കാഴ്ചകളുടെ വസന്തമാണ് മൂന്നാർ ( Munnar ). മലമുകളിലെ മിടുക്കി. ഓരോ ദിവസവും ആയിരങ്ങളാണ് ഈ മിടുക്കിയെ കാണാനെത്തുന്നത്. നിരവധി കാഴ്ചകളാണ് മൂന്നാർ ( Munnar visiting places ) നമുക്കായി ഒരുക്കിയിട്ടുള്ളത്. മൂന്നാർ ഏത് ജില്ലയിലാണെന്നത് കേരളത്തിന് പുറത്തുള്ള പലരുടെയും സംശയമാണ്.
Munnar in which district ?
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ 14 ജില്ലകളാണുള്ളത്. അതിൽ ഏതാനും ജില്ലകളിൽ മാത്രമാണ് കടലില്ലാത്തത്. എന്നാൽ, അവ പശ്ചിമഘട്ട മലനിരകളാൽ അനുഗ്രഹീതമാണ്. അത്തരത്തിലൊരു ജില്ലയാണ് ഇടുക്കി. അവിടെയാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്.
Munnar in which district – Idukki
മൂന്നാറിൽ എന്തെല്ലാം കാണാനുണ്ട് – Munnar visiting places
തേയിലത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലുള്ള അത്ഭുത ലോകമാണ് മൂന്നാർ. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് തന്നെയാണ് മൂന്നാറിന്‍റെ പ്രധാന ആകർഷണം. പ്രത്യേകിച്ച് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലും പോകാതെ, ചുമ്മാ വണ്ടിയുമെടുത്ത് കറങ്ങിയാൽ തന്നെ നിങ്ങളുടെ മനസ്സ് നിറയും. മൂന്നാറിൽനിന്ന് മറയൂർ, വട്ടവട, തേക്കടി, വാഗമൺ പോലുള്ള സ്ഥലങ്ങളിലേക്കുള്ള റോഡ് യാത്ര അതിഗംഭീരമാണ്.
മൂന്നാറിലെ കാഴ്ചകൾ
1. ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ആദ്യം സന്ദർശിക്കുക ഇരവികുളം ദേശീയോദ്യാനമാണ് ( Eravikulam National Park ). രാജമലയിലാണ് ഈ ഉദ്യാനം. നഗരത്തിൽനിന്ന് മറയൂർ റോഡിലൂടെ ഏഴ് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ടിക്കറ്റ് എടുത്ത് പ്രത്യേക ബസിലാണ് ആളുകളെ മുകളിലേക്ക് കൊണ്ടുപോവുക. വരയാടുകളാണ് ( nilgiri tahr ) ഈ ദേശീയ ഉദ്യാനത്തെ വ്യത്യസ്തമാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെനിന്ന് കാണാം. ആനമുടിയുടെ ഉയരം 2,695 മീറ്ററാണ്. നീലക്കുറിഞ്ഞിയും ഇവിടത്തെ പ്രത്യേകതയാണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ഇവിടം. വരയാടുകൾക്ക് പുറമെ 100ന് മുകളിൽ വ്യത്യസ്ത ജീവികൾ ഇവിടെ അധിവസിക്കുന്നു. 97 സ്ക്വയർ കിലോമീറ്ററാണ് ആകെ വിസ്തൃതി. 1978ലാണ് ഇവിടം ദേശീയ ഉദ്യാനമാകുന്നത്.
ഇരവികുളത്ത് എത്തുന്ന സഞ്ചാരികൾക്കായി ഇലക്ട്രിക് ബഗി കാറുകളും ഒരുക്കുന്നുണ്ട്. 2022 ഏപ്രിൽ ഒന്ന് മുതലാണ് ഇത് പ്രാവർത്തികമാവുക. അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്ക് ഇതിന്‍റെ സേവനം ലഭ്യമാകും. എട്ട് പേർക്കാണ് ഒരു വാഹനത്തിൽ സഞ്ചരിക്കാനാവുക. രാജമലയിൽ വരയാടുകളെ കാണാൻ ഒരു കിലോമീറ്ററോളം നടക്കണം. ബഗി കാറുകൾ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. സൗജന്യ വൈഫൈ, ആദിവാസി ജൈവ ഉൽപ്പന്നങ്ങളുടെ വിപണനം, ഓർക്കിഡോറിയം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്.
ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രവേശനം അനുവദിക്കാറില്ല. വരയാടുകളുടെ പ്രജനനകാലമാണിത്. സഞ്ചാരികളുടെ ശല്യമുണ്ടാകാതിരിക്കാനാണ് ഉദ്യാനം അടച്ചിടുന്നത്.
ടിക്കറ്റ് നിരക്ക്: ഇന്ത്യക്കാർക്ക് 200 രൂപ. വിദേശികൾക്ക് 500 രൂപ. ഓൺലൈനായിട്ടാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇതിനായുള്ള സൗകര്യം മൂന്നാറിലെ റിസോർട്ടടക്കമുള്ള 300 സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച ക്യആർ കോഡ് (QR code) സ്കാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന സന്ദേശത്തിൽ കാണിച്ച സമയത്ത് പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തണം.
പ്രവേശന സമയം: രാവിലെ 7.30 മുതൽ വൈകീട്ട് നാല് വരെ.
2. ലക്കം വെള്ളച്ചാട്ടം
മൂന്നാറിൽനിന്ന് മറയൂർ റോഡിലൂടെ 24 കിലോമീറ്റർ സഞ്ചരിച്ചാൽ ലക്കം വെള്ളച്ചാട്ടത്തിലെത്താം ( Lakkam waterfalls ). ഇരവികുളം നാഷനൽ പാർക്ക് സന്ദർശിച്ചാണ് എല്ലാവരും ഇവിടേക്ക് പോകാറ്. വനം വന്യജീവി വകുപ്പിന് കീഴിലാണ് ഈ പ്രദേശം. ആനമുടിയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച വിവരണാതീതമാണ്. കുട്ടികൾക്ക് വരെ ഇവിടെ സുരക്ഷിതമായി കുളിക്കാം. 20 രൂപയാണ് പ്രവേശന നിരക്ക്. വേനൽക്കാലത്തുപോലും ഇവിടെ വെള്ളമുണ്ടാകും.
ലക്കം പുഴയുടെ അരികിലൂടെ ട്രക്കിംഗുണ്ട്. ഒരു കിലോമീറ്റാണ് ദൈർഘ്യം. 100 രൂപയാണ് നിരക്ക്. ഇതുവഴി പോയാൽ മറ്റൊരു വെള്ളച്ചാട്ടം കൂടി കാണാം. ലക്കം വെള്ളച്ചാട്ടത്തിൽ പുതുതായി ഭക്ഷണശാല, വെള്ളത്തിൽ കുളിക്കുന്നവർക്ക് വസ്ത്രം മാറാനുള്ള മുറികൾ, ടോയ്ലെറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.
ലക്കം പുഴയുടെ തീരത്ത് വനംവകുപ്പിന്‍റെ ലോഗ് ഹൗസുണ്ട്. രണ്ടുപേർക്ക് താമസിക്കാൻ ഒരു ദിവസത്തേക്ക് 3000 രൂപയാണ് ചാർജ്. രണ്ടു നേരം ഭക്ഷണവും ലഭിക്കും. 04865 231587 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.
3. മറയൂർ
ലക്കം വെള്ളച്ചാട്ടത്തിൽനിന്ന് 14 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മറയൂരെത്തും ( Marayoor ). ചന്ദനത്തോട്ടങ്ങൾ, കരിമ്പ് പാടങ്ങൾ, ശർക്കര നിർമാണം, കാന്തല്ലൂരിലെ പുരാതന മുനിയറകൾ, ആപ്പിളും ഓറഞ്ചുമടക്കമുള്ള പഴങ്ങൾ വിളയുന്ന ഫാമുകൾ, ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം എന്നിവയാണ് മറയൂരിനെ വ്യത്യസ്തമാക്കുന്നത്. ഇരവികുളം ദേശീയോദ്യാനം, ലക്കം വെള്ളച്ചാട്ടം, മറയൂർ എന്നിവ ചേർത്ത് ഒരു ദിവസം മുഴുവൻ കാണാനുണ്ട്. ചിന്നാറും തൂവാനവും പോകാൻ ഒരു ദിവസം കൂടി വേണ്ടി വരും. കാന്തല്ലൂരിലെ ഫാമുകളിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്.
stay at Kanthalloor:
Thoppans orchard and farm stay
contact: 9495021741, 04865 246234
Escape Natural farm
contact: 94954 67974, 94966 80613, 94956 90496
4. മാട്ടുപെട്ടി ഡാം
മൂന്നാറിൽനിന്ന് 11 കിലോമീറ്റർ ദൂരമുണ്ട് മാട്ടുപെട്ടി ഡാമിലേക്ക് ( Mattupetty dam ). വട്ടവടയിലേക്കുള്ള റോഡിലാണ് ഈ ഡാം. അതിമനോഹരമായ പ്രദേശമാണിത്. 1953ലാണ് ഡാമിന്‍റെ നിർമാണം പൂർത്തിയാകുന്നത്. കോൺഗ്രീറ്റ് ഗ്രാവിറ്റി അടിസ്ഥാനമാക്കിയാണ് ഡാം നിർമിച്ചിട്ടുള്ളത്. അക്കാലത്ത് 220 ലക്ഷം രൂപയാണ് ചെലവ് വന്നത്. ഇന്നിത് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. ബോട്ടിങ് ഉൾപ്പെടെയുള്ള ആക്റ്റിവിറ്റികൾ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഡാമിന് മുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാം എന്നതും പ്രത്യേകതയാണ്.
5. എകോ പോയിന്‍റ്
മൂന്നാറിൽനിന്ന് മാട്ടുപെട്ടി ഡാം വഴി 18 കിലോമീറ്റർ ദൂരമുണ്ട് എകോ പോയിന്‍റിലേക്ക് ( Echo point ). മനുഷ്യരുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനി ഇവിടെനിന്ന് കേൾക്കാം. അതിനാലാണ് ഇങ്ങനെയൊരു പേര് വന്നത്. കുണ്ടള തടാകത്തിന് സമീപമാണ് ഈ പ്രദേശം. എണ്ണഛായ പോലെ മനോഹരമാണിവിടം. നാല് ഭാഗത്തും മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. 12 വർഷത്തിനിടക്ക് ഈ മലനിരകളിൽ നീലക്കുറിഞ്ഞി ( neelakurinji ) പൂക്കാറുണ്ട്. തടാകത്തിൽ ബോട്ടിങ് സൗകര്യമുണ്ട്. 30 രൂപയാണ് പ്രവേശന നിരക്ക്.
6. മാട്ടുപെട്ടി ഡയറി ഫാം
ഇക്കോ പോയിന്‍റിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഇന്ത്യ, സ്വിറ്റ്സർലാൻഡ് സംയുക്ത സംരംഭമായ മാട്ടുപെട്ടി ഡയറി ഫാം ( Mattupetty Dairy Farm ). കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡിന് കീഴിലാണ് പദ്ധതി. നൂറുകണക്കിന് പശുക്കളെ ഇവിടെ കാണാൻ സാധിക്കും. പശുവിൻ പാലിൽനിന്ന് വിവിധ ഉൽപ്പന്നങ്ങളാണ് ഇവിടെ തയാറാക്കുന്നത്. 191 ഹെക്ടറിലായിട്ടാണ് ഫാം നിലകൊള്ളുന്നത്. ഇന്തോ – സ്വിസ് പ്രോജക്ട് കേരള എന്നും ഇത് അറിയപ്പെടുന്നു. 1963ലാണ് ഇതിന്‍റെ തുടക്കം. ഫാമിൽ വെറ്ററിനറി ട്രെയിനിങ് സെന്‍ററും പ്രവർത്തിക്കുന്നു.
7. മൂന്നാർ ടോപ് സ്റ്റേഷൻ
മൂന്നാറിൽനിന്ന് മാട്ടുപെട്ടി ഡാമിന് മുകളിലൂടെ 34 കിലോമീറ്റർ സഞ്ചരിച്ചാൽ ടോപ് സ്റ്റേഷൻ എത്തും ( Munnar top station ). മൂന്നാറിലെ കിടിലൻ കാഴ്ചകളിലൊന്നാണിത്. വാഹനം നിർത്തി ഒരു കിലോമീറ്റർ നടക്കാനുണ്ട് വ്യൂ പോയിന്‍റിലേക്ക്. ടോപ് സ്റ്റേഷന്റെ ഒരുഭാഗം തമിഴ്നാടാണ്. 1700 മീറ്റർ ഉയരത്തിലാണ് ടോപ് സ്റ്റേഷൻ.
ഇവിടെനിന്ന് നോക്കിയാൽ പശ്ചിമഘട്ടത്തിന്‍റെ മനോഹാരിത 360 ഡിഗ്രിയിൽ കാണാനാകും. ഒരു ഭാഗത്ത് മീശപ്പുലി മലയാണ്. മറുഭാഗത്ത് തമിഴ്നാടും. ഇതുവഴിയാണ് കൊടൈക്കനാലിലേക്കുള്ള വനപാത. 30 കിലോമീറ്റർ മാത്രമാണ് ദൂരം. ഇതുവഴി വേനൽക്കാലത്ത് ട്രക്കിംഗ് ഉണ്ടാകാറുണ്ട്.
പണ്ട് മൂന്നാറിൽനിന്ന് കാട്ടിലൂടെ കൊടൈക്കനാലിലേക്ക് റോഡുണ്ടായിരുന്നു. എസ്കേപ് റോഡ് ( Munnar Kodaikanal escape road ) എന്നാണ് അറിയപ്പെട്ടിരുന്നത്. അത് വീണ്ടും വരികയാണെങ്കിൽ ഇരു പ്രദേശത്തെയും ടൂറിസത്തിന് ഏറെ മുതൽക്കൂട്ടാകും. ടോപ് സ്റ്റേഷനിൽ ധാരാളം കടകളുണ്ട്. ഇവിടെനിന്ന് ചൂടു ചായയും ചോളം പുഴുങ്ങിയതും കഴിക്കാൻ മറക്കരുത്.
മാട്ടുപെട്ടി ഡാം, എകോ പോയിന്‍റ്, ഡയറി ഫാം, ടോപ് സ്റ്റേഷൻ എന്നിവ ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാം.
8. ടീ മ്യൂസിയം
മൂന്നാർ നഗരത്തിൽ തന്നെയുള്ള നല്ലതണ്ണി എസ്റ്റേറ്റിലാണ് ടീ മ്യൂസിയമുള്ളത് ( Munnar tea museum ). കണ്ണൻദേവൻ പ്ലാന്‍റേഷന് കീഴിലാണിത്. 2005ലാണ് ഈ മ്യൂസിയം പ്രവർത്തനം ആരംഭിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ചരിത്രം ഇവിടെനിന്ന് വായിച്ചെടുക്കാം. തേയിലയിൽനിന്ന് വിവിധതരം ചായപ്പെടികൾ തയാറാക്കുന്നത് മനസ്സിലാക്കാനുള്ള അവസരവുമുണ്ട്. ഒപ്പം രുചിയേറിയ ചായയും കുടിക്കാം.
പ്രവേശന സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ. തിങ്കളാഴ്ച അവധിയാണ്.
9. ബ്ളോസം പാർക്ക്
മൂന്നാർ നഗരമധ്യത്തിലായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായാണ് ഈ പാർക്ക് ( Blossom park Munnar ). 2006ലാണ് പാർക്ക് ആരംഭിച്ചത്. 16 ഏക്കറാണ് ചുറ്റളവ്. മനോഹരമായ മൊട്ടക്കുന്നുകള്‍, നടപ്പാത, റോസ് ഗാര്‍ഡന്‍, ഭംഗിയേറിയ പാറകളിൽ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ എന്നിവ പ്രത്യേകതയാണ്.
വിവിധയിനം പൂക്കള്‍ വാങ്ങാൻ പ്രത്യേകം സംവിധാനമുണ്ട്. ഹെഡ്വര്‍ക്ക്സ് ഡാമിന്‍റെ തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് വിശ്രമ സ്ഥലവും കുട്ടികള്‍ക്ക് വിനോദത്തിനായി വാട്ടര്‍ ബലൂണ്‍ ഉള്‍പ്പെടെയുള്ള റെയ്ഡുകളും ലഭ്യമാണ്.
മൂന്നാറിലേക്ക് എങ്ങനെ പോകാം – How to reach Munnar
കടലില്ലാത്തതുപോലെ തന്നെ ട്രെയിനില്ലാത്ത അപൂർവം ജില്ലകളിൽ ഒന്നുകൂടിയാണ് ഇടുക്കി. എറണാകുളം ജില്ലയിലെ ആലുവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 112 കിലോമീറ്റർ ദൂരമാണ് ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നാറിലേക്ക്. ചില ട്രെയിനുകൾക്ക് ആലുവയിൽ സ്റ്റോപ്പ് ഉണ്ടാകാറില്ല. ഇത്തരം ട്രെയിനുകളിൽ വരുന്നവർക്ക് എറണാകുളം ( Kochi ) ഇറങ്ങിയാലും വാഹനം ലഭിക്കും. നെടുമ്പാശ്ശേരിയാണ് ( Kochi airport ) അടുത്തുള്ള എയർപോർട്ട്. കൊച്ചിയിൽനിന്ന് മണിക്കൂറുകൾ ഇടിവിട്ട് മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുണ്ട്. തമിഴ്നാട്ടിൽനിന്നാണെങ്കിൽ പൊള്ളാച്ചി – ഉദുമൽപേട്ട് – ചിന്നാർ വഴിയും തേനി – കമ്പം – കുമളി വഴിയും മൂന്നാറിലേക്ക് എത്താം.
മൂന്നാറിൽ സമീപഭാവിയിൽ തന്നെ എയർസ്ട്രിപ്പ് ( Munnar airstrip ) നിർമിക്കും. ഇതോടെ കേരളത്തിലെ മറ്റു എയർപോർട്ടുകളിൽനിന്ന് ഇവിടേക്ക് വിമാന സർവീസുണ്ടാകും. ചെറുവിമാനങ്ങളാകും ഇവിടേക്ക് സർവീസ് നടത്തുക.
Nearest airport to munnar : Cochin International Airport – 108 km
Near Munnar railway station : Aluva – 112 km
മൂന്നാറിലെ ട്രെയിൻ – Munnar heritage train
മൂന്നാറിൽ ഇപ്പോൾ ട്രെയിനില്ല എന്നേയുള്ളൂ. ഒരു കാലത്ത് ഇവിടത്തെ തേയിലത്തോട്ടങ്ങളിലൂടെ ട്രെയിൻ കൂകിപ്പാഞ്ഞിരുന്നു. ഒരു നൂറ്റാണ്ട് മുമ്പായിരുന്നുവത്. മലമുകളിലെ തേയില കൊണ്ടുപോകാൻ ബ്രിട്ടീഷുകാരാണ് റെയിൽ പാത നിർമിച്ചത്. പിന്നീട് 1924ലെ പ്രളയത്തിൽ പാത ഒലിച്ചുപോയതോടെ ഈ ട്രെയിൻ വിസ്മൃതിയിലായി.
കുണ്ടളവാലി ട്രെയിൻ സർവിസ് എന്നായിരുന്നു ഇതിന്‍റെ പേര്. ടാറ്റയുടെ എസ്റ്റേറ്റിൽ ഇപ്പോഴും ഈ റെയിൽ പാതയുടെ ശേഷിപ്പുകൾ കാണാം. ഇന്ത്യയിലെ ആദ്യത്തെ മോണോറെയിലായിരുന്നു ഇത്. മൂന്നാറിൽനിന്ന് മാട്ടുപെട്ടി വഴി ടോപ്സ്റ്റേഷൻ വരെയായിരുന്നു പാതയുണ്ടായിരുന്നത്. 35 കിലോമീറ്ററായിരുന്നു ആകെ ദൂരം. ടോപ്സ്റ്റേഷനിൽനിന്ന് തേയിലപ്പെട്ടികൾ അഞ്ച് കിലോമീറ്റർ അകലെയുള്ള കോട്ടാഗുഡിയിലേക്ക് റോപ്വേ വഴി അയക്കും. പിന്നീട് തുറമുഖത്തെത്തിച്ച് കപ്പൽ വഴി വിദേശ നാടുകളിലേക്ക് കയറ്റിയയച്ചു.
മൂന്നാറിലെ ട്രെയിൻ സർവിസ് പുനരാരംഭിക്കാൻ പദ്ധതിയുണ്ട്. ടൂറിസം ലക്ഷ്യം വെച്ചാണ് പദ്ധതി കൊണ്ടുവരുന്നത്. ഇതുപോലെ ഒന്നായിരുന്നു പറമ്പിക്കുളത്തെ ട്രെയിൻ. കാട്ടിലെ മരത്തടികൾ കൊണ്ടുപോകാനായിരുന്നു ഈ ട്രെയിൻ സർവിസ് ഉപയോഗിച്ചിരുന്നത്. അതിനെക്കുറിച്ച് ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം.
എപ്പോൾ വരണം – Best time to visit Munnar
ഒക്ടോബർ മുതൽ മെയ് വരെയാണ് മൂന്നാർ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കേരളത്തിൽ നല്ല മഴയാകും. മഴക്കാലത്ത് മൂന്നാർ അതി സുന്ദരിയാണ്. പക്ഷെ പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ ഈ കാലത്ത് സ്ഥിരമാണ്. അതിനാൽ ആ സമയത്ത് യാത്ര മാറ്റിവെക്കുകയാണ് നല്ലത്.
ഡിസംബർ, ജനുവരിയിൽ ഇവിടെ താപനില മൈനസിൽ എത്താറുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള ചൂടുകാലത്ത് മൂന്നാർ നൽകുന്ന തണുപ്പ് വലിയ ആശ്വാസമാകും.
എവിടെ താമസിക്കാം
മൂന്നാറിൽനിന്ന് 20 കിലോമീറ്റർ അകലെ ബൈസൺ വാലിയിൽ വുഡ്പെക്കർ എന്ന അടിപൊളി ബഡ്ജറ്റ് കോട്ടേജുണ്ട്. ഒരു കാടിന് നടുവിൽ താമസിക്കുന്ന അനുഭവമാണ് ഇത് നൽകുക. മരങ്ങളിൽ കൂടുകെട്ടി കലപിലാ ശബ്ദമുണ്ടാക്കുന്ന പക്ഷികൾ നിങ്ങളെ രാവിലെ വിളിച്ചുണർത്തും. റിസോർട്ടിന്‍റെ മൂന്ന് ഭാഗവും കാടാണ്. ഒരു ഭാഗത്ത് വലിയ കുളവുമുണ്ട്. റിസോർട്ടിനകത്തെ റെസ്റ്റോറൻറിൽ ഭക്ഷണവും ലഭ്യമാണ്.
Woodpecker resort munnar
Pothamedu, Ottamaram, Kerala
Mob: 097444 80120
Munnar pincode: 685612
Resort location