നിലമ്പൂർ ടു വയനാട്; വ്യത്യസ്ത യാത്രയുമായി കെ.എസ്.ആർ.ടി.സി
താമരശ്ശേരി ചുരം കയറി വയനാടിൻെറ ( wayanad ) കാഴ്ചകൾ തേടി എത്ര യാത്ര പോയാലും മതിവരില്ല. തേയിലത്തോട്ടങ്ങളെ തഴുകി വീശുന്ന കാറ്റും കോടമഞ്ഞിനെ വകഞ്ഞുമാറ്റി നിലകൊള്ളുന്ന മാമലകളും നൂൽമഴ പെയ്യുന്ന റോഡിലൂടെയുള്ള യാത്രയും ആരെയും കൊതിപ്പിക്കും. വയനാടിൻെറ ഈ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും അടുത്തറിയാൻ കെഎസ്ആർടിസിയിൽ ( ksrtc ) ഒരു യാത്ര പോയാലോ?
അതെ, ഇനി അതിനും അവസരമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ നെല്ലിയാമ്പതി ( Nelliyampathi ), മൂന്നാർ ( Munnar ), മലക്കപ്പാറ ( Malakkapara ) തുടങ്ങിയ ജനപ്രിയ ഉല്ലാസ യാത്രക്ക് പിറകെയാണ് പുതിയ സർവിസും ആരംഭിക്കുന്നത്. ksrtc budget tours ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നിലമ്പൂർ ടു വയനാട് ( Nilambur to Wayanad )
വയനാട് യാത്ര മലപ്പുറം ജില്ലയിലെ തേക്കിൻെറ നാടായ നിലമ്പൂർ ഡിപ്പോയിൽനിന്നാണ് തുടങ്ങുക. ഡിസംബർ 11ന് പുലർച്ച അഞ്ചിനായിരുന്നു ആദ്യ സർവിസ്. തേക്കിൻ മരങ്ങൾ തണൽ വിരിക്കുന്ന കനോലി േപ്ലാട്ടും ( Conolly’s Plot ) കുത്തിയൊലിക്കുന്ന ചാലിയാറും പിന്നിട്ട് അരീക്കോട്, മുക്കം വഴിയാണ് താമരശ്ശേരി ചുരത്തിലെത്തുക. സൂര്യൻ ഉദിച്ചുവരുന്ന സമയത്തെ ചുരത്തിൻെറ കാഴ്ച കാണേണ്ടതു തന്നെ. കെ.എസ്.ആർ.ടി.സി ബസിലെ വിൻഡോ സീറ്റാണ് നിങ്ങൾക്ക് ലഭിച്ചതെങ്കിൽ അത് വല്ലാത്തൊരു അനുഭവമാകും.
അതിനുശേഷം വയനാട്ടിലെ പ്രധാന ഉല്ലാസ കേന്ദ്രമായ പൂക്കോട് തടാകത്തിലെത്തും ( pookode lake ). ഇവിടെ സഞ്ചാരികൾക്ക് അൽപ്പനേരം ചെലവഴിക്കാം. ബോട്ടിങ്ങിനുള്ള സൗകര്യവും തടാകത്തിലുണ്ട്. തടാകത്തിന് ചുറ്റുമുള്ള കാട്ടുവഴികളിലൂടെ നടന്ന് കിളിക്കൊഞ്ചലുകൾ കേൾക്കാം. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും തടാകത്തെ വ്യത്യസ്തമാക്കുന്നു.
അത് കഴിഞ്ഞ് തേയിലത്തോട്ടത്തിന് നടുവിലെ ടീ മ്യൂസിയം സന്ദർശിക്കാനുള്ള അവസരമാണ്. തേയിലയിൽനിന്ന് എങ്ങനെയാണ് നാം ഉപയോഗിക്കുന്ന തരത്തിലുള്ള ചായപ്പൊടി തയാറാക്കുന്നതെന്ന് കണ്ടുപഠിക്കാം. വ്യത്യസ്തമായ ചായപ്പൊടികളെ പരിചയപ്പെടാം. അതിനെല്ലാം പുറമെ നല്ല ചൂടുള്ള അടിപൊളി ചായയും വയനാടിൻെറ കുളിരിനോടൊപ്പം അകത്താക്കാം.
ബാണാസുര ഡാമും കർലാട് തടാകവും
പിന്നീടുള്ള യാത്ര ബാണസുര ഡാമിലേക്കാണ് ( Banasura dam ). ഇങ്ങോട്ടേക്കുള്ള യാത്രാവഴികൾ അതിമനോഹരമാണ്. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ മലകയറി പോകുന്ന റോഡുകൾ കെ.എസ്.ആർ.ടി.സിയുടെ ജനാലയിലൂടെ നിറഞ്ഞുകാണാം. അതിവിശാലമായ തടാകത്തിലൂടെയുള്ള സ്പീഡ് ബോട്ട് സർവിസ് ആരിലും ത്രില്ലടിപ്പിക്കും.
തുടർന്നുള്ള യാത്ര കർലാട് തടാകത്തിലേക്കാണ് ( Karlad lake ). നിരവധി സാഹസിക വിനോദങ്ങളാണ് കർലാട് തടാകത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കയാക്കിങ്, സിപ്ലൈൻ, rock climbing, ബാംബൂ റാഫ്റ്റിങ് തുടങ്ങിയവ ഇതിൽ ചിലത് മാത്രം. ഇതിനെല്ലാം അധികപണം നൽകേണ്ടി വരും. എന്നാലും അവയൊന്നും ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്തതാണ്.
അതിനുശേഷം രാത്രിയോടെ ചുരമിറങ്ങി നിലമ്പൂരിൽ തിരിച്ചെത്തും. നാല് നേരം സുഭിക്ഷമായ ഭക്ഷണമടങ്ങിയ ഈ യാത്രക്ക് 1000 രൂപ മാത്രമാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ഏകദേശം 230 കിലോമീറ്റർ ദൂരമാണ് ആകെ സഞ്ചരിക്കുക. പെരിന്തൽമണ്ണ ( Perinthalmanna ), മലപ്പുറം ( Malappuram ) ഡിപ്പോകളിൽനിന്നും ബസുകൾ വയനാട്ടിലേക്ക് സർവിസ് നടത്തി. ആദ്യ യാത്രയിൽ മൊത്തം 141 പേരാണ് ഉണ്ടായിരുന്നത്. ഒരു രാത്രി വയനാട്ടിൽ തങ്ങിയുള്ള യാത്രയും കെ.എസ്.ആർ.ടി.സി പ്ലാൻ ചെയ്യുന്നുണ്ട്.
അപ്പോൾ എങ്ങനെയാ, ആനവണ്ടിയിൽ ചുരം കയറുകയല്ലേ… അങ്ങനെ ആണെങ്കിൽ താഴെ നൽകിയ നമ്പറിൽ വിളിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ…
കെ.എസ്.ആർ.ടി.സി നിലമ്പൂർ: 04931 223929.
മൊബൈൽ: 7736582069, 9745047521, 9447436967 (9 am – 6 pm)
നിലമ്പൂരിൽനിന്ന് വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുടെ സമയക്രമം:
1. 06.15 – ഇരിട്ടി (കണ്ണൂർ)
2. 07.50 – സുൽത്താൻ ബത്തേരി
3. 8.50 – കൽപ്പറ്റ
4. 09.30 – സുൽത്താൻ ബത്തേരി
5. 10.50 – കൽപ്പറ്റ
6. 11.20 – സുൽത്താൻ ബത്തേരി
7. 16.00 – സുൽത്താൻ ബത്തേരി
8. 16.40 – കൽപ്പറ്റ
9. 17.30 – സുൽത്താൻ ബത്തേരി
also read: വനിതകൾക്ക് കിടിലൻ യാത്രാ പാക്കേജുകളുമായി ksrtc tours