Wonder World

സഞ്ചാരികളെ വിരുന്നൂട്ടുന്ന​ മൂന്നാറിന്‍റെ ഭംഗി

കാഴ്ചകളുടെ വസന്തമാണ്​ മൂന്നാർ ( Munnar ). മലമുകളിലെ മിടുക്കി. ഓരോ ദിവസവും ആയിരങ്ങളാണ്​ ഈ മിടുക്കിയെ കാണാനെത്തുന്നത്​. നിരവധി കാഴ്ചകളാണ്​ മൂന്നാർ ( Munnar visiting places ) നമുക്കായി ഒരുക്കിയിട്ടുള്ളത്​. മൂന്നാർ ഏത്​ ജില്ലയിലാണെന്നത് കേരളത്തിന്​ പുറത്തുള്ള​ പലരുടെയും സംശയമാണ്​.

Munnar in which district ?

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്​ കേരളം. കേരളത്തിൽ 14 ജില്ലകളാണുള്ളത്​. അതിൽ ഏതാനും ജില്ലകളിൽ മാത്രമാണ്​ കടലില്ലാത്തത്​. എന്നാൽ, അവ പശ്ചിമഘട്ട മലനിരകളാൽ അനുഗ്രഹീതമാണ്​. അത്തരത്തിലൊരു ജില്ലയാണ്​ ഇടുക്കി. അവിടെയാണ്​ മൂന്നാർ സ്ഥിതി ചെയ്യുന്നത്​.

Munnar in which district – Idukki

മൂന്നാറിൽ എന്തെല്ലാം കാണാനുണ്ട്​ – Munnar visiting places

തേയിലത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലുള്ള അത്​ഭുത ലോകമാണ്​ മൂന്നാർ. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ്​ ഡെസ്റ്റിനേഷൻ. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ്​ തന്നെയാണ്​ മൂന്നാറിന്‍റെ പ്രധാന ആകർഷണം. പ്രത്യേകിച്ച്​ ഒരു ടൂറിസ്​റ്റ്​ ഡെസ്റ്റിനേഷനിലും പോകാതെ, ചുമ്മാ വണ്ടിയുമെടുത്ത്​ കറങ്ങിയാൽ തന്നെ നിങ്ങളുടെ മനസ്സ്​ നിറയും. മൂന്നാറിൽനിന്ന്​ മറയൂർ, വട്ടവട, തേക്കടി, വാഗമൺ പോലുള്ള സ്ഥലങ്ങളിലേക്കുള്ള​ റോഡ്​ യാത്ര അതിഗംഭീരമാണ്​.

munnar visiting places
മൂന്നാറിലെ തേയിലത്തോട്ടം

മൂന്നാറിലെ കാഴ്ചകൾ

1. ഇരവികുളം നാഷണൽ പാർക്ക്​

മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ആദ്യം സന്ദർശിക്കുക ഇരവികുളം ദേശീയോദ്യാനമാണ്​ ( Eravikulam National Park ). രാജമലയിലാണ് ഈ​ ഉദ്യാനം.​ നഗരത്തിൽനിന്ന് മറയൂർ റോഡിലൂടെ​ ഏഴ്​ കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ടിക്കറ്റ്​ എടുത്ത്​ പ്രത്യേക ബസിലാണ്​ ആളുകളെ ​മുകളിലേക്ക്​ കൊണ്ടുപോവുക. വരയാടുകളാണ് ( nilgiri tahr )​ ഈ ദേശീയ ഉദ്യാനത്തെ വ്യത്യസ്തമാക്കുന്നത്​. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെനിന്ന്​ കാണാം. ആനമുടിയുടെ ഉയരം 2,695 മീറ്ററാണ്​. നീലക്കുറിഞ്ഞിയും ഇവിടത്തെ പ്രത്യേകതയാണ്​.

യുനെസ്​കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​ ഇവിടം. വരയാടുകൾക്ക്​ പുറമെ 100ന്​ മുകളിൽ വ്യത്യസ്ത ജീവികൾ ഇവിടെ അധിവസിക്കുന്നു​. 97 സ്ക്വയർ കിലോമീറ്ററാണ്​ ആകെ വിസ്തൃതി. 1978ലാണ് ഇവിടം​ ദേശീയ ഉദ്യാനമാകുന്നത്​.

ഇരവികുളത്ത്​ എത്തുന്ന സഞ്ചാരികൾക്കായി ഇലക്​ട്രിക്​ ബഗി കാറുകളും ഒരുക്കുന്നുണ്ട്​. 2022 ഏപ്രിൽ ഒന്ന്​ മുതലാണ്​ ഇത്​ പ്രാവർത്തികമാവുക. അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്ക്​ ഇതിന്‍റെ സേവനം ലഭ്യമാകും. എട്ട്​ പേർക്കാണ്​ ഒരു വാഹനത്തിൽ സഞ്ചരിക്കാനാവുക. രാജമലയിൽ വരയാടുകളെ കാണാൻ ഒരു കിലോമീറ്ററോളം നടക്കണം. ബഗി കാറുകൾ വരുന്നതോടെ ഈ ബുദ്ധിമുട്ട്​ ഒഴിവാകും. സൗജന്യ വൈഫൈ, ആദിവാസി ജൈവ ഉൽപ്പന്നങ്ങളുടെ വിപണനം, ഓർക്കിഡോറിയം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്​.

anamudi munnar
ഇരവികുളം നാഷനൽ പാർക്കിലെ ആനമുടി

ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി, മാർച്ച്​ മാസങ്ങളിൽ പ്രവേശനം അനുവദിക്കാറില്ല. വരയാടുകളുടെ പ്രജനനകാലമാണിത്​. സഞ്ചാരികളുടെ ശല്യമുണ്ടാകാതിരിക്കാനാണ്​ ഉദ്യാനം​ അടച്ചിടുന്നത്​.

ടിക്കറ്റ്​ നിരക്ക്​: ഇന്ത്യക്കാർക്ക്​ 200 രൂപ. വിദേശികൾക്ക്​ 500 രൂപ. ഓൺലൈനായിട്ടാണ്​ ടിക്കറ്റ്​ എടുക്കേണ്ടത്​. ഇതിനായുള്ള സൗകര്യം മൂന്നാറിലെ റിസോർട്ടടക്കമുള്ള 300 സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്​. ഇവിടെ സ്ഥാപിച്ച ക്യആർ കോഡ്​ (QR code) സ്കാൻ  ചെയ്ത്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. ബുക്ക് ​ചെയ്ത ശേഷം ലഭിക്കുന്ന സന്ദേശത്തിൽ കാണിച്ച സമയത്ത് പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തണം.

പ്രവേശന സമയം: രാവിലെ 7.30 മുതൽ വൈകീട്ട്​ നാല്​ ​വരെ.

2. ലക്കം വെള്ളച്ചാട്ടം

മൂന്നാറിൽനിന്ന്​ മറയൂർ റോഡിലൂടെ 24 കിലോമീറ്റർ സഞ്ചരിച്ചാൽ​ ലക്കം ​വെള്ളച്ചാട്ടത്തിലെത്താം ( Lakkam waterfalls )​. ഇരവികുളം നാഷനൽ പാർക്ക്​ സന്ദർശിച്ചാണ്​ എല്ലാവരും ഇവിടേക്ക്​ പോകാറ്​. വനം വന്യജീവി വകുപ്പിന്​ കീഴിലാണ്​ ഈ പ്രദേശം. ആനമുടിയിൽനിന്ന്​ ഒഴുകിയെത്തുന്ന വെള്ളം താഴേക്ക്​ പതിക്കുന്ന കാഴ്ച വിവരണാതീതമാണ്​. കുട്ടികൾക്ക്​ വരെ ഇവിടെ സുരക്ഷിതമായി കുളിക്കാം. 20 രൂപയാണ്​ പ്രവേശന നിരക്ക്​. വേനൽക്കാലത്തുപോലും ഇവിടെ വെള്ളമുണ്ടാകും.

ലക്കം പുഴയുടെ അരികിലൂടെ ട്രക്കിംഗുണ്ട്​. ഒരു കിലോമീറ്റാണ്​ ദൈർഘ്യം. 100 രൂപയാണ്​ നിരക്ക്​. ഇതുവഴി പോയാൽ മറ്റൊരു വെള്ളച്ചാട്ടം കൂടി കാണാം. ലക്കം വെള്ളച്ചാട്ടത്തിൽ പുതുതായി ഭക്ഷണശാല, വെള്ളത്തിൽ കുളിക്കുന്നവർക്ക്​ വസ്ത്രം മാറാനുള്ള മുറികൾ, ടോയ്​ലെറ്റ്​ എന്നിവ ഒരുക്കിയിട്ടുണ്ട്​.

lakkam waterfalls
ലക്കം വെള്ളച്ചാട്ടം

ലക്കം പുഴയുടെ തീരത്ത്​ വനംവകുപ്പിന്‍റെ ലോഗ്​ ഹൗസുണ്ട്​. രണ്ടുപേർക്ക്​ താമസിക്കാൻ ഒരു ദിവസത്തേക്ക്​ 3000 രൂപയാണ്​ ചാർജ്​. രണ്ടു ​നേരം ഭക്ഷണവും ലഭിക്കും​. 04865 231587 എന്ന നമ്പറിൽ വിളിച്ച്​ മുൻകൂട്ടി ബുക്ക്​ ചെയ്യാം​.

3. മറയൂർ

ലക്കം വെള്ളച്ചാട്ടത്തിൽനിന്ന്​ 14 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മറയൂരെത്തും ( Marayoor ). ചന്ദനത്തോട്ടങ്ങൾ, കരിമ്പ്​ പാടങ്ങൾ, ശർക്കര നിർമാണം, കാന്തല്ലൂരിലെ പുരാതന മുനിയറകൾ, ആപ്പിളും ഓറഞ്ചുമടക്കമുള്ള പഴങ്ങൾ വിളയുന്ന ഫാമുകൾ, ചിന്നാർ വന്യജീവി സ​ങ്കേതം, തൂവാനം വെള്ളച്ചാട്ടം എന്നിവയാണ്​ മറയൂരിനെ വ്യത്യസ്തമാക്കുന്നത്​. ഇരവികുളം ദേശീയോദ്യാനം, ലക്കം വെള്ളച്ചാട്ടം, മറയൂർ എന്നിവ ചേർത്ത്​ ഒരു ദിവസം മുഴുവൻ കാണാനുണ്ട്​. ചിന്നാറും തൂവാനവും പോകാൻ ഒരു ദിവസം കൂടി വേണ്ടി വരും. കാന്തല്ലൂരിലെ ഫാമുകളിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്​.

marayoor sandalwood
മറയൂരിലെ ചന്ദനക്കാട്​

stay at Kanthalloor:

Thoppans orchard and farm stay
contact: 9495021741, 04865 246234

Escape Natural farm
contact: 94954 67974, 94966 80613, 94956 90496

4. മാട്ടുപെട്ടി ഡാം

മൂന്നാറിൽനിന്ന്​ 11 കിലോമീറ്റർ ദൂരമുണ്ട്​ മാട്ടുപെട്ടി ഡാമിലേക്ക് ( Mattupetty dam )​. വട്ടവടയിലേക്കുള്ള റോഡിലാണ്​ ഈ ഡാം​. ​അതിമനോഹരമായ പ്രദേശമാണിത്​. 1953ലാണ്​ ഡാമിന്‍റെ നിർമാണം പൂർത്തിയാകുന്നത്​​. കോൺഗ്രീറ്റ്​ ഗ്രാവിറ്റി അടിസ്ഥാനമാക്കിയാണ്​ ഡാം നിർമിച്ചിട്ടുള്ളത്​. അക്കാലത്ത്​ 220 ലക്ഷം രൂപയാണ്​ ചെലവ്​ വന്നത്​​. ഇന്നിത്​ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്​. ബോട്ടിങ്​ ഉൾപ്പെടെയുള്ള ആക്​റ്റിവിറ്റികൾ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്​. ഡാമിന്​ മുകളിലൂടെ വാഹനങ്ങൾക്ക്​ കടന്നുപോകാം എന്നതും പ്രത്യേകതയാണ്​.

marayoor jaggery
മറയൂരിലെ ശർക്കര നിർമാണം

5. എകോ പോയിന്‍റ്​

മൂന്നാറിൽനിന്ന്​ മാട്ടുപെട്ടി ഡാം വഴി 18 കിലോമീറ്റർ ദൂരമുണ്ട്​ എകോ പോയിന്‍റിലേക്ക് ( Echo point )​. മനുഷ്യരുണ്ടാക്കുന്ന ശബ്​ദത്തിന്‍റെ​ പ്രതിധ്വനി ഇവിടെനിന്ന്​ കേൾക്കാം. അതിനാലാണ്​ ഇങ്ങനെയൊരു പേര്​ വന്നത്​. കുണ്ടള തടാകത്തിന്​ സമീപമാണ്​ ഈ പ്രദേശം. എണ്ണഛായ പോലെ മനോഹരമാണിവിടം. നാല്​ ഭാഗത്തും മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്​​. 12 വർഷത്തിനിടക്ക്​ ഈ മലനിരകളിൽ നീലക്കുറിഞ്ഞി ( neelakurinji ) പൂക്കാറുണ്ട്​. തടാകത്തിൽ ബോട്ടിങ്​ സൗകര്യമുണ്ട്​. 30 രൂപയാണ്​ പ്രവേശന നിരക്ക്​.

6. മാട്ടുപെട്ടി ഡയറി ഫാം

ഇക്കോ പോയിന്‍റിൽനിന്ന്​ ഒന്നര കിലോമീറ്റർ അകലെയാണ്​​ ഇന്ത്യ, സ്വിറ്റ്​സർലാൻഡ്​ സംയുക്​ത സംരംഭമായ മാട്ടുപെട്ടി ഡയറി ഫാം ( Mattupetty Dairy Farm ). കേരള ലൈവ്​സ്​റ്റോക്​ ഡെവലപ്​മെന്‍റ്​ ബോർഡിന്​ കീഴിലാണ്​ പദ്ധതി. നൂറുകണക്കിന്​ പശുക്കളെ ഇവിടെ കാണാൻ സാധിക്കും. പശുവിൻ പാലിൽനിന്ന്​ വിവിധ ഉൽപ്പന്നങ്ങളാണ്​ ഇവിടെ തയാറാക്കുന്നത്​. 191 ഹെക്ടറിലായിട്ടാണ്​ ഫാം നിലകൊള്ളുന്നത്​. ഇന്തോ – സ്വിസ്​ പ്രോജക്ട്​ കേരള എന്നും ഇത്​ അറിയപ്പെടുന്നു. 1963ലാണ്​ ഇതിന്‍റെ തുടക്കം. ഫാമിൽ ​വെറ്ററിനറി ട്രെയിനിങ്​ സെന്‍ററും പ്രവർത്തിക്കുന്നു​.

munnar visiting places
ടോപ്​ സ്​റ്റേഷനിൽനിന്നുള്ള കാഴ്ചകൾ

7. മൂന്നാർ ടോപ്​ സ്​റ്റേഷൻ

മൂന്നാറിൽനിന്ന്​ മാട്ടുപെട്ടി ഡാമിന്​ മുകളിലൂടെ 34 കിലോമീറ്റർ സഞ്ചരിച്ചാൽ ടോപ്​ സ്​റ്റേഷൻ എത്തും ( Munnar top station ). മൂന്നാറിലെ കിടിലൻ കാഴ്ചകളിലൊന്നാണിത്​. വാഹനം നിർത്തി ഒരു കിലോമീറ്റർ നടക്കാനുണ്ട്​ വ്യൂ പോയിന്‍റിലേക്ക്​. ടോപ്​ സ്​റ്റേഷന്‍റെ ഒരുഭാഗം തമിഴ്​നാടാണ്​. 1700 മീറ്റർ ഉയരത്തിലാണ്​ ടോപ് സ്​​റ്റേഷൻ.

ഇവിടെനിന്ന്​ നോക്കിയാൽ പശ്ചിമഘട്ടത്തിന്‍റെ മനോഹാരിത 360 ഡിഗ്രിയിൽ കാണാനാകും. ഒരു ഭാഗത്ത്​ മീശപ്പുലി മലയാണ്​. മറുഭാഗത്ത്​ തമിഴ്​നാടും. ഇതുവഴിയാണ്​ കൊടൈക്കനാലിലേക്കുള്ള വനപാത. 30 കിലോമീറ്റർ മാത്രമാണ്​ ദൂരം. ഇതുവഴി വേനൽക്കാലത്ത്​ ട്രക്കിംഗ്​​ ഉണ്ടാകാറുണ്ട്​.

പണ്ട്​ മൂന്നാറിൽനിന്ന്​ കാട്ടിലൂടെ കൊടൈക്കനാലിലേക്ക്​ റോഡുണ്ടായിരുന്നു. എസ്​കേപ്​ റോഡ്​ ( Munnar Kodaikanal escape road )​ എന്നാണ്​ അറിയപ്പെട്ടിരുന്നത്​. അത്​ വീണ്ടും വരികയാണെങ്കിൽ ഇരു പ്രദേശത്തെയും ടൂറിസത്തിന്​ ഏറെ മുതൽക്കൂട്ടാകും. ടോപ്​ സ്​റ്റേഷനിൽ ധാരാളം കടകളുണ്ട്​. ഇവിടെനിന്ന്​ ചൂടു ചായയും ചോളം പുഴുങ്ങിയതും​ കഴിക്കാൻ മറക്കരുത്​.

മാട്ടുപെട്ടി ഡാം, എകോ പോയിന്‍റ്​, ഡയറി ഫാം, ടോപ്​ സ്​റ്റേഷൻ എന്നിവ ഒരു ദിവസം കൊണ്ട്​ കണ്ടുതീർക്കാം.

8. ടീ മ്യൂസിയം

മൂന്നാർ നഗരത്തിൽ തന്നെയുള്ള നല്ലതണ്ണി എസ്​റ്റേറ്റിലാണ്​​ ടീ മ്യൂസിയമുള്ളത് ( Munnar tea museum )​. കണ്ണൻദേവൻ പ്ലാന്‍റേഷന്​ കീഴിലാണിത്​. 2005ലാണ്​ ഈ മ്യൂസിയം പ്രവർത്തനം ആരംഭിക്കുന്നത്​. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ചരിത്രം ഇവിടെനിന്ന്​ വായിച്ചെടുക്കാം. തേയിലയിൽനിന്ന്​ വിവിധതരം ചായപ്പെടികൾ തയാറാക്കുന്നത്​ മനസ്സിലാക്കാനുള്ള അവസരവുമുണ്ട്​. ഒപ്പം രുചിയേറിയ ചായയും കുടിക്കാം.

പ്രവേശന സമയം രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ നാല്​ വരെ. തിങ്കളാഴ്ച അവധിയാണ്​.

9. ​​ബ്​ളോസം പാർക്ക്​

മൂന്നാർ നഗരമധ്യത്തിലായി കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡിന്​ സമീപമായാണ്​ ഈ പാർക്ക് ( Blossom park Munnar )​. 2006ലാണ്​ പാർക്ക്​ ആരംഭിച്ചത്​. 16 ഏക്കറാണ്​ ചുറ്റളവ്​. മനോഹരമായ മൊട്ടക്കുന്നുകള്‍, നടപ്പാത, റോസ് ഗാര്‍ഡന്‍, ഭംഗിയേറിയ പാറകളിൽ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ എന്നിവ പ്രത്യേകതയാണ്​.

വിവിധയിനം പൂക്കള്‍ വാങ്ങാൻ പ്രത്യേകം സംവിധാനമുണ്ട്. ഹെഡ്വര്‍ക്ക്സ് ഡാമിന്‍റെ തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് വിശ്രമ സ്ഥലവും കുട്ടികള്‍ക്ക് വിനോദത്തിനായി വാട്ടര്‍ ബലൂണ്‍ ഉള്‍പ്പെടെയുള്ള റെയ്​ഡുകളും ലഭ്യമാണ്​.

munnar visiting places
മൂന്നാറിലെ നീലക്കുറിഞ്ഞി ചെടി

മൂന്നാറിലേക്ക്​ എങ്ങനെ പോകാം – How to reach Munnar

കടലില്ലാത്തതുപോലെ തന്നെ ട്രെയിനില്ലാത്ത അപൂർവം ജില്ലകളിൽ ഒന്നുകൂടിയാണ്​ ഇടുക്കി. എറണാകുളം ജില്ലയിലെ ആലുവയാണ്​ അടുത്തുള്ള റെയിൽവേ സ്​റ്റേഷൻ. 112 കിലോമീറ്റർ ദൂരമാണ്​ ​ആലുവ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ മൂന്നാറിലേക്ക്​. ചില ട്രെയിനുകൾക്ക്​ ആലുവയിൽ സ്​റ്റോപ്പ്​ ഉണ്ടാകാറില്ല. ഇത്തരം ട്രെയിനുകളിൽ വരുന്നവർക്ക്​ എറണാകുളം ( Kochi ) ഇറങ്ങിയാലും വാഹനം ലഭിക്കും. നെടുമ്പാശ്ശേരിയാണ് ( Kochi airport ) ​ അടുത്തുള്ള എയർപോർട്ട്​. കൊച്ചിയിൽനിന്ന്​ മണിക്കൂറുകൾ ഇടിവിട്ട്​ മൂന്നാറിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസ്​ സർവിസുണ്ട്​. തമിഴ്​നാട്ടിൽനിന്നാണെങ്കിൽ പൊള്ളാച്ചി – ഉദുമൽപേട്ട്​ – ചിന്നാർ വഴിയും തേനി – കമ്പം – കുമളി വഴിയും മൂന്നാറിലേക്ക്​ എത്താം.

മൂന്നാറിൽ സമീപഭാവിയിൽ തന്നെ എയർസ്​ട്രിപ്പ് ( Munnar airstrip )​ നിർമിക്കും. ഇതോടെ കേരളത്തിലെ മറ്റു എയർപോർട്ടുകളിൽനിന്ന്​ ഇവിടേക്ക്​ വിമാന സർവീസുണ്ടാകും. ചെറുവിമാനങ്ങളാകും ഇവിടേക്ക്​ സർവീസ്​ നടത്തുക.

Nearest airport to munnar : Cochin International Airport – 108 km

Near Munnar railway station : Aluva – 112 km

മൂന്നാറിലെ ട്രെയിൻ – Munnar heritage train

മൂന്നാറിൽ ഇപ്പോൾ ട്രെയിനില്ല എന്നേയുള്ളൂ. ഒരു കാലത്ത്​ ഇവിടത്തെ തേയിലത്തോട്ടങ്ങളിലൂടെ ട്രെയിൻ കൂകിപ്പാഞ്ഞിരുന്നു. ഒരു നൂറ്റാണ്ട്​ മുമ്പായിരുന്നുവത്​. മലമുകളിലെ തേയില കൊണ്ടുപോകാൻ ബ്രിട്ടീഷുകാരാണ്​ റെയിൽ പാത നിർമിച്ചത്​. പിന്നീട് 1924ലെ​ പ്രളയത്തിൽ പാത ഒലിച്ചുപോയതോടെ ഈ ​ട്രെയിൻ വിസ്​മൃതിയിലായി.

കുണ്ടളവാലി ട്രെയിൻ സർവിസ്​ എന്നായിരുന്നു ഇതിന്‍റെ പേര്​. ടാറ്റയുടെ എസ്​റ്റേറ്റിൽ ഇപ്പോഴും ഈ റെയിൽ പാതയുടെ ശേഷിപ്പുകൾ കാണാം. ഇന്ത്യയിലെ ആദ്യത്തെ മോണോറെയിലായിരുന്നു ഇത്​. മൂന്നാറിൽനിന്ന്​ മാട്ടുപെട്ടി വഴി ടോപ്സ്​റ്റേഷൻ വരെയായിരുന്നു പാതയുണ്ടായിരുന്നത്​. 35 കിലോമീറ്ററായിരുന്നു ആകെ ദൂരം. ടോപ്സ്​റ്റേഷനിൽനിന്ന്​ തേയിലപ്പെട്ടികൾ അഞ്ച്​ കിലോമീറ്റർ അകലെയുള്ള കോട്ടാഗുഡിയിലേക്ക്​ റോപ്​വേ വഴി അയക്കും. പിന്നീട്​ തുറമുഖത്തെത്തിച്ച്​ കപ്പൽ വഴി വിദേശ നാടുകളിലേക്ക്​ കയറ്റിയയച്ചു.

മൂന്നാറിലെ ട്രെയിൻ സർവിസ്​ പുനരാരംഭിക്കാൻ പദ്ധതിയുണ്ട്​. ടൂറിസം ലക്ഷ്യം വെച്ചാണ്​ പദ്ധതി കൊണ്ടുവരുന്നത്​. ഇതുപോലെ ഒന്നായിരുന്നു പറമ്പിക്കുളത്തെ ട്രെയിൻ. കാട്ടിലെ മരത്തടികൾ കൊണ്ടുപോകാനായിരുന്നു ഈ ട്രെയിൻ സർവിസ്​ ഉപയോഗിച്ചിരുന്നത്​. അതിനെക്കുറിച്ച്​ ഇവിടെ ക്ലിക്ക്​ ചെയ്താൽ വായിക്കാം.

എപ്പോൾ വരണം – Best time to visit Munnar

ഒക്​ടോബർ മുതൽ മെയ്​ വരെയാണ്​ മൂന്നാർ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ജൂൺ മു​തൽ ഒക്​ടോബർ വരെയുള്ള മാസങ്ങളിൽ കേരളത്തിൽ നല്ല മഴയാകും. മഴക്കാലത്ത്​ മൂന്നാർ അതി സുന്ദരിയാണ്​. പക്ഷെ പ്രളയം, ഉരുൾ​പൊ​ട്ടൽ, മണ്ണിടിച്ചിൽ പോലുള്ള ​പ്രകൃതിദുരന്തങ്ങൾ ഈ കാലത്ത്​ സ്ഥിരമാണ്​. അതിനാൽ ആ സമയത്ത്​ യാ​ത്ര മാറ്റിവെക്കുകയാണ് നല്ലത്​​.

ഡിസംബർ, ജനുവരിയിൽ ഇവിടെ താപനില മൈനസിൽ എത്താറുണ്ട്​. മാർച്ച്​ മുതൽ മെയ്​ വരെയുള്ള ചൂടുകാലത്ത്​ മൂന്നാർ നൽകുന്ന തണുപ്പ്​ വലിയ ആശ്വാസമാകും.

എവിടെ താമസിക്കാം

മൂന്നാറിൽനിന്ന് 20 കിലോമീറ്റർ അകലെ ബൈസൺ വാലിയിൽ വുഡ്​പെ​ക്കർ എന്ന അടിപൊളി ബഡ്​ജറ്റ്​ കോട്ടേജുണ്ട്​. ഒരു കാടിന്​ നടുവിൽ താമസിക്കുന്ന അനുഭവമാണ്​ ഇത്​ നൽകുക. മരങ്ങളിൽ കൂടുകെട്ടി കലപിലാ ശബ്ദമുണ്ടാക്കുന്ന പക്ഷികൾ നിങ്ങളെ രാവിലെ വിളിച്ചുണർത്തും. റിസോർട്ടിന്‍റെ മൂന്ന് ഭാഗവും കാടാണ്. ഒരു ഭാഗത്ത് വലിയ കുളവുമുണ്ട്. റിസോർട്ടിനകത്തെ റെസ്റ്റോറൻറിൽ ഭക്ഷണവും ലഭ്യമാണ്​.

Woodpecker resort munnar
Pothamedu, Ottamaram, Kerala
Mob: 097444 80120
Munnar pincode: 685612
Resort location

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!