MG Comet EV vs Tata Tiago EV ; കുഞ്ഞൻ ഇവികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ…
നിലവിൽ ഏറ്റവും വില കുറഞ്ഞ ഇവികളാണ് ടാറ്റ ടിയാഗോയും എംജി കോമറ്റും
MG Comet EV vs Tata Tiago EV
ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ മുന്നേറുന്ന ഇക്കാലത്ത് ഏവരും പരതിനോക്കുന്നത് റേഞ്ച് കൂടിയ വാഹനങ്ങളെയാണ്. നിലവിൽ ഏറ്റവും വില കുറഞ്ഞ ഇവികളാണ് ടാറ്റ ടിയാഗോയും എംജി കോമറ്റും. എൻട്രി ലെവൽ ഇവി തേടുന്നവർക്ക് ഇവയിൽ ഏതെടുക്കണമെന്ന് വലിയ സംശയമാണ്. എംജി കോമറ്റ് 230 കിലോമീറ്റർ, ടാറ്റ ടിയാഗോ 250-350 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവ രണ്ടിന്റെയും റിയൽ ലൈഫ് റേഞ്ച് ഒന്ന് പരീക്ഷിച്ചു നോക്കാം.
എംജി കോമറ്റ് ഇവി
ചൈന ആസ്ഥാനമായുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ എംജി മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ് ഇവി. 2023 ഏപ്രിലിലാണ് കോമറ്റ് പുറത്തിറങ്ങുന്നത്. Pace, play, plush എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കും. 7.98 ലക്ഷം രൂപ മുതൽ 10.63 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
41 ബിഎച്ച്‌പിയും 110 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 17.3 കിലോവാട്ട് ബാറ്ററി പാക്കിൽ നിന്നാണ് കോമറ്റ് ഇവിയുടെ പവർ പുറപ്പെടുന്നത്. ഒറ്റ ചാർജിൽ ഇതിന് 230 കിലോമീറ്റർ റേഞ്ച് ലഭിക്കും, 3.3kW ചാർജർ ഉപയോഗിച്ച് ഏഴ് മണിക്കൂറിനുള്ളിൽ 0-100 ശതമാനം വരെ ചാർജ് ചെയ്യാം.
ഈ കോംപാക്റ്റ് EV ഞങ്ങൾ മുൻനിശ്ചയിച്ച മിതമായതും കനത്തതുമായ ട്രാഫിക്കിലും, ചില ഹൈവേ ഡ്രൈവിംഗും ഉള്ള റൂട്ടിൽ പരീക്ഷിച്ചപ്പോൾ ഒരൊറ്റ പൂർണ്ണമായ ചാർജ്ജ് ചെയ്ത ബാറ്ററിയിൽ 191 കിലോമീറ്റർ റിയൽ-വേൾഡ് ഡ്രൈവിംഗ് റേഞ്ചാണ് നൽകിയത്.
ടാറ്റ ടിയാഗോ ഇ.വി
ടാറ്റയുടെ ലൈനപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനമാണ് ടിയാഗോ ഇവി. XE, XT, XZ Plus, XZ Plus Tech വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന കാറിന്റെ വില 8.69 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം). ടോപ്പ്-സ്പെക്ക് വേരിയന്റിന് 12.04 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം).
Tiago EV രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭിക്കുന്നുണ്ട്. 19.2kWh, 24kWh ബാറ്ററികളാണവ. യഥാക്രമം 250km, 315km റേഞ്ച് ആണ് ഇവ രണ്ടും അവകാശപ്പെടുന്നത്. ആദ്യത്തേത് 60 ബിഎച്ച്പിയും 110 എൻഎം ടോർക്കും ഉൽപാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 74 ബിഎച്ച്പിയും 114 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. 7.2kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് Tiago EV വെറും 57 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
24kWh ബാറ്ററി പാക്കുള്ള ടിയാഗോ ഇവിയാണ് റിയൽ ലൈഫ് പരീക്ഷണത്തിനെടുത്തത്. പൂർണ്ണമായി ചാർജ് ചെയ്ത ബാറ്ററിയിൽ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് ഏകദേശം 214 കിലോമീറ്റർ റേഞ്ച് നൽകി.