വയനാട്ടിലേക്ക് പോത്തും കാൽ കഴിക്കാൻ പോവുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും
Restaurent: beycho cafe, Location: kalpetta
ഏറെ നാളായി സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് വയനാട്ടിലെ പോത്തുംകാൽ ( pothumkaal in wayanad ) കഴിക്കുന്നതിൻെറ ഗുണമേൻമകളും സവിശേഷതകളും പങ്കുവെച്ചുകൊണ്ട് വിഡിയോ ചെയ്യുന്നത്. അതിൻെറ രുചിയറിഞ്ഞിട്ടെ ഇനി കാര്യമുള്ളൂ എന്നു കരുതി ഞങ്ങളും ചുരം കയറാൻ തീരുമാനിച്ചു. താമരശ്ശേരി ചുരം കയറുന്നതിന് പകരം ഇത്തവണ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു. നിലമ്പൂർ – നാടുകാണി – ദേവാല – മേപ്പാടി വഴി കൽപ്പറ്റയിലെത്താനാണ് തീരുമാനം. തമിഴ്നാട് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിൻെറ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം.
രാവിലെ 11 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ഗൂഗിളിൽ പോത്തും കാൽ കിട്ടുന്ന സ്ഥലം എവിടെയാണെന്ന് പരതിനോക്കി. കൽപ്പറ്റയിലെ beycho cafe യിൽ സംഗതി കിട്ടുമെന്ന് മനസ്സിലായി. ഗൂഗിളിൽനിന്ന് ലഭിച്ച നമ്പറിൽ വിളിച്ചു. ഇന്ന് വന്നാൽ സാധനം കിട്ടുമോ എന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ ഓർഡർ ചെയ്താൽ വൈകുന്നേരത്തേക്ക് തയാറാക്കി വെക്കാം എന്നുപറഞ്ഞു. നേരത്തെ ബുക്ക് ചെയ്താലേ സാധനം കിട്ടൂ എന്ന് അപ്പോഴാണ് മനസ്സിലായത്. 11 മണിക്ക് മുമ്പ് ബുക്ക് ചെയ്യണം. എന്നാൽ മൂന്ന് മണിയാകുേമ്പാഴേക്കും സാധനം റെഡിയാകും.
500 രൂപയുടെ ഒരു േപ്ലറ്റ് പ്രീ ബുക്ക് ചെയ്ത് ഞങ്ങൾ യാത്ര തുടങ്ങി. നിലമ്പൂരിലെ തേക്ക് മ്യൂസിയത്തിന് സമീപത്തുനിന്ന് നല്ലൊരു സദ്യയും കഴിച്ച് നാടുകാണി ചുരവും പിന്നിട്ട് രണ്ട് മണിയോടെ തമിഴ്നാട് അതിർത്തിയിലെത്തി. എല്ലാവരും രണ്ട് ഡോസ് വാക്സിൻ എടുത്തതിനാൽ പെട്ടെന്ന് അതിർത്തി കടക്കാനായി. ദേവാല എത്തിയപ്പോഴേക്കും ഞങ്ങളെ സ്വീകരിച്ച് മഴയെത്തി.
ഒരു മണിക്കൂർ യാത്രക്കൊടുവിൽ വീണ്ടും കേരളത്തിൻെറ മണ്ണിലേക്ക് ടയറുകൾ പ്രവേശിച്ചു. മഴ കോരിച്ചൊരിയുകയാണ്. വഴിയരികിൽ നാടൻ ഹോട്ടൽ കണ്ടപ്പോൾ ചായ കുടിക്കാനൊരു മോഹം. ആ മഴയത്ത് ആവി പറക്കുന്ന കട്ടൻ ചായയും ഉള്ളിവടയും കഴിച്ച് യാത്ര തുടർന്നു.
പോകുന്ന വഴിയിൽ കാന്തൻപാറ വെള്ളച്ചാട്ടം എന്നൊരു ബോർഡ് കണ്ടു. പ്രധാന റോഡിൽനിന്ന് വലിയ ദൂരമൊന്നും ഇല്ല. വയനാടൻ ഗ്രാമീണ വഴികളിലൂടെ വെള്ളച്ചാട്ടത്തിന് അടുത്തെത്തി. മഴക്കാലമായതിനാൽ വെള്ളച്ചാട്ടം അതിൻെറ രൗദ്രഭാവത്തിലാണ്. മലയാളികളേക്കാൾ കൂടുതൽ അന്യസംസ്ഥാനക്കാരാണ് അവിടെ കാഴ്ചക്കാരായുള്ളത്. മലയാളിൾക്ക് ഇപ്പോൾ മഴയും വെള്ളവുമെല്ലാം കാൽപനികതയിൽനിന്ന് മാറി ഭയാനകമാണല്ലോ.
കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷം വീണ്ടും വണ്ടിയിൽ കയറി. നമ്മുടെ പോത്തും കാൽ അവിടെ റെഡിയായിട്ടുണ്ടാകും. ആകാംക്ഷ ഉയരുകയാണ്. ഗൂഗിൾ മാപ്പിൽ ലൊക്കേഷനിട്ടു. കൽപ്പറ്റ ബൈപ്പാസ് റോഡിലുള്ള ബെയ്ചോ കഫേയിൽ എത്തുേമ്പാൾ ആറ് മണി കഴിഞ്ഞിട്ടുണ്ട്.
കാണാൻ കൊള്ളാം, പക്ഷെ…
റിസപ്ഷനിൽ പോയി പോത്തും കാൽ മുൻകൂട്ടി ഓർഡർ ചെയ്ത കാര്യം അറിയിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് സാധനം റെഡിയാകുമെന്ന് പറഞ്ഞു. അടിപൊളിയായിട്ട് ഇൻറീരിയർ ചെയ്ത ഹോട്ടലാണ് ബെയ്ചോ. ധാരാളം പേർ അവിടെയുണ്ട്. മിക്കവരും വയനാടിൻെറ തനത് രുചിക്കൂട്ടായ പോത്തും കാൽ കഴിക്കാൻ എത്തിയവരാണ്.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വലിയൊരു പാത്രത്തിൽ പോത്തും കാൽ ( pothumkaal in wayanad ) ഞങ്ങളുടെ മുന്നിലെത്തി. കൂടെ മൂന്ന് വീതം നെയ്പത്തലും നൈസ് പത്തിരിയും. എല്ലിൽനിന്ന് ഇറച്ചി മുറിച്ചുമാറ്റാനായി കത്തിയും സ്പൂണുമെല്ലാം ഉണ്ട്. ചെറിയൊരു പീസ് മുറിച്ച് വായയിൽ വെച്ചു. വലിയ ആകാംക്ഷയോടെയാണ് പോത്തും കാൽ കഴിക്കാൻ മല കയറിയെത്തിയത്. പക്ഷെ, അതിനുള്ള മെച്ചമൊന്നും ഇല്ലെന്ന് ആദ്യനിമിഷത്തിൽനിന്ന് തന്നെ മനസ്സിലായി. കുരുമുളകാണ് പ്രധാന ചേരുവ. പക്ഷെ, ഉപ്പ് അൽപ്പം കുറവുള്ളതുപോലെ തോന്നി. എന്തായാലും ഓർഡർ ചെയ്തതല്ലേ, മുഴുവൻ കഴിക്കാൻ തന്നെ തീരുമാനിച്ചു.
ഒരുപാട് നേരം അടുപ്പത്ത് വെച്ചതിനാലാകും, എല്ലിന് മുകളിലുള്ള ഇറച്ചിയല്ലൊം നന്നായി വെന്തിട്ടുണ്ട്. നല്ല തിക്ക് ഗ്രേവിയാണ്. ആദ്യമെല്ലാം കത്തിയെടുത്ത് ചെറുതായി കഷ്ണങ്ങൾ മുറിച്ചു. എല്ലിൻെറ അടുത്തേക്ക് എത്തും തോറും മുറിച്ചെടുക്കാൻ പ്രയാസമുണ്ട്. ഇതോടെ ഞങ്ങൾ സകല ‘മാന്യതയും’ തീൻമേശക്ക് പുറത്ത് മാറ്റിവെച്ച് കൈകൊണ്ട് തന്നെ എടുക്കാൻ തുടങ്ങി.
ഇങ്ങനെ മുറിച്ചെടുക്കുേമ്പാൾ കറിയുടെ ചെറിയ തുള്ളികൾ വസ്ത്രത്തിലെല്ലാം തെറിക്കുന്നുണ്ട്. അതുകൊണ്ട് പോത്തും കാല് തിന്നാൻ പോകുേമ്പാൾ വെള്ള വസ്ത്രം ധരിക്കാതിരിക്കലാകും ഉത്തമമെന്ന് ഞങ്ങൾക്ക് മനസ്സിലായി. എല്ലിനുള്ളിലെ മജ്ജ കഴിക്കാൻ വേണ്ടി അവർ രണ്ട് സ്ട്രോ തന്നു. അതുപയോഗിച്ച് കുത്തിയിളക്കണം. എന്നിട്ട് പാത്രത്തിലേക്ക് പതിയെ തട്ടിയാൽ മതി. ഇറച്ചിയേക്കാൾ രുചി മജ്ജക്കായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഫോൺ വിളിച്ച് പോത്തിൻ കാൽ ഓർഡർ ചെയ്യുേമ്പാൾ ഒരു േപ്ലറ്റ് രണ്ട് പേർക്ക് അഡ്ജസ്റ്റ് ചെയ്ത് കഴിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഞങ്ങൾ നാലുപേർക്ക് അതുതന്നെ ധാരാളമായിരുന്നു. കൂടെ ലഭിച്ച നെയ്പത്തൽ ഗംഭീരമായിരുന്നെങ്കിലും നൈസ് പത്തിരി അത്ര നിലവാരമില്ലായിരുന്നു.
ഇതിൻെറ കൂടെ ചായയും ഞങ്ങൾ ഓർഡർ ചെയ്തിരുന്നു. ഒരു ചായ എന്ന് പറഞ്ഞാൽ ഈ കഫേയിൽ രണ്ടു കപ്പ് ലഭിക്കും. അതായത് രണ്ടുപേർക്ക് ഷെയർ ചെയ്ത് കുടിക്കാം. അതിൻെറ ഗുട്ടൻസ് എന്താണെന്ന് ചോദിച്ചപ്പോൾ, രണ്ടുകപ്പിലേക്ക് ചായ ഒരുമിച്ച് തയാറാക്കുന്നതിനാലാണെന്ന് അവർ പറഞ്ഞു. പക്ഷെ, ഇതിൻെറ പ്രശ്നം രണ്ടുപേർക്കും വ്യത്യസ്ത ചായയാണ് വേണ്ടതെങ്കിൽ അത് സാധ്യമല്ല എന്നുള്ളതാണ്.
ചായയും കൂട്ടി പോത്തും കാലും നെയ്പത്തലുമെല്ലാം ഞങ്ങൾ അകത്താക്കി. നാട്ടിൽനിന്ന് വണ്ടി കയറിയപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷക്കൊത്ത് പോത്തും കാൽ ഉയർന്നില്ലെങ്കിലും വയറ് നിറഞ്ഞിരുന്നു. ഒരൽപ്പം മനസ്സും. ഇവക്കെല്ലാം പുറമെ ധാരാളം ഭക്ഷണവിഭവങ്ങളും ബെയ്ചോ കഫേയിലുണ്ട്. അവയുടെ വിവരങ്ങൾ ഇവിടെ കിട്ടും.
മുൻകൂട്ടി ഓർഡർ ചെയ്യാം ( pothumkaal in wayanad )
ഇത്രയും വായിച്ചശേഷം നിങ്ങൾക്ക് പോത്തും കാൽ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്തോളൂ: 95673 60753. എന്നിട്ട് ചുരം കയറി വയറും മനസ്സും നിറക്കാം.
Outbeat Rating: 3/5*
1980’s A Nostalgic Restaurant
ബെയ്ചോ കഫേയിൽ ബുക്കിങ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ സമീപത്തു തന്നെ 1980’s A Nostalgic Restaurant എന്ന ഹോട്ടലുണ്ട്. ഇവിടെയും തനിനാടൻ പോത്തുംകാൽ ലഭ്യമാണ്. സിനിമ നടൻ അബു സലീമിന്‍റെ റെസ്റ്റോറന്റാണിത്. മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങൾ ഇവിടെ കാണാം. തികച്ചും നാടൻ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക. കൂടാതെ 1980 കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു അനുഭൂതിയാണ് ഈ റെസ്റ്റോറന്റ് പകർന്നേകുക. ഇവിടേക്ക് വരുന്നതിന് മുമ്പ് മുൻകൂട്ടി എന്തെല്ലാം വിഭവങ്ങളാണ് ലഭിക്കുക എന്ന് ചോദിച്ച് മനസ്സിലാക്കുന്നത് നന്നാകും. Contact number: 90483 01980
Outbeat Rating: 4/5*
also read: അടിപൊളി ബീഫ് വാരിയെല്ല് കഴിക്കണോ? ഇതാ മികച്ചൊരു റെസ്റ്റോറന്റ്