ADAS ടെക്നോളജി നിരവധി മാസ്സ്-പ്രൊഡക്ഷൻ മോഡലുകളിലും ലഭ്യമായതാണ് വാഹന ലോകത്തേക്കുള്ള 2023ന്റെ ഏറ്റവും വലിയ സംഭാവന. ഏതാനും വർഷങ്ങൾക്ക് മുമ്പ് BMW 7 സീരീസ്, Mercedes-Benz S-Class തുടങ്ങിയ അൾട്രാ ലക്ഷ്വറി സെഗ്‌മെന്റിന്റെ ഉയർന്ന വേരിയന്റുകളിൽ മാത്രമേ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്ന ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ ലഭ്യമായിരുന്നുള്ളൂ.
എന്നാൽ ഇപ്പോൾ 20 ലക്ഷത്തിനു താഴെ വിലക്ക് പോലും ADAS കാറുകൾ ലഭിക്കും. അത്തരം കാറുകൾക്ക് ഉദാഹരണമാണ് മഹീന്ദ്ര XUV700യും കിയ സെൽട്ടോസും. ഇരു കാറുകളിലും Level-2 ADAS ആണ് സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ XUV700 ആണ് അതിന്റെ സെഗ്‌മെന്റിൽ ലെവൽ-2 ADAS ലഭിച്ച ആദ്യത്തെ വാഹനം. പക്ഷെ ADAS ഘടിപ്പിച്ച കിയ സെൽറ്റോസ് എത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്.
19.4 ലക്ഷം മുതൽ 19.6 ലക്ഷം രൂപ വരെയാണ് കിയ സെൽറ്റോസിന്റെ ADAS വേരിയന്റുകളുടെ എക്സ്-ഷോറൂം വില. എന്നാൽ XUV700യുടെ ADAS വേരിയന്റുകൾക്കാവട്ടെ 19.88 ലക്ഷം മുതൽ 25.47 ലക്ഷം വരെയുമാണ് എക്സ്-ഷോറൂം വില. ഇവയുടെ വിലയിലെ വ്യത്യാസം ഇതിലടങ്ങിയ ADAS ഫീച്ചറുകളിലും പ്രതിഫലിക്കുന്നുണ്ടോ? ഇരു എസ്‌യുവികളിലും ഒരുപോലെയുള്ളതും ഇല്ലാത്തതുമായ ADAS ഫീച്ചറുകൾ ഏതൊക്കെയെന്ന് കണ്ടെത്തിയാൽ ഈ സംശയത്തിനോട് വിട പറയാമല്ലോ…
തുല്യത പുലർത്തുന്ന ഫീച്ചറുകൾ
ഏകദേശം 15 സുരക്ഷാ ഫീച്ചറുകളാണ് മഹീന്ദ്ര XUV700യുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നത്. കിയ സെൽറ്റോസിൽ 16 എണ്ണവും. ഇവയിൽ
Auto headlamps
Rain sensing wipers
360-degree camera
Electric parking brake
Lane Departure
Adaptive cruise control / smart cruise control
Lane keep assist
High beam assist
Forward collision assist / Automatic braking
Lane Departure warning
Driver Drowsiness / Driver attention warning
എന്നീ ഫീച്ചറുകളിലാണ് ഇരു കാറുകളിലെയും ADAS തുല്യത പാലിക്കുന്നത്.
XUV700യിലുണ്ട്, പക്ഷെ സെൽറ്റോസിലില്ല
Smart pilot assist, traffic sign recognition, dashboard camera എന്നീ ഫീച്ചറുകൾ മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കിയ സെൽറ്റോസ് ഇവ നൽകുന്നില്ല. മാത്രമല്ല ഏഴ് എയർബാഗുകൾ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതാണ് XUV700 എങ്കിൽ സെൽറ്റോസിൽ ആറ് എയർബാഗുകൾ മാത്രമേയുള്ളൂ.
XUV700യിലുള്ള Smart pilot assist സെൽറ്റോസിൽ ഇല്ലെങ്കിലും, സെൽറ്റോസിലുള്ള Lead vehicle departure alert (LVDA) ഉപയോഗിച്ച് സ്മാർട്ട് പൈലറ്റ് അസിസ്റ്റിന്റെ ചില സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. കൂടാതെ അടുത്ത അപ്ഡേഷനിൽ സെൽറ്റോസിൽ ഡാഷ് ക്യാമറ ഉൾപെടുത്തിയേക്കും എന്നാണ് പ്രതീക്ഷ.
സെൽറ്റോസിലുണ്ട്, പക്ഷെ XUV700യിലില്ല
Double blind spot monitor
Rear Cross traffic alert
Rear collision warning
Safe exit warning
എന്നീ ADAS ഫീച്ചറുകൾ കിയ സെൽറ്റോസിൽ മാത്രമേ സജ്ജീകരിച്ചിട്ടുള്ളൂ.
വിലയിരുത്തൽ
ഇന്ത്യൻ വാഹന വിപണിയിലെ കരുത്തരായ സെൽറ്റോസിന്റെയും XUV700ന്റെയും ADAS ഫീച്ചറുകൾ താരതമ്യം ചെയ്യപ്പെട്ടപ്പോൾ നേരിയ വ്യത്യാസമാണ് കാണാൻ സാധിച്ചത്. റിയർ അസിസ്റ്റ് പാക്കേജും, ഡബിൾ ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററുകളുമാണ് സെൽറ്റോസിനെ അതുല്യനാക്കുന്നതെങ്കിൽ ഏഴ് എയർബാഗുകളും, ഡാഷ് ബോർഡ് ക്യാമറയും, ട്രാഫിക് സിഗ്നൽ റെക്കഗ്നിഷനുമാണ് XUV700നെ വേറിട്ടുനിർത്തുന്നത്.