ലോകത്തിന്റെ ഏത് കോണിൽ പോയി ചുറ്റിക്കറങ്ങി വന്ന് വീണ്ടുമൊരു യാത്ര പോകാൻ ആഗ്രഹം തോന്നുമ്പോൾ ആദ്യം മനസ്സിലെത്തുക ഊട്ടിയെന്ന സുന്ദരിയെയാണ്. വിരലിലെണ്ണാവുന്നതിനുമപ്പുറം തവണ ആ മലനിരകൾ തേടിപ്പോയിട്ടുണ്ട്. ബൈക്കിലും ബസിലും കാറിലുമായി ആ യാത്രകൾ തുടരുന്നു. ഓരോ പ്രാവശ്യം പോകുമ്പോഴും പുതിയ കാഴ്ചകളും ( ooty places to see ) അനുഭവങ്ങളുമാണ് ആ താഴ്വാരങ്ങളും ജീവിതങ്ങളും നമുക്ക് സമ്മാനിക്കുക.
വീണ്ടുമൊരു ഊട്ടി യാത്രക്ക് ഉൾവിളി വന്നിരിക്കുന്നു. പുലർച്ച മലപ്പുറത്തുനിന്ന് കാറിൽ യാത്ര തുടങ്ങുമ്പോൾ ഡിസംബറിലെ തണുപ്പും കൂടെയുണ്ട്. നാടും നഗരവും ഉണരുന്നതേയുള്ളൂ. വഴിയെല്ലാം വിജനം. വണ്ടിയുടെ വേഗത കൂടുന്നതിനനുസരിച്ച് ആക്സലറേറ്ററിനോടും ഇഷ്ടം കൂടിവരുന്നു. ഇതിനിടയിൽ മലപ്പുറത്തുനിന്ന് ഗൂഡല്ലൂർ വരെയുള്ള കെഎസ്ആർടിസി ബസ് ഞങ്ങളെ മറികടന്നുപോയി. പുലർച്ചെ നാല് മണിക്കാണ് ഈ ബസ് മലപ്പുറത്തുനിന്ന് പുറപ്പെടുക. ഊട്ടിയിലേക്കുള്ള ബസ് രാവിലെ 11 മണിക്കാണ് ( malappuram to ooty ksrtc ).
തേക്കുകൾ അതിരുകാക്കുന്ന നിലമ്പൂരിലെ റോഡുകൾ പിന്നിട്ട് ഞങ്ങൾ വഴിക്കടവിലെത്തി. മരച്ചില്ലകൾക്കിടയിലൂടെ സൂര്യപ്രകാശം പതിയെ വരുന്നുണ്ട്. ഇനി ചുരവും കാനനപാതകളുമാണ്. അതിന് മുമ്പ് ഭക്ഷണത്തിനായി പുറത്തിറങ്ങി.
പൊറാട്ടയും ബീഫും പിന്നെ കട്ടൻചായയും
മലയാളികളുടെ ‘ദേശീയ ഭക്ഷണമായ’ പൊറോട്ടയും ബീഫുമായിരുന്നു ഹോട്ടലിലെ സ്പെഷൽ. ആവി പറക്കുന്ന കട്ടൻചായ കൂടി വന്നതോടെ കോമ്പിനേഷൻ പൂർണമായി. മതിവരുവോളം കഴിച്ചശേഷം യാത്ര തുടർന്നു. ആനമറി ചെക്ക്പോസ്റ്റ് കഴിഞ്ഞതോടെ നാടുകാണി ചുരം ( nadukani churam nilambur ) കയറാൻ തുടങ്ങി.
പച്ചപ്പിന്‍റെ വസന്തം തീർക്കുന്ന വനത്തിൽ എന്നത്തെയും പോലെ ആതിഥേയത്വമേകി ചിവീടുകൾ ബഹളം കൂട്ടുന്നുണ്ട്. ഇടക്ക് ഫോട്ടോയെടുക്കാൻ പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞ് കാട്ടിനുള്ളിൽനിന്ന് വാനരപ്പടയെത്തി. അതിലൊരുത്തൻ വണ്ടിയുടെ സൈഡ് മിററിലിരുന്ന് ഫോട്ടോക്ക് അസ്സലായി തന്നെ പോസ് ചെയ്തുതന്നു.
ഇരുവശത്തെയും വിശലാമായ വിൻഡോയിൽ പുറംകാഴ്ചകൾ നിറഞ്ഞുനിൽക്കുന്നു. കേരള അതിർത്തി പിന്നിട്ട് നാടുകാണിയിലെത്തിയപ്പോൾ തമിഴ്നാട് പൊലീസ് കൈകാണിച്ചു. അവർ വാഹനത്തിന്‍റെ അകവും ബാഗുകളുമെല്ലാം പരിശോധിച്ചു. കാര്യമായിട്ടും മദ്യക്കുപ്പികൾ ഉണ്ടോ എന്നാണ് അവർ പരിശോധിച്ചത്.
തേയില പൂക്കുന്ന നാട് – Ooty places to see
നീലഗിരി ജില്ലയിലെ ( nilgiris hill ) എസ്റ്റേറ്റുകൾക്ക് നടുവിലൂടെ കാർ മുന്നോട്ടുനീങ്ങി. ഗൂഡല്ലൂർ ടൗണിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും ചുരം കയറണം. കാഴ്ചകൾക്ക് കൂടുതൽ അഴകുവരുന്നു. തേയിലത്തോട്ടങ്ങളും യൂക്കാലിപ്സ് മരങ്ങളും മനസ്സിൽ കുളിരേകുന്നു. യാത്രയുടെ ആസ്വാദനം പൂർണമാകുന്നതിന് വേണ്ടി പാട്ടിടാൻ തീരുമാനിച്ചു. ബ്ലൂടൂത്ത് വഴി ഫോൺ കണക്റ്റ് ചെയ്തതോടെ നാല് ഭാഗത്തെയും സ്പീക്കറിൽനിന്ന് സംഗീതം ഒഴുകാൻ തുടങ്ങി. ഹിറ്റ് തമിഴ് ഗാനങ്ങൾ യാത്രക്ക് കൂടുതൽ ആസ്വാദനം നൽകി.
ചുരത്തിന് സമീപത്തെ നീഡിൽ റോക്ക് വ്യൂപോയിൻറിനടുത്ത് ( needle rock view point Ooty ) വണ്ടി നിർത്തി. കുന്നിൻമുകളിലേക്ക് ഒരു കിലോമീറ്റർ നടക്കാനുണ്ട്. അവിടെ നിന്നാൽ മുതുമല ദേശീയോദ്യാനവും ഗൂഡല്ലൂരും മസനഗുഡിയുമെല്ലാം 360 ഡിഗ്രിയിൽ കാണാൻ കഴിയും. എന്നാൽ, പ്രദേശമാകെ കോട മൂടിയതിനാൽ അങ്ങോട്ട് പോകാൻ ശ്രമിച്ചില്ല.
ഹാൻഡ്ബ്രേക്ക് താഴ്ത്തി വീണ്ടും ആക്സലേറ്ററിൽ കാൽവെച്ചു. ചുരം കയറി മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടിവരുന്നു. തേയിലത്തോട്ടങ്ങളിൽ ഇലനുള്ളുന്ന സ്ത്രീകളോടും കാരറ്റും മുള്ളങ്കിയും കാബേജും വിളയിച്ചെടുക്കുന്ന കർഷകരോടും കുശലം പറഞ്ഞ് യാത്ര തുടരുകയാണ്. കാഴ്ചകൾ പിന്നോട്ട് ഓടിമറയുന്നു.
പൈക്കരയുടെ തീരത്ത്
ഊട്ടി റോഡിൽനിന്ന് പൈക്കര തടാകം ( pykara lake in ooty ) ലക്ഷ്യമാക്കി വണ്ടി വലത്തോട്ട് തിരിച്ചു. റോഡ് അൽപ്പം മോശമാണ്. തടാകത്തിനടുത്ത് എത്തുമ്പോൾ സഞ്ചാരികൾ ബോട്ടിൽ കയറാൻ കാത്തുനിൽക്കുന്നു. വെള്ളത്തിൽ കരയും കാടും മനോഹരമായ പ്രതിബിംബങ്ങൾ തീർക്കുകയാണ്. അതിനിടയിലൂടെ ഓളങ്ങളെ വെട്ടിമാറ്റി ബോട്ടുകൾ ചീറിപ്പായുന്നു.
അവിടെനിന്ന് തിരിച്ചിറങ്ങി പൈക്കര എന്ന ഗ്രാമത്തിലെത്തി. ഒരു കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം ( pykara waterfall ). പൈക്കര നദിയിലൂടെ ഡാമും വൈദ്യുതി നിലയവും കടന്നുവരുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുകയാണ്. മഴക്കാലമല്ലാത്തതിനാൽ വെള്ളച്ചാട്ടത്തിന് രൗദ്രഭാവമില്ല. മലയാളമടക്കമുള്ള ഒരുപാട് സിനിമകൾക്ക് വേദിയായ ഇടമാണ് പൈക്കര വെള്ളച്ചാട്ടം.
തണുപ്പത്ത് ഒരു കിലോമീറ്റർ നടന്നപ്പോഴേക്കും നല്ലരീതിയിൽ കിതക്കുന്നുണ്ടായിരുന്നു. തിരിച്ച് കാറിനടുത്തേക്കുള്ള യാത്ര ടൂറിസം വകുപ്പിന്റെ ഇലക്ട്രിക് വണ്ടിയിലാക്കി. കൂടെയൊരു ഉത്തരേന്ത്യൻ കുടുംബവുമുണ്ട്. പുൽമേടുകൾക്കിടയിൽ ചെത്തിമിനുക്കിയ വഴിയിലൂടെ ശബ്ദമുണ്ടാക്കാതെ വണ്ടി പതിയെ നീങ്ങാൻ തുടങ്ങി.
പുൽമേട്ടിലെ ഓഫ്റോഡ്
അടുത്ത ലക്ഷ്യം ഷൂട്ടിങ് പോയിൻറാണ് ( shooting point in ooty ). ഗൂഡല്ലൂർ റോഡിൽ ഊട്ടി എത്തുന്നതിന് 15 കിലോമീറ്റർ മുമ്പാണ് ഈ നയനമനോഹരമായ പ്രദേശം. നോക്കെത്താദൂരത്തോളം മൊട്ടക്കുന്നുകൾ പരന്നുകടക്കുന്നു. ഒരുകാലത്ത് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഇവിടം. ഇന്ന് അപൂർവമായിട്ട് മാത്രമേ അവർ കാമറയും പിടിച്ച് ഈ വഴിക്ക് വരാറുള്ളൂ.
ഇതിന് സമീപം റോഡിന്‍റെ മറുവശത്ത് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന മൊട്ടക്കുന്നുകളുമുണ്ട്. അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസുള്ള വണ്ടിയുമായി വരികയാണെങ്കിൽ ഓഫ് റോഡ് ഡ്രൈവിന്റെ ആവേശം നുകരാം. പ്രകൃതി ഒരുക്കിയ പുൽവഴികളിലൂടെ ഞങ്ങളുടെ കാറും ഒരു കൈനോക്കി.
സമീപത്തെ പൈൻ മരങ്ങൾ നിറഞ്ഞ കാടും തടാകവും പിന്നിട്ട് ഊട്ടി ടൗണിൽ എത്തുമ്പോൾ നട്ടുച്ചയായി. മഴക്കാറ് മൂടിയതിനാൽ നഗരത്തിനൊരു വിഷാദ ഭാവമാണ്. നേർത്ത മഴത്തുള്ളികൾക്കൊപ്പം മഞ്ഞും അരിച്ചിറങ്ങുന്നു. വിശക്കാൻ തുടങ്ങിയിട്ടുണ്ട്. കൂനൂർ റോഡിലുള്ള ഹോട്ടലിൽ കയറി. മലയാളികളുടേതാണ് ഈ ഹോട്ടൽ. ചിക്കൻ ബിരിയാണിയും ബീഫ് ചില്ലിയുമാണ് ഓർഡർ ചെയ്തത്.
നീലഗിരിയുടെ നെറുകയിൽ
ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യം പോയത് തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ദൊഡ്ഡബെട്ടയിലേക്കാണ് ( Doddabetta peak in ooty – highest place in Tamilnadu ). ഊട്ടിയിൽനിന്ന് കോത്തഗിരി റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിക്കണം ഇവിടേക്ക്. 8650 അടിയാണ് ഉയരം. ചുറ്റും സംരക്ഷിത വനമേഖലയാണ്. ഊട്ടി നഗരവും കൂനൂരും ചുറ്റുമുള്ള മലകളുമെല്ലാം ഇവിടെനിന്ന് നോക്കിയാൽ കാണാം. നഗരത്തിലെ കാഴ്ചകൾ അടുത്തുനിന്ന് കാണാനായി രണ്ട് ടെലിസ്കോപ്പുകളും ഒരുക്കിയിട്ടുണ്ട്. സമീപത്തെ പൂന്തോട്ടത്തിലും പാറക്കൂട്ടങ്ങൾക്കിടയിലും ഒരുപാടുപേർ സെൽഫിയെടുത്തും സംസാരിച്ചിരുന്നും പുസ്തകം വായിച്ചും ഒഴിവുനേരം ആനന്ദകരമാക്കുന്നു. കുതിരപ്പുറത്ത് സവാരി നടത്തുന്നവരെയും കൊടുംതണുപ്പിലും ഐസ്ക്രീം നുകരുന്നവരെയും ഇടക്കിടക്ക് കാണാം.
ഫുട്പാത്തിൽ നിരനിരയായി നിൽക്കുന്ന കച്ചവടക്കാരുടെ പ്രലോഭനങ്ങളിൽ വീഴാതെ മലയിറങ്ങാൻ തുടങ്ങി. ടൗണെത്തുന്നതിന് രണ്ട് കിലോമീറ്റർ മുമ്പായി ഇടത്തോട്ട് തിരിഞ്ഞ് ദൊഡ്ഡബെട്ട ടീ ഫാക്ടറി സന്ദർശിക്കാൻ കയറി. പത്ത് രൂപയാണ് പ്രവേശന ഫീസ്. തേയില വിവിധ ഘട്ടങ്ങളിലായി യന്ത്രങ്ങളിലിട്ട് പൊടിച്ച് ഒടുവിൽ ചായപ്പൊടി പാക്കറ്റിലാക്കുന്നത് വരെയുള്ള കാര്യങ്ങൾ കണ്ട് മനസ്സിലാക്കാൻ സാധിക്കും. എല്ലാം കണ്ടുകഴിയുമ്പോൾ കിടിലൻ ചായയും സൗജന്യമാണ്. കൂടാതെ പുറത്തെ കടയിൽനിന്ന് വിവിധ തരത്തിലുള്ള ചായപ്പൊടികൾ വാങ്ങാനും ലഭിക്കും.
ഇതിന് തൊട്ടടുത്തായി തന്നെ ചോക്ലേറ്റ് ഫാക്റ്ററിയും ആരംഭിച്ചിട്ടുണ്ട്. വിവിധതരം ചോക്ലേറ്റുകൾ നിർമിക്കുന്നത് കാണാനും അവ വാങ്ങാനും സൗകര്യമുണ്ട്. എന്നാൽ, ടൗണിലെ കടകളിലേതിനേക്കാൾ വില അൽപ്പം കൂടുതലായതിനാൽ ചോക്ലേറ്റ് വാങ്ങാൻ ഞങ്ങൾ മെനക്കെട്ടില്ല. അവിടെനിന്ന് പുറത്തിറങ്ങി നടക്കുമ്പോൾ പരിസരമാകെ കോട മൂടിയിട്ടുണ്ട്. താഴെ ഊട്ടി നഗരം മഞ്ഞിൽ പൊതിഞ്ഞുനിൽപ്പാണ്.
അടുത്ത ലക്ഷ്യം ഊട്ടി തടാകവും ബോട്ട് ഹൗസുമാണ്. ബസ്സ്റ്റാൻഡും നീലഗിരി പൈതൃക ട്രെയിൻ ( Nilgiri mountain railway ) യാത്ര തുടങ്ങുന്ന റെയിൽവേ സ്റ്റേഷനും പിന്നിട്ട് തടാകക്കരയിലെത്തി. 62 ഏക്കർ വിസ്തൃതിയുള്ള ഈ തടാകം ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. 1824ൽ അന്നത്തെ കോയമ്പത്തൂർ കലക്ടറായിരുന്ന ജോൺ സുള്ളിവന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം ഒരുക്കിയത്. ചുറ്റും സംരക്ഷണമേകി യൂക്കാലിപ്സ് മരങ്ങൾ വളർന്നുനിൽപ്പുണ്ട്. വ്യത്യസ്തമായ ബോട്ട് റൈഡുകളാണ് ഇവിടത്തെ പ്രധാന ആകർഷണം. കുട്ടികൾക്കുള്ള പാർക്ക്, ഭക്ഷണശാലകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിന് സമീപത്തുണ്ട്.
മഞ്ഞുപെയ്യുന്ന രാത്രി
നഗരമധ്യത്തിലെ ബൊട്ടാണിക്കൽ ഗാർഡനിലെത്തുമ്പോൾ ( Ooty botanical garden ) ഇരുട്ട് മൂടിത്തുടങ്ങിയിട്ടുണ്ട്. മരം കോച്ചുന്ന തണുപ്പ് മൂർധന്യാവസ്ഥയിലാണ്. എന്നിട്ടും സഞ്ചാരികളടെ ഒഴുക്ക് തന്നെ. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് ടൂർ വന്ന കുട്ടികളാണ് ഏറെയും. വിനോദത്തിന്‍റെയും വിജ്ഞാനത്തിന്റെയും നിലവറയാണ് ബൊട്ടാണിക്കൽ ഗാർഡൻ. ദൊഡ്ഡബട്ട മലയുടെ താഴ്വാരത്ത് 55 ഹെക്ടറിലായി പരന്നുകിടക്കുകയാണീ പൂന്തോട്ടം. ആയിരത്തിനടുത്ത് സസ്യവർഗങ്ങളാണ് ഇവിടെയുള്ളത്. അപൂർവമായ പല സസ്യങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. കോർക്കുമരം, കുരങ്ങന് കയറാനാവാത്ത മങ്കി പസ്സിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവയെല്ലാം ഇവിടത്തെ മാത്രം പ്രത്യേകതകൾ. 1848ൽ നിർമിച്ച ഈ പൂന്തോട്ടത്തിന് അകത്ത് തന്നെയാണ് തമിഴ്നാട് ഗവർണറുടെ വേനൽക്കാല വസതിയും നിലകൊള്ളുന്നത്.
ഗാർഡനിൽനിന്ന് പുറത്തിറങ്ങി നടക്കുമ്പോഴും ജനത്തിരക്കിനും തണുപ്പിനും ഒട്ടും കുറവില്ല. തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റ് വാങ്ങാൻ സമീപത്തെ തിബറ്റൻ മാർക്കറ്റിലെത്തി. ബുദ്ധമത വിശ്വാസി ലാമോൺ എന്ന വയോധികയാണ് ഞങ്ങളെ വരവേറ്റത്. ജാക്കറ്റുകൾ കാണിച്ചുതരുന്നതിനൊപ്പം അവരുടെ ജീവിത കഥ ഞങ്ങൾ ചോദിച്ചറിഞ്ഞു. 60 വർഷം മുമ്പ് തിബറ്റിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയതാണ് ലാമോണും കുടുംബവും. കർണാടകയിലെ കാർവാറിലാണ് ഏറെകാലം കഴിഞ്ഞിരുന്നത്. മലയാളവും തമിഴും കന്നഡയുമെല്ലാം പച്ചവെള്ളം പോലെ വരുന്നു. ഒപ്പം കച്ചവടത്തിലും അഗ്രഗണ്യയാണ്. മലയാളികളുടെ വിലപേശലും തട്ടിപ്പുമൊന്നും അവരുടെയടുത്ത് നടക്കുന്നില്ല. സാധനങ്ങൾ വിലകുറച്ച് തരുമോ എന്ന് ചോദിച്ച വിദ്യാർഥികൾക്ക്, പ്രായത്തിന്റെ ചുളിവ് വീണ മുഖത്ത് പുഞ്ചിരിയായിരുന്നു മറുപടി.
ജാക്കറ്റും ചോക്ലേറ്റുമെല്ലാം വാങ്ങി മാർക്കറ്റിൽനിന്ന് പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു. നഗരത്തിരക്കൊഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ചാറ്റൽമഴയുണ്ട്. ഒരുപാട് ഓർമകൾ ബാക്കിവെച്ചാണ് ഊട്ടിയോട് വിടചൊല്ലുന്നത്. കണ്ടതിലേറെ അദ്ഭുതങ്ങൾ ഇനിയും നീലഗിരി കുന്നുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട് ( Ooty places to see ). കാണാക്കാഴ്ചകൾ തേടി വീണ്ടും വരുമെന്ന ഉറപ്പിൽ ഞങ്ങൾ ചുരമിറങ്ങാൻ തുടങ്ങി.
Where to stay in ooty – eden among the mist
Malappuram to Ooty km – 135 km, 4.30 hrs
Malappuram to Ooty ksrtc bus fare
Malappuram to ooty – RS 167
Malappuram to Gudallur – RS 118
Malappuram to Ooty ksrtc bus time
രാവിലെ 11 മണിക്കാണ് കെഎസ്ആർടിസി ബസ് മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക് പുറപ്പെടുക. ഊട്ടിയിൽ വൈകീട്ട് നാല് മണിക്ക് എത്തും.
Malappuram – 11.00 AM
Manjeri – 11.25 AM
Nilambur -12.05 PM
Vazhikkadavu – 12.45 PM
Gudallur – 2.00 PM
Ooty – 4.00 PM
ഈ ബസ് വൈകീട്ട് 4.45ന് ഊട്ടിയിൽനിന്ന് മടങ്ങും. രാത്രി 9.50ന് മലപ്പുറമെത്തും.
Ooty – 4.45 PM
Gudallur – 6.40 PM
Vazhikkadavu – 8.00 PM
Nilambur – 8.40 PM
Manjeri – 9.25 PM
Malappuram – 9.50 PM
ഈ ബസ് ഗൂഡല്ലൂർ വരെയും സർവിസ് നടത്തുന്നുണ്ട്. പുലർച്ചെ നാലിന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ ഏഴ് മണിക്ക് ഗൂഡല്ലൂർ എത്തും. 7.15ന് അവിടെനിന്ന് മടങ്ങും. രാവിലെ 10.15 ആകുമ്പോഴേക്കും മലപ്പുറം എത്തും. തുടർന്നാണ് ഊട്ടിയിലേക്ക് സർവിസ് നടത്തുക.
എവിടെയാണ് നീലഗിരി?
തമിഴ്നാടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് നീലഗിരി സ്ഥിതി ചെയ്യുന്നത്. ഊട്ടിയാണ് ജില്ല കേന്ദ്രം. കോയമ്പത്തൂരാണ് അടുത്തുള്ള വിമാനത്താവളം. ജില്ലയുടെ ഒരു ഭാഗം കേരളവും മറ്റൊരു ഭാഗം കർണാടകയുമാണ്. നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി ഊട്ടി ഒരുക്കിവെച്ചിട്ടുള്ളത് ( Ooty places to see ).