയേറ്ററും. അത്തരം പ്രശ്നങ്ങൾ വരാൻ ഒരു സാധ്യതയുമില്ലായിരുന്നിട്ടു കൂടിയാണ് ഇവ മാറ്റേണ്ടി വന്നത്. സർവിസ് നിരക്കും സ്പെയർ പാർട്സിന്റെ ഉയർന്ന വിലയും മറ്റൊരു തിരിച്ചടിയായി. ഒരു തവണ സ്റ്റിയറിങ് അസിസ്റ്റ് പണി തന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണ് സർവിസ് സെൻററിൽ എത്തിക്കാനായത്. ഒടുവിൽ പണി കൂടി വന്നതോടെ ഏഴു വർഷത്തെ ‘ഒന്നിച്ചുള്ള’ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഏറെക്കാലം സഞ്ചരിച്ച, നിരവധി ഓർമകളുള്ള, ഡ്രൈവിങ് സുഖമുള്ള വണ്ടി എന്നതൊഴിച്ചാൽ സാമ്പത്തികപരമായി ഏറെ നഷ്ടം സഹിക്കേണ്ടി വന്നു.
യാത്രകൾ, ഓർമകൾ – Hyundai i20 user experience
സുഹൃത്തുക്കൾക്കൊപ്പവും കുടുംബങ്ങൾക്കൊപ്പവും ഒട്ടേറെ യാത്രകളാണ് i20 ഉപയോഗിച്ചിരുന്ന സമയത്ത് നടത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കായാലും ബന്ധു സന്ദർശനമായാലും ഔദ്യോഗിക ആവശ്യങ്ങൾക്കായാലും യാത്രാസുഖവും ഏറെ സൗകര്യവുമുള്ള വണ്ടി അനുഗ്രഹമായി. തമിഴ്നാട്ടിലെ മധുരയിലേക്കാണ് ഒറ്റ സ്ട്രെച്ചിൽ ഏറ്റവും ദൂരം കാറുമായി പോയത്. സ്വന്തമായി കാറുണ്ടായതോടെ കർണാടകയിലെ ബംഗളൂരുവും കുടകും തമിഴ്നാട്ടിലെ നീലഗിരിയും കേരളത്തിലെ വയനാടും മറ്റു സ്ഥലങ്ങളും ഇടക്കിടെ പോയി വരാവുന്ന തരത്തിൽ അടുത്തായി മാറി.
കുന്നുകളും മലകളും കീഴടക്കി മുന്നോട്ടു കുതിച്ചപ്പോഴൊക്കെ സമ്മാനിച്ച ഓർമകൾ വിലമതിക്കാത്തതാണ്. ഇത്രയും കാലത്തിനിടെ റോഡിൽ കിടക്കേണ്ടി വന്നിട്ടില്ല എന്നതാണ് ഭാഗ്യം. ഒരു തവണ ബന്ധു ബംഗളൂരുവിലേക്ക് പോയപ്പോഴാണ് റേഡിയേറ്റർ തകരാർ ശ്രദ്ധയിൽപെട്ടത്. ബംഗളൂരു ഷോറൂമിൽ കയറിയെങ്കിലും മാറ്റാൻ അവിടെ സാധനമില്ലായിരുന്നു. യാത്ര അത്യാവശ്യമായതിനാൽ വെള്ളമൊഴിച്ചും മറ്റും നാട്ടിലെത്തിച്ച ശേഷമാണ് സർവീസ് സെൻററിലേക്ക് മാറ്റിയത്. അപ്പോഴും വഴിയിൽ കിടത്തിയിട്ടില്ല.
നാട്ടിലെ ചെറു ഓട്ടങ്ങളിലൊക്കെ പിതാവിെൻറ സാന്നിധ്യം ഉറപ്പായിരുന്നു. സ്വന്തമാക്കി വിൽക്കുന്നതു വരെ ഏറ്റവുമധികം നേരം വണ്ടിയിൽ ഇരുന്ന ആൾ പിതാവാകണം. അദ്ദേഹം മരിച്ച് എട്ടു മാസങ്ങൾക്കു ശേഷമാണ് കാർ കൈമാറിയത്.
ഏഴു വർഷം; കുറഞ്ഞത് അഞ്ചു ലക്ഷം
i20 diesel sportz വകഭേദമാണ് എടുത്തത്. 8.20 ലക്ഷം രൂപ കൊടുത്താണ് ഏഴു വർഷം മുമ്പ് വണ്ടി സ്വന്തമാക്കിയത്. യാത്രകൾക്ക് വേഗം സമ്മാനിച്ച് കൂടെക്കൂടിയ വണ്ടി പക്ഷേ, ഏഴു വർഷങ്ങൾക്കിപ്പുറം വിൽക്കാൻ തീരുമാനിച്ചപ്പോൾ മൂന്നു ലക്ഷം രൂപ മാത്രമാണ് കിട്ടിയത്. കുറഞ്ഞത് അഞ്ചു ലക്ഷത്തിലധികം രൂപ.
ഓടിയ ദൂരം 67,000 കിലോമീറ്റർ മാത്രമായിരുന്നു. വളരെ കുറഞ്ഞ resale value ആണ് ഇത്തരം വകഭേദങ്ങളുള്ള വണ്ടികളെടുക്കുന്നതിൽനിന്ന് ആളുകളെ പിന്നോട്ടടിപ്പിക്കുന്നതെന്ന് ഈ വർഷങ്ങളിൽ നേരിട്ട് മനസിലാക്കാനായിരുന്നു ( Hyundai i20 user experience ). അതിനാൽ തന്നെ ഇനിയും വൈകീക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് വിലയുറപ്പിച്ച് കൈമാറിയത്.