വിപ്ലവം തീർക്കാൻ ഹോണ്ട റിബൽ 500
ക്രൂയിസർ ശൈലിയിലുള്ള ബൈക്കിന് 5.12 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില

റിബൽ 500 ഇന്ത്യയിൽ പുറത്തിറക്കി ഹോണ്ട. ക്രൂയിസർ ശൈലിയിലുള്ള ബൈക്കിന് 5.12 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ജൂൺ മുതൽ വിതരണം ആരംഭിക്കും.
താഴ്ന്ന സ്ലംഗ് സീറ്റ്, ഉയർന്ന മൗണ്ടഡ് ഇന്ധന ടാങ്ക്, വീതിയേറിയ ഹാൻഡിൽബാറുകൾ എന്നിവയുള്ള ക്ലാസിക് ക്രൂയിസർ ഡിസൈനാണ് ഹോണ്ട റെബലിന്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് കൺസോളുമാണ് നൽകിയിട്ടുള്ളത്.
മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് എന്ന ഒറ്റ കളർ സ്കീമിലാണ് ബൈക്ക് ലഭ്യമാകുക. റിബൽ 500ന് കരുത്ത് പകരുന്നത് 471 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ്. ഇത് 8,500 rpm-ൽ 45.59 bhp പവറും 6,000 rpm-ൽ 43.3 Nm torque ഉം ഉൽപ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സാണ് ഇതോടൊപ്പമുള്ളത്.
മുന്നിൽ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും നൽകി സസ്പെൻഷൻ ഭദ്രമാക്കിയിട്ടുണ്ട്. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് മുന്നിൽ 296 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ്. ഡ്യുവൽ-ചാനൽ ABS പിന്തുണയോടെയാണ് ഇതിന്‍റെ പ്രവർത്തനം.