ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ കൈകളിൽനിന്നും 2016-ൽ പുറത്തിറങ്ങി, എസ്‌യുവി വിപണിയിൽ നേട്ടമുണ്ടാക്കിയ കാറാണ് വിറ്റാര ബ്രെസ്സ ( maruti vitara brezza ). ആദ്യം ഡീസൽ എൻജിനുകളിൽ മാത്രം ലഭ്യമായിരുന്ന ബ്രെസയിൽ ഇപ്പോൾ പെട്രോൾ എൻജിനുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.
2020-ൽ Bs6 emission norms പ്രാബല്യത്തിൽ വന്നപ്പോൾ ഫിയറ്റിന്‍റെ 1.3 ലിറ്റർ ഡീസൽ എൻജിൻ തങ്ങളുടെ ഈ കോംപാക്ട് എസ്യുവിയിൽ നിന്നും എടുത്തു കളഞ്ഞ് പെട്രോൾ എൻജിൻ അവതരിപ്പിക്കുകയായിരുന്നു കമ്പനി. ധാരാളം സുരക്ഷാ സംവിധാനങ്ങളും അന്ന് മാരുതി സുസുക്കി കൂട്ടിച്ചേർത്തിരുന്നു. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ ( Global crash test ) നാല് സ്റ്റാർ സുരക്ഷയുള്ള മാരുതി സുസുക്കിയുടെ ഏക വാഹനം എന്ന പേര് സ്വന്തമാക്കിക്കൊണ്ടായിരുന്നു അന്നത്തെ വരവ്.
വിറ്റഴിച്ചത് അഞ്ച് ലക്ഷം maruti vitara brezza
2016 മുതൽ അഞ്ച് ലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റഴിച്ചു എന്നത് ഇന്ത്യൻ ജനതക്കിടയിൽ ഈ കാർ നേടിയ സ്വീകാര്യതയായി പ്രതിഫലിക്കുന്നു. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചെടുത്ത മാരുതി സുസുക്കിയുടെ ആദ്യ വാഹനമാണ് എന്ന സവിശേഷതയും വിറ്റാര ബ്രെസ്സക്കുണ്ട്.
എൻജിൻ & ട്രാൻസ്മിഷൻ
പ്രസിദ്ധമായ ഫിയറ്റിന്‍റെ 1.3 ലിറ്റർ ഡീസൽ എൻജിനായിരുന്നു നീണ്ടകാലം ബ്രെസ്സയ്ക്ക് കരുത്തു പകർന്നിരുന്നത്. എന്നാൽ 2020-ലെ വരവിൽ ഈ എൻജിൻ പൂർണമായും ഉപേക്ഷിച്ചു. മാരുതി സുസുക്കി സ്വന്തമായി രൂപം കൊടുത്ത നാല് സിലിണ്ടറുകളുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനാണ് വിറ്റാര ബ്രെസ്സയെ ഇപ്പോൾ ചലിപ്പിക്കുന്നത്. ബിഎസ്6 എമിഷൻ നോം പ്രാബല്യത്തിൽ വന്നപ്പോൾ ഉപേക്ഷിക്കേണ്ടി വന്നതാണ് ബ്രെസ്സയുടെ ഹൃദയമായിരുന്ന ആ പഴയ ഡീസൽ എൻജിനെ. 103 ബിഎച്ച്പി ആണ് പെട്രോൾ എൻജിന്‍റെ കൂടിയ കരുത്ത്. 6000 rpm-ലാണ് കൂടിയ പവർ ലഭിക്കുക. പഴയ ഡീസൽ എൻജിനേക്കാളും 14 bhp കരുത്ത് കൂടുതലാണ് പുതിയ എൻജിന്.
138 ന്യൂട്ടൺ മീറ്ററാണ് ഈ കാറിന്‍റെ കൂടിയ ടോർക്ക്. ഇതേ സെഗ്‌മെന്‍റിലുള്ള മറ്റു കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രെസ്സക്ക് അൽപ്പം പവർ കുറവാണെങ്കിലും ടോപ് വേരിയന്‍റിൽ നൽകിയിട്ടുള്ള മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഇതിനെ മറികടക്കാൻ ശേഷിയുള്ളതാണ്. ആർപിഎം റേഞ്ചിൽ എവിടെയും ഒട്ടും ലാഗ് അനുഭവപ്പെടുന്നില്ല എന്നത് മറ്റൊരു വസ്തുത.
മൈലേജിലും മുമ്പൻ – maruti vitara brezza mileage
ഓട്ടോമാറ്റിക് വേരിയന്‍റിൽ പുതിയ പെട്രോൾ എൻജിനോടൊപ്പം വരുന്നത് 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർ ബോക്സാണ്. പഴയ ഓട്ടോമാറ്റിക് ബ്രെസ്സയുടെ പോരായ്മയായിരുന്ന ലാഗുള്ള എഎംടി ഗിയർ ബോക്സ് ഉപേക്ഷിച്ച് ഒട്ടും ലാഗില്ലാത്ത ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സും വിറ്റാര ബ്രെസ്സയുടെ 2020-ലെ വരവിൽ പുതുമയായിരുന്നു. പൊതുവെ ടോർക്ക് കൺവെർട്ടർ ഗിയർ ബോക്സുകളുടെ പ്രശ്നമായ ഇന്ധന ക്ഷമതയിലെ കുറവ് മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയിലൂടെ തരണം ചെയ്തിരിക്കുകയാണ് മാരുതി സുസുക്കി.
സാധാരണ കാറുകളിൽ ഓട്ടോമാറ്റിക് ഗിയർ ബോക്സിലേറെ ഇന്ധനക്ഷമത മാനുവൽ ഗിയർ ബോക്സുള്ള വേരിയന്‍റിലായിരിക്കും. എന്നാൽ, ബ്രെസയിലെത്തുമ്പോൾ ഇന്ധക്ഷമതയിൽ മാനുവൽ ട്രാൻസ്മിഷനെക്കാളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മുന്നിൽ എന്നത് ഞെട്ടിക്കുന്ന സത്യമാണ്. മാനുവലിന് 17.03 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 18.7 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്.
എക്സ്റ്റീരിയർ & ഡിസൈൻ
സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിൽ നിർമിച്ച ഈ വാഹനം ഒറ്റനോട്ടത്തിൽ ഇതുവരെ വലിയ മാറ്റങ്ങൾ വന്നിട്ടില്ല എന്ന് തോന്നുമെങ്കിലും ചെറിയ മാറ്റങ്ങൾ ബ്രെസ്സയിൽ വന്നിരുന്നു. സെഗ്‌മെന്‍റിലേക്കാദ്യമായി സെൽഫ് ലെവലിങ് ഹെഡ്‌ലാംപ് ബ്രെസ്സയിലൂടെ എത്തിയ വർഷമായിരുന്നു 2020. രണ്ടു പ്രൊജക്ടറുകൾ അടങ്ങിയ ഭംഗിയുള്ള എൽഇഡി ഹെഡ്ലാംപാണ് മുൻവശത്തെ ഹൈലൈറ്റ്. ഇതിനോടു ചേർന്ന് തന്നെയാണ് എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ്. മുൻവശത്തെ ഇൻഡിക്കേറ്റർ ആയി പ്രവർത്തിക്കുന്നതും ഡിആർഎൽ തന്നെയാണ്.
ഇരുനിറങ്ങളിൽ ( dual tone ) തീർത്ത സൈഡ് പ്രൊഫൈൽ എടുപ്പും ഭംഗിയും നൽകുന്നു. വിൻഡോ ലൈൻ മുതൽ മുകളിലേക്കുള്ള കറുപ്പുനിറമാണ് വശക്കാഴ്ചയ്ക്ക് പ്രൗഢിയേകുന്നത്. കാറിനു നാലു വശത്തുകൂടി ഓടുന്ന ക്ലാഡിങ്ങും കൂടെ ആവുമ്പോൾ കാഴ്ചയിൽ ‘എസ്‌യുവിത്വ’ത്തിന് യാതൊരു കുറച്ചിലും വന്നിട്ടില്ല എന്ന് പറയാം. 16 ഇഞ്ചിന്‍റെ അലോയ് വീലുകൾ ഈ കാറിന്‍റെ എടുപ്പ് തെല്ല് വർധിപ്പിക്കുന്നു. 328 ലിറ്ററിന്‍റെ മോശമല്ലാത്ത ബൂട്ട് സ്പേസും 198 മില്ലിമീറ്ററിന്‍റെ വലിയ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ഈ ചെറിയ എസ്‌യുവിക്ക്.
ഇന്‍റീരിയർ & ഫീചേഴ്‌സ്
ഉയരം ക്രമീകരിക്കാവുന്ന (tiltable) തുകൽ പൊതിഞ്ഞ സ്റ്റീയറിംഗ് വീലാണുള്ളത്. അതിൽ ഒരുക്കിയ ക്രൂയിസ് കൺട്രോളിന്‍റെയും മ്യൂസിക് സംവിധാനത്തിന്‍റെയും സ്വിച്ചുകളും ഒരേസമയം മനോഹാരിതയും പ്രായോഗികതയും പ്രതിഫലിപ്പിക്കുന്നു. അനലോഗ് ആയി കൊടുത്തിട്ടുള്ള സ്പീഡോ മീറ്ററിന്‍റെയും ടാക്കോ മീറ്ററിന്‍റെയും ഇടയിലുള്ള മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയിൽ എനർജി ഫ്ലോ ( ഹൈബ്രിഡ് ടെക്നോളജിയുടെ റീജനറേറ്റീവ് ബ്രെക്കിങ് തോത് ), ട്രിപ്പ് മീറ്റർ, ശരാശരി ഇന്ധനക്ഷമത, നിലവിലെ ഇന്ധനക്ഷമത, ലോ ഫ്യുവൽ വാർണിംഗ് എന്നിവ കാണാം.
എസ്-ക്രോസിലും ( maruti s-cross), XL6-ലുമുള്ള അതേ ഏഴ് ഇഞ്ചിന്‍റെ ഇൻഫോടെയിൻമെന്‍റ് ഡിസ്പ്ലേയാണ് വിറ്റാര ബ്രെസ്സയിലും മാരുതി സുസുക്കി ഒരുക്കിവെച്ചിട്ടുള്ളത്. മാരുതിയുടെ സ്മാർട്ട് പ്ലേ എന്ന ആപ്പ് വഴി മൊബൈൽ ഫോണുകൾ കണക്ട് ചെയ്യാം. ആറ് സ്പീക്കറുകളടങ്ങിയ മ്യൂസിക് സംവിധാനമാണ് ഈ കാറിൽ താളം നൽകുന്നത്.
സെന്‍റർ കൺസോളിൽ ഗിയർ ലിവറിനടുത്തായി 2, L എന്നീ രണ്ട് മോഡുകൾ കാണാം. കുത്തനെയുള്ള കയറ്റങ്ങളിൽ പ്രയോഗിക്കാൻ വേണ്ടിയുള്ള രണ്ട് മോഡുകൾ ആണിത്. L എന്ന മോഡിൽ ഫസ്റ്റ് ഗിയറിൽ മാത്രവും, 2 എന്ന മോഡിൽ ഫസ്റ്റും സെക്കൻഡും ഗിയറിൽ മാത്രമേ വാഹനം ഓടുകയുള്ളൂ. അതുകൂടാതെ ഗിയർ ലിവറിൽ ‘ഓവർഡ്രൈവ് ഓഫ്’ എന്ന ഒരു ബട്ടൺ കാണാം. ഓവർടേക്കിങ്ങിനെയും പെട്ടെന്നുള്ള ആക്സിലറേഷനെയും സഹായിക്കാനുള്ള സംവിധാനമാണിത്.
വിറ്റാര ബ്രെസ്സയുടെ ഇരിപ്പിടങ്ങൾ വളരെ സുഖപ്രദവും ദീർഘ യാത്രകൾക്ക് അനുയോജ്യമായതും ആണ്. എട്ടു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ആറ് വിധത്തിൽ ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റുമാണ് ബ്രെസ്സക്കുള്ളത്. ഇതെല്ലാമുണ്ടെങ്കിലും കോംപ്പാക്ട് എസ്‌യുവി സെഗ്‌മെന്‍റിലെ മറ്റു ചില കാറുകളിലുള്ള നൂതന ഫീച്ചേഴ്‌സുകളായ വയർലെസ് ചാർജർ, സൺ റൂഫ് പോലുള്ള ചിലത് ബ്രെസ്സയിലില്ല.
നിവർന്നിരുന്ന് യാത്ര ചെയ്യാനുള്ള സ്പേസ് പിൻ നിരയിൽ നമുക്ക് ലഭിക്കുന്നുണ്ട്. 2500 മില്ലിമീറ്ററാണ് ഈ കാറിന്‍റെ വീൽബേസ്. കുടുംബങ്ങളെ ലക്ഷ്യമിട്ട് നിർമിച്ചതുകൊണ്ടുതന്നെ പിൻനിരയിലെ സീറ്റുകൾക്കും ഹെഡ് റെസ്റ്റ് ഉണ്ട്. പിന്നിലേക്കുള്ള എസി വെന്‍റ്, USB ചാർജിങ് സോക്കറ്റ് എന്നിപോലുള്ള ഫീചേഴ്‌സുകൾ കൂടെ കൂട്ടി ചേർക്കുകയാണെങ്കിൽ കോംപാക്ട് എസ്‌യുവി എന്ന സെഗ്‌മെന്‍റിൽ ഒരുപാട് എതിരാളികളെ വിറ്റാര ബ്രെസ്സ പിന്നിലാക്കും എന്നതിൽ സംശയമില്ല.
സുരക്ഷ
മാരുതിയുടെ ഏതൊരു വാഹനവും സുരക്ഷയുടെ പേരിൽ പഴി കേൾക്കുന്ന കാലമാണിത്. എന്നാൽ, 4 സ്റ്റാർ റേറ്റിംഗ് സേഫ്റ്റിയുള്ള വിറ്റാര ബ്രെസയും അതുപോലെയാണോ എന്ന ചോദ്യം ഉണ്ടായേക്കാം.ബ്രെസ്സയിൽ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങൾ മോശമെന്ന് പറയാനാവില്ല. ഹിൽ ഹോൾഡ് അസിസ്റ്റ്, പെഡസ്ട്രിയൻ സേഫ്റ്റി സംവിധാനം, പ്രീടെൻഷണൽ സീറ്റ് ബെൽറ്റ് എന്നിവയുണ്ട്.
ഫൈനൽ ലാപ്
ഇന്ത്യയുടെ ജനപ്രിയ എസ്‌യുവി, മലിനീകരണം കുറഞ്ഞ സ്മൂത്ത് ആൻഡ് പെർഫോമൻസ് എൻജിൻ, മോശമല്ലാത്ത സുരക്ഷാ സംവിധാനത്തോടുകൂടി, മികച്ച ഇന്ധനക്ഷമത എന്നിവ വേണമെന്നുള്ളവർക്ക് ബ്രെസ്സ തീർച്ചയായും നല്ലൊരു ചോയ്സ് ആണ്. ഹ്യൂണ്ടായ് വെന്യു , കിയ സോണറ്റ് എന്നിവരാണ് മുഖ്യ എതിരാളികൾ.
vitara brezza 2022
മാരുതിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ മാറ്റങ്ങളുടെ. സെലേറിയയോ, ബലേനോ എന്നീ മോഡലുകൾ പുതിയ രൂപഭാവത്തോടെ പുതുജന്മം കൊണ്ടു. ഇനി വരാനിരിക്കുന്നത് ബ്രെസ്സയുടെ ഫേസ്ലിഫ്റ്റ് മോഡലാണെന്നാണ് റിപ്പോർട്ടുകൾ. മുകളിൽ പറഞ്ഞതുപോലെയുള്ള കണക്റ്റിവിറ്റ് ഫീച്ചേഴ്സുകളുടെ പോരായ്മകൾ പരിഹരിച്ചായിരിക്കും vitara brezza 2022 പുറത്തിറക്കുക.
Vitara Brezza – Price details
Vitara brezza lxi – ₹ 8.85 lakhs
Vitara brezza vxi – ₹ 10.9 lakhs
Vitara brezza zxi – ₹ 10.92 lakhs
Vitara brezza vxi AT SHVS – ₹ 13.33 Lakh
Vitara brezza ZXi Plus – ₹ 11.44 Lakh
Vitara brezza ZXI Plus Dual Tone – ₹ 11.94 Lakhs
Vitara brezza ZXi AT SHVS – ₹ 12.62 Lakh
Vitara brezza ZXi Plus AT SHVS – ₹ 13.15 Lakh