ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു ഭക്ഷണപ്രേമിയുടെയും വായിൽ വെള്ളമൂറും. ബിരിയാണികളുടെ തലസ്ഥാനമാണ് കോഴിക്കോട്. ഇവിടെ ജോലി ആശവ്യാർത്ഥം വന്നതായിരുന്നു. നല്ലൊരു ഫുഡ് കഴിക്കണമെന്ന ആഗ്രഹത്തോടെ ഗൂഗിളിൽ best restaurant in kozhikode എന്ന തിരക്കി. അപ്പോഴാണ് കൊച്ചിയിലെ പ്രശസ്ത ജെഫ് ബിരിയാണി കോഴിക്കോട്ടും ( jeff biriyani kozhikode ) വന്ന കാര്യം മനസ്സിലായത്. നേരെ അങ്ങോട്ടേക്ക് വണ്ടിവിട്ടു. മുമ്പ് ഇവിടെനിന്ന് ബിരിയാണി കഴിച്ചത് ഹോട്ടൽ മമ്മാലീസിൽനിന്നായിരുന്നു. നല്ല അടിപൊളി ബീഫ് ബിരിയാണിയായിരുന്നുവത്. ഇത്തവണ നാടൻ ബിരിയാണി ഒന്ന് മാറ്റിപ്പിടിക്കാമെന്ന് കരുതി. അങ്ങനെയാണ് ജെഫ് ബിരിയാണി തേടിയിറങ്ങിയത്.
ബീച്ച് റോഡിലാണ് ഹോട്ടലുള്ളത്. സിഎച്ച് ഓവർബ്രിഡ്ജ് കഴിഞ്ഞ് ആദ്യം കാണുന്ന ജംഗ്ഷനിൽനിന്ന് 100 മീറ്റർ പോയാൽ ലക്ഷ്യസ്ഥാനത്തെത്തും. ഇതിന് സമീപം തന്നെയാണ് ടാഗോർ ഹാളുമുള്ളത്. നേരെ 200 മീറ്റർ പോയാൽ കോഴിക്കോട് ബീച്ച് (kozhikode beach) എത്തും. ഈ ഭാഗത്ത് നിരവധി റെസ്റ്റോറന്റുകളുണ്ട്. ലോകത്തിന്‍റെ ഏത് ഭാഗത്തുള്ള രുചിയും നിങ്ങൾക്ക് ഇവിടെനിന്ന് നുകരാം എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല. കാരണം എണ്ണിയാൽ ഒടുങ്ങാത്ത ഭക്ഷണശാലകൾ ഇവിടെയുണ്ട്.
Jeff Biriyani Kozhikode
ജെഫ് ബിരിയാണി ഹോട്ടലിന് മുന്നിൽ ബൈക്ക് നിർത്തി. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് ഹോട്ടൽ. ഏകദേശം മൂന്ന് കാറുകൾക്കും 10 ബൈക്കുകളും ഒരേസമയം നിർത്താനുള്ള പാർക്കിങ് ഏരിയയുണ്ട്. ഇംഗ്ലീഷിൽ വലുതായിട്ട് Jeff Biriyani എന്നെഴുതിവെച്ചിട്ടുണ്ട്. അതിന് താഴെ ചെറുതായിട്ട് Flavour of Yemen എന്നും വായിക്കാം. അതെ, യെമൻ എന്ന മിഡിൽ ഈസ്റ്റ് രാജ്യത്തുനിന്ന് വന്ന സ്പെഷൽ ബിരിയാണിയാണ് കഴിക്കാൻ പോകുന്നത്. പേർഷ്യൻ നാടുകളിൽ സുപരിചിതമായ ബിരിയാണി കേരളത്തിലെത്തിയതിന് പിന്നിലൊരു കഥയുണ്ട്.
ജെഫ് ബിരിയാണിയുടെ ചരിത്രം
ശിയ മുസ്ലിംകൾക്കിടയിലുള്ള പ്രത്യേക സമുദായമാണ് ബൊഹ്റ. യെമനിലാണ് ഇവർ കൂടുതലുള്ളത്. ബൊഹ്റ വിഭാഗത്തിൽ പെട്ടവർ പിന്നീട് ഇന്ത്യയിലേക്കും വന്നു. അങ്ങനെ വന്നൊരാളാണ് ജാഫർ ഭായ്. ഇദ്ദേഹമാണ് ഇന്ത്യയിൽ ബൊഹ്റ ബിരിയാണിയുടെ തുടക്കക്കാരൻ. ജാഫർ എന്ന പേരിൽനിന്നാണ് ജെഫ് എന്ന് പേര് ബിരിയാണിക്ക് ലഭിക്കുന്നത്. കൂടാതെ ഇദ്ദേഹത്തിന്‍റെ ചിത്രമാണ് ഹോട്ടലുകളുടെ മുമ്പിൽ വലുതായി വെച്ചിട്ടുള്ളത്. 1969ൽ അന്നത്തെ ബോംബെയിലാണ് ബിരിയാണിക്കട തുടങ്ങുന്നത്. മുംബൈയുടെ ജനമനസ്സുകളെ കീഴടക്കി ജെഫ് ബിരിയാണിയുടെ രുചിഭേദങ്ങൾ മഹാനഗരത്തിൽ പരന്നൊഴുകി.
കേരളത്തിലെ തുടക്കം
ജാഫർ ഭായിയുടെ മൂന്നാംതലമുറയിൽപ്പെട്ടവരാണ് കൊച്ചിയിൽ ജെഫ് ബിരിയാണി തുടങ്ങുന്നത്. ഒരു അവധിക്കാലത്ത് സൊഹൈബ് ഇബ്രാഹിമും കുടുംബവും കൊച്ചിയിലേക്ക് ആഘോഷിക്കാൻ വന്നതായിരുന്നു. കൊച്ചിയിലെ ഭക്ഷണപ്രിയവും വൈവിധ്യങ്ങളും അവർക്ക് ബോധിച്ചു. അങ്ങനെ 2010ൽ കൊച്ചി തോപ്പുംപടിയിൽ ഇവർ ബിരിയാണി വിളമ്പാൻ തുടങ്ങി. സൊഹൈബിന്‍റെ മക്കളായ ഹുസൈൻ, ഹാതിം എന്നിവാണ് കൂടെയുണ്ടായിരുന്നത്.
മാരുതി ഓംനി വാനിലായിരുന്നു വിൽപ്പന. ബിരിയാണിയും കബാബുമെല്ലാമാണ് ആദ്യകാലത്ത് വിറ്റിരുന്നത്. അങ്ങനെ ജെഫ് ബിരിയാണിയുടെ പ്രശസ്തി കൊച്ചിയാകെ പരന്നു. ഇതോടെ തോപ്പുംപടിയിൽ ഹോട്ടൽ ആരംഭിച്ചു. പിന്നീട് പനമ്പള്ളി നഗറിലും കടവന്ത്രയിലും ഇടപ്പള്ളിയിലും ബ്രാഞ്ചുകൾ തുറന്നു. ഇപ്പോൾ തിരുവനന്തപുരത്തും കോഴിക്കോടും ജെഫ് ബിരിയാണി ലഭിക്കും. കൊച്ചിയിലെ തോപ്പുംപടിയിലാണ് പ്രധാന കിച്ചൺ. ഇവിടെനിന്ന് ഭക്ഷണം തയാറാക്കി സമീപ പ്രദേശത്തെ ബ്രാഞ്ചുകളിലേക്ക് അയക്കും. കൂടാതെ കോഴിക്കോട്, തിരുവനന്തപുരം ശാഖകളെ അപേക്ഷിച്ച് കൂടുതൽ വിഭവങ്ങളും ലഭിക്കുക കൊച്ചിയിലാണ്.
ടേസ്റ്റ് ഓഫ് യെമൻ
ജെഫ് ബിരിയാണി ഹോട്ടലിന്‍റെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. വളരെ സിമ്പിളായിട്ടുള്ള ഡിസൈനാണ് അകത്ത്. പക്ഷെ, എല്ലാറ്റിലും ഒരു ആഢ്യത്വമുണ്ട്. ആദ്യം സ്വീകരിക്കുക വലിയ ചെമ്പുകളാണ്. കിച്ചണിൽനിന്ന് തയാറാക്കിയ വിഭവങ്ങൾ മുന്നിൽ നിരത്തിവെച്ചിരിക്കുന്നു. അതായത് നമ്മുടെ മുമ്പിൽനിന്നാണ് വിളമ്പിത്തരിക. പിന്നിലെ കിച്ചണും നമുക്ക് കാണാം. നല്ല വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്നു. തീൻമേശകൾക്ക് സമീപത്തെ ചുമരുകളിൽ ജെഫ് ബിരിയാണിയുടെ പ്രൗഢി വിളിച്ചോതുന്ന ചിത്രങ്ങളുണ്ട്. നടൻ മമ്മൂട്ടിയെല്ലാം കൊച്ചിയിലെ ഹോട്ടലിൽ വന്ന് കഴിച്ചതിന്‍റെ ചിത്രം ചുമരിലുണ്ട്. ഒരോസമയം ഏകദേശം 40 പേർക്ക് ഇവിടെ ഇരുന്ന് കഴിക്കാം.
ഞാൻ ഒരു ടേബിളിന് മുന്നിലിരുന്നു. ചിക്കൻ ബിരിയാണിയാണ് ഓർഡർ ചെയ്തത്. ഒരു പ്ലേറ്റിന് 200 രൂപ. രണ്ട് മിനിറ്റ് കൊണ്ട് സാധനം മുന്നിലെത്തി. ഒറ്റനോട്ടത്തിൽ തന്നെ തികച്ചും വ്യത്യസ്തമായ ബിരിയാണിയാണെന്ന് മനസ്സിലാകും. വലിയ അരിയാണ്. സിമ്പിൾ മസാലയും. ഇവർ തന്നെ തയാറാക്കുന്ന കൂട്ടാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിന്‍റെ പാചക രീതിയും തികച്ചും വ്യത്യസ്തമാണ. അരി വെന്ത് നല്ല സോഫ്റ്റായിട്ടുണ്ട്. കൈ കൊണ്ട് തൊട്ടാൽ അലിഞ്ഞുപ്പോകും. ബിരിയാണിയെ അപേക്ഷിച്ച് ചിക്കൻ കുറവാണ്. അതിനും മറ്റൊരു രുചിയാണ്. 200 രൂപക്ക് വേണമെങ്കിൽ രണ്ടുപേർക്ക് കഴിക്കാം എന്ന് തോന്നി. ഇനി മുഴുവനും ഒരാൾ കഴിച്ചാലും വലിയ ബുദ്ധിമുട്ടൊന്നും തോന്നില്ല.
ചോറിന്‍റെ കൂടെ അച്ചാറും സലാഡും ലഭിക്കും. മധരുരമുള്ള അച്ചാറാണ്. യെമനി സ്പെഷലാണ് ഇവ. മസാലയിൽ വലിയ എരിവൊന്നും ഇല്ലാത്തതിനാൽ കുട്ടികൾക്കടക്കം ഇഷ്ടമാവും. ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിക്കേണ്ട വിഭവമാണെന്ന് ഉറപ്പിച്ചു പറയാം. നല്ല ഫ്രണ്ട്ലിയായ ജീവനക്കാരും ഇവിടത്തെ പ്രത്യേകതയാണ്.
ഇവരാണ് മെയിൻ
ആപ്രിക്കോട്ട് മട്ടൺ ബിരിയാണി, ജെഫ് ചിക്കൻ ബിരിയാണി, അഫ്ഗാനി ചിക്കൻ, ഹണി ചീസ് കേക്ക് എന്നിവയാണ് കോഴിക്കോട് ലഭിക്കുന്ന വിഭവങ്ങൾ. ആപ്രിക്കോട്ട് മട്ടൺ ബിരിയാണിയും അഫ്ഗാനി ചിക്കനും നല്ല കോമ്പിനേഷനാണ്. മികച്ച ഗുണമേന്മയുള്ള സാധനങ്ങളാണ് ഇവർ പാചകത്തിന് ഉപയോഗിക്കുന്നത്. പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ടർക്കിഷ് ആപ്രിക്കോട്ടാണ് ബിരിയാണിയിലിടുന്നത്. അതുപോലെ മുന്തിയ ഇനം അണ്ടിപ്പരിപ്പിന്‍റെ പേസ്റ്റ് ചേർത്താണ് അഫ്ഗാനി ചിക്കൻ ഒരുക്കുന്നത്.
ഇതുകൊണ്ട് തന്നെ വില അൽപ്പം കൂടുതലാണെന്ന് പറയാം. എന്ന് കരുതി ഇവർ ഒരിക്കലും ഗുണമേൻമയിൽ കോംപ്രമൈസ് ചെയ്യാറില്ല. സൊഹൈബ് ഭായിയുടെയും മക്കളുടെയും സാന്നിധ്യം എപ്പോഴും അടുക്കളയിലുണ്ടാകും. ഓരോ വിഭവവും എല്ലാവിധ പരിശോധനകൾക്കും ശേഷം മാത്രമേ തീൻമേശയിലേക്ക് എത്തുകയുള്ളൂ. അഫ്ഗാനി ചിക്കൻ ഒന്നര മണിക്കൂർ കൊണ്ടാണ് തയാറാക്കുന്നത്. ഗുണമേന്മയുള്ള ചിക്കനും ബീഫുമെല്ലാമാണ് ഇവർ വാങ്ങുന്നത്. ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽനിന്നുള്ള പ്രത്യേക ബീഫ് മാത്രമാണ് തെരഞ്ഞെടുക്കുക. ഇന്ത്യാ ഗേറ്റിന്‍റെ ബസ്മതി അരിയാണ് ബിരിയാണിക്ക് ഉപയോഗിക്കുന്നത്. എരിഞ്ഞ് പൊരിയുന്ന സ്പൈസിയല്ല ഓരോ വിഭവങ്ങളും.
ഭക്ഷണം കഴിക്കാൻ എത്തിയവരേക്കാൾ കൂടുതൽ പാർസൽ വാങ്ങാൻ വന്നവരെയാണ് കാണാനായത്. അതുപോലെ zomato, swiggy കമ്പനികളുടെ വാഹനങ്ങളും നിരവധിയുണ്ട്. അപ്പോൾ തന്നെ മനസ്സിലാക്കാം, ജെഫ് ബിരിയാണിയെ കോഴിക്കോട്ടുകാർ എത്രത്തോളം ഏറ്റെടുത്തു എന്നത്.
അവധിദിനങ്ങളിലാണ് ബീഫ് ബിരിയാണി പോലുള്ള സ്പെഷൽ വിഭവങ്ങൾ കൊച്ചിയിലെ ബ്രാഞ്ചുകളിൽ ലഭ്യമാകുന്നത്. ഭാവിയിൽ കൂടുതൽ ബ്രാഞ്ചുകളും വിഭവങ്ങളും കോഴിക്കോട്ടും നമുക്ക് പ്രതീക്ഷിക്കാം.
പ്രവർത്തന സമയം
ഉച്ചക്ക് 12 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഹോട്ടൽ പ്രവർത്തിക്കുക. തിങ്കളാഴ്ച ഹോട്ടലിന് അവധിയാണ്.
jeff biriyani calicut menu and price list
Apricot mutton biriyani – Rs. 305
Jeff chicken biriyani – Rs. 200
Afghani chicken – Rs. 200
Honey cheese cake – Rs. 100
വിലക്ക് പുറമെ അഞ്ച് ശതമാനം ജി.എസ്.ടിയുമുണ്ട്.
jeff biriyani kozhikode contact number – 9567 911 229
edappally contact number – 9745777738, 9745777758
thoppumpady contact number – 9995356152, 9995244784
Jeff Biriyani Kadavanthara – 07594071117
Jeff biriyani Trivandrum
Elankath complex
opposite ariesplex theatre
Thiruvananthapuram
Mob – 9072223370