611 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് കാർ; ഇന്ത്യൻ വാഹനലോകത്തെ ഡിസംബറിലെ അതിഥികൾ ഇവരാണ്
ആഡംബര കാർ രംഗത്തെ വമ്പൻമാരായ ബിഎംഡബ്ല്യുയുടെ iX ആണ് ഈ മാസത്തെ ഹൈലൈറ്റ്
യേശു ക്രിസ്തുവിൻെറ ജന്മമാസമാണ് ഡിസംബർ ( December ). ലോകമെങ്ങും അതിൻെറ ആഘോഷത്തിമിർപ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഈ ഡിസംബറിൽ ഇന്ത്യൻ വാഹനപ്രേമികളുടെ ആഘോഷത്തിന് മാറ്റുകൂട്ടാൻ ചില പുത്തൻ കാറുകളും അവതരിക്കുകയാണ്. ആ അവതാരപ്പിറവികളിൽ ചിലതിനെ വിപണിയിലെത്തും മുമ്പേ അടുത്തറിയാം ( New car arrivals in december 2021 ).
ബിഎംഡബ്ല്യു ഐഎക്സ് ( BMW iX )
ബിഎംഡബ്ല്യു ( BMW ) എന്ന ചുരുക്കപ്പേരിൽ നാം വിളിക്കുന്ന പ്രശസ്ത ആഡംബര കാർ നിർമാതാക്കളായ ‘ബവേറിയൻ മോട്ടോർ വർക്ക്സിന്റെ’ ( Bavarian Motor Works ) ആദ്യ ഇലക്ട്രിക് എസ് യു വിയായ ഐഎക്സ് (iX) എന്ന മോഡലിനെയും ഈ ഡിസംബറിൽ ഇന്ത്യ വരവേൽക്കുകയാണ്. ഈ മാസം 13-നായിരിക്കും iX ന്റെ രംഗപ്രവേശം.
മെഴ്സിഡസ് ബെൻസ് EQC ( Mercedes Benz EQC ), ഔഡി ഈ-ട്രോൺ ( Audi e-tron ), ജാഗ്വർ ഐ-പേസ് ( Jaguar I-pace ) എന്നിവരോടൊപ്പമായിരിക്കും വിപണിയിലെ മത്സരം.
പൂർണ്ണമായും പുറത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന രീതിയിൽ ( CBU – complete built unit ) ആയിരിക്കും എത്തുക. 2020 നവംബറിലായിരുന്നു ഇലക്ട്രിക് എസ്‌യുവിയെ ( electric SUV ) ആഗോളതലത്തിൽ കമ്പനി പ്രദർശിപ്പിച്ചത്.
iX xDrive 40,iX xDrive 50 എന്നീ പേരുകളിൽ രണ്ടു വേരിയന്റുകളിലായിട്ടാണ് ബിഎംഡബ്ല്യു ഐ എക്സ് ലോകവിപണിയിലുള്ളത്. 414, 611 കിലോമീറ്ററുകളാണ് ഈ വേരിയന്റുകളുടെ റേഞ്ച് ( range ).
ഫോക്സ്‌വാഗൺ ടിഗ്വാൻ ( Volkswagen Tiguan )
തങ്ങളുടെ എസ്‌യുവി നിരയിലെ ഏറ്റവും വിലകൂടിയ മോഡലായ ടിഗ്വാനിന്റെ 2021 പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ. പുതുതായി ഇറങ്ങാനിരുന്ന ടിഗ്വാനിന്റെ ടീസർ ചിത്രം കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഡിസംബർ ഏഴിനാണ് ഈ 5-സീറ്റർ വാഹനം വിപണിയിലെത്തിയത്.
ഡിസൈനിലും ഫീച്ചറുകളിലും ( design and features ) ഒരുപാട് മാറ്റങ്ങളോടെയാണ് ടിഗ്വാൻ എത്തിയത്. 187 ബിഎച്പിയുടെ ( bhp ) കൂടിയ കരുത്തും 320 ന്യൂട്ടൻമീറ്റർ ടോർക്കും ( torque ) ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 2-ലിറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും ( turbo petrol engine ) ഈ എസ്‌യുവിയെ നയിക്കുന്നത്.
ഈ എൻജിനോടോപ്പം കൂട്ടിചേർത്തിട്ടുള്ളത് ഫോക്സ്‌വാഗണിന്റെ വിഖ്യാതമായ 7-സ്പീഡ് ഡിഎസ്ജി ( DSG ) ഗിയർബോക്സായിരിക്കും. കൂടാതെ ഫോർ വീൽ ഡ്രൈവ് ( 4 wheel drive ) സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കിയ ക്യാരൻസ് ( Kia Carens )
കൊറിയൻ ( Korean ) വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് ( Kia Motors ) ഇന്ത്യയിൽ തങ്ങളുടെ നാലാമത്തെ മോഡലിനെ എത്തിക്കാനുള്ള പുറപ്പാടിലാണ്. ക്യാരൻസ് ( Carens ) എന്നായിരിക്കും ഈ 7-സീറ്റർ എംപിവിയുടെ ( MPV ) പേര്.
കിയാ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള മോഡലായ സെൽറ്റോസിനെ ( Seltos ) അടിസ്ഥാനമാക്കിയാണ് ക്യാരൻസും നിർക്കുന്നത്. ഈ മാസം 16-നാണ് ഈ എംപിവിയുടെ അനാച്ഛാദന ചടങ്ങ്. പെട്രോൾ,ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമായിരിക്കും.
ഔഡി ക്യു7 ഫേസ് ലിഫ്റ്റ് ( Audi Q7 facelift )
ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ക്യൂ5 ( Q5 ) എന്ന എസ്‌യുവിയുടെ ഫേസ് ലിഫ്റ്റിനെ ( facelift ) ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
എന്നാൽ ഇപ്പോൾ ഔഡിയുടെ എസ്‌യുവി നിരയിലെ ഏഴ് സീറ്റർ മോഡലായ ക്യു7 -ന്‍റെയും ഫേസ് ലിഫ്റ്റഡ് വേർഷനെ ( face lifted version ) ഇന്ത്യൻ തീരത്ത് എത്തിക്കാനിരിക്കുകയാണ് നിർമ്മാതാക്കൾ.
നിലവിലുള്ള ക്യൂ7 നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് എത്തുന്നത്. ബിഎംഡബ്ല്യു എക്സ്7 ( BMW X7 ), മെഴ്സിഡസ് ബെൻസ് ജി എൽ എസ് ( Mercedes Benz GLS ) എന്നീ ആഡംബര എസ്‌യുവികളാണ് ക്യൂ7 ന്‍റെ മുഖ്യ എതിരാളികൾ. 1 കോടി രൂപ മുതൽ 1.20 കോടി രൂപ വരെയാണ് വരാനിരിക്കുന്ന ക്യൂ7-ന് പ്രതീക്ഷിക്കുന്ന വില.