Destination

ഇതാ ഊട്ടിയിൽ നിങ്ങൾ കാണാത്തൊരു ഓഫ്​റോഡ്​ പാത

ലോകത്തി​ന്‍റെ ഏത്​ കോണിൽ പോയി ചുറ്റിക്കറങ്ങി വന്ന്​ വീണ്ടുമൊരു യാത്ര പോകാൻ ആഗ്രഹം തോന്നു​​മ്പോൾ ആദ്യം മനസ്സിലെത്തുക ഊട്ടിയെന്ന സുന്ദരിയെയാണ്​. വിരലിലെണ്ണാവുന്നതിനുമപ്പുറം തവണ ആ മലനിരകൾ തേടിപ്പോയിട്ടുണ്ട്​. ബൈക്കിലും ബസിലും കാറിലുമായി ആ യാത്രകൾ തുടരുന്നു. ഓരോ പ്രാവശ്യം പോകു​മ്പോഴും പുതിയ കാഴ്​ചകളും ( ooty places to see ) അനുഭവങ്ങളുമാണ്​ ആ താഴ്​വാരങ്ങളും ജീവിതങ്ങളും നമുക്ക്​ സമ്മാനിക്കുക.

വീണ്ടുമൊരു ഊട്ടി യാത്രക്ക്​ ഉൾവിളി വന്നിരിക്കുന്നു​. പുലർച്ച മലപ്പുറത്തുനിന്ന് കാറിൽ​ യാത്ര തുടങ്ങു​മ്പോൾ ഡിസംബറിലെ തണുപ്പും കൂടെയുണ്ട്​​. നാടും നഗരവും ഉണരുന്നതേയുള്ളൂ. വ​ഴിയെല്ലാം വിജനം​. വണ്ടിയുടെ വേഗത കൂടുന്നതിനനുസരിച്ച്​ ആക്​സലറേറ്ററിനോടും​​ ഇഷ്​ടം കൂടിവരുന്നു. ഇതിനിടയിൽ മലപ്പുറത്തുനിന്ന്​ ഗൂഡല്ലൂർ വരെയുള്ള കെഎസ്​ആർടിസി ബസ് ഞങ്ങളെ മറികടന്നുപോയി. പുലർച്ചെ നാല്​ മണിക്കാണ്​ ഈ ബസ്​ മലപ്പുറത്തുനിന്ന്​ പുറപ്പെടുക. ഊട്ടിയിലേക്കുള്ള ബസ്​ രാവിലെ 11 മണിക്കാണ് ( malappuram to ooty ksrtc )​.

തേക്കുകൾ അതിരുകാക്കുന്ന നിലമ്പൂരിലെ റോഡുകൾ പിന്നിട്ട് ഞങ്ങൾ​ വഴിക്കടവിലെത്തി. മരച്ചില്ലകൾക്കിടയിലൂടെ സൂര്യപ്രകാശം പതിയെ വരുന്നുണ്ട്​. ഇനി ചുരവും കാനനപാതകളുമാണ്​. അതിന്​ മുമ്പ്​ ഭക്ഷണത്തിനായി പുറത്തിറങ്ങി.

പൊറാട്ടയും ബീഫും പിന്നെ കട്ടൻചായയും

മലയാളികളുടെ ‘ദേശീയ ഭക്ഷണമായ’ പൊറോട്ടയും ബീഫുമായിരുന്നു ഹോട്ടലിലെ സ്​പെഷൽ. ആവി പറക്കുന്ന കട്ടൻചായ കൂടി വന്നതോടെ കോമ്പിനേഷൻ പൂർണമായി. മതിവരുവോളം കഴിച്ചശേഷം യാത്ര തുടർന്നു. ആനമറി ചെക്ക്​പോസ്​റ്റ്​ കഴിഞ്ഞതോടെ നാടുകാണി ചുരം ( nadukani churam nilambur ) കയറാൻ തുടങ്ങി.

പച്ചപ്പിന്‍റെ വസന്തം തീർക്കുന്ന വനത്തിൽ എന്നത്തെയും പോലെ ആതിഥേയത്വമേകി ചിവീടുകൾ ബഹളം കൂട്ടുന്നുണ്ട്​. ഇടക്ക്​ ഫോട്ടോയെടുക്കാൻ​ പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങളും കൂടെയുണ്ടെന്ന്​ പറഞ്ഞ്​ കാട്ടിനുള്ളിൽനിന്ന്​ വാനരപ്പടയെത്തി. അതിലൊരുത്തൻ വണ്ടിയുടെ സൈഡ്​ മിററിലിരുന്ന്​ ഫോ​ട്ടോക്ക്​ അസ്സലായി തന്നെ പോസ്​ ചെയ്​തുതന്നു.

nadukani churam nilambur
നാടുകാണി ചുരം

ഇരുവശത്തെയും വിശലാമായ വിൻഡോയിൽ പുറംകാഴ്​ചകൾ നിറഞ്ഞുനിൽക്കുന്നു. കേരള​ അതിർത്തി പിന്നിട്ട്​ നാടുകാണിയിലെത്തിയപ്പോൾ തമിഴ്നാട്​​ പൊലീസ്​ കൈകാണിച്ചു. അവർ വാഹനത്തിന്‍റെ അകവും ബാഗുകളുമെല്ലാം ​പരിശോധിച്ചു​. കാര്യമായിട്ടും മദ്യക്കുപ്പികൾ ഉണ്ടോ എന്നാണ്​ അവർ പരിശോധിച്ചത്​.

തേയില പൂക്കുന്ന നാട്​ – Ooty places to see

നീലഗിരി ജില്ലയിലെ ( nilgiris hill ) എസ്​റ്റേറ്റുകൾക്ക്​ നടുവിലൂടെ കാർ മുന്നോട്ടുനീങ്ങി. ഗൂഡല്ലൂർ ടൗണിൽനിന്ന്​ വലത്തോട്ട്​ തിരിഞ്ഞ്​ വീണ്ടും ചുരം കയറണം. കാഴ്​ചകൾക്ക്​ കൂടുതൽ അഴകുവരുന്നു. തേയിലത്തോട്ടങ്ങളും യൂക്കാലിപ്​സ്​ മരങ്ങളും മനസ്സിൽ കുളിരേകുന്നു. യാ​ത്ര​യുടെ ആസ്വാദനം പൂർണമാകുന്നതിന്​ വേണ്ടി പാട്ടിടാൻ തീരുമാനിച്ചു. ബ്ലൂടൂത്ത്​ വഴി ഫോൺ കണക്​റ്റ്​ ചെയ്​തതോടെ നാല്​ ഭാഗത്തെയും സ്​പീക്കറിൽനിന്ന്​ സംഗീതം ഒഴുകാൻ തുടങ്ങി. ഹിറ്റ്​ തമിഴ്​ ഗാനങ്ങൾ യാത്രക്ക്​ കൂടുതൽ ആസ്വാദനം നൽകി.

ചുരത്തിന്​ സമീപത്തെ നീഡിൽ റോക്ക്​ വ്യൂപോയിൻറിനടുത്ത് ( needle rock view point Ooty )​ വണ്ടി നിർത്തി. കുന്നിൻമുകളിലേക്ക്​ ഒരു കിലോമീറ്റർ നടക്കാനുണ്ട്​​. അവിടെ നിന്നാൽ മുതുമല ദേശീയോദ്യാനവും ഗൂഡല്ലൂരും മസനഗുഡിയുമെല്ലാം 360 ഡിഗ്രിയിൽ കാണാൻ കഴിയും. എന്നാൽ, പ്രദേശമാകെ കോട മൂടിയതിനാൽ അങ്ങോട്ട്​ പോകാൻ ശ്രമിച്ചില്ല.

gudallur ooty road
ഗൂഡല്ലൂർ – ഊട്ടി റോഡിലെ യൂക്കാലിപ്​സ്​ മരങ്ങൾ

ഹാൻഡ്​ബ്രേക്ക്​ താഴ്​ത്തി വീണ്ടും ആക്​സലേറ്ററിൽ കാൽവെച്ചു. ചുരം കയറി മുകളിലേക്ക്​ പോകുംതോറും തണുപ്പ്​ കൂടിവരുന്നു​. തേയിലത്തോട്ടങ്ങളിൽ ഇലനുള്ളുന്ന സ്​ത്രീകളോടും കാരറ്റും മുള്ളങ്കിയും കാബേജും വിളയിച്ചെടുക്കുന്ന കർഷകരോടും കുശലം പറഞ്ഞ്​ യാത്ര തുടരുകയാണ്​. കാഴ്​ചകൾ പിന്നോട്ട്​ ഓടിമറയുന്നു.

പൈക്കരയുടെ തീരത്ത്​

ഊട്ടി റോഡിൽനിന്ന്​ പൈക്കര തടാകം ( pykara lake in ooty ) ലക്ഷ്യമാക്കി വണ്ടി വലത്തോട്ട്​ തിരിച്ചു. റോഡ്​ അൽപ്പം മോശമാണ്​. തടാകത്തിനടുത്ത്​ എത്തു​മ്പോൾ സഞ്ചാരികൾ ബോട്ടിൽ കയറാൻ കാത്തുനിൽക്കുന്നു​. വെള്ളത്തിൽ കരയും കാടും മനോഹരമായ പ്രതിബിംബങ്ങൾ തീർക്കുകയാണ്​. അതിനിടയിലൂടെ ഓളങ്ങളെ വെട്ടിമാറ്റി ബോട്ടുകൾ ചീറിപ്പായുന്നു.

അവിടെനിന്ന്​ തിരിച്ചിറങ്ങി പൈക്കര എന്ന ഗ്രാമത്തിലെത്തി. ഒരു കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം ( pykara waterfall )​. പൈക്കര നദിയിലൂടെ ഡാമും വൈദ്യുതി നിലയവും​ കടന്നുവരുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക്​ പതിക്കുകയാണ്​. മഴക്കാലമല്ലാത്തതിനാൽ വെള്ളച്ചാട്ടത്തിന്​ രൗദ്രഭാവമില്ല. മലയാളമടക്കമുള്ള ഒരുപാട്​ സിനിമകൾക്ക്​ വേദിയായ ഇടമാണ്​ പൈക്കര വെള്ളച്ചാട്ടം.

തണുപ്പത്ത്​ ഒരു കിലോമീറ്റർ നടന്നപ്പോഴേക്കും നല്ലരീതിയിൽ കിതക്കുന്നുണ്ടായിരുന്നു. തിരിച്ച്​ കാറിനടുത്തേക്കുള്ള യാ​ത്ര ടൂറിസം വകുപ്പി​ന്‍റെ ഇലക്​ട്രിക്​​ വണ്ടിയിലാക്കി. കൂടെയൊരു ഉത്തരേന്ത്യൻ കുടുംബവുമുണ്ട്​. പുൽമേടുകൾക്കിടയിൽ ചെത്തിമിനുക്കിയ വഴിയിലൂടെ ശബ്​ദമുണ്ടാക്കാതെ വണ്ടി പതിയെ നീങ്ങാൻ തുടങ്ങി.

പുൽമേട്ടിലെ ഓഫ്​​റോഡ്​

അടുത്ത ലക്ഷ്യം ഷൂട്ടിങ് പോയിൻറാണ് ( shooting point in ooty​ ). ഗൂഡല്ലൂർ റോഡിൽ ഊട്ടി എത്തുന്നതിന്​ 15 കിലോമീറ്റർ മുമ്പാണ്​ ഈ നയനമനോഹരമായ പ്രദേശം​. നോക്കെത്താദൂരത്തോളം മൊട്ടക്കുന്നുകൾ പരന്നുകടക്കുന്നു. ഒരുകാലത്ത്​ സിനിമാക്കാരുടെ ഇഷ്​ട ലൊക്കേഷനായിരുന്നു ഇവിടം. ഇന്ന്​ അപൂർവമായിട്ട്​ മാത്രമേ അവർ കാമറയും പിടിച്ച്​ ഈ വഴിക്ക്​ വരാറുള്ളൂ.

ഇതിന്​ സമീപം റോഡിന്‍റെ മറുവശത്ത്​ വാഹനങ്ങൾക്ക്​ പ്രവേശിക്കാൻ കഴിയുന്ന മൊട്ടക്കുന്നുകളുമുണ്ട്​. അത്യാവശ്യം ഗ്രൗണ്ട്​ ക്ലിയറൻസുള്ള വണ്ടിയുമായി വരികയാണെങ്കിൽ ഓഫ്​​ റോഡ്​ ഡ്രൈവി​ന്‍റെ ആവേശം നുകരാം. പ്രകൃതി ഒരുക്കിയ പുൽവഴികളിലൂടെ ഞങ്ങളുടെ കാറും ഒരു കൈനോക്കി.

ooty shooting point
ഊട്ടിയിലെ ഷൂട്ടിങ്​ പോയിന്‍റ്​. മറുവശത്ത്​ കാണുന്ന മൊട്ടക്കുന്നിലാണ്​ ഓഫ്​ റോഡ്​ പാതയുള്ളത്​

സമീപത്തെ പൈൻ മരങ്ങൾ നിറഞ്ഞ കാടും തടാകവും പിന്നിട്ട്​ ഊട്ടി ടൗണിൽ എത്തു​മ്പോൾ നട്ടുച്ചയായി​. മഴക്കാറ്​ മൂടിയതിനാൽ നഗരത്തിനൊരു വിഷാദ ഭാവമാണ്​. നേർത്ത മഴത്തുള്ളികൾക്കൊപ്പം മഞ്ഞും അരിച്ചിറങ്ങുന്നു. വിശക്കാൻ തുടങ്ങിയിട്ടുണ്ട്​. കൂനൂർ റോഡിലുള്ള ഹോട്ടലിൽ കയറി. മലയാളികളുടേതാണ്​ ഈ ഹോട്ടൽ. ചിക്കൻ ബിരിയാണിയും ബീഫ്​ ചില്ലിയുമാണ്​ ഓർഡർ ചെയ്തത്​.

നീലഗിരിയുടെ നെറുകയിൽ

ഉച്ചഭക്ഷണം കഴിഞ്ഞ്​ ആദ്യം പോയത്​ തമിഴ്​നാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ദൊഡ്ഡ​ബെട്ടയിലേക്കാണ് ( Doddabetta peak in ooty – highest place in Tamilnadu )​. ഊട്ടിയിൽനിന്ന്​ കോത്തഗിരി റോഡിലൂടെ 10​ കിലോമീറ്റർ സഞ്ചരിക്കണം ഇവിടേക്ക്​. 8650 അടിയാണ്​ ഉയരം. ചുറ്റും സംരക്ഷിത വനമേഖലയാണ്​. ഊട്ടി നഗരവും കൂനൂരും ചുറ്റുമുള്ള മലകളുമെല്ലാം ഇവിടെനിന്ന്​ നോക്കിയാൽ കാണാം. നഗരത്തിലെ കാഴ്​ചകൾ അടുത്തുനിന്ന്​ കാണാനായി രണ്ട്​ ടെലിസ്​കോപ്പുകളും ഒരുക്കിയിട്ടുണ്ട്​. സമീപത്തെ പൂ​ന്തോട്ടത്തിലും പാറക്കൂട്ടങ്ങൾക്കിടയിലും ഒരുപാടുപേർ ​​സെൽഫിയെടുത്തും സംസാരിച്ചിരുന്നും പുസ്​തകം വായിച്ചും ഒഴിവുനേരം ആനന്ദകരമാക്കുന്നു. കുതിരപ്പുറത്ത്​ സവാരി നടത്തുന്നവരെയും കൊടുംതണുപ്പിലും ​ഐസ്​ക്രീം നുകരുന്നവരെയും ഇടക്കിടക്ക്​ കാണാം.

ഫുട്​പാത്തിൽ നിരനിരയായി നിൽക്കുന്ന കച്ചവടക്കാരുടെ പ്രലോഭനങ്ങളിൽ വീഴാതെ മലയിറങ്ങാൻ തുടങ്ങി. ടൗ​ണെത്തുന്നതിന്​ രണ്ട്​ കിലോമീറ്റർ മുമ്പായി ഇടത്തോട്ട്​ തിരിഞ്ഞ്​ ദൊഡ്ഡബെട്ട ടീ ഫാക്​ടറി സന്ദർശിക്കാൻ കയറി. പത്ത്​ രൂപയാണ്​ പ്രവേശന ഫീസ്​. തേയില വിവിധ ഘട്ടങ്ങളിലായി യന്ത്രങ്ങളിലിട്ട്​ പൊടിച്ച്​ ഒടുവിൽ ചായപ്പൊടി പാക്കറ്റിലാക്കുന്നത്​ വരെയുള്ള കാര്യങ്ങൾ കണ്ട്​ മനസ്സിലാക്കാൻ സാധിക്കും. എല്ലാം കണ്ടുകഴിയുമ്പോൾ കിടിലൻ ചായയും സൗജന്യമാണ്​. കൂടാതെ പുറത്തെ കടയിൽനിന്ന്​ വിവിധ തരത്തിലുള്ള ചായപ്പൊടികൾ വാങ്ങാനും ലഭിക്കും.

ഇതിന്​ തൊട്ടടുത്തായി തന്നെ ചോ​ക്ലേറ്റ്​ ഫാക്​റ്ററിയും ആരംഭിച്ചിട്ടുണ്ട്​. വിവിധതരം ചോ​ക്ലേറ്റുകൾ നിർമിക്കുന്നത്​ കാണാനും അവ വാങ്ങാനും സൗകര്യമുണ്ട്​. എന്നാൽ, ടൗണി​ലെ കടകളിലേതിനേക്കാൾ വില അൽപ്പം കൂടുതലായതിനാൽ ചോക്ലേറ്റ്​ വാങ്ങാൻ ഞങ്ങൾ മെനക്കെട്ടില്ല. അവിടെനിന്ന്​ പുറത്തിറങ്ങി നടക്കുമ്പോൾ പരിസരമാകെ കോട മൂടിയിട്ടുണ്ട്​. താഴെ ഊട്ടി നഗരം മഞ്ഞിൽ പൊതിഞ്ഞുനിൽപ്പാണ്​.

അടുത്ത ലക്ഷ്യം ഊട്ടി തടാകവും ബോട്ട്​ ഹൗസുമാണ്​. ബസ്​സ്​റ്റാൻഡും നീലഗിരി പൈതൃക ട്രെയിൻ ( Nilgiri mountain railway ) യാത്ര തുടങ്ങുന്ന റെയിൽവേ സ്​റ്റേഷനും പിന്നിട്ട്​ തടാകക്കരയിലെത്തി. 62 ഏക്കർ വിസ്​തൃതിയുള്ള ഈ തടാകം ഊട്ടിയിലെ ​പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമാണ്​. 1824ൽ അന്നത്തെ കോയമ്പത്തൂർ കലക്​ടറായിരുന്ന ജോൺ സുള്ളിവ​ന്‍റെ നേതൃത്വത്തിലാണ്​ ഈ കൃത്രിമ തടാകം ഒരുക്കിയത്​. ചുറ്റും സംരക്ഷണമേകി യൂക്കാലിപ്​സ്​ മരങ്ങൾ വളർന്നുനിൽപ്പുണ്ട്​. വ്യത്യസ്​തമായ ബോട്ട്​ റൈഡുകളാണ്​ ഇവിടത്തെ പ്രധാന ആകർഷണം. കുട്ടികൾക്കുള്ള പാർക്ക്​, ഭക്ഷണശാലകൾ, കച്ചവടസ്​ഥാ​പനങ്ങൾ എന്നിവയെല്ലാം ഇതിന്​ സമീപത്തുണ്ട്​.

മഞ്ഞുപെയ്യുന്ന രാത്രി

നഗരമധ്യത്തിലെ ബൊട്ടാണിക്കൽ ഗാർഡനിലെത്തു​മ്പോൾ ( Ooty botanical garden ) ഇരുട്ട്​ മൂടിത്തുടങ്ങിയിട്ടുണ്ട്​. മരം കോച്ചുന്ന തണുപ്പ്​ മൂർധന്യാവസ്​ഥയിലാണ്​. എന്നിട്ടും സഞ്ചാരികളടെ ഒഴുക്ക്​ തന്നെ​. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന്​ ടൂർ വന്ന കുട്ടികളാണ്​ ഏറെയും. വിനോദത്തിന്‍റെയും വിജ്​ഞാനത്തി​ന്‍റെയും നിലവറയാണ്​ ബൊട്ടാണിക്കൽ ഗാർഡൻ. ദൊഡ്ഡബട്ട മലയുടെ താഴ്​വാരത്ത്​ 55 ഹെക്​ടറിലായി പരന്നുകിടക്കുകയാണീ പൂന്തോട്ടം. ആയിരത്തി​നടുത്ത്​ സസ്യവർഗങ്ങളാണ്​ ഇവിടെയുള്ളത്​. അപൂർവമായ പല സസ്യങ്ങളും ഇവിടെ സം‍രക്ഷിക്കപ്പെടുന്നു. കോർക്കുമരം, കുരങ്ങന്​ കയറാനാവാത്ത മങ്കി പസ്സിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവയെല്ലാം ഇവിടത്തെ മാത്രം പ്രത്യേകതകൾ. 1848ൽ നിർമിച്ച ഈ പൂന്തോട്ടത്തിന്​​ അകത്ത്​ തന്നെയാണ്​ തമിഴ്​നാട്​ ഗവർണറുടെ വേനൽക്കാല വസതിയും നിലകൊള്ളുന്നത്​. ​

ooty places to see
ദൊഡ്ഡ​ബെട്ടയിൽനിന്നുള്ള കാഴ്ച

ഗാർഡനിൽനിന്ന്​ പുറത്തിറങ്ങി നടക്കുമ്പോഴും ജനത്തിരക്കിനും തണുപ്പിനും​ ഒട്ടും കുറവില്ല. തണുപ്പിനെ പ്രതിരോധിക്കാ​നുള്ള ജാക്കറ്റ്​​ വാങ്ങാൻ സമീപത്തെ തിബറ്റൻ മാർക്കറ്റിലെത്തി. ബുദ്ധമത വി​ശ്വാസി ലാമോൺ എന്ന വയോധികയാണ്​ ഞങ്ങളെ വരവേറ്റത്​. ജാക്കറ്റുകൾ കാണിച്ചുതരുന്നതിനൊപ്പം അവരുടെ ജീവിത കഥ ഞങ്ങൾ ചോദിച്ചറിഞ്ഞു. 60 വർഷം മുമ്പ്​ തിബറ്റിൽനിന്ന്​ അഭയാർഥികളായി ഇന്ത്യയിലെത്തിയതാണ്​ ലാമോണും കുടുംബവും. കർണാടകയിലെ കാർവാറിലാണ്​ ഏറെകാലം കഴിഞ്ഞിരുന്നത്​. മലയാളവും തമിഴും കന്നഡയുമെല്ലാം പച്ചവെള്ളം പോലെ വരുന്നു. ഒപ്പം കച്ചവടത്തിലും അഗ്രഗണ്യയാണ്​. മലയാളികളുടെ വിലപേശലും തട്ടിപ്പുമൊന്നും അവരുടെയടുത്ത്​ നടക്കുന്നില്ല. സാധനങ്ങൾ​ വിലകുറച്ച്​ തരുമോ എന്ന്​ ചോദിച്ച വിദ്യാർഥികൾക്ക്​, പ്രായത്തി​ന്‍റെ ചുളിവ്​ വീണ മുഖത്ത്​ പുഞ്ചിരിയായിരുന്നു മറുപടി.

ജാക്കറ്റും ചോ​ക്ലേറ്റുമെല്ലാം വാങ്ങി മാർക്കറ്റിൽനിന്ന്​ പുറത്തിറങ്ങി കാറിനടുത്തേക്ക്​ നടന്നു. നഗരത്തി​രക്കൊഴിഞ്ഞ്​ തിരിച്ച്​ നാട്ടിലേക്ക്​ മടങ്ങുമ്പോൾ ചാറ്റൽമഴയുണ്ട്​​. ഒരുപാട്​ ഓർമകൾ ബാക്കിവെച്ചാണ്​ ഊട്ടിയോട്​ വിടചൊല്ലുന്നത്​. കണ്ടതിലേറെ അദ്​ഭുതങ്ങൾ ഇനിയും നീലഗിരി കുന്നുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് ( Ooty places to see )​. കാണാക്കാഴ്​ചകൾ തേടി വീണ്ടും വരുമെന്ന​ ഉറപ്പിൽ ഞങ്ങൾ ചുരമിറങ്ങാൻ തുടങ്ങി.

Where to stay in ooty – eden among the mist

Malappuram to Ooty km – 135 km, 4.30 hrs

Malappuram to Ooty ksrtc bus fare

Malappuram to ooty – RS 167
Malappuram to Gudallur – RS 118

Malappuram to Ooty ksrtc bus time

രാവിലെ 11 മണിക്കാണ് കെഎസ്​ആർടിസി ബസ്​​ മലപ്പുറത്തുനിന്ന്​ ഊട്ടിയിലേക്ക്​ പുറപ്പെടുക. ഊട്ടിയിൽ വൈകീട്ട്​ നാല്​ മണിക്ക്​ എത്തും.

Malappuram – 11.00 AM
Manjeri – 11.25 AM
Nilambur -12.05 PM
Vazhikkadavu – 12.45 PM
Gudallur – 2.00 PM
Ooty – 4.00 PM

ഈ ബസ്​ വൈകീട്ട്​ 4.45ന്​ ഊട്ടിയിൽനിന്ന്​ മടങ്ങും. രാത്രി 9.50ന്​ മലപ്പുറമെത്തും.

Ooty – 4.45 PM
Gudallur – 6.40 PM
Vazhikkadavu – 8.00 PM
Nilambur – 8.40 PM
Manjeri – 9.25 PM
Malappuram – 9.50 PM

ഈ ബസ്​ ഗൂഡല്ലൂർ വരെയും സർവിസ്​ നടത്തുന്നുണ്ട്​. പുലർച്ചെ നാലിന്​ മലപ്പുറത്തുനിന്ന്​ പുറപ്പെട്ട്​ രാവിലെ ഏഴ്​ മണിക്ക്​ ഗൂഡല്ലൂർ എത്തും. 7.15ന്​ അവിടെനിന്ന്​ മടങ്ങും. രാവിലെ 10.15 ആകുമ്പോഴേക്കും മലപ്പുറം എത്തും. തുടർന്നാണ്​ ഊട്ടിയിലേക്ക്​ സർവിസ്​ നടത്തുക.

എവിടെയാണ്​ നീലഗിരി?

തമിഴ്​നാടിന്‍റെ വടക്കുപടിഞ്ഞാറ്​ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ്​ നീലഗിരി സ്ഥിതി ചെയ്യുന്നത്​. ഊട്ടിയാണ്​ ജില്ല കേന്ദ്രം. കോയമ്പത്തൂരാണ്​ അടുത്തുള്ള വിമാനത്താവളം. ജില്ലയുടെ ഒരു ഭാഗം കേരളവും മറ്റൊരു ഭാഗം കർണാടകയുമാണ്​. നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി ഊട്ടി ഒരുക്കിവെച്ചിട്ടുള്ളത്​​ ( Ooty places to see ).

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!