Mercedes Benz SL – ഇതാണ് തിരിച്ചുവരവ് !
വാഹനലോകം സാക്ഷ്യംവഹിച്ചതിൽ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നാണ് SL നടത്തിയിരിക്കുന്നത്
Mercedes Benz SL
ഈ പേര് കേൾക്കാത്ത വാഹന പ്രേമികൾ തുച്ഛമായിരിക്കും. SL എന്നാൽ ‘Super Light’ എന്നതിന്റെ ചുരുക്കമാണെങ്കിലും വേഗത്തിലും കരുത്തിലും ആളത്ര ലൈറ്റല്ല. 70 വർഷത്തോളമായി ലോകമെമ്പാടുമുള്ള വേഗക്കമ്പക്കാരെ ഹരം കൊള്ളിക്കുന്ന ജർമ്മൻ കരുത്താണ് എസ്എൽ എന്ന ഗ്രാൻഡ് ടൂറർ കാർ. ഇക്കാലയളവിൽ 7 തലമുറ കൈമാറിയാണ് SL ഇതുവരെ എത്തിനിൽക്കുന്നത്. പുതിയ മോഡൽ എസ്എൽ കാറുകളെക്കാൾ പഴയ മോഡലുകളെ ആരാധിക്കുന്നവരും ധാരാളമുണ്ട്.
നാലു തലമുറകൾ വരെ വൻവിജയമായി ലോകം ആഘോഷിച്ച എസ്എൽ കാറുകളുടെ തുടർന്നുവന്ന പതിപ്പുകൾക്ക് പഴയ സ്വീകാര്യതയും സ്ഥാനവും ലഭിച്ചില്ല. അങ്ങനെ 2020ൽ SL പരമ്പര നിർത്തലാക്കാൻ ഇടയായി. എന്നാൽ വാഹനലോകം സാക്ഷ്യംവഹിച്ചതിൽ വച്ച് ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നാണ് പിന്നീട് മെഴ്‌സെഡീസ് എസ്എൽ നടത്തിയത്. 2022ൽ ആയിരുന്നു അത്ഭുതകരമായ ഈ തിരിച്ചുവരവ്. ആകാംക്ഷയോടെ കാത്തിരുന്ന SL ആരാധകർ ഏഴാം തലമുറയായ R232വിനെ ഹൃദ്യമായി സ്വീകരിച്ചു. ‘The star is reborn’ എന്ന ടാഗ്‌ലൈനോടെ കമ്പനിയും ഈ വരവ് ശ്രദ്ധേയമാക്കി. പക്ഷെ മെഴ്‌സെഡീസ് ബെൻസിന്റെ പെർഫോമൻസ് കാറുകളുടെ വിഭാഗമായ AMG നിർമിച്ച ഈ വാഹനം ഇന്ത്യയിലെത്തിയത് കഴിഞ്ഞ മാസമായിരുന്നു. SLന്റെ വരവ് രാജ്യത്ത് വാഹന പ്രേമികൾക്കിടയിൽ വാർത്തയായിരുന്നു.
SL കാറുകളുടെ തുടക്കം
മേഴ്സെഡീസ് ബെൻസിന്റെ ചരിത്രത്തിൽ റേസ് ട്രാക്കിൽ ഏറ്റവുമധികം വിജയം കൈവരിച്ച കാറുകളിലൊന്നാണ് 300SL. 1952ലാണ് റേസ് ട്രാക്കിലോടാൻ വേണ്ടി മാത്രമായി ഉല്പാദിപ്പിച്ച 300 എസ്എൽ പുറത്തിറങ്ങുന്നത്. പങ്കെടുക്കുന്ന മത്സരയോട്ടങ്ങളിലെല്ലാം 300SL വിജയക്കൊടി ഉയർത്തിക്കൊണ്ടേയിരുന്നു. പക്ഷേ 300SLന്റെ റോഡ്-ഗോയിങ് പതിപ്പ് വിപണിയിൽ എത്തിക്കാൻ അക്കാലത്ത് മേഴ്സെഡീസിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാൽ, 1954ൽ അമേരിക്കൻ വ്യവസായിയും മേഴ്സീസ് ബെൻസിന്റെ അമേരിക്കയിലെ ഇറക്കുമതിക്കാരനുമായ ‘മാക്സ് ഹോഫ്മാൻ’ ആണ് 300 SLന്റെ റോഡ് പതിപ്പ് ഇറക്കാൻ നിർദേശം മുന്നോട്ടുവച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ അമേരിക്കയുടെ സാമ്പത്തിക വളർച്ചയും അവിടത്തെ സമ്പന്നർക്കിടയിൽ പെർഫോമൻസ് കാറുകളോടുള്ള ഇഷ്ടം വർദ്ധിച്ചതും കണക്കിലെടുത്തായിരുന്നു ഹോഫ്മാന്റെ നിർദേശം. ഇദ്ദേഹത്തിന്റെ നിർദേശത്തെ മേഴ്സെഡീസ് ബെൻസ് മാനിച്ചു.
W198
300SL റേസ് കാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിപണിയിലെത്തിയ ആദ്യ കാറാണ് W198 300SL. 1954ലെ ന്യൂയോർക്ക് ഓട്ടോ എക്സ്പോയിലാണ് W198 സീരീസിൽ നിന്നുള്ള ആദ്യ കാറായ 300SL അവതരിപ്പിച്ചത്. മുകളിലേക്ക് തുറക്കുന്ന രീതിയിലുള്ള ഗൾവിംഗ് ഡോറുകളിലായിരുന്നു കാറിന്റെ പ്രത്യേകത. അക്കാലത്തെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായിരുന്നു 300SL. മണിക്കൂറിൽ 263 കിലോമീറ്റർ ആയിരുന്നു കൂടിയ വേഗത. മാത്രമല്ല ബെൻസിന്റെ 6-സിലിണ്ടർ എൻജിനിൽ ആദ്യമായി Fuel injection സംവിധാനം വന്നതും ഈ കാറിലായിരുന്നു. M198 എന്ന പേരിൽ കമ്പനി വിളിക്കുന്ന 3 ലിറ്റർ പെട്രോൾ എൻജിനായിരുന്നു 300SL(W198)ന്റെ കരുത്ത്. 1957 വരെയാണ് 300SL ഉൽപാദിപ്പിച്ചിരുന്നത്. പിന്നീട് ഇതിന്റെ കൺവേർടിബിൾ പതിപ്പ് 300SL എന്ന പേരിൽ 1963 വരെ തുടർന്നു. എസ്എൽ പരമ്പരയിൽ ഏറ്റവും അധികം ആരാധകരുള്ള തലമുറയാണ് W198.
W121 (190 SL)
എസ്എൽ കാറുകളിലെ ആദ്യ റോഡ്സ്റ്റർ അല്ലെങ്കിൽ കൺവെർട്ടബിൾ പതിപ്പായിരുന്നു W121. W198 മോഡലിനൊപ്പം തന്നെയാണ് W121 മോഡലും ജനിച്ചത്. പക്ഷേ 1.9 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിൻ ആയിരുന്നു ഈ കാറിന്. 300SLന് 215 bhp കരുത്ത് ഉൽപാദിപ്പിക്കാനായപ്പോൾ 105 bhp ആയിരുന്നു 190SLന്റെ കരുത്ത്. 1954 മുതൽ 1963 വരെയാണ് 190SL മാർക്കറ്റിൽ ഉണ്ടായിരുന്നത്.
W113
W198ന് ശേഷം SL പരമ്പരയുടെ രണ്ടാം തലമുറയായി വിപണിയിലെത്തിയ മോഡലാണ് W113. 230SL, 250 SL, 280 SL എന്നീ മോഡലുകൾ W113 സീരീസിൽ അവതരിപ്പിച്ചു. അമേരിക്കൻ വിപണിയെ കേന്ദ്രീകരിച്ച് എത്തിയ ഈ വാഹനം അക്കാലത്ത് വൻവിജയമായിരുന്നു. മുമ്പുണ്ടായിരുന്ന എസ്എൽ മോഡലുകളിൽനിന്ന് വ്യത്യസ്തമായ ഡിസൈനോടുകൂടിയായിരുന്നു W113 യുടെ വരവ്. മെഴ്‌സെഡീസിന്റെ ‘പഗോഡ’ എന്ന പേരിലുള്ള റൂഫ് ലൈനായിരുന്നു ഈ കാറിന്റെ പ്രത്യേകതകളിൽ പേരുകേട്ടത്. രൂപത്തിൽ SLനെ കോംപാക്ട് ആക്കിയപ്പോൾ ഇന്റീരിയറിലും നിറയെ മാറ്റങ്ങൾ ഉണ്ടായിരുന്നു. 1963 മുതൽ 1971 വരെയാണ് W113 നിലനിന്നത്.
R107
എസ്എൽ പരമ്പരയിൽ ദീർഘകാലം വിപണിയിൽ ഉണ്ടായിരുന്ന ജനറേഷനാണ് R107. W113ന് ശേഷം 1971ലാണ് R107 തലമുറ ആരംഭിക്കുന്നത്. 1989 വരെ ഉൽപാദനം നീണ്ടുനിന്നു. 280SL, 300SL, 350SL, 450SL, 380SL, 420SL, 500SL, 560SL എന്നിങ്ങനെ എട്ടു വകഭേദങ്ങൾ ഈ 18 വർഷത്തിനുള്ളിൽ R107 സീരീസിൽ പുറത്തിറങ്ങിയിട്ടുണ്ട്. SL പരമ്പരയിൽ ആദ്യമായി horizontal രീതിയിൽ ക്രമീകരിച്ച ഹെഡ്ലൈറ്റുകളുമായി എത്തിയ വാഹനമായിരുന്നു ഇത്. മെഴ്‌സെഡീസ് ബെൻസിന്റെ എസ്-ക്ലാസിനോട് സാമ്യതയുള്ള രൂപത്തിൽ SL നെ ഡിസൈൻ ചെയ്ത ആദ്യത്തെ മോഡലായിരുന്നു R107. നിരവധി ആധുനിക സൗകര്യങ്ങളുമായി എത്തിയ R107 അക്കാലത്തെ ഹോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമായിരുന്നു.
R129
R107 തലമുറ കാറുകൾക്ക് തിരശ്ശീല വീണതിനുശേഷം 1989 മുതൽ 2002 വരെ വിപണിയിലുണ്ടായിരുന്ന നാലാം തലമുറ കാറാണ് R129. മെഴ്‌സെഡീസിന്റെ V12 എൻജിൻ SL കാറിൽ ആദ്യമായി എത്തിയത് R129 തലമുറയിലായിരുന്നു. ഈ കാറിന്റെ വരവോടെ ഒരുപാട് സംവിധാനങ്ങൾ പുതുതായി SLൽ എത്തി. ഫുൾ ഓട്ടോമാറ്റിക് ഗിയർബോക്സുമായി വന്ന ആദ്യ SL കാർ എന്ന ഖ്യാതിയും R129ന് ഉണ്ട്. എന്നാൽ, ഇന്ത്യക്കാരെ ഈ വാഹനം പരിചിതരാക്കിയത് 2001ൽ പുറത്തിറങ്ങിയ ‘Dil Chahta Hai’ എന്ന ബോളിവുഡ് സിനിമയാണ്. അന്ന് സിനിമയോടൊപ്പം R129-ഉം സൂപ്പർഹിറ്റായിരുന്നു. ഇന്നും SLന്റെ പ്രമോഷന് വേണ്ടി മെഴ്‌സെഡീസ് പോലും ഈ സിനിമയെ ഓർമ്മപ്പെടുത്താറുണ്ട്.
R230
സൂപ്പർതാരമായ R129നു ശേഷം എസ്എൽ പരമ്പരയിലെ അടുത്ത തലമുറയായിരുന്നു R230. 2001ൽ പുറത്തിറങ്ങിയ ഈ 2-സീറ്റർ വാഹനത്തിന് മറ്റുള്ള ജനറേഷനുകളുടെയത്ര ശോഭിക്കാനായില്ല. ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ആദ്യ SL ക്ലാസും R230 ആയിരുന്നു. 2011 വരെയാണ് വാഹനം വിപണിയിൽ ഉണ്ടായിരുന്നത്. 2001 മുതൽ 2011 വരെയുള്ള കാലയളവിൽ 1.7 ലക്ഷം R320 കാറുകളാണ് ഉൽപാദിപ്പിച്ചത്.
R231
എസ്എൽ കാറിന്റെ ആറാം തലമുറയായിരുന്നു R231. 2012 മുതൽ 2020 വരെയാണ് വിപണിയിൽ ഉണ്ടായിരുന്നത്. കൂടിയ സുരക്ഷാ സംവിധാനങ്ങളോടെ 2012 നോട്ട് അമേരിക്കൻ Auto Expoയിലാണ് R231 ആദ്യമായി പ്രദർശനത്തിന് എത്തിയത്. മെഴ്‌സെഡീസിന്റെ പുതിയ ഡിസൈൻ തീമിൽ നിർമ്മിച്ച ഈ വാഹനം വിപണിയിൽ അത്രത്തോളം വിജയമായിരുന്നില്ല. ഇന്ത്യയിൽ പുറത്തിറങ്ങിയ രണ്ടാമത്തെ SL തലമുറയായ R231 തന്റെ മുൻഗാമികളേക്കാൾ ആധുനിക ഫീചേഴ്സുകളുമായി ആണ് എത്തിയതെങ്കിലും മുൻഗാമികൾക്ക് ലഭിച്ച സ്വീകാര്യത R321ന് ജനങ്ങൾക്കിടയിൽ ലഭിച്ചില്ല. ഇടക്കാലത്തു 2016, 2017 വർഷങ്ങളിൽ R231ന്റെ പുതുക്കിയ മോഡലുകൾ വിപണിയിലെത്തിയിരുന്നു. 2020 ഉൽപ്പാദനം അവസാനിപ്പിച്ചു.
R232
അങ്ങനെ എസ്എൽ ക്ലാസിന്റെ യുഗം അവസാനിച്ചു എന്ന് ജനങ്ങൾ വിശ്വസിച്ച കാലത്താണ് ലോകമെമ്പാടുമുള്ള വാഹന പ്രേമികളെ ആവേശത്തിലാക്കി മെഴ്‌സെഡീസ് ബെൻസ് തങ്ങളുടെ SL ന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. 2022ലാണ് ആഗോളവിപണിയിൽ പുതിയ SL അവതരിപ്പിച്ചതെങ്കിലും ഇന്ത്യയിലെത്തിയത് 2023ലാണ്. പുതിയ ഡിസൈൻ തീമുമായി വിപണിയിൽ എത്തിയ ഈ കാറിനെ AMGയാണ് പൂർണമായി വികസിപ്പിച്ചിട്ടുള്ളത്. SL55, SL63 എന്നീ രണ്ട് ട്രിമ്മുകളാണ് ഉണ്ടായിരുന്നെങ്കിലും SL43 എന്ന വേരിയന്റ് പിന്നീട് ചേർക്കപ്പെട്ടു. പക്ഷേ ഇതിൽ SL55 മാത്രമാണ് ഇന്ത്യയിൽ വിപണിയിലുള്ളത്. സോഫ്റ്റ് ടോപ് കൺവെർട്ടബിൾ ബോഡി മാത്രമാണ് നിലവിൽ R232 SLനുള്ളത്. V8 എൻജിനുള്ള ഓൾവീൽ ഡ്രൈവ് സംവിധാനത്തോടുകൂടിയുള്ള SL55 കാറിന്റെ വില 2.35 കോടി രൂപയാണ്.
1982ലെ ട്രാക്ക് കാറായ 300SLന്റെ പ്രത്യേകതയായിരുന്ന കൂറ്റൻ ബോണറ്റും, Panamericana ഗ്രില്ലും R232വിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലുള്ള SL55ന് 469 ബിഎച്ച്പി വരെ കരുത്ത് ഉൽപ്പാദിപ്പിക്കാനാവും. 700 ന്യൂട്ടൻമീറ്ററാണ് കൂടിയ ടോർക്ക്. മണിക്കൂറിൽ 295 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ SL55ന് സാധിക്കും. R232വിലൂടെ SL എന്ന ഐതിഹാസിക കാറിന്റെ പ്രയാണം തുടർന്നുകൊണ്ടിരിക്കുകയാണ്.