കൊച്ചി: രാജ്യത്ത് ടൈപ്പ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 55 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നിരക്കുകളാണുള്ളതെന്ന് ഇന്ത്യന്‍ ഡയബറ്റിസ് സ്റ്റഡി ( Indian Diabetes Study ) വെളിപ്പെടുത്തുന്നു. അവരുടെ ജീവിത കാലത്ത് ഹൃദയ ധമനീ രോഗങ്ങള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യതയാണിത് ചൂണ്ടിക്കാട്ടുന്നത്. ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 42 ശതമാനത്തോളം പേര്‍ക്ക് ഹൈപര്‍ടെന്‍ഷന് അധിക സാധ്യതയുള്ളതായും പഠനം സൂചിപ്പിക്കുന്നു.
എറീസ് ലൈഫ് സയന്‍സസിന്‍റെ പിന്തുണയോടെ 16 ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ദേശീയ തലത്തിലുള്ള പഠനം തയാറാക്കിയത്. 27 സംസ്ഥാനങ്ങളിലായി ശരാശരി 48 വയസ്സുള്ള 5080 രോഗികള്‍ക്കിടയില്‍ 1900-ത്തില്‍ ഏറെ ഡോക്ടര്‍മാരുമായി സഹകരിച്ചു നടത്തിയ പഠനമാണിത്. 82.5 ശതമാനം രോഗികള്‍ക്കും ഏതെങ്കിലും വിധത്തിലുള്ള കൊളസ്ട്രോള്‍ അസ്വാഭാവികതയുള്ളതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ആകെയുള്ള രോഗികളില്‍ യഥാക്രമം 92.5 ശതമാനവും 83.5 ശതമാനവും ഏതെങ്കിലും വിധത്തിലുള്ള കൊളസ്ട്രോള്‍ ( cholesterol ) നിയന്ത്രണ, ഹൈപര്‍ടെന്‍ഷന്‍ ചികിത്സകള്‍ക്കു വിധേയരല്ലെന്നതാണ് മറ്റൊരു കണ്ടെത്തല്‍. കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ മൂല്യം (55.6 ശതമാനം) ആണ് ഏറ്റവും വ്യാപകമായുള്ള അപകട സാധ്യത.
പുതുതായി പ്രമേഹം നിര്‍ണയിക്കപ്പെടുന്നവര്‍ക്കിടയിലെ ഹൃദയ ധമനീ രോഗങ്ങള്‍ സംബന്ധിച്ച അപകട സാധ്യതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഇന്ത്യ ഡയബറ്റിസ് സ്റ്റഡി എന്ന് ചെല്ലാറാം ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് പൂനെയിലെ സിഇഒയും എന്‍ഡോക്രൈനോളജി മേധാവിയുമായ ഡോ. എ.ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമഗ്രമായ രീതിയില്‍ ഇതു കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലൂക്കോസ് നിയന്ത്രണത്തോടൊപ്പം ലിപിഡ് താഴേക്കു കൊണ്ടു വരുന്നതും ഉള്‍പ്പെട്ട ചികിത്സ വഴി ഹൃദയ ധമനീ പ്രശ്നങ്ങള്‍ കുറക്കണമെന്ന് ഹൈദരാബാദ് ഒസ്മാനിയ ജനറല്‍ ഹോസ്പിറ്റല്‍, ഒസ്മാനിയ മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വകുപ്പിലെ ഡോ. ആർ.കെ. സഹായ് പറഞ്ഞു. ബോഡി മാസ്സ് സൂചിക വര്‍ധിക്കുന്നതും മറ്റൊരു പ്രശ്നമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളും ഭക്ഷണ നിയന്ത്രണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രയോജനപ്രദമായ മെഡിക്കല്‍ തെളിവുകള്‍ ലഭ്യമാക്കുന്നതില്‍ എറിസ് എന്നും മുന്‍പന്തിയിലാണെന്ന് എറീസ് ലൈഫ് സയന്‍സസ് വൈസ് പ്രസിഡന്‍റ് മനീഷ് കപൂര്‍ പറഞ്ഞു. രാജ്യത്തെ ടൈപ് 2 പ്രമേഹസ്ഥിതി കൈകാര്യം ചെയ്യാന്‍ ഈ പഠനം സഹായകമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
(This story is published from a syndicated feed)
keep reading: കീറ്റോ ഡയറ്റ് പ്ലാൻ: നിങ്ങൾ അറിയേണ്ടതെല്ലാം