കേരള ടൂറിസത്തെക്കുറിച്ചുള്ള ( Kerala tourism) വിവരങ്ങൾ ഇനി വാട്ട്സ്ആപ്പിലൂടെയും ലഭ്യമാകും. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതൽ ചാറ്റ് ബോട്ടിലൂടെ വാട്‌സ്ആപ്പിൽ ലഭ്യമാകും. ‘മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത് ( maya chatbot ). 2022 മാർച്ച് 23ന് ആണ് ഇത് നിലവിൽ വന്നത്.
Maya Chatbot
കേരള ടൂറിസത്തിന്‍റെ ‘മായ’ വാട്‌സ്ആപ്പ് നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങൾ ചോദിക്കാം. ഓട്ടോമാറ്റിക്കായി തന്നെ വിവരങ്ങൾ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഏത് സമയത്തും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാം.
കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ, താമസ സൗകര്യം, കല, സംസ്‌കാരം, ചരിത്രം എന്നിങ്ങനെയുള്ള വിശദാംശങ്ങളും ‘മായ’ ചാറ്റ്‌ബോട്ട് സേവനത്തിലൂടെ ലഭ്യമാകും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.