ഒരു മാഗസിനിൽനിന്നാണ് പറമ്പിക്കുളത്തെ ( Parambikkulam Tiger Reserve ) കുറിച്ച് ആദ്യമായി അറിയുന്നത്. വായിച്ചപ്പോൾ തന്നെ സംഗതി കൊള്ളാമെന്നും അങ്ങോട്ടേക്ക് പോകണമെന്നും മനസ്സ് പറഞ്ഞു. സംഭവം കേരളത്തിലാണെങ്കിലും പാലക്കാട്ടുനിന്ന് പൊള്ളാച്ചി വഴി വേണം പോകാൻ. മുൻകൂട്ടി ടൂറിസം സെന്‍ററിൽ വിളിച്ച് അവിടെ താമസം ബുക്ക് ചെയ്തു. രാവിലെ 11 മണിയാകുമ്പോഴേക്കും അവിടെ എത്തണം.
തണുപ്പുള്ള ഒരു പുലർകാലത്ത് യാത്ര തുടങ്ങി. കൂടെ സുഹൃത്തുക്കളുമുണ്ട്. നേരം പുലരുന്നതിന് മുന്നേ പാലക്കാട് ( Palakkad ) പിന്നിട്ട് തമിഴ്നാട്ടിലെത്തി. പൊള്ളാച്ചി ( Pollachi ) എത്തുന്നതിന് മുമ്പായി പറമ്പിക്കുളത്തേക്കുള്ള പാതയിലേക്ക് കയറി. എവിടെയും ഗ്രാമീണത നിറകാഴ്ചയൊരുക്കുന്നു. കൃഷിയും കർഷകരും നിറഞ്ഞ ഗ്രാമങ്ങൾ. അവക്ക് അതിരിടുന്ന തെങ്ങിൻതോപ്പുകൾ.
ഒരുപാട് തെന്നിന്ത്യൻ സിനിമകൾക്ക് അരങ്ങൊരുക്കിയ ഗ്രാമങ്ങളിലൂടെയാണ് യാത്ര. സേതുമടൈ എന്ന ഗ്രാമം കഴിഞ്ഞതോടെ ആനമലൈ ടൈഗർ റിസർവിലേക്ക് സ്വാഗതമേകിയുള്ള ബോർഡ് കണ്ടു. അടുത്തുള്ള ചെക്ക്പോസ്റ്റിൽ വിവരങ്ങൾ നൽകി വീണ്ടും യാത്ര.
പിന്നീടങ്ങോട്ട് വനമാണ്. ഒപ്പം ചുരവും കയറണം. മലകയറി എത്തുന്നത് ടോപ്സ്ലിപ്പിലേക്ക് ( Topslip ). തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഹിൽസ്റ്റേഷനാണിത്. കാടിനെ അറിഞ്ഞ്, വന്യമൃഗങ്ങളെ കണ്ട് താമസിക്കാനുള്ള നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. ഏതാനും കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും കേരള അതിർത്തിയായി. ഇനിയങ്ങോട്ട് പറമ്പിക്കുളം ടൈഗർ റിസർവാണ് ( Parambikkulam Tiger Reserve ).
കടുവകളുടെ ലോകം അഥവാ Parambikkulam Tiger Reserve
മുൻകൂട്ടി താമസം ബുക്ക് ചെയ്തവരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് കടത്തിവിടൂ. അല്ലാത്തവർ അവിടെയിറങ്ങി വനംവകുപ്പിന്‍റെ വാഹനത്തിൽ പോകണം. വൈകുന്നേരം വരെ കാഴ്ചകൾ കാണിച്ച് അതിൽതന്നെ തിരിച്ചെത്തിക്കും. 970 രൂപയാണ് ഇതിന് ഈടാക്കുക. വിവിധ കാഴ്ചകൾക്ക് പുറമെ മുള ചങ്ങാടത്തിലെ യാത്ര, ട്രെക്കിങ്, ഉച്ചഭക്ഷണം എന്നിവയുമുണ്ട്.
ഞങ്ങൾ ചെക്പോസ്റ്റിൽ വിവരങ്ങൾ അറിയിച്ചപ്പോൾ വാഹനം കടത്തിവിട്ടു. പോകുന്ന വഴിയിൽ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളും ആദിവാസി വീടുകളുമെല്ലാം കാണാം. വെള്ളത്തിലൂടെ ചങ്ങാടം കെട്ടി അവരുടെ യാത്ര കണ്ടപ്പോൾ വല്ലാത്ത കൊതിയായി. പോകുന്ന വഴിയിലെല്ലാം മാനും മറ്റു മൃഗങ്ങളുമെല്ലാം വിരുന്നേകുന്നു.
കുറച്ചു അപ്പുറത്തുള്ള അമിനിറ്റി സെൻററിൽ പോയി വിവരങ്ങൾ പറഞ്ഞു. അവർ രണ്ട് ഗൈഡുമാരെ അനുവദിച്ചു. കാട്ടിലൂടെയുള്ള ട്രാംവേ ട്രെക്കിങ് ആണ് ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. പണ്ട് ചാലക്കുടിയിലേക്ക് മരം കൊണ്ടുപോകാൻ ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ ട്രാക്കാണിത്. 24 കിലോമീറ്റർ ആണ് ഒരുഭാഗത്തേക്ക് നടക്കാനുള്ളത്. അന്ന് രാത്രി കാടിന്‍റെ നടുവിലാണ് താമസം.
അതുകൊണ്ട് തന്നെ ഭക്ഷണം തയാറാക്കാൻ ആവശ്യമായ സാധനങ്ങളെല്ലാം പറമ്പിക്കുളം അങ്ങാടിയിൽനിന്ന് വാങ്ങി. കുറച്ചുദൂരം കൂടി കാട്ടിലൂടെ വാഹനത്തിൽ പോയി. അതിനുശേഷം ഒരു പാലത്തിന് മുന്നിൽ വണ്ടിനിർത്തി. പണ്ട് ട്രെയിൻ പോയിരുന്ന പാലമാണ്. ഇപ്പോൾ വനംവകുപ്പിന്‍റെ ജീപ്പ് മാത്രം അത്യാവശ്യ കാര്യങ്ങൾക്ക് ഇതിലൂടെ പോകുന്നു.
പാലം കടന്നാൽ ആദ്യം കാണുക സലീം അലി പക്ഷിനിരീക്ഷണ കേന്ദ്രമാണ്. ഏതാനും സഞ്ചാരികൾ അവിടെയുണ്ട്. ഞങ്ങൾക്ക് പോകാൻ ഏറെ ദൂരമുള്ളതിനാൽ മുന്നോട്ടുനടന്നു. കാടറിഞ്ഞുള്ള നടത്തം. എങ്ങും കനത്ത നിശ്ശബ്ദത. ഇടക്കിടക്ക് മൃഗങ്ങൾ കാഴ്ചക്കാരായി വരുന്നുണ്ട്. കൂടെ രണ്ട് ഗൈഡുമാരുള്ളതാണ് ധൈര്യം. അവർ സമീപത്തുള്ള ആദിവാസി കോളനിയിലാണ് താമസം. ഇതിനിടെ ഉച്ചഭക്ഷണം പുഴയുടെ ഓരത്തിരുന്ന് കഴിച്ചു. വഴികളിലെല്ലാം പഴയ റെയിൽവേ പാലത്തിന്‍റെ അവശിഷ്ടങ്ങൾ കാണാം.
പറമ്പിക്കുളം – ചാലക്കുടി ട്രാം വേ
ഗൈഡാണ് ആ പഴയ ട്രെയിനിന്‍റെ ചരിത്രം പറഞ്ഞുതന്നത്. വനത്തിലെ മരം മുറിച്ച് കടത്താൻ 1894ൽ ബ്രിട്ടീഷുകാരാണ് ഇവിടെയൊരു റെയിൽ പാളത്തിന് പദ്ധതിയിടുന്നത്. ട്രാംവേയുടെ നിർമാണം 1901ൽ ആരംഭിച്ച് ഏഴ് വർഷം കൊണ്ട് പൂർത്തിയായി. ചാലക്കുടിയിൽനിന്നാണ് ട്രാംവേ തുടങ്ങുന്നത്. ഇവിടെനിന്ന് പറമ്പിക്കുളത്തേക്കുള്ള ദൂരം 80 കിലോമീറ്റർ മാത്രമാണ്. ആവി എൻജിൻ ഉപയോഗിച്ചായിരുന്നു ട്രെയിനിന്‍റെ പ്രവർത്തനം. ആദ്യത്തെ 30 കിലോമീറ്റർ ഭാഗത്ത് മാത്രമേ ഈ എൻജിൻ പ്രവർത്തിക്കൂ. ബാക്കി ഭാഗത്ത് മലകയറാൻ വാഗണുകൾ ഉപയോഗിച്ച് കെട്ടിവലിക്കുകയായിരുന്നു.
ഇവിടെനിന്ന് വെട്ടുന്ന മരങ്ങൾ ചാലക്കുടി വഴി കൊച്ചിയിലെത്തിച്ച് അവിടെനിന്ന് ബ്രിട്ടനിലേക്ക് കപ്പലിൽ കൊണ്ടുപോകും. 60 വർഷം ഇതിന്‍റെ പ്രവർത്തനം തുടർന്നു. പിന്നീട് കാട്ടിൽനിന്ന് മരങ്ങൾ കൊണ്ടുപോകാൻ പുതിയ മാർഗങ്ങൾ വന്നു. ട്രാംവേയുടെ പ്രസക്തി കുറഞ്ഞതോടെ 1963ൽ പ്രവർത്തനം നിർത്തി. ഈ ട്രെയിൻ സർവിസ് ഇപ്പോൾ ഉണ്ടെങ്കിൽ എത്ര രസമായിരുന്നു എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. സമാനമായ രീതിയിൽ മൂന്നാറിലെ മലനിരകളിലൂടെയും ട്രെയിൻ ( Munnar heritage train ) സർവിസുണ്ടായിരുന്നു. അതിന്‍റെ വിവരങ്ങൾ ഈ ലിങ്ക് സന്ദർശിച്ചാൽ ലഭിക്കും.
കാട്ടിനുള്ളിലെ താമസം
കഥകൾ കേട്ട് നടന്ന് വൈകുന്നേരമായിട്ടുണ്ട്. ഇരുട്ട് പരക്കുന്നതിന്‍റെ മുന്നെ താമസിക്കുന്ന വീട്ടിലെത്തി. വനംവകുപ്പിന്‍റെ ചെറിയ ഒരു വീട്ടിലാണ് താമസം. വൈദ്യുതിയില്ല, ബാത്തുറൂമുമില്ല. കുളിയും മറ്റു കാര്യങ്ങളുമെല്ലാം മുന്നിലുള്ള പുഴയിലാണ്. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലം. റേഞ്ച് കിട്ടണമെങ്കിൽ 200 മീറ്റർ നടന്ന് ഒരു കുന്നിന് മുകളിൽ പോകണം. അങ്ങനെ ഏറെ പ്രയാസപ്പെട്ട് നടന്നുപോയാണ് ഞങ്ങൾ ജീവനോടെയുണ്ടെന്ന കാര്യം വീട്ടുകാരെ അറിയിക്കുന്നത്.
കാട്ടിൽ ഇരുട്ട് പരന്നത് പെട്ടെന്നായിരുന്നു. വനംഉദ്യോഗസ്ഥർ പുഴയിൽപോയി മീൻ പിടിക്കുന്നുണ്ട്. ഞങ്ങൾ വീടിന്‍റെ പുറത്തിരുന്ന് കാടിന്‍റെ ആ വന്യത ആസ്വദിച്ചു. കടുവയുള്ള കാടായതിനാൽ ചെറിയ പേടിയൊക്കെയുണ്ട്. എന്നാലും ആ രാത്രിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ആധുനികതയുടെ കെട്ടുകാഴ്ചകളിൽനിന്ന് മാറി ശാന്തമായ ഒരിടം.
എട്ടി മണിയായപ്പോഴേക്കും ഭക്ഷണം റെഡി. ചപ്പാത്തിയും ചിക്കൻകറിയുമാണ് ആ ഗൈഡുമാർ നമുക്ക് ഉണ്ടാക്കിത്തന്നത്. ഒടുക്കത്ത ടേസ്റ്റായിരുന്നു അതിന്. വീടിന്‍റെ ടെറസിന് മുകളിലിരുന്ന് കടുവയുടെ കഥയെല്ലാം പറഞ്ഞ് ഭക്ഷണം കഴിച്ചു. അടുത്തദിവസം കാട്ടിലെ കൂടുതൽ കാഴ്ചകളിലേക്ക് പോകാനുള്ളതാണ്. എല്ലാവരും പെട്ടെന്ന് തന്നെ കിടന്നു. ഫാനും എ.സിയൊന്നും ഞങ്ങൾക്ക് ആവശ്യമില്ലായിരുന്നു. കാടൊരുക്കിയ കുളിരും കാറ്റുമെല്ലാം അവിടെ ധാരാളം.
പറമ്പിക്കുളത്തെ കാഴ്ചകൾ
പിറ്റേന്ന് രാവിലെ പുഴയിൽ പോയി കുളിയെല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും ഉപ്പുമാവ് റെഡിയായിരുന്നു. ഭക്ഷണശേഷം തിരിച്ച് പറമ്പിക്കുളത്തേക്ക് ( Parambikulam Tiger Reserve ) നടന്നു. തിരിച്ചുപോകുമ്പോൾ പുഴയിൽ ഒരു മുതലയെ കണ്ടു. ആ മുതലയെ കഴിഞ്ഞദിവസമാണ് കണ്ടിരുന്നതെങ്കിൽ പിന്നെ ആരും പുഴയിൽ ഇറങ്ങി കുളിക്കില്ലായിരുന്നു. 12 മണിയോടെ പറമ്പിക്കുളത്ത് തിരിച്ചെത്തി. അവിടെയുള്ള കാഴ്ചകളിലേക്കാണ് ഇനി പോകാനുള്ളത്.
ലോകത്തിലെ ഏറ്റവും നീളമുള്ള തേക്കായ ‘കന്നിമാര’ ( Kannimara Teak ) കാണാനാണ് ആദ്യം പോയത്. സ്വന്തം വാഹനത്തിൽ തന്നെയാണ് യാത്ര. കൂടെ ഗൈഡുമാരുണ്ട്. ഏകദേശം 30 മിനിറ്റ് കാട്ടിലൂടെ സഞ്ചരിച്ച് കന്നിമാര തേക്കിന് അടുത്തെത്തി. 40 മീറ്റർ ഉയരവും ഏഴ് മീറ്ററിലധികം വണ്ണവുമുണ്ട് ഇതിന്. പ്രായമാണെങ്കിൽ 470 വർഷത്തിന് മുകളിലും. ശരിക്കും തേക്കുകളുടെ മുതുമുത്തശ്ശി തന്നെ.
Thunakkadavu Dam, Parambikulam Dam എന്നിവിടങ്ങളിലേക്കും ഞങ്ങൾ വണ്ടിയോടിച്ച് പിന്നീട് എത്തി. വ്യത്യസ്തമായ ട്രീടോപ്പ് ഹട്ടുകളും അതിമനോഹരമായ കോട്ടേജുകളുമെല്ലാം പറമ്പിക്കുളത്തുണ്ട്. ട്രക്കിങ്, ജംഗിള്‍ സഫാരി, നാച്വറല്‍ ക്യാമ്പ്, ബോട്ടിങ്ങ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാക്കേജുകളും സഞ്ചാരികള്‍ക്കായി വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
മരമുകളിലെയും കുടിലുകളിലെയും പുഴയോരത്തെയും താമസം നവ്യാനുഭവമാകും. ഡാമിന്‍റെ വൃഷ്ടിപ്രദേശത്തിന്‍റെ ഭാഗമായ ദ്വീപിലുള്ള താമസവും ആരെയും കൊതിപ്പിക്കും. കാഴ്ചകൾ കണ്ട് കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. മനസ്സ് മടങ്ങാൻ അനുവദിക്കുന്നില്ല. പക്ഷെ, പോവുകയല്ലേ തരമുള്ളൂ. ഒരു മഴക്കാലത്ത് കുടുംബവുമായി ഇവിടെ വന്ന് താമസിക്കണമെന്ന് ഉറപ്പിച്ചാണ് പറമ്പിക്കുളത്തുനിന്ന് കാടിറങ്ങിയത്.
കാണാനുള്ള പ്രധാന സ്ഥലങ്ങൾ
തൂണക്കടവ് ഡാം, കന്നിമാര തേക്ക്, ഡാം വ്യൂ പോയിന്‍റ്, വാലി വ്യൂ പോയിന്‍റ്. പറമ്പിക്കുളം ഡാം, ട്രൈബൽ ഹെരിറ്റേജ് സെന്‍റർ, ഇക്കോ ഷോപ്, ആനപ്പാടി.
പറമ്പിക്കുളത്തേക്കുള്ള ദൂരം
പാലക്കാട്: 77 കിലോമീറ്റർ
തൃശൂർ: 111 കിലോമീറ്റർ
പൊള്ളാച്ചി: 40 കിലോമീറ്റർ
കോയമ്പത്തൂർ: 83 കിലോമീറ്റർ
എങ്ങനെ എത്താം
പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും പൊള്ളാച്ചിയിൽനിന്നും ദിവസവും പറമ്പിക്കുളത്തേക്ക് ബസ് സർവിസുണ്ട്.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പൊള്ളാച്ചി
എയർപോർട്ട്: കോയമ്പത്തൂർ
കൂടുതൽ വിവരങ്ങൾക്ക്: 9442201690
(Attn: പറമ്പിക്കുളത്തെ ട്രാംവേ ട്രെക്കിങ് ഇപ്പോൾ സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരിക്കുകയാണ്).