കുറഞ്ഞചെലവിൽ ആറ് ദിവസം കൊണ്ട് കാശ്മീരിൽ പോയിവരാവുന്ന കിടിലൻ പ്ലാൻ
ഈ യാത്ര ട്രെയിനിലാണെങ്കിൽ ഏകദേശം 15,000 രൂപക്ക് പോയിവരാം
കാഴ്ചകളുടെ സ്വർഗമെന്ന് അറിയപ്പെടുന്ന കാശ്മീർ ( jammu and kashmir ) താഴ്വരയിലേക്ക് ഏതാനും മാസങ്ങൾക്ക് മുമ്പാണ് യാത്ര പോകുന്നത്. ആറ് ദിവസമായിരുന്നു കൈയിലുണ്ടായിരുന്ന സമയം. അതിനുള്ളിൽ കേരളത്തിൽനിന്ന് അവിടെ പോയി തിരിച്ചെത്തുക, ഒപ്പം പറ്റാവുന്ന സ്ഥലങ്ങളെല്ലാം കാണുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയായിരുന്നു ( (Kashmir budget trip ).
എന്തായാലും ഉള്ള സമയവും പൈസയും വെച്ച് ഒരു യാത്രാ പ്ലാൻ ഉണ്ടാക്കി. യാത്രയുടെ രണ്ട് മാസം മുമ്പ് തന്നെ വിമാനം ബുക്ക് ചെയ്തു. കൊച്ചിയിൽനിന്ന് ( Kochi ) ശ്രീനഗർ ( Srinagar ) വരെയും തിരിച്ചുമുള്ള വിമാന ടിക്കറ്റ് 12,000 രൂപക്ക് കിട്ടി. makemytrip വഴിയാണ് ടിക്കറ്റെടുത്തത്.
Kashmir budget trip
Day 1
അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി. കൊച്ചിയിൽനിന്ന് അതിരാവിലെ ഏഴ് മണിക്ക് പുറപ്പെട്ട indigo വിമാനം ബാംഗ്ലൂർ ( Bengaluru ), അമൃത്സർ ( Amritsar ) വഴി ഉച്ചക്ക് 2.30ഓടെ ശ്രീനഗറിലെത്തി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങി ടാക്സി വിളിച്ചായിരുന്നു റൂമിലേക്കുള്ള യാത്ര. അൽപ്പനേരത്തെ വിശ്രമത്തിനുശേഷം ഭക്ഷണവും കഴിച്ച് അന്ന് ആദ്യം പോയത് ദാൽ തടാകക്കരയിലെ ഹസ്രത് ബാൽ മസ്ജിദിലേക്കാണ് ( Hazratbal Masjid ). പള്ളിയിലും സമീപത്തെ തെരുവിലും ദാൽ തടാകക്കരയിലുമായി ഏകദേശം രണ്ട് മണിക്കൂർ ചെലവഴിച്ചു. സമയം ഇരുട്ടിത്തുടങ്ങിയതോടെ ഓട്ടോ പിടിച്ച് ദാൽ തടാകത്തിൻെറ ( Dal lake ) മറുകരയിലെത്തി. അവിടെയാണ് ഹൗസ് ബോട്ടുകളെല്ലാം ഉള്ളത്. ഏകദേശം 10 മണി വരെ തടാകക്കരയിൽ ചെലവഴിച്ചു.
Day 2
അടുത്തദിവസം രാവിലെ തന്നെ ഞങ്ങൾ ടാക്സിയിൽ കാർഗിലിലേക്ക് ( Kargil ) പുറപ്പെട്ടു. ശ്രീനഗറിൽനിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരമുണ്ട്. ഇവിടേക്കുള്ള യാത്ര അതിമനോഹരമാണ്. കടുക് പാടങ്ങൾ, പൈൻ മരങ്ങൾ നിറഞ്ഞ കാടുകൾ, അവക്കിടയിലൂടെ ഒഴുകുന്ന അരുവികൾ എല്ലാം നമ്മെ മായിക ലോകക്കേക്ക് എത്തിക്കും. സോനാമാർഗും സോജിലാ പാസുമെല്ലാം ( zojila pass ) പിന്നിട്ട് ഉച്ചക്ക് രണ്ട് മണിയോടെ കാർഗിലിലെത്തി. ഭക്ഷണം കഴിച്ച് ആദ്യം ഞങ്ങൾ പോയത് ഹണ്ടർമാൻ വില്ലേജിലേക്കാണ് ( hunderman village ). വർഷങ്ങൾക്ക് മുമ്പ് പാകിസ്താൻെറ കൈവശമായിരുന്ന ഈ ഗ്രാമം പിന്നീട് ഇന്ത്യ പിടിച്ചടക്കുകയായിരുന്നു. ഇന്നീ ഗ്രാമം ഒരു മ്യൂസിയമാണ്. ഇതിന് സമീപം തന്നെ ജനവാസമുള്ള ഗ്രാമവുമുണ്ട്.
ഇവിടെനിന്ന് നോക്കിയാൽ പാകിസ്താൻെറ കൈവശമുള്ള ഗ്രാമങ്ങൾ കാണാം. ഹണ്ടർമാൻ വില്ലേജിൽനിന്ന് തിരിച്ചുവന്ന് കാർഗിൽ ടൗണിലൂടെ നടന്നു. കാർഗിലിന് പരിസരത്ത് ഒരുപാട് കാഴ്ചകൾ ഇനിയുമുണ്ട്. അവ കണ്ടുതീർക്കാൻ രണ്ട് ദിവസം വേണ്ടിവരും. സോജില പാസ്, ഹണ്ടർമാൻ വില്ലേജ്, കാർഗിൽ ടൗൺ എന്നിവ മാത്രമാണ് ഞങ്ങൾ കാണാൻ ഉദ്ദേശിച്ചിരുന്നത്. സമയക്കുറവ് തന്നെയാണ് മറ്റു സ്ഥലങ്ങൾ ഒഴിവാക്കാൻ കാരണം. ലാമയുരു, മുൽബേക് തുടങ്ങിയ മൊണാസ്ട്രികളാണ് കാർഗിലിൽ ഇനി പ്രധാനമായും കാണാനുള്ളത്.
Day 3
അടുത്തദിവസം രാവിലെ തന്നെ സോനാമാർഗിലേക്ക് ( sonmarg ) തിരിച്ച് പോകാൻ ആരംഭിച്ചു. വരുന്ന വഴിയിൽ ആദ്യം കാർഗിൽ വാർ മെമോറിയൽ ( kargil war memorial ) കാണാനിറങ്ങി. അതിനുശേഷം പ്രഭാതഭക്ഷണത്തിനായി ദ്രാസിലെത്തി. ലോകത്തെ ജനവാസമുള്ള ഏറ്റവും തണുപ്പേറിയ ഗ്രാമങ്ങളിലൊന്നാണിത്.
12 മണിയോടെ സോനാമർഗിലെത്തി. ആദ്യം തന്നെ അവിടെയുള്ള ഹോട്ടലിൽ കയറി മട്ടൺ കൊണ്ടുള്ള വിഭവമായ കശ്മീരി വസ്വാൻ കഴിച്ചു. പിന്നെ കുതിരപ്പുറത്ത് കയറി Thajiwas Glacier കാണാൻ പോയി. 365 ദിവസവും മഞ്ഞ്മൂടിയ പർവതമാണ് ഇവിടെയുള്ളത്. തിരിച്ചെത്തി സോനാമാർഗ് നഗരത്തിലൂടെയും സമീപത്തെ ഗ്രാമങ്ങളിലൂടെയും ഞങ്ങൾ ചുറ്റിക്കറങ്ങി. ഗംഗാബാൽ തടാകം, ഗഡാസർ തടാകം, ബൽതാൽ വാലി തുടങ്ങിയ ധാരാളം കാഴ്ചകൾ ഇനിയും സോനാമാർഗിലുണ്ട്.
Day 4
നാലാമത്തെ ദിവസം പുലർച്ചെ തന്നെ യാത്ര തുടങ്ങി. ഇന്നത്തെ ലക്ഷ്യം പഹൽഗാമാണ് ( pahalgam ). ശ്രീനഗറും പിന്നിട്ടാണ് അങ്ങോട്ടേക്കുള്ള യാത്ര. വഴിയിൽ കണ്ട ആപ്പിൾ േതാട്ടത്തിൽ കയറി കുറച്ചുനേരം ചെലവഴിച്ചു. കശ്മീരിലെ അതിമനോഹരമായ സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര. ഉച്ചയോടെ പഹൽഗാമിലെത്തി. ആദ്യം തന്നെ ‘മിനി സ്വിറ്റ്സ്ർലാൻഡ് കാണാനാണ് പോകുന്നത്. മൂന്നുപേർ കുതിരപ്പുറത്തും ബാക്കിയുള്ളവർ നടന്നുമാണ് മലകയറുന്നത്. രണ്ട് മണിക്കൂർ യാത്രക്കൊടുവിൽ മലമുകളിലെത്തി. വിശാലമായ പുൽത്തകിടിയും അതിന് ചുറ്റുമുള്ള പൈൻ മരങ്ങളുമാണ് ഇവിടത്തെ ആകർഷണം. ഇത് കൂടാതെ ധാരാളം കാഴ്ചകൾ ഇനിയും പഹൽഗാമിലുണ്ട്. ആറു വാലി, ബെതാബ് വാലി, ടുലിയാൻ തടാകം, മാമലേശ്വർ ക്ഷേത്ര തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്.
അവ കാണാൻ നിൽക്കാതെ ഞങ്ങൾ ശ്രീനഗറിലേക്ക് മടങ്ങി. കശ്മീരിൽ പ്രഖ്യാപിച്ച കർഫ്യൂ ആയിരുന്നു ഇതിന് കാരണം. പോകുന്നവഴിയിൽ ക്രിക്കറ്റ് ബാറ്റ് നിർമിക്കുന്ന ഫാക്ടറിയിൽ കയറി രണ്ട് ബാറ്റ് വാങ്ങി. ഇവ വിമാനത്തിൽ ഹാൻഡ് ബാഗിൻെറ കൂടെ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കൊറിയർ അയക്കാൻ തീരുമാനിച്ചു. ഇതിനുള്ള സൗകര്യം ഫാക്ടറിയിൽ തന്നെയുണ്ട്. പിന്നീട് എത്തിയത് കുങ്കുമ പാടത്താണ്. ചെടികൾ വളർന്നുവരുന്നേയുള്ളൂ. രാത്രിയോടെ ശ്രീനഗറിലെത്തി. അന്ന് താമസം ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലാണ് ബുക്ക് ചെയ്തിട്ടുള്ളത്. രണ്ട് റൂമിന് മൊത്തം 3000 രൂപയാണ് നിരക്ക്.
Day 5
പുലർച്ചെ നാല് മണിക്ക് എല്ലാവരും എണീറ്റു. 4.30 ആയപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ശിക്കാറുകൾ വന്നു. അഞ്ച് മണിക്ക് ആരംഭിക്കുന്ന ഫ്ളോട്ടിങ് വില്ലേജ് കാണാനായിരുന്നു ആ യാത്ര. ദാൽ തടാകക്കരയിലുള്ള കർഷകർ പച്ചക്കറി വിൽക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. ശിക്കാർ യാത്ര കഴിഞ്ഞ് 7 മണിയോടെ ബോട്ടിൽ തിരിച്ചെത്തി. ഇന്ന് ശ്രീനഗർ മൊത്തമായി കാണാനാണ് പ്ലാൻ. ആദ്യം പോയത് ഓൾഡ് ശ്രീനഗറിലെ ജമാമസ്ജിദ് കാണാനാണ്. അവിടെനിന്ന് പിന്നീട് എത്തിയത് ചെഷ്മഷാഹി മുഗൾ ഗാർഡനിൽ ( Chashma Shahi Garden ). തുടർന്ന് പരി മഹലും കണ്ടാണ് മലയിറങ്ങിയത്.
ഉച്ചക്ക് ദാൽ തടാകത്തിന് സമീപത്തെ ഹോട്ടലിൽ കയറി അടിപൊളി കശ്മീരി പുലാവ് അകത്താക്കി. തുടർന്ന് കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന ഗുപ്കർ റോഡിലൂടെയൊന്ന് ( gupkar road ) കറങ്ങി. അതിനുശേഷം ദാൽ തടാകക്കരയിലുള്ള ഷാലിമാർ ഗാർഡൻ ( shalimar mughal garden ) കാണാൻ പോയി. അവിടെനിന്ന് ഇറങ്ങുേമ്പാഴേക്കും സമയം ഇരുട്ടായിരുന്നു. അന്ന് രാത്രി ശ്രീനഗറിൻെറ തെരുവുകളിലൂടെ ഷോപ്പിങ് നടത്തി.
Day 6
രാവിലെ ഒമ്പത് മണിയോടെ ശ്രീനഗറിനോട് വിടപറഞ്ഞു. ഡൽഹി ( delhi ), മുംബൈ ( mumbai ) വഴി gofirst വിമാനത്തിൽ കൊച്ചിയിലെത്തുേമ്പാൾ സമയം വൈകീട്ട് 7.30 കഴിഞ്ഞിട്ടുണ്ട്.
ബഡ്ജറ്റ് – Kashmir budget trip
വിമാനടിക്കറ്റടക്കം 25,000 രൂപയാണ് ഈ യാത്രക്ക് ചെലവ് വന്നത്. ഈ യാത്ര ട്രെയിനിലാണെങ്കിൽ ഏകദേശം 15,000 രൂപക്ക് പോയിവരാം. പക്ഷെ, ദിവസം ആറിൽനിന്ന് 10 ആകും എന്നേയുള്ളൂ. കൂടുതൽ സമയമുള്ളവർക്ക് ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗുൽമാർഗിലേക്കും ( Gulmarg ) യാത്ര പോകാം.
ഇവിടെയാണ് പ്രശസ്തമായ ഗോണ്ടോല റെയ്ഡുള്ളത്. വിമാന ടിക്കറ്റ് രണ്ട് മാസം മുമ്പ് എടുത്തതിനാലാണ് 12,000 രൂപക്ക് ലഭിച്ചത്. യാത്രയും ടിക്കറ്റ് എടുക്കുന്ന ദിവസവും തമ്മിലുള്ള അന്തരം കുറയുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടിക്കൊണ്ടിരിക്കും.
ഇവ ശ്രദ്ധിക്കാം – Kashmir budget trip
മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാത്രമാണ് സോനാമാർഗിൽനിന്ന് സോജിലാ പാസ് വഴി കാർഗിലിലേക്ക് പോകാൻ സാധിക്കൂ. ബാക്കി സമയങ്ങളിൽ ഇവിടെ മഞ്ഞുമൂടും. ഇതിന് പരിഹാരമായി ഇപ്പോൾ ഇവിടെ തുരങ്കത്തിൻെറ നിർമാണം നടക്കുന്നുണ്ട്.
ജമ്മു കാശ്മീരിലും സമീപത്തെ ലഡാക്കിലും പോസ്റ്റ്പെയ്ഡ് സിം ( postpaid sim ) മാത്രമേ പ്രവർത്തിക്കൂ. ശ്രീനഗറിലെത്തി പുതിയ സിം എടുക്കുകയാണ് ഞങ്ങൾ ചെയ്തത്. ഏകദേശം ഇതിന് 300 രൂപയായി. 15 മിനിറ്റ് കൊണ്ട് സിം പ്രവർത്തനക്ഷമമാകും.