Site icon MotorBeat

കോമറ്റ്​ ഒരു കാർ മാത്രമല്ല… MG Comet EV review

mg comet ev review

MG Comet EV

വ്യത്യസ്തമായ ഫീച്ചറുകൾ ന്യായമായ വിലക്ക് ലഭ്യമാക്കിയാൽ ഏതൊരു പുത്തൻ വാഹന ബ്രാൻഡിനും ഇന്ത്യൻ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാനാവും. അതിന്‍റെ ഉത്തമ ഉദാഹരണമാണ്​ എംജി മോട്ടോർസ്. 2019ൽ ഇന്ത്യയിലേക്ക് പ്രവേശിച്ചത് മുതൽ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വാഹന നിർമ്മാതാവാണ് എംജി. ഇറക്കിയ മോഡലുകളെല്ലാം ശരാശരി യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. 2023ൽ ഒരു പോക്കറ്റ് ഡൈനാമോയുമായിട്ടാണ് എംജി എത്തിയത്. അതാണ് കോമറ്റ്…

ഇത് ഒരു കാർ മാത്രമല്ല, ഒരു ഗാഡ്ഗറ്റ് കൂടിയാണെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. വലുപ്പവും ഉപയോഗവും വെച്ചുനോക്കുമ്പോൾ Maini Revaയുമായിട്ടോ, മഹിന്ദ്ര E20യുമായോ ഒരുപക്ഷെ ടാറ്റാ നാനോയുമായി വരെ താരതമ്യം ചെയ്യാം. അനായാസ നഗരയാത്രയാണ് കോമറ്റ് വാഗ്ദാനം ചെയ്യുന്നത്. നഗരയാത്രകൾക്ക് മാത്രമാണോ അനുയോജ്യം എന്ന ചോദ്യം മുന്നിലുണ്ട് താനും. എന്നിരുന്നാലും തിരക്കേറിയ നഗരവീഥികളിലെ മടുപ്പിക്കുന്ന ഡ്രൈവിങ്ങിന് ഒരു പരിധി വരെ ശമനം നൽകാൻ ഈ കാറിന് സാധിക്കുണ്ട്.

MG Comet ; exterior

side profile of comet ev

മൂന്ന് മീറ്ററിൽ താഴെ മാത്രം നീളമുള്ള ഒരു കുഞ്ഞൻ ഇ.വിയാണ് കോമറ്റ്. വീതിയും 1.5 മീറ്ററിൽ പരിമിതിപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും വ്യത്യസ്തമായ ഡിസൈനാണ് കോമറ്റിനുള്ളത്. വാഹനത്തിന്റെ എല്ലാ ഘടകങ്ങളും കൃത്യമായ ആസൂത്രണത്തോടെ മികച്ച രീതിയിൽ തന്നെയാണ് സംയോജിപ്പിച്ചിട്ടുള്ളത്. 12 ഇഞ്ചിന്റെ ചെറിയ വീലുകളാണെങ്കിലും വാഹനത്തിന് ചേരുന്നതാണ്. അഞ്ച് നിറവകഭേദങ്ങളിലാണ് കോമറ്റ് ലഭുവുമാവുന്നത്. ഇവയ്ക്ക് പുറമെ എക്സ്റ്റീരിയർ സ്റ്റിക്കർ ഓപ്ഷനുകളുമുണ്ട്.

rear view

MG Comet interior

mg comet dashboard

എംജി കോമറ്റ്‌ ഇവിയുടെ ക്യാബിനിലേക്ക് കയറിയിരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെടുക പുറത്തേക്കുള്ള അസാമാന്യമായ ദൃശ്യപരതയാണ്. കാറിന്റെ വലിയ വിൻഡ്ഷീൽഡ് തന്നെയാണ് ഇതിന് കാരണം. ഇന്റീരിയറിലെ ഘടകങ്ങളിൽ മിക്കവയ്ക്കും വെള്ളയും ചാരനിറവും ഉപയോഗിച്ചതിനാൽ തെളിച്ചവും വായുസഞ്ചാരവുമുള്ള ക്യാബിനാണെന്ന് തോന്നിപ്പോകും.

ഡാഷ്‌ബോർഡിന് മധ്യഭാഗത്തെ എയർവെന്റുകൾക്ക് ചുറ്റും അലൂമിനിയം ഫിനിഷും, അവയുടെ കണ്ട്രോളുകൾക്ക് ചുറ്റും പിയാനോ ബ്ലാക്ക് ഫിനിഷും നൽകിയിട്ടുണ്ട്. അങ്ങിങ്ങായി നിരവധി സ്റ്റോറേജ് സ്പേസുമുണ്ട്. മൊത്തത്തിൽ ഡാഷ്‌ബോർഡ് മനോഹരമായി തന്നെ പൂർത്തീകരിച്ചിട്ടുണ്ട്.

കാറിലുള്ള ആധുനിക സവിശേഷതകൾക്കും കുറവില്ല. 10.4 ഇഞ്ചിന്റെ രണ്ട് ടച്‌സ്‌ക്രീൻ ഡിസ്‌പ്ലേകളാണ് കാറിലുള്ളത്. വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമടക്കം 55ലധികം ഫീച്ചറുകൾ ഇതിലൂടെ ലഭിക്കുന്നുണ്ട്. മുൻനിരയിലെ ഇരിപ്പിടങ്ങൾ ശരാശരിക്കു മേലെ യാത്രാസുഖം നൽകുന്നുണ്ടെങ്കിലും പിൻനിരയിലെ സീറ്റുകൾക്ക് ആവശ്യത്തിന് ലെഗ്‌റൂമും തൈസപ്പോർട്ടും ലഭിക്കുന്നില്ല. പിൻനിരയിലിരിക്കുമ്പോൾ ഓർക്കേണ്ടത് ഇതൊരു ‘അൾട്രാ കോംപാക്ട്’ കാറാണല്ലോ എന്നാണ്!

Drive

41 ബിഎച്പി കരുത്തും 110 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് കോമറ്റിനെ വഹിക്കുന്നത്. 17.3 kWh ബാറ്ററി പാക്കിലാണ് ഊർജം സംഭരിക്കുന്നത്. കാറിന്റെ ഭാരവുമായി അനുയർത്ഥം നോക്കുമ്പോൾ ഇവ മികച്ച കണക്കുകളാണ്. വളരെ അനായാസമായ ഡ്രൈവിങ്ങാണ് കോമറ്റ് സമ്മാനിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ മാറ്റുന്നതനുസരിച്ച് മോട്ടോറിന്റെ പ്രതികരണം വ്യത്യാസപ്പെടുന്നുണ്ട്. ഇക്കോ, നോർമൽ എന്നീ മോഡുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നില്ലെങ്കിലും സ്പോർട്സ് മോഡിലേക്കിട്ടാൽ കാര്യമായ കുതിപ്പ് തന്നെയുണ്ടാവുന്നു. വാഹനത്തിന്റെ സസ്‌പെൻഷനും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

230 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും 180 മുതൽ 190 വരെ തീർച്ചയായും ലഭിച്ചേക്കും. പക്ഷെ ഫാസ്റ്റ് ചാർജറിന്റെ അഭാവം കോമറ്റിനെ വലിയരീതിയിൽ അലട്ടുന്നുണ്ട്. നിലവിലുള്ള 3.3 kW ചാർജർ കൊണ്ട് 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂറോളം എടുക്കുന്നുണ്ട്. ഫുൾ ചാർജിങ് ആണെങ്കിൽ ഏഴ് മണിക്കൂർ വരെ നീളും.

വിലയിരുത്തൽ

വിപണിയിലെ മത്സരത്തിൽ കോമറ്റിന് നേരിട്ടുള്ള എതിരാളികൾ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും Tata Tiago, Mahindra 3XO എന്നിവയുമായിട്ടായിരിക്കും ചെറിയ ഇ.വി വാങ്ങാനിരിക്കുന്നവർ താരതമ്യം ചെയ്യുക.

ചുരുക്കത്തിൽ നാലു പേർക്ക് ഇരിക്കാൻ സൗകര്യമുള്ള (രണ്ട് പേർക്കാണ് ഉചിതം), അനായാസമായ ഓവർടേക്കിങ്ങും നഗരയാത്രയും വാഗ്ദാനം ചെയ്യുന്ന, പാർക്ക് ചെയ്യാനും എളുപ്പമുള്ള ഒരു കുഞ്ഞൻ ഇലക്ട്രിക്ക് കാറാണ് കോമറ്റ് ഇ.വി. പക്ഷെ നഗരയാത്രകൾക്ക് വേണ്ടി മാത്രം 7.38 ലക്ഷം രൂപ (ഓൺ-റോഡ്) ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യവും മറുവശത്തുണ്ട്. ആറ് വേരിയന്റുകളുള്ള കാറിന്റെ ഉയർന്ന വേരിയന്റിന് 10.42 ലക്ഷം രൂപയാണ് ഓൺ റോഡ് വില (on-road price of mg comet).

Exit mobile version