Wonder World
Trending

പുതുവർഷമെത്തി, പുതിയ കാഴ്ചകൾ തേടിപ്പോകാം

2022നെ പ്രതീക്ഷകളോടെയാണ്​ ലോകം ഉറ്റുനോക്കുന്നത്​. 2020ഉം 21ഉം കോവിഡിന്‍റെ ഭീതിയിലായിരുന്നു. മഹാമാരി ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ല. അതിൽനിന്ന്​ അതിജീവിക്കാൻ ശ്രമിക്കുകയാണ്​ സഞ്ചാര മേഖലയും. ഈ വർഷം നമുക്ക്​ തടസ്സങ്ങളില്ലാതെ, സന്തോഷത്തോടെ യാത്ര ചെയ്യാൻ സാധിക്കട്ടെ. മനം നിറഞ്ഞ്​ യാത്ര ചെയ്യാൻ ചെറുതും വലുതുമായ അനവധി ഇടങ്ങളാണ്​ നമ്മുടെ കേരളം ഒരുക്കിവെച്ചിരിക്കുന്നത്​ ( kerala destinations ). മഞ്ഞ്​ പെയ്​തിറങ്ങുന്ന ഈ ശൈത്യകാലത്ത്​ യാത്ര പോകാന്‍ പറ്റിയ​ വ്യതസ്ത ഇടങ്ങള്‍ ഇതാ…

കാഴ്ചകളിലേക്ക്​ പോകാം – Kerala destinations

ബേക്കല്‍ കോട്ട

സപ്തഭാഷകളുടെ സംഗമഭൂമിയായ കാസർകോട്​ ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ് ബേക്കല്‍ കോട്ട ( Bekal Fort ). അറബിക്കടലി​ന്‍റെ തീരത്ത് ചരിത്രമുറങ്ങിക്കിടക്കുന്ന ഈ കോട്ടക്ക് 300 വര്‍ഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്. 35 ഏക്കറിലായാണ് ഈ ദൃശ്യവിസ്മയം സ്ഥിതിചെയ്യുന്നത്. ജലസംഭരണയിലേക്കുള്ള ചവിട്ടുപടികള്‍, തെക്കുഭാഗത്തേക്ക് തുറക്കുന്ന തുരങ്കം, ആയുധശാല, നിരീക്ഷണ ഗോപുരം എന്നിവയെല്ലാം അസാധാരണ കാഴ്ചകളാണ്.

കല്ലില്‍തീര്‍ത്ത കൂറ്റന്‍ കോട്ടയും സമീപത്തെ ഉദ്യാനവും തിരകള്‍ പുല്‍കുന്ന ബേക്കല്‍ ബീച്ചും ഏതൊരു സഞ്ചാരിയുടെയും മനം കീഴടക്കും. കാസർകോട്ടുനിന്ന് 16ഉം കാഞ്ഞങ്ങാടുനിന്ന് 11ഉം കിലോമീറ്റര്‍ ദൂരമുണ്ട് ബേക്കലിലേക്ക്.

കുറുവ ദ്വീപ്

കേരളത്തി​ന്‍റെ ഹരിതസ്വര്‍ഗമാണ് വയനാട്. പ്രകൃതിയെ സ്നേഹിക്കുന്നവരുടെ ഇഷ്​ടതാവളം. ആകാശം മുട്ടിനില്‍ക്കുന്ന മലനിരകള്‍, കോടമഞ്ഞ് തഴുകുന്ന പുല്‍മേടുകള്‍, പച്ചവിരിച്ചുനില്‍ക്കുന്ന താഴ്വാരങ്ങള്‍, പാല്‍പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍, വന്യജീവികള്‍ വിഹരിക്കുന്ന കാടുകള്‍. ഇങ്ങനെ പ്രകൃതി കനിഞ്ഞേകിയ എത്രയോ വൈവിധ്യങ്ങൾ. ഒപ്പം പോത്തുംകാൽ പോലുള്ള വിശിഷ്ട വിഭവങ്ങളും.

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കുറുവ ദ്വീപ് ( kuruvadweep ). കബനി നദിയോട് ചേര്‍ന്ന് 950 ഏക്കര്‍ വിസ്​തൃതിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. നിരവധി ഔഷധ ചെടികളുടെയും സസ്യങ്ങളുടെയും കലവറയാണ് ഇവിടം. ദേശാടന പക്ഷികളും ചിത്രശലഭങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വ്യതസ്ത അനുഭവമാണ് പകര്‍ന്നേകുക. ഏറെകാലം അടച്ചിട്ട കുറവ ദ്വീപ്​ ഇപ്പോൾ സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്തിരിക്കുകയാണ്​.

കല്‍പറ്റയില്‍നിന്ന് 36ഉം മാനന്തവാടിയില്‍നിന്ന് 17ഉം കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്​. മാനന്തവാടിയില്‍നിന്ന് മൈസൂര്‍ റോഡിലൂടെ സഞ്ചരിച്ച് കാട്ടിക്കുളം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞുപോയാല്‍ കുറുവ ദ്വീപിലത്തൊം.

പറമ്പിക്കുളം കടുവ സ​ങ്കേതം

പ്രകൃതി ത​ന്‍റെ മടിത്തട്ടില്‍ ഒളിപ്പിച്ചുവെച്ച ദൃശ്യചാരുതയാണ് പറമ്പിക്കുളം. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് ഈ കടുവ സങ്കേതം ( Parambikulam tiger reserve ). 2010ലാണ് ഇവിടം കടുവ സങ്കേതമായി പ്രഖ്യാപിച്ചത്. കടുവ, പുലി, ആന, കാട്ടുപോത്ത്, വരയാട്, മുതല തുടങ്ങിയ വന്യജീവികള്‍ പറമ്പിക്കുളത്തെ സമ്പന്നമാക്കുന്നു.

stay at parambikulam
പറമ്പിക്കുളത്തെ താമസകേന്ദ്രം

വിവിധ ആദിവാസി ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് പറമ്പിക്കുളം. സഞ്ചാരികള്‍ക്കായി ട്രക്കിങ്, ജംഗിള്‍ സഫാരി, നാച്വറല്‍ ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ മരമുകളിലെയും കുടിലുകളിലെയും പുഴയോരത്തെയും താമസം നവ്യാനുഭവമാകും. ആധുനികതയുടെ തിരക്കുകളും ബഹളങ്ങളും അന്യമായ പറമ്പിക്കുളം ഏതൊരു സഞ്ചാരിയുടെയും മനം കീഴടക്കും.

കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്നാട്ടിലെ പൊള്ളാച്ചി വഴി വേണം ഇവിടെയത്തൊന്‍. പാലക്കാട്ടുനിന്നും പൊള്ളാച്ചിയില്‍നിന്നും ഇവിടേക്ക് സര്‍ക്കാര്‍ ബസ് സര്‍വിസുണ്ട്. പാലക്കാട്ടുനിന്ന് 90ഉം പൊള്ളാച്ചിയില്‍നിന്ന് 55ഉം കിലോമീറ്ററാണ് ഇങ്ങോട്ട് ദൂരം​. പറമ്പിക്കുളത്ത്​ താമസസൗകര്യം ലഭ്യമാവാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫോൺ നമ്പർ: 9442201690.

ആലപ്പുഴ

കിഴക്കി​ന്‍റെ വെനീസ്, ഇതില്‍പരം വിശേഷണമൊന്നും ആവശ്യമില്ല ആലപ്പുഴക്ക് ( Alappuzha – Alleppey ). കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷൻ ( Kerala destinations ) ഏതെന്ന ചോദ്യത്തിനും ഉത്തരം ആലപ്പുഴ തന്നെ. കായലും നെല്‍വയലുകളും തീര്‍ത്ത ഗ്രാമീണ ഭംഗി. ഒപ്പം ഹൗസ് ബോട്ടുകളും ശിക്കാറുകളും കൊതിയൂറുന്ന നാടന്‍ ഭക്ഷണ വിഭവങ്ങളും സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നു. പുന്നമടക്കായയിലൂടെയുള്ള ബോട്ട് യാത്ര ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടത് തന്നെ.

kerala destinations
ആലപ്പുഴയിലെ ഹൗസ്​ ബോട്ട്​

കായലിന്‍റെ കൈവഴികളിലൂടെ ഗ്രാമീണ കാഴ്ചകള്‍ നുകര്‍ന്ന് ബോട്ടുകളില്‍ മതിമറന്ന് ഒഴുകിനീങ്ങാം. വിവിധ നിരക്കിലുള്ള ആഡംബര സൗകര്യങ്ങള്‍ അടങ്ങിയ ഹൗസ് ബോട്ടുകള്‍ ഇവിടെ ലഭ്യമാണ്. കുടാതെ ചെറുകെട്ടുവള്ളമായ ശിക്കാര്‍, മറ്റു യന്ത്രവത്കൃത ബോട്ടുകളും യാത്രക്കാര്‍ക്കായി കാത്തിരിക്കുന്നു. അറബിക്കടലിന്‍റെ തീരത്താണ് ആലപ്പുഴ സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍നിന്ന് 53ഉം കായംകുളത്തുനിന്ന് 47ഉം കിലോമീറ്റര്‍ ദൂരമുണ്ട്.

വാഗമണ്‍

സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമാണ് വാഗമണ്‍ ( Vagamon ). സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലാണ് ഈ ഹിൽസ്​റ്റേഷൻ. ഇവിടത്തെ മൊട്ടക്കുന്നുകളും കൊച്ചുതടാകവും പൈന്‍ വാലിയുമെല്ലാം ഏറെ പ്രശസ്തമാണ്. ഹരികാന്തി തുളുമ്പുന്ന പച്ചക്കുന്നുകളും കോടമഞ്ഞി​ന്‍റെ തണുപ്പും കാട്ടാറി​ന്‍റെ കുളിരും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിപ്പിക്കുന്നു.

കാനനപാതയിലൂടെ മാമലകള്‍ താണ്ടിയുള്ള യാത്ര ആരെയും ത്രില്ലടിപ്പിക്കും. കുരിശുമല, തങ്ങള്‍ മല, മുരുകന്‍ മല എന്നീ തീർത്ഥാടന കേന്ദ്രങ്ങളും കാഴ്ചകളുടെ വിസ്മയച്ചെപ്പ് തുറക്കുന്നു. ഇടക്ക് വിരുന്നത്തെുന്ന paragliding fest ഉം സഞ്ചാരികളെ അത്​ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. തൊടുപുഴയില്‍നിന്ന് 43ഉം പാലായില്‍നിന്ന് 37ഉം മൂന്നാറില്‍നിന്ന് 92ഉം കിലോമീറ്റര്‍ ദൂരമുണ്ട് വാഗമണ്ണിലേക്ക്.

പട്ടത്തിപ്പാറ

നൂൽമഴ ​പെയ്​തിറങ്ങുന്ന സായാഹ്​നം. പച്ചക്കോട്ട തീർക്കുന്ന മരങ്ങൾ. അതിനിടയിലൂടെ പാറകളെ തഴുകി ഒഴുകുന്ന അരുവിയും വെള്ളച്ചാട്ടവും. ഏതൊരു മലയാളിയുടെയും ഗൃഹാതുര ഓർമകളാണ്​ ഇവയെല്ലാം. ആ ഓർമകൾ പുതുക്കാൻ പറ്റിയ ഇടമാണ്​ തൃശൂർ ജില്ലയിലെ പട്ടത്തിപ്പാറ ( Pattathippara Water Falls ).

കാടിന്​ നടുവിൽ ഒളിഞ്ഞിരിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം. വെള്ളായനി മലയിൽനിന്ന് ഉത്ഭവിക്കുന്ന വെള്ളം കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്​ചയാണ്​ പട്ടത്തിപ്പാറയിലെത്തുന്ന സഞ്ചാരികൾക്ക്​ നുകരാനാവുക. തൃശൂർ നഗരത്തിൽനിന്നും ഏകദേശം 15 കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം. വെള്ളം നിരവധി തട്ടുകളിലായി പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത.

തൃശൂർ നഗരത്തിൽ നിന്നും പാലക്കാട് ദേശീയപാതയിലൂടെ സഞ്ചരിച്ച് മണ്ണുത്തി, മുടിക്കോട് എന്നീ ജംഗ്ഷനുകൾ കഴിഞ്ഞ് ചെമ്പ്രൂത്ര അമ്പലത്തിന്​​ സമീപത്തു കൂടിയുള്ള പാതയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിലെത്തിച്ചേരാം. അതേസമയം, വനമേഖലയായതിനാൽ ഈ ഭാഗത്തേക്കുള്ള യാത്ര പലപ്പോഴും നിയന്ത്രിക്കാറുണ്ട്​.

കക്കാടംപൊയിൽ

മലപ്പുറം, കോഴിക്കോട്​ ജില്ലകൾ അതിരിടുന്ന ഒരു ഹിൽസ്​റ്റേഷനാണ്​ കക്കാടംപൊയിൽ ( Kakkadampoyil )​. വയനാടൻ മലനിരകളോട്​ ചാരി​നിൽക്കുന്ന ഇവിടെ വയനാടിന്‍റെ അതേ കാലാവസ്​ഥയുമാണ്​. ആകാശംമു​ട്ടി, കോടമൂടി നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ, പച്ചപ്പട്ടണിഞ്ഞ പുൽമേടുകൾ, ​തെളിഞ്ഞൊഴുകുന്ന കോഴിപ്പാറ വെള്ളച്ചാട്ടം, ചരിത്രാന്വേഷകരെ വിസ്​മയിപ്പിക്കുന്ന പഴശ്ശി ഗുഹ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാഴ്​ചകൾ.

മലബാറി​​​​ന്‍റെ ഊട്ടിയെന്ന്​ വിളിപ്പേരുണ്ട്​ കക്കാടംപൊയിലിന്​. കോഴിക്കോട്​ ജില്ലയിലെ മുക്കത്തുനിന്ന്​ കൂമ്പാറ വഴിയോ മലപ്പുറം ജില്ലയിലെ അരീക്കോട്ടു​നിന്ന്​ തോട്ടുമുക്കം വഴിയോ നിലമ്പൂരിൽനിന്ന്​ അകമ്പാടം വഴിയോ ഇങ്ങോട്ട്​ എത്താം. മൂന്നിടത്തു​നിന്നും ഏതാണ്ട്​ 25 കിലോമീറ്റർ ദൂരമുണ്ട്​. സമുദ്രനിരപ്പിൽനിന്ന്​ 2132 അടി ഉയരത്തിലാണ്​ ഈ പ്രദേശം​.

kakkadampoyil road
കക്കാടംപൊയിലിലേക്കുള്ള റോഡ്​

കോഴിപ്പാറ വെള്ളച്ചാട്ടമാണ്​ കക്കാടംപൊയിലിലെ പ്രധാന കാഴ്​ച. കോഴിക്കോട്​ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ്​ പരിപാലന ചുമതല. കക്കാടംപൊയിൽ വരുന്നവർക്ക്​ കാണാവുന്ന മറ്റൊരു സ്​ഥലമാണ്​ പഴശ്ശി ഗുഹ. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ആറ്​ കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ നായാടംപൊയിലിൽ എത്തും. അവിടെനിന്ന്​ എസ്​റ്റേറ്റ് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടക്കണം. അവസാന അര കിലോമീറ്റർ കാട്ടിലൂടെയാണ്​.

കാട്ടുവഴിയിലൂടെ ഇറങ്ങി 100 മീറ്ററോളം പോയാൽ ചരിത്രപ്രസിദ്ധമായ ഈ ഗുഹയിലെത്താം. വയനാട്​ കേന്ദ്രീകരിച്ച്​ ബ്രിട്ടീഷുകാർക്കെതിരെ സൈനിക പോരാട്ടം നടത്തിയിരുന്ന കാലത്ത്​ പഴശ്ശിരാജയും സൈനികരും ഒളിച്ചുതാമസിച്ചിരുന്ന സ്​ഥലമാണ്​ പഴശ്ശി ഗുഹ. പഴശ്ശിയോടൊപ്പം പോരാടിയ കുറിച്ച്യരും വയനാടന്‍ മലനിരകള്‍ക്ക്​ താഴെയുള്ള ഈ ഗുഹയിലാണ് അഭയം തേടിയതെന്ന്​ ചരിത്രം പറയുന്നു. വനമേഖലയായതിനാൽ വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ഇങ്ങോട്ടേക്ക്​ പ്രവേശനമില്ല എന്നത്​ നിരാശപ്പെടുത്തുന്ന കാര്യമാണ്​. മതിയായ സൗകര്യങ്ങളോടെ ഇതൊരു ടൂറിസം കേന്ദ്രമാക്കി ഉയർത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്​.

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!