Ebuzz
Trending

jai bhim review – സിനിമ പറയുന്ന രാഷ്ട്രീയം

1993ലെ സംഭവമാണ് ജയ് ഭീം കൈകാര്യം ചെയ്തതെങ്കിലും സിനിമ പുറത്തിറങ്ങിയ 2021ലും മേൽപറഞ്ഞ സംഭവങ്ങൾക്ക് മാറ്റമുണ്ടോ എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്.

ജാതീയത കൊടികുത്തി വാഴുന്ന ഒരു സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ദുരിതം വ്യക്തമാക്കുന്ന സിനിമക്ക് രാഷ്ട്രീയം പറയാമോ? പറയാമെന്നും അത് സത്യസന്ധമായിരിക്കണമെന്നും വരച്ചുകാട്ടുകയാണ് ടി.ജെ. ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിച്ച ജയ് ഭീം ( jai bhim review ) . കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജാതീയതക്കെതിരെ ശക്തമായ പ്രമേയങ്ങൾക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കി നിരവധി സിനിമകളാണ് തമിഴ് സംവിധായകർ സമ്മാനിച്ചത്. ധീരതയോടെ നിലപാട് പറയാൻ അവർക്ക് മറ്റൊന്നും തടസ്സമായില്ല.

പരിയേറും പെരുമാളും അസുരനും കർണനും ഉൾപ്പെടെ അത്തരം സിനിമകൾ ആസ്വാദകൻെറ ഉറക്കം കെടുത്തിയിരുന്നു. അക്കൂട്ടത്തിൽ ചേർത്തുവെക്കാവുന്ന, അരികുചേർക്കപ്പെട്ടവരെ നിയമത്തിെൻറ വഴിയിൽ കൈപിടിച്ചു നടത്തുന്ന വിപ്ലവമാണ് ജയ് ഭീം. ഒരു സാധാരണ സ്ത്രീയെ ഹൈകോടതി വരെ എത്തിച്ചതിന് അഡ്വക്കറ്റ് ജനറൽ ലോക്കൽ പൊലീസിനെ ശകാരിക്കുന്നുണ്ട് ചിത്രത്തിൽ. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും നീതി എല്ലാവർക്കും ഒരു പോലെ ലഭിക്കണമെന്നും പറയുേമ്പാൾപോലും അതെന്തെന്നു പോലുമറിയാത്ത ജനങ്ങളും നമുക്കിടയിലുണ്ടെന്നാണ് രണ്ടു മണിക്കൂർ 44 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്.

നിയമം എന്നത് ശക്തമായ ആയുധമാണ്, ആരെ രക്ഷിക്കാനാണ് നമ്മളത് ഉപയോഗിക്കുന്നത് എന്നതാണ് മുഖ്യം. ഗാന്ധി, നെഹ്റു എന്നിവർക്കൊപ്പം അംബേദ്കർ ദർശനങ്ങൾ കൂടി ജീവിതത്തിെൻറ ഭാഗമാകേണ്ടതുണ്ടെന്നും ചിത്രം പറഞ്ഞുവെക്കുന്നു. യഥാർഥ സംഭവത്തിൽ പ്രധാന കഥാപാത്രമായ അഡ്വ. ചന്ദ്രുവിനെ അവതരിപ്പിച്ച സൂര്യ (suriya) തന്നെയാണ് ചിത്രം നിർമിച്ചതും. ടി.ജെ. ജ്ഞാനവേലിെൻറ സത്യസന്ധമായ ശ്രമത്തിന് അഭിനയം കൊണ്ടും നിർമാതാവിെൻറ വേഷമണിഞ്ഞും പൂർണ പിന്തുണയേകാൻ സൂര്യക്കായി. 1993ൽ നടന്ന യഥാർഥ സംഭവത്തെ കൈയടക്കത്തോടെ വാണിജ്യസിനിമയാക്കിയ സംവിധായകനാണ് ആദ്യ കൈയടി.

നിറഞ്ഞാടി അഭിനേതാക്കൾ

നിയമവ്യവസ്ഥയുടെയും സർക്കാറുകളുടെയും പിന്തുണയില്ലാതെ, ഏവരാലും മാറ്റിനിർത്തപ്പെടുന്ന, അപ്രത്യക്ഷമാകുന്ന/അപ്രത്യക്ഷമാക്കുന്ന കീഴ്ജാതിക്കാരും ഗോത്രവർഗക്കാരും അഭിനയം കൊണ്ട് നെഞ്ചുലക്കും. കണ്ണുകൾ നിറയാതെ പല സീനുകളും കണ്ടുതീർക്കാനാവില്ല. കയറിക്കിടക്കാൻ ഒരു തുണ്ടു ഭൂമിയോ തിരിച്ചറിയാൻ രേഖകളോ ഇല്ലാത്ത ഇവരെ ചൂഷണം ചെയ്യുന്നതിെൻറയും പീഡിപ്പിക്കുന്നതിെൻറയും കാഴ്ചകൾ അസ്വസ്ഥമാക്കി കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

വ്യാജ കേസുകൾ ചുമത്തി കാലങ്ങളോളം ജയിലിലടച്ചാലും പുറത്തിറങ്ങുേമ്പാൾ ചോദിക്കാനാരുമില്ലാത്ത ഗോത്രവിഭാഗങ്ങളെ ജാതി ചോദിച്ച് മാറ്റിനിർത്തി പുതിയ കേസുകൾ ചുമത്തി വീണ്ടും അകത്തിടുകയാണ്. ഇതിനെതിരെ പോരാട്ടം നടത്തുന്ന അഡ്വ. ചന്ദ്രുവിനെയാണ് ചിത്രത്തിൽ ആദ്യം കാണാനാവുക.

കൊടി പിടിച്ചും പോസ്റ്ററൊട്ടിച്ചും ലഘുലേഖ വിതരണംചെയ്തും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായും, കേസുകളെ ഇഴകീറി പരിശോധിച്ച് കുറിക്കുകൊള്ളുന്ന വാദങ്ങൾ നിരത്തുന്ന വക്കീലായും സൂര്യ നിറഞ്ഞാടി. മനുഷ്യാവകാശ വിഷയങ്ങളിൽ ഫീസില്ലാതെയാണ്, പിന്നീട് ജഡ്ജി ആയി മാറിയ അഡ്വ. ചന്ദ്രു വാദിച്ചിരുന്നതെന്ന് സിനിമ സാക്ഷ്യപ്പെടുത്തുന്നു. ചോദിക്കാനാരുമില്ലെന്ന ധൈര്യത്തിൽ വ്യാജമായി തയാറാക്കുന്ന അന്വേഷണ റിപ്പോർട്ടുകളും കള്ളസാക്ഷികളും പൊളിച്ചടുക്കാൻ ചന്ദ്രുവിന് കഴിയുന്നതോടെ ജയ് ഭീം വേഗം കൈവരിക്കുന്നുണ്ട് ( jai bhim review ).

പൊലീസിൻെറ വ്യാജ കഥകൾ ഓരോന്നായി പൊളിയുന്നതോടെ സി.ബി.ഐ അന്വേഷണത്തിന് ചന്ദ്രു ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡിവിഷൻ ബെഞ്ചിെൻറ നിർദേശം മാനിച്ച്, ചന്ദ്രുവിെൻറ മേൽനോട്ടത്തിൽ അനുവദിച്ച കമീഷന് പ്രകാശ് രാജ് ജീവനേകിയ ഐ.ജി പെരുമാൾ സാമിയാണ് അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്. ഇരുവരും ചേർന്ന് നടത്തുന്ന തെളിവെടുപ്പുകളും അന്വേഷണങ്ങളും കഥയുടെ കൂടുതൽ ചുരുളഴിക്കുന്നു.

ചിത്രത്തിലുടനീളം ഭർത്താവിനായി പോരാടുന്ന സെങ്കനിയായി വേഷമിട്ട മലയാളി ലിജോമോൾ ജോസ്, ടീച്ചർ രജിഷ വിജയൻ, സെങ്കനിയുടെ ഭർത്താവ് രാജാക്കണ്ണായി വേഷമിട്ട മണികണ്ഠൻ, പൊലീസ് ഉദ്യോഗസ്ഥർ എന്നു വേണ്ട ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ അതിഗംഭീരമാക്കിയതോടെ കഥക്കൊപ്പം അഭിനയവും ഒരു പടി കൂടി കടന്നു.

അഭിമാനമായി ലിജോമോൾ

മഹേഷിൻെറ പ്രതികാരം എന്ന ചിത്രത്തിലെ സോണിയയെ ആരും മറക്കാനിടയില്ല. ക്രിസ്പിനെ വട്ടംചുറ്റിച്ച് സോണിയയായി മലയാളത്തിൽ അരങ്ങേറിയ ലിജോമോൾ ജോസ് ജയ് ഭീമിൽ സെങ്കനി എന്ന മുഴുനീള കഥാപാത്രത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറി. വക്കാലത്തിൽ ഒപ്പിടാൻ പോലുമറിയാത്ത സാധാരണക്കാരിയായ സെങ്കനി ഹൈകോടതി പോലൊരു വലിയ കെട്ടിടത്തിൽ പ്രവേശിക്കുേമ്പാൾ മുഖത്തു വിരിയുന്ന കൗതുകവും ആശങ്കയും നന്നായി അവതരിപ്പിച്ചു. ഒരേസമയം, വികാരത്തള്ളിച്ചയും നിർവികാരതയും സെങ്കനിയുടെ മുഖത്ത് മാറിമറിഞ്ഞു. ഭർത്താവും മകളും മാത്രം ലോകമായിരുന്ന ഒരുവൾ ഹൈകോടതി വരെ എത്തി ഭർത്താവിനായി പോരാടുന്ന കഥാപാത്രം ലിജോമോളിൽ ഭദ്രമായിരുന്നു. 2019ൽ പുറത്തിറങ്ങിയ ശിവപ്പ് മഞ്ഞൾ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

രാജൻ കേസും കേരളവും

മോഷണക്കേസിൽ അറസ്റ്റിലായി ക്രൂരമർദനമേറ്റ ഇരുളർ വിഭാഗത്തിൽപെട്ട രാജാക്കണ്ണ്, ഇരുട്ടപ്പൻ, മൊസക്കുട്ടി എന്നിവർ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ടെന്നായിരുന്നു പൊലീസ് വാദം. വിഷയത്തിലിടപെടാൻ രാജാക്കണ്ണിെൻറ ഗർഭിണിയായ ഭാര്യ ലിജോമോൾ അവതരിപ്പിച്ച സെങ്കനി പല ഉന്നതരെയും ചെന്നു കണ്ടെങ്കിലും ആട്ടിപ്പായിക്കുകയായിരുന്നു. തുടർന്നാണ് പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതൃത്വം വഴി ഹൈകോടതി അഭിഭാഷകനായ ചന്ദ്രുവിനെ ചെന്നു കാണുന്നത്. ഓരോ നാൾവഴികളും അന്വേഷിച്ചറിഞ്ഞ ചന്ദ്രു ഹേബിയസ് കോർപസ് ഫയൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കോടതിയിൽ ഹാജരാക്കാൻ തെളിവുകളില്ലാത്തിെൻറ അഭാവം കാരണം വിചാരണക്ക് അനുമതി തേടുകയുണ്ടായി.
ഹേബിയസ് കോർപസിൽ പതിവില്ലാത്ത ഈ വിചാരണക്ക് അഡ്വ. ചന്ദ്രു റഫറൻസായി പറയുന്നത് രാജൻ കേസും തുടർസംഭവങ്ങളുമാണ്. രക്ഷപ്പെട്ട മൂന്നു പേർ കേരളത്തിലേക്ക് കടന്നെന്ന പൊലീസ് ഭാഷ്യം അന്വേഷിക്കാൻ സൂര്യ, ലിജോമോൾ, രജിഷ വിജയൻെറ മൈത്രേയ എന്നിവർ മൂന്നാറിലെത്തുന്നുമുണ്ട്. ഫോൺ വിളികളിലും മറ്റുമായി തുടർന്നും സനിമയിൽ കേരളവും മലയാളവും കടന്നുവരുന്നു.

തിയറ്ററിൻെറ നഷ്ടം

ഇന്നും പല ഗ്രാമങ്ങളിലും മാറ്റമില്ലാതെ തുടരുന്ന അവഗണനയും മാറ്റിനിർത്തലും അയിത്തവും യഥാർഥ സംഭവത്തിെൻറ പിൻബലത്തിൽ മികച്ച ദൃശ്യാവിഷ്കാരമായപ്പോൾ തിയറ്ററിൽ റിലീസ് ചെയ്യാനായില്ല എന്നത് പ്രേക്ഷകരുടെ നഷ്ടമാണ്. സൂര്യയും ജ്യോതികയും ഉടമസ്ഥരായ 2ഡി എൻറർടെയിൻമെൻറിെൻറ ബാനറിൽ നിർമിച്ച ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ വഴിയാണ് റിലീസ് ചെയ്തത്. 2ഡിയുടെ ബാനറിൽ ​ജ്യോതികയും ശശികുമാറും സമുദ്രക്കനിയും അഭിനയിച്ച ‘ഉടൻ പിറപ്പെ’ എന്ന ചിത്രവും ദിവസങ്ങൾക്കു മുമ്പ് ആമസോണിൽ റിലീസ് ചെയ്തിരുന്നു.

അണിയറയിൽ

പയനം എന്ന ക്രൈം ആക്ഷൻ ചിത്രത്തിെൻറ കഥയും തിരക്കഥയും രചിച്ചാണ് 2011ൽ ജ്ഞാനവേൽ സിനിമ രംഗത്ത് സജീവമായത്. 2017ൽ കൂട്ടത്തിൽ ഒരുത്തൻ ആദ്യ സംവിധാന സംരംഭമായി. ജ്യോതികയും സൂര്യയും നിർമാതാക്കളായപ്പോൾ എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിച്ചു. സീൻ റോൾഡണാണ് സംഗീതം. ഒരേസമയം വെല്ലുവിളി നിറഞ്ഞതും ദൃശ്യഭംഗിയുള്ളതുമായ കലാസംവിധാനം കെ. കതിർ നിർവഹിച്ചു. ഫിലോമിൻ രാജ് ആണ് ചിത്രസംയോജനം. സംഘട്ടന രംഗങ്ങൾക്ക് അൻപറിവ് ചുക്കാൻ പിടിച്ചു.

1993ലെ സംഭവമാണ് ജയ് ഭീം കൈകാര്യം ചെയ്തതെങ്കിലും സിനിമ പുറത്തിറങ്ങിയ 2021ലും മേൽപറഞ്ഞ സംഭവങ്ങൾക്ക് മാറ്റമുണ്ടോ എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. അരികുവത്കരിക്കപ്പെട്ട ജീവനുകളെ അടയാളപ്പെടുത്തുന്ന, രാഷ്ട്രീയം പറയുന്ന ശക്തമായ പ്രമേയങ്ങളുമായി പുതുചിത്രങ്ങൾക്കായി കാത്തിരിക്കാം.

സിനിമ കാണാൻ ഇവിടെ സന്ദർശിക്കുക: jai bhim

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!