Jimny review
പഴയ ജിപ്സി ആരാധകർ മാത്രമായിരുന്നില്ല, ഇന്ത്യക്കാരെല്ലാം ഏറെ ക്ഷമയോടെ കാത്തിരുന്ന വാഹനമായിരുന്നു മാരുതി സുസുക്കി ജിംനി. ലോകത്തിന്റെ പല ഭാഗങ്ങളിലും തന്റെ കഴിവ് തെളിയിച്ച ജിംനി ഇന്ത്യയിലെത്താൻ ഏറെ താമസിച്ചു. അങ്ങനെ ജിംനിക്കായുള്ള ഇന്ത്യൻ ജനതയുടെ കാത്തിരിപ്പിനു അന്ത്യം കുറിച്ചത് 2023 ജൂൺ 7നായിരുന്നു. ഒരുപക്ഷെ മാരുതി സുസുക്കിയുടെ ഒരു വാഹനത്തിന്റെ എൻട്രിക്ക് ഇത്രയുമധികം ശ്രദ്ധ ലഭിച്ചത് ആദ്യമായിട്ടായിരിക്കും. പക്ഷെ തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ Mahindra Thar എന്ന കരുത്തനായ എതിരാളി ഇവിടെ സജ്ജമായിരുന്നു. ജിംനിയുടെ വരവ് ആഘോഷമായതിനൊപ്പം താറുമായി താരതമ്യവും മത്സരവും കൊഴുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും ഇവയിലേതാണ് മികച്ചതെന്ന് ആരും വിധിയെഴുതിട്ടില്ല. പക്ഷെ അൽപം വൈകിയാണെങ്കിലും Jimny വാങ്ങണോ വേണ്ടയോ, അല്ലെങ്കിൽ ദൈനംദിന ജീവിതത്തിന് ജിംനി അനുയോജ്യമാണോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ആണ് ഞങ്ങൾ എത്തിയിട്ടുള്ളത്.
ക്യാബിൻ മികച്ചതാണോ?
ക്വാളിറ്റിയുടെ കാര്യത്തിൽ ജിംനിയുടെ ക്യാബിൻ മികച്ചതാണ് പക്ഷെ ഭംഗിയുടെ കാര്യത്തിൽ അല്ല. പക്ഷെ ഇതൊരു ഓഫ്-റോഡറാണ്, അപ്പോൾ ദൃഢതയാണല്ലോ പ്രധാനം! എന്നിരുന്നാലും ഈ പ്രൈസ് റേഞ്ചിലുള്ള സാധാരണ എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ജിംനിയുടെ ക്യാബിൻ ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിപ്പോകും. മാത്രമല്ല ജിംനിയിലെ ഡ്യുവൽ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ പഴയ കാലത്തെ വാഹനങ്ങളെയാണ് ഓർമിപ്പിക്കുന്നത്.
ക്യാബിൻ വിശാലമാണ്. പക്ഷെ നിങ്ങൾ കപ്പ് ഹോൾഡറുകൾക്കും ഡോർ പോക്കറ്റുകൾക്കും പ്രാധാന്യം നൽകുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് ഈ ക്യാബിൻ പ്രായോഗികമാവില്ല. ചെറിയ വാലറ്റോ, പേപ്പറുകളോ സൂക്ഷിക്കാൻ മതിയായ ഇടമുണ്ടെങ്കിലും ഡോറിൽ ഒരു കുപ്പി സൂക്ഷിക്കാൻ ഇടമില്ല. കൂടാതെ ക്യാബിനിലെ ഘടകങ്ങൾ മുഴുവൻ കറുപ്പിൽ തീർത്തതും, കാറിന്റെ ചെറിയ വിൻഡോകളും ക്യാബിനിൽ മതിയായ വെളിച്ചം പ്രത്യക്ഷപ്പെടുത്താത്തതിനാൽ ചില യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. മാത്രമല്ല ഇത് എസ്‌യുവിടെ ഉൾവശം ഇടുങ്ങിയ പോലെ തോന്നിക്കുന്നുമുണ്ട്. ക്ലൈമറ്റ് കൺട്രോളിന്റെയും മറ്റു സ്വിച്ചുകളുടെയും ഫിനിഷും നിലവാരവും വളരെ മികച്ചതാണ്.
മറ്റ് മാരുതി വാഹനങ്ങളെ അപേക്ഷിച്ച് മുൻ സീറ്റുകളിലെ കുഷ്യനിംഗ് വളരെ മൃദുവായതല്ല. ഡ്രൈവർ സീറ്റ് നല്ല ഉയരത്തിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഉയരം ക്രമീകരിക്കാൻ കഴിയില്ല. പുറകിലെ യാത്രക്കാർക്ക് ആവശ്യത്തിലധികം ലെഗ്റൂമും ഹെഡ്റൂമുമുണ്ട്.
ബ്രെസ്സയിലുള്ള മാരുതിയുടെ SmartPlay Pro സിസ്റ്റമാണ് ജിംനിയിലും. ആൽഫ വേരിയൻ്റിൽ മാത്രമാണ് ഈ ഇൻഫോടൈമെന്റ് ലഭ്യമാവുക. അടിസ്ഥാന വേരിയൻ്റായ Zetaയിൽ ചെറിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, സ്റ്റീൽ വീലുകൾ, മാനുവൽ എസി, ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് ലഭിക്കുന്നത്. അതാത് ബോഡിയുടെ നിറത്തിലുള്ള ഡോർ ഹാൻഡിലുകൾ, അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലാമ്പ് വാഷറുകൾ, കീലെസ് സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, മികച്ച ശബ്ദമുള്ള ഓഡിയോ സിസ്റ്റം എന്നിവയാണ് ആൽഫ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വേരിയൻ്റുകളിലും ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ സ്റ്റാൻഡേർഡായി വരുന്നതിനാൽ സുരക്ഷാ സവിശേഷതകളിൽ വ്യത്യാസങ്ങളൊന്നുമില്ല.
ഡ്രൈവ്
ജിംനി അതിശയിപ്പിക്കുന്ന ഓഫ്റോഡ് വാഹനമാണെന്നതിൽ സംശയമില്ല. പക്ഷെ തരക്കേടില്ലാത്ത ഓൺ റോഡ് ഡ്രൈവിങ് അനുഭവവും തരുന്നുണ്ട്. സ്വാഭാവികമായും എസ്‌യുവികൾ മൾട്ടി പർപ്പസ് വാഹനങ്ങളാണല്ലോ! 4-സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനുള്ള ഓട്ടോമാറ്റിക് വേരിയന്റാണ് ഞങ്ങൾ ഡ്രൈവിന് തെരഞ്ഞെടുത്തത്. 2,500 rpm കഴിഞ്ഞാൽ മാത്രമാണ് ഈ എൻജിൻ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ദൈനംദിന ഡ്രൈവിംഗിനും, ഉയർന്ന ട്രാഫിക്കുള്ള റോഡുകളിലും, ഹൈവേയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനുമെല്ലാം ഈ എഞ്ചിൻ വളരെയധികം ആയാസമെടുക്കുന്നുണ്ട്. പഴയ രീതിയിലുള്ള 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാണ് ഇതിനുള്ള കാരണമായി ഞങ്ങൾക്ക് തോന്നിയത്. മികച്ച ക്ലിയറൻസും മികച്ച 4WD സിസ്റ്റവും ഉള്ളതിനാൽ ഓഫ്‌റോഡിലായിരിക്കും ജിംനി തന്റെ പൂർണ്ണ സ്വഭാവം വെളിവാക്കുക.
മെക്കാനിക്കൽ വശങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ ഈ എസ്‌യുവി ആധുനിക ഘടകങ്ങളും സംവിധാനങ്ങളുമെല്ലാം വെടിഞ്ഞാണ് നിർമിച്ചിട്ടുള്ളതെന്ന് കാണാം. സ്റ്റിയറിംഗ്, സസ്പെൻഷൻ, ഗിയർബോക്സ് തുടങ്ങി എല്ലാം പഴയ രീതിയിലാണുള്ളത്. ഓഫ് റോഡിൽ ഇവയെല്ലാം നന്നായി പ്രവർത്തിക്കുമെങ്കിലും സാധാരണ റോഡിൽ മികച്ച അനുഭവമല്ല ജിംനി നൽകുന്നത്. സ്റ്റിയറിംഗ് വേഗത കുറഞ്ഞതും വഴിതെറ്റിയതുമാണ്. ഇത് ഒരുപക്ഷെ ഡ്രൈവിങ് മടുപ്പിക്കാൻ ഇടയാക്കിയേക്കും. കൂടാതെ സസ്‌പെൻഷനും വേണ്ടത്ര വേഗത്തിൽ പ്രതികരിക്കാത്തത് പോലെ തോന്നിപ്പിക്കുന്നുണ്ട്. കാറിന് വിറയൽ അനുഭവപ്പെടുന്നു!
വിലയിരുത്തൽ
നിങ്ങൾക്ക് ഓഫ് റോഡിൽ അനായാസം പോകാൻ കഴിയുന്ന ഒരു ചെറിയ, വേഗതയേറിയ വാഹനം വേണമെങ്കിൽ, അതെ ജിംനിയെ തിരഞ്ഞെടുക്കാം. പക്ഷേ വിശാലമായ ഓപ്പൺ റോഡുകളിലും ട്രാഫിക്കിലും എല്ലാ ദിവസവും ഉപയോഗിക്കാവുന്ന ഒരു ഓഫ്-റോഡർ നിങ്ങൾക്ക് വേണമെങ്കിൽ ജിംനി, പ്രത്യേകിച്ച് ഓട്ടോമാറ്റിക് വേരിയന്റ് അൽപ്പം കഠിനമായേക്കും.
15.47 ലക്ഷം രൂപയാണ് ഏറ്റവും താഴ്ന്ന വേരിയന്റിന്റെ ഓൺ റോഡ് വില. 18.12 ലക്ഷം രൂപക്ക് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഉയർന്ന വേരിയന്റും സ്വന്തമാക്കാം. 16.39 kmpl ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.